'കനലാവും ഞാന്‍, എരി തീയാവും ഞാന്‍' ; വിഭജനത്തിന്റെ രാഷ്ട്രീയത്തിനെതിരെ 'സ്‌ട്രൈക്ക്', ശ്രദ്ധേയമായി മാംഗോസ്റ്റീന്‍ ക്ലബ്ബിന്റെ റാപ്പ്

'കനലാവും ഞാന്‍, എരി തീയാവും ഞാന്‍' ; 
വിഭജനത്തിന്റെ രാഷ്ട്രീയത്തിനെതിരെ 'സ്‌ട്രൈക്ക്', ശ്രദ്ധേയമായി മാംഗോസ്റ്റീന്‍ ക്ലബ്ബിന്റെ റാപ്പ്

മാവേലിയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരുടെയും ഓര്‍മയിലേക്ക് വന്നിരുന്ന വെളുത്ത് തടിച്ച, കുടവയറുള്ള സവര്‍ണ രാജാവിന്റെ രൂപത്തിന് മാറ്റം കൊടുത്ത ഒന്നായിരുന്നു 2020ല്‍ പുറത്തിറങ്ങിയ വെളുത്ത ദൈവങ്ങള്‍ വെറിപിടിച്ചിട്ട് ചവിട്ടിത്താഴ്ത്തിയോന്‍ മാവേലി' എന്ന ഗാനം. മാംഗോസ്റ്റീന്‍ ക്ലബ് ഒരുക്കിയ ഗാനം അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിന് ശേഷം ഇന്‍സ്റ്റഗ്രാമിലൂടെ ശ്രദ്ധേയമായ ഒരുപാട് ഗാനങ്ങള്‍ പുറത്തിറക്കിയ മാംഗോസ്റ്റീന്‍ ക്ലബ്ബിന്റെ ഏറ്റവും പുതിയ റാപ്പ് പുറത്തിറങ്ങി.

രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കുന്ന സംഘ്പരിവാര്‍ രാ്ര്രഷ്ടീയത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന റാപ്പിന്റെ പേര് 'സ്‌ട്രൈക്ക്' (n) എന്നാണ്. മെയ് ഒന്ന് തൊഴിലാളി ദിനത്തില്‍ റിലീസ് ചെയ്ത പാട്ടില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യവും രാജ്യത്തെ ജനങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങളും ചര്‍ച്ചയാവുന്നു. ജാതീയത, വര്‍ഗീയത, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മേലുള്ള ആക്രമണങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം, പൊലീസ് ആക്രമണങ്ങള്‍, തുടങ്ങി രാജ്യം ഇന്ന് നേരിടുന്ന ഭരണഘടനയ്ക്ക് തന്നെ വെല്ലുവിളിയാകുന്ന പ്രശ്നങ്ങള്‍ വരികളിലും വിഷ്വലിലും റാപ്പ് ചര്‍ച്ച ചെയ്യുന്നു.

ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരുമ്പോള്‍ ഇന്റര്‍നെറ്റ് കട്ട് ചെയ്യുന്ന ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ ചോദ്യം ചെയ്ത് കൊണ്ട് തുടങ്ങുന്ന റാപ്പ് ഏറ്റവും ഒടുവില്‍ രാം നവമി ദിനത്തില്‍ മുസ്ലിം പളളികള്‍ ആക്രമിച്ച് അതിനകത്ത് കാവിക്കൊടികള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച സംഘ്പരിവാര്‍ അജണ്ടകള്‍ വരെ ചര്‍ച്ചയാക്കുന്നു. രാജ്യത്തെ ജനങ്ങളെ വേര്‍തിരിവ് കൊണ്ട് വിഭജിക്കാന്‍ ശ്രമിക്കുന്നവരോട് എല്ലാവരും ഒന്നാണ് എന്ന് പറയാനാണ് റാപ്പ് ശ്രമിക്കുന്നത്.

രാജ്യത്ത് ക്യാന്‍സര്‍ പോലെ വളര്‍ന്ന് വരുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കും, അവരുടെ ആശയങ്ങള്‍ക്കും എതിരെയുള്ള വിയോജിപ്പാണ് തങ്ങള്‍ റാപ്പിലൂടെ അവതരിപ്പിക്കുന്നതെന്ന് മാംഗോസ്റ്റീന്‍ ക്ലബ്ബ് പറയുന്നു. ഭരണകൂട അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന റാപ്പിന്റെ വരികളെഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും എരിയാണ് (ദേവദര്‍ശന്‍). മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നത് ഇലക്ട്രോണിക് കിളി. വിഷ്ണു വിജയനാണ് സംവിധാനം. സച്ചിന്‍ രവി ഛായാഗ്രഹണവും പ്രത്യുഷ് ചന്ദ്രന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

