'അറിവിന്റെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കണമെന്നാണ് ആഗ്രഹിച്ചത്'; എന്‍ജാമി വിവാദത്തില്‍ ധീ

'അറിവിന്റെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കണമെന്നാണ് ആഗ്രഹിച്ചത്'; എന്‍ജാമി വിവാദത്തില്‍ ധീ

അറിവിന്റെ ശബ്ദം ഏറ്റവും ഉയര്‍ന്ന് കേള്‍ക്കണമെന്നു മാത്രമാണ് താന്‍ ആഗ്രഹിച്ചതെന്ന് ഗായിക ധീ. അറിവിന് പറയാനുള്ളത് പ്രധാനപ്പെട്ടതാണെന്നും അത് എല്ലാവരും കേള്‍ക്കേണ്ടതാണെന്നും വിശ്വസിക്കുന്നു. ഞങ്ങളുടെ പാട്ടിന്റെ എല്ലാ വരുമാനവും ഉടമസ്ഥാവകാശവും ഞങ്ങള്‍ മൂന്നുപേരും തുല്യമായി പങ്കിടുന്നുവെന്നും ഏതെങ്കിലും തരത്തിലുള്ള അസമത്വത്തെ അംഗീകരിക്കുകയോ, ഒരു അവസരം അന്യായമായി നിഷേധിക്കപ്പെടുകയോ ചെയ്യുകയാണെങ്കില്‍, താന്‍ അതിന്റെ ഭാഗമാകില്ലെന്നും ധീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച ചെന്നെയില്‍ നടന്ന ചെസ് ഒളിമ്പ്യാഡില്‍ ധീയുടെയും കിടക്കുഴി മറിയമ്മാളിന്റെയും 'എന്‍ജോയ് എന്‍ജാമി' പെര്‍ഫോമന്‍സ് അറിവിന്റെ അസാന്നിധ്യത്തില്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെ 'എന്‍ജോയ് എഞ്ചാമി' എന്ന ഗാനം എഴുതുന്നതിന് തന്നെ ആരും ഒരു തരത്തിലും സഹായിച്ചിട്ടില്ലായെന്നും ഗാനം തേയിലത്തോട്ടത്തില്‍ അടിമകളായിരുന്ന തന്റെ പൂര്‍വികരുടെ ചരിത്രമല്ലാതാകുന്നില്ലെന്നും അറിവ് പറഞ്ഞിരുന്നു. അതിന് ശേഷം പാട്ടിന്റെ ആശയം ധീയുടേതാണെന്നും താനാണ് കംപോസ് ചെയ്തതെന്നും അവകാശവാദം ഉന്നയിച്ച് സന്തോഷ് നാരായണനും രംഗത്ത് വന്നിരുന്നു. വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകവെയാണ് ധീയുടെ വിശദീകരണം.

അറിവ് എന്ന ഗായകനും എഴുത്തുകാരനും ഓരോ ഘട്ടത്തിലും ക്രെഡിറ്റ് ലഭിച്ചിട്ടുണ്ടെന്ന് താന്‍ ഉറപ്പുവരുത്തിയിരുന്നു എന്നും 'എന്‍ജോയ് എന്‍ജാമിയിലെ' അറിവിന്റെയും സന്തോഷ് നാരായണന്റെയും പ്രാധാന്യം താന്‍ ഒരു ഘട്ടത്തിലും കുറയ്ക്കുകയോ താഴ്ത്തുകയോ ചെയ്തിട്ടില്ല എന്നും ധീ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. അറിവിന് അര്‍ഹിക്കുന്ന ക്രെഡിറ്റ് നല്‍കിയിട്ടില്ലെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളിലും ധീ പ്രതികരിച്ചു.

'കഴിഞ്ഞ വര്‍ഷത്തെ 'റോളിംഗ് സ്റ്റോണ്‍ ഇന്ത്യ' കവറില്‍ ഷാന്റെയും എന്റെയും വരാനിരിക്കുന്ന വ്യക്തിഗത ആല്‍ബങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് എന്‍ജോയ് എന്‍ജാമിയെക്കുറിച്ചായിരുന്നില്ല. അതാണ് കവറില്‍ ഒരുമിച്ച് വരാനുള്ള പ്രധാന കാരണം. സ്പോട്ടിഫൈ പോലുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലെ എന്‍ജോയ് എന്‍ജാമി ഡിജെ സ്നേക്ക് റീമിക്സില്‍ അറിവിനെ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. സന്തോഷ് നാരായണനും അറിവിനും എനിക്കും അതിന്റെ പിന്നിലെ മാര്‍ക്കറ്റിംഗില്‍ നിയന്ത്രണമില്ല. ഞങ്ങളുടെ പാട്ടിന് പിന്നിലെ ഇപ്പോഴത്തെ അര്‍ത്ഥങ്ങളും വിവരണങ്ങളും, റിലീസിന് ശേഷമുള്ള അറിവിന്റെ ഓരോ അഭിമുഖങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ അറിഞ്ഞത്',എന്നും ധീ കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റാഗ്രാം കുറിപ്പിന്റെ പൂര്‍ണരൂപം

