പത്തൊമ്പതാം നൂറ്റാണ്ട്: ചരിത്രത്തിന്റെ വീണ്ടെടുപ്പ്, പ്രതിരോധത്തിന്റെ കല

പത്തൊമ്പതാം നൂറ്റാണ്ട്: ചരിത്രത്തിന്റെ വീണ്ടെടുപ്പ്, പ്രതിരോധത്തിന്റെ കല
salish peringottukara
Summary

തൊലിപ്പുറത്തു മാത്രം സ്പർശിച്ച് കടന്നുപോകുന്ന ബഹുഭൂരിപക്ഷം പുതുകാലസിനിമകൾക്കിടയിൽ വരുംകാലത്തും പ്രസക്തിയോടെ നിലകൊള്ളാൻ കഴിയുന്ന വിധത്തിൽ ഒരു സിനിമ സൃഷ്ടിച്ചതിൽ വിനയൻ എന്ന സംവിധായകനോട് ഈ കാലഘട്ടം കടപ്പെടുന്നുണ്ട്. പ്രത്യേകിച്ച്, ചരിത്രസിനിമയെന്ന പേരിൽ കാമ്പും കഴമ്പുമില്ലാതെ പണക്കൊഴുപ്പിൻ്റെ ദൃശ്യപ്പൊലിമ മാത്രം കാട്ടി പ്രേക്ഷകനെ അമ്പേ നിരാശപ്പെടുത്തിയ വമ്പൻ സിനിമകൾക്കിപ്പുറം യാതൊരു താരപ്പെരുമയുമില്ലാതെ പുറത്തിറങ്ങിയ ഒരു സിനിമയെ പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ വിനയന് തീർച്ചയായും അഭിമാനിക്കാം.

ഒരു സമൂഹത്തെ ഭൗതികമായും ആന്തരികമായും പുരോഗമനപരമായി നവീകരിക്കാൻ ഉദ്യമിക്കുന്നതിനെ നവോത്ഥാനമെന്നതിന്റെ രാഷ്ട്രീയാർത്ഥവും വ്യാഖ്യാനവുമായിത്തന്നെ അടയാളപ്പെടുത്താം. ആ വിവക്ഷയിൽ, കേരള നവോത്ഥാനചരിത്രം തുടങ്ങുന്നത് ശ്രീനാരായണ ഗുരുവിനും അയ്യങ്കാളിക്കും മുമ്പേ ആറാട്ടുപുഴ വേലായുധപ്പണിക്കരിൽ നിന്നാണ്. ജാതിമതഭേദമില്ലാതെ സർവ്വർക്കും പ്രവേശനം അനുവദിച്ചുകൊണ്ട് ആറാട്ടുപുഴ എടക്കാട് ജ്ഞാനേശ്വരക്ഷേത്രം എന്ന മംഗലം ശിവക്ഷേത്രം വേലായുധപ്പണിക്കർ സ്ഥാപിക്കുന്നത് 1852-ലാണ്. വൈക്കം സത്യഗ്രഹത്തിനും ക്ഷേത്രപ്രവേശനവിളംബരത്തിനും മുമ്പേ, ശ്രീനാരായണഗുരു ജനിക്കുന്നതിനു പോലും മുമ്പേ!

പിന്നോക്കവിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾക്ക് മുട്ടു മറയ്ക്കാൻ കഴിയുന്ന വിധത്തിൽ മുണ്ടുടുക്കാനുള്ള അവകാശത്തിനായി 1858-ൽ കായംകുളത്തു നടന്ന അച്ചിപ്പുടവ സമരവും മേൽവസ്ത്രം ധരിക്കാനുള്ള അവകാശത്തിനായി 1859-ൽ നടന്ന ഏത്താപ്പ് സമരവും നയിച്ചത് വേലായുധപ്പണിക്കരായിരുന്നു. കീഴ്ജാതി സ്ത്രീകൾക്ക് മൂക്കുത്തിയും മറ്റ് സ്വർണ്ണാഭരണങ്ങളും ധരിക്കാനുള്ള അവകാശത്തിനായി 1860-ൽ പന്തളത്തു നടന്ന മൂക്കുത്തി സമരത്തിനും നേതൃത്വം നൽകിയ പണിക്കർ തന്നെയാണ് കേരളചരിത്രത്തിലെ ആദ്യ കർഷകസമരവും സംഘടിപ്പിച്ചത്.