ഗാനത്തിൻ്റെ വരികൾ

എന്റെ പല്ലുകള്‍ പകുത്തെടുത്തു പകിടയാടി നീ

എന്റെ നാക്കിന്റെ തുമ്പറുത്തു മണ്ണിലാഴ്ത്തി നീ

എന്റെ കണ്ണുകളോ താഴുകളാല്‍ പൂട്ടിയിട്ടു നീ

എന്റെ കാലുകള്‍ക്ക് ചങ്ങലക്കുരുക്ക് ചാര്‍ത്തി നീ

എന്റെ ജാതിമതം ത്രാസിലിട്ട് തൂക്കി നോക്കി നീ

എന്റെ സോദരെ മതം പറഞ്ഞു മാറ്റി നിര്‍ത്തി നീ

എന്റെ അക്ഷരങ്ങള്‍ തീയില്‍ ചുട്ട് ചാമ്പലാക്കി നീ

എന്റെ ഇടനെഞ്ചില്‍ വെടിയുണ്ട പറത്തി വിട്ട് നീ

എരിതീയില്‍ എണ്ണയായി പടര്‍ന്നു നിന്നു നീ

എന്റെ പ്രണവായുവിന്‍ വിലയും നിശ്ചയിച്ചു നീ

എന്നെ നിന്റെ അച്ചിലേക്കടക്കി വെച്ചു നീ

അതിനച്ചടക്കമെന്നു തന്നെ പേര് വെച്ചു നീ

എന്നിട്ടുമേറ്റ് പാടി എല്ലാരുമേറ്റ് പാടി

നാമൊരൊറ്റയമ്മ പെറ്റ മക്കളാണെന്ന്

കേട്ട് കേട്ട് ഞാന്‍ മടുത്തു

കണ്ട് കണ്ട് ഞാന്‍ വെറുത്തു

എന്റെ നെഞ്ചിലേറ്റ മുറിവ് പാടില്‍ തടവി ഞാനിരുന്നു.

നാളെ നാളെ നീളെ നീളെ നീളെ രാക്കിനാവ് കണ്ടു

നല്ല നാളെ വന്നതില്ല

പുതിയ പുലരി കണ്ടതില്ല

പട്ടിണിയും പാതകവും പതിവുപോല്‍ തുടര്‍ന്നു

ഞാന്‍ പ്രാണവായുവില്ലാതെ പിടഞ്ഞപ്പോഴും

അതിനായി കരഞ്ഞപ്പോഴും

ശ്വാസം നിലച്ചപ്പോഴും

കണ്ടതില്ല നീ

അത് കേട്ടതില്ല നീ

എന്റെ കൂരകള്‍ക്കുള്ളിലേക്ക് നോക്കിയില്ല നീ

നിന്റെ മതിലുകളാല്‍ കൂരകള്‍ മറച്ചു വെച്ചു നീ

വലിയ പ്രതിമകളാല്‍ ഞങ്ങളെ ഇളിച്ചു കാട്ടി നീ

പുതിയ കൊട്ടാരം പണിയുവാന്‍ കല്ലുവെച്ചു നീ

നിന്റെ മാളികപ്പുറത്തു നിന്ന് കാഴ്ച്ച കണ്ടു നീ

നിന്റെ മാളിക ചുമരുകള്‍ക്ക് ചായമിട്ടു നീ

എന്നിട്ടുമേറ്റ് പാടി എല്ലാരുമേറ്റ് പാടി

നാമൊരൊറ്റയമ്മ പെറ്റ മക്കളാണെന്ന്

അരുതരുതീ മണ്ണ് നിന്റെ മാത്രമെന്ന് കരുതരുത്

മുതിരരുത് ഞങ്ങളെ മുറിച്ചിടാന്‍ നീ തുനിയരുത്

ഇതെന്റെ മണ്ണ് ഞാന്‍ വിയര്‍പ്പു തുള്ളി നീര്‍

പൊഴിച്ച മണ്ണ് ഇതെന്റെ പൂര്‍വികര്‍ ചൊരിഞ്ഞ ചോര കൊണ്ട് പൂത്ത മണ്ണ്

കള പറിച്ചു നിലമൊരുക്കി വിത്ത് പാകി

തണലു തീര്‍ത്തതെന്റെ പൂര്‍വികന്റെ ചോര എന്റെ ചോര ചോന്ന ചോര

നീയെന്‍ നാക്കുകള്‍ അറുത്തെടുത്തീ മണ്ണിലാഴ്ത്തിയാല്‍ ഇവിടെ വാക്കുകള്‍ പൂക്കുന്നൊരു മരമുണ്ടാവും.

അത് പൂക്കും ആ പൂവുകളൊ ചോര പോല്‍ ചുവന്നിരിക്കും

പൂ മാറി കായാവും കായ് നിറയെ വിത്താവും വിത്തുകള്‍ പൊട്ടി വീണ് കാടായത് പടരും

ആ കാടുകള്‍ക്കിടയിലന്ന് ഞാനിരുന്നിടും,

അവിടായിരങ്ങളന്നെനിക്ക് കാവലായിടും

എന്റെയക്ഷാരങ്ങള്‍ അന്നെനിക്ക് കൂട്ടിരുന്നിടും.

കനലാവും ഞാന്‍

എരി തീയാവും ഞാന്‍

നിന്നതിര്‍ത്തികള്‍ക്കതീതമായ കാറ്റാവും ഞാന്‍

കാടാവും ഞാന്‍ ഇവിടെ കടലാവും ഞാന്‍ കടല്‍ കാറ്റിനെ വകഞ്ഞു മാറ്റും തിരയാകും ഞാന്‍.

കാറ്റൊരു കണി മതി അത് നിന്‍ കാടെരിച്ചിടും

കനലുകള്‍ തീയായി നിന്റെ കൂടെരിച്ചിടും

വാക്കുകള്‍ വാളായ് നിന്‍ തോക്കറുത്തിടും

നോക്കുകള്‍ ഇടിമഴ പോല്‍ പെയ്തിറങ്ങിടും

നിന്റെ നാക്കെരിച്ചിടും

നിന്റെ വാക്കെരിച്ചിടും

നിന്റെ നാക്കിന്റെ തുമ്പിലെ വെറി എരിച്ചിടും

നിന്റെ ഫാസിസ ചെങ്കോലത്തിന്റെ

നടുവൊടിച്ചിടും!