ഹായ്! എല്ലാവരും സുഖമായിരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു. എന്റെ സംഗീത ജീവിതത്തിലുടനീളം നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. നിങ്ങള്‍ എനിക്ക് ഒരുപാട് സന്തോഷം നല്‍കുന്നു, നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. 'എന്‍ജോയ് എന്‍ജാമിയെ' കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

നമ്മളെ പരസ്പരം അടുപ്പിക്കുന്നതിനും ചുറ്റുമുള്ള ജീവിതത്തിനും വേണ്ടിയുള്ള ശുദ്ധമായ ഉദ്ദേശത്തോടെയാണ് 'എന്‍ജോയ് എന്‍ജാമി' സൃഷ്ടിച്ചത്. അംഗീകരിക്കാനും ആഘോഷിക്കാനും സംരക്ഷിക്കാനും. പ്രകൃതിയുമായി ഒന്നായി ജീവിക്കുകയും പഞ്ചഭൂതങ്ങളെ ആരാധിക്കുകയും ജാതി, മതം പോലെയുള്ള മനുഷ്യനിര്‍മിത വിഭജനങ്ങളാല്‍ വന്ന പ്രതികൂല സാഹചര്യങ്ങളില്ലാതെ ജീവിക്കുകയും ചെയ്ത ഒരു പുരാതന തമിഴ് സമൂഹത്തെക്കുറിച്ചാണ് ഗാനത്തിന്റെ പ്രധാന ആശയം. അവരാണ് നമ്മുടെ വേരുകള്‍. ഈ ഗാനം ആ കാലത്തേക്കുള്ള ഓര്‍മ്മപ്പെടുത്തലും ആഹ്വാനവുമാണ്. ഈ ഭൂമി മനുഷ്യര്‍ക്ക് മാത്രമല്ല, എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും ഭൂമിയെയും എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തം ആണ്. ഈ ഗാനം നമ്മുടെ വേരുകള്‍ തേടാനും അവയെ ഉള്‍ക്കൊള്ളാനും നമ്മെ നയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സ്‌നേഹം, പ്രയാസങ്ങള്‍, ദുഃഖം, മുറിവുകള്‍, ഭയം, അഹംഭാവം എന്നിവയിലൂടെ നാം ഓര്‍ക്കുന്നത് പുരാതന വിത്തിന്റെ മധുരമുള്ള ഫലങ്ങളാണെന്ന്. നമ്മള്‍ ഒരേ ഉറവിടത്തില്‍ നിന്നാണ് വരുന്നത്.

എന്റെ സോഷ്യല്‍ മീഡിയയില്‍ ഞാന്‍ പറയുന്നതിലും ചെയ്യുന്നതിലും പങ്കുവെക്കുന്ന കാര്യങ്ങളിലും എനിക്ക് പൂര്‍ണ്ണ നിയന്ത്രണമുണ്ട്, കൂടാതെ അറിവ് എന്ന എഴുത്തുകാരന്‍/ഗായകന്‍ എന്ന നിലയിലും സന്തോഷ് നാരായണന്‍ എന്ന നിര്‍മ്മാതാവ്/സംവിധായകന്‍ എന്ന നിലയിലും ഓരോ ഘട്ടത്തിലും ഞാന്‍ ക്രെഡിറ്റുകള്‍ നല്‍കുമെന്ന് ഞാന്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. എനിക്ക് ലഭിച്ച അവസരങ്ങളിലെല്ലാം ഞാന്‍ അവരെ കുറിച്ച് അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്, പ്രത്യേകിച്ച് അറിവിനെ കുറിച്ച്. 'എന്‍ജോയ് എന്‍ജാമിയിലെ' ഇരുവരുടെയും പ്രാധാന്യം ഞാന്‍ ഒരു ഘട്ടത്തിലും കുറയ്ക്കുകയോ താഴ്ത്തുകയോ ചെയ്തിട്ടില്ല. ഞാന്‍ എപ്പോഴെങ്കിലും ആഘോഷിക്കാനും അവരുടെ ജോലി ഹൈലൈറ്റ് ചെയ്യാനും മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ, ഓരോ ഘട്ടത്തിലും ഞാന്‍ അത് ചെയ്യുന്നു. ബാഹ്യ സ്രോതസ്സുകള്‍ ഞങ്ങളുടെ ഗാനം പങ്കിടുകയും പ്രമോട്ട് ചെയ്യുകയും ചെയ്യുന്ന രീതിയില്‍ എനിക്ക് യാതൊരു നിയന്ത്രണവുമില്ല. ഈ ഗാനത്തിന്റെ നിര്‍മ്മാണത്തില്‍ സംവിധായകന്‍ മണികണ്ഠന്‍ വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്, അദ്ദേഹത്തിന്റെ 'കടൈസി വ്യവസായി' എന്ന സിനിമയാണ് എന്‍ജോയ് എന്‍ജാമിയുടെ പിന്നിലെ പ്രേരകശക്തി, ഓരോ ഘട്ടത്തിലും ഞാന്‍ ഇത് എല്ലായ്‌പ്പോഴും അംഗീകരിച്ചിട്ടുണ്ട്.

എന്‍ജോയ് എന്‍ജാമിയുടെ ഗാനരചന, ടീമിനുള്ളില്‍ ആമുഖം വളരെയധികം ചര്‍ച്ച ചെയ്യുകയും ക്യൂറേറ്റ് ചെയ്യുകയും ചെയ്തു. ഗാനം പുറത്തിറങ്ങുന്നത് വരെ ഞങ്ങള്‍ എല്ലാവരും ഒരേ പേജിലായിരുന്നു. വീഡിയോയിലെ വള്ളിയമ്മാള്‍ പാട്ടിയുടെ സാന്നിദ്ധ്യം നമ്മളെല്ലാവരും ഒരേ വേരുകളുള്ളവരാണെന്ന് സൂചിപ്പിക്കാനുള്ള ആദരവായിരുന്നു. ഞങ്ങളുടെ പാട്ടിന് പിന്നിലെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന അര്‍ത്ഥങ്ങളും വിവരണങ്ങളും, റിലീസിന് ശേഷമുള്ള അറിവിന്റെ ഓരോ അഭിമുഖങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ മനസിലാക്കിയത്.

അറിവിന്റെ ശബ്ദം ഏറ്റവും ഉച്ചത്തില്‍ കേള്‍ക്കണമെന്നു മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്. അറിവിന് പറയാനുള്ളത് പ്രധാനപ്പെട്ടതാണെന്നും അത് എല്ലാവരും കേള്‍ക്കേണ്ടതാണെന്നും ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ പാട്ടിന്റെ എല്ലാ വരുമാനവും ഉടമസ്ഥാവകാശവും ഞങ്ങള്‍ മൂന്നുപേരും തുല്യമായി പങ്കിടുന്നു. അറിവിനും സന്തോഷ് നാരായണനുമൊപ്പം എന്‍ജാമിയുടെ എല്ലാ പ്രധാന വിജയങ്ങളും ആഘോഷിക്കാന്‍ മാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ. ഏതെങ്കിലും തരത്തിലുള്ള അസമത്വത്തെ അംഗീകരിക്കുകയോ, ഒരു അവസരം അന്യായമായി നിഷേധിക്കപ്പെടുകയോ ചെയ്യുകയാണെങ്കില്‍, ഞാന്‍ അതിന്റെ ഭാഗമാകില്ല.

കഴിഞ്ഞ വര്‍ഷത്തെ 'റോളിംഗ് സ്റ്റോണ്‍ ഇന്ത്യ' കവര്‍ ഷാന്റെയും എന്റെയും വരാനിരിക്കുന്ന വ്യക്തിഗത ആല്‍ബങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതാണ് കവറില്‍ ഒരുമിച്ച് വരാനുള്ള പ്രധാന കാരണം. അത് എന്‍ജോയ് എന്‍ജാമിയെക്കുറിച്ചോ 'നീയെ ഒളിയെ'ക്കുറിച്ചോ ആയിരുന്നില്ല. ഞങ്ങള്‍ പങ്കുവെച്ച കവറില്‍ പാട്ടിന്റെ പേരുകള്‍ പരാമര്‍ശിച്ചിരുന്നില്ല. ആ പ്രത്യേക കവര്‍ സ്റ്റോറി ഞങ്ങളുടെ വരാനിരിക്കുന്ന ആല്‍ബങ്ങളെയും ഒരു പ്ലാറ്റ്‌ഫോമായ 'മാജ'യെയും കുറിച്ചായിരുന്നു. അറിവ്, സന്തോഷ് നാരായണന്‍, കൂടാതെ എല്ലാ 'മാജ' കലാകാരന്മാരെയും കുറിച്ചുള്ള കവര്‍ സ്റ്റോറികളും ലേഖനങ്ങളും റോളിംഗ്സ്റ്റോണ്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന ഒരു റോളൗട്ട് പ്ലാന്‍ ഉണ്ടെന്നാണ് എന്നോട് പറഞ്ഞത്. ഇത് ഞങ്ങളുടെ കവര്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് റോളിംഗ്സ്റ്റോണ്‍ ഒരു ട്വീറ്റായി പ്രഖ്യാപിച്ചു, അത് കണ്ടതില്‍ എനിക്ക് സന്തോഷമുണ്ട്.

സ്പോട്ടിഫൈ പോലുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലെ എന്‍ജോയ് എന്‍ജാമി ഡിജെ സ്നേക്ക് റീമിക്സില്‍ അറിവിനെ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. സന്തോഷ് നാരായണനും അറിവിനും എനിക്കും അതിന്റെ പിന്നിലെ മാര്‍ക്കറ്റിംഗില്‍ നിയന്ത്രണമില്ല.

ഇനി ഒളിമ്പ്യാഡ് ചെസ്സ് പ്രകടനത്തെക്കുറിച്ച്, ഇവന്റ് സംഘാടകര്‍ എന്നെയും അറിവിനെയും ഈ പരിപാടിക്ക് അവതരിപ്പിക്കാന്‍ സമീപിച്ചിരുന്നു. പക്ഷേ അറിവ് യുഎസില്‍ ആയിരുന്നത് കൊണ്ട് പെര്‍ഫോമന്‍സില്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ വോയ്സ് ട്രാക്ക് പ്ലേ ചെയ്തു. അറിവിന്റെ വാക്കുകളെ കുറിച്ചും 'എന്‍ജോയ് എന്‍ജാമി'യിലെ അറിവിന്റെ പ്രകടനത്തെക്കുറിച്ചും പരിപാടിയില്‍ പരാമര്‍ശിച്ചിരുന്നു.

ഈ സംഭവങ്ങളെ പല തരത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിലും, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടങ്ങളില്‍ ഈ സംഭാഷണങ്ങള്‍ക്കുള്ള പ്രസക്തിയും, വിപ്ലവത്തിലെ അതിന്റെ പങ്കും ഞാന്‍ മനസിലാക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്കൊപ്പമോ അല്ലാതെയോ പരസ്യമായോ സ്വകാര്യമായോ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുമായും പക്ഷപാതരഹിതമായ ഒരു വ്യക്തിയുമായി ഇരുന്ന് സംവാദം നടത്താന്‍ ഞാന്‍ എപ്പോഴും തയ്യാറാണ്.

പാട്ട് ഇത്രയും വലിയ വിജയമാക്കിയതിന് നിങ്ങളോടും സന്തോഷ് നാരായണന്‍, അറിവ്, മാജ, ഒപ്പം മുഴുവന്‍ ടീമിനോടും എനിക്ക് അങ്ങേയറ്റം നന്ദിയുണ്ട്. എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി. ആളുകളെ ഒരുമിച്ച് കൊണ്ടുവരിക എന്ന പാട്ടിന്റെ ഉദ്ദേശ്യം എല്ലായ്പ്പോഴും അങ്ങനെ തന്നെ തുടരാന്‍ മാത്രമാണ് എന്റെ ഒരേയൊരു ആഗ്രഹം. ഈ ഭൂമിയോടും ജീവനോടും വേരുകളോടും മനുഷ്യരോടും പരസ്പരം സഹ-കലാകാരന്മാരും സുഹൃത്തുക്കളും എന്ന നിലയിലുള്ള നമ്മുടെ സ്‌നേഹത്തിലും ബഹുമാനത്തിലും നിന്നാണ് എന്‍ജോയ് എന്‍ജാമി പിറന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത് എല്ലായ്‌പ്പോഴും അങ്ങനെ തന്നെ തുടരും.

സത്യം എപ്പോഴും ജയിക്കും

എന്റെ എല്ലാ സ്‌നേഹത്തോടും കൂടി,

ധീ

Related Stories

No stories found.
logo
The Cue
www.thecue.in