ഇന്നും അന്യജാതിക്കാർക്ക് പ്രവേശനമില്ലാത്ത കൂത്തമ്പലങ്ങളുള്ള 'നവോത്ഥാന' കേരളത്തിൽ നിന്നുകൊണ്ട്, 150-ൽ പരം വർഷങ്ങൾക്കു മുമ്പ് 1861-ൽ ഈഴവർക്കു വേണ്ടി കഥകളിയോഗം സ്ഥാപിക്കുകയും ഈഴവരെയും മറ്റു പിന്നോക്കജാതിക്കാരായ കലാകാരന്മാരെയും അണിനിരത്തി കഥകളി അവതരിപ്പിക്കുകയും ചെയ്ത വേലായുധപ്പണിക്കരെ ഓർമ്മിക്കുന്നതിൽ പോലും പ്രതിരോധത്തിൻ്റെ രാഷ്ട്രീയമുണ്ട്!

ഇത്തരത്തിൽ നവോത്ഥാന കേരളചരിത്രത്തിൽ തിളക്കത്തോടെ രേഖപ്പെടുത്തേണ്ടതും എന്നാൽ ഏറെക്കുറെ അവഗണിക്കപ്പെട്ടു പോയതുമായ ഒരു വ്യക്തിത്വത്തെയും ഒപ്പം ഒരു കാലഘട്ടത്തിൻ്റെ സാമൂഹ്യാവസ്ഥകളെയും സാമാന്യജനത്തിന്, പ്രത്യേകിച്ച് പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നു എന്നതു തന്നെയാണ് 'പത്തൊമ്പതാം നൂറ്റാണ്ടി'ൻ്റെ ചരിത്രപരമായ പ്രസക്തി. തൊലിപ്പുറത്തു മാത്രം സ്പർശിച്ച് കടന്നുപോകുന്ന ബഹുഭൂരിപക്ഷം പുതുകാലസിനിമകൾക്കിടയിൽ വരുംകാലത്തും പ്രസക്തിയോടെ നിലകൊള്ളാൻ കഴിയുന്ന വിധത്തിൽ ഒരു സിനിമ സൃഷ്ടിച്ചതിൽ വിനയൻ എന്ന സംവിധായകനോട് ഈ കാലഘട്ടം കടപ്പെടുന്നുണ്ട്. പ്രത്യേകിച്ച്, ചരിത്രസിനിമയെന്ന പേരിൽ കാമ്പും കഴമ്പുമില്ലാതെ പണക്കൊഴുപ്പിൻ്റെ ദൃശ്യപ്പൊലിമ മാത്രം കാട്ടി പ്രേക്ഷകനെ അമ്പേ നിരാശപ്പെടുത്തിയ വമ്പൻ സിനിമകൾക്കിപ്പുറം യാതൊരു താരപ്പെരുമയുമില്ലാതെ പുറത്തിറങ്ങിയ ഒരു സിനിമയെ പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ വിനയന് തീർച്ചയായും അഭിമാനിക്കാം.

മുഖ്യധാരയോട് ഇണങ്ങിനിന്നുകൊണ്ട് ചരിത്രസ്പർശിയായ ഒരു സിനിമയൊരുക്കുമ്പോൾ സംഭവിക്കാവുന്ന ഒരു പ്രധാനവീഴ്ച കഥാഗതിയിൽ ഒരു കാലഘട്ടത്തിൻ്റെ സാമൂഹികാവസ്ഥകൾക്കും ചരിത്രസംഭവങ്ങൾക്കും ഊന്നൽ നൽകി ആവിഷ്ക്കരിക്കപ്പെടേണ്ട ഇടങ്ങൾ പോലും താരപ്പെരുമയുടെ മാസ് പൊലിപ്പിക്കലുകൾക്കിടയിൽ മുങ്ങിപ്പോയേക്കാമെന്നതാണ്‌. 'പത്തൊമ്പതാം നൂറ്റാണ്ട് 'അത്തരമൊരു വീഴ്ചയിൽ നിന്ന് ഏറെക്കുറെ മുക്തമായി മാറിനില്ക്കുന്നുണ്ട്. ആറാട്ടുപുഴ വേലായുധപ്പണിക്കർ കൊല്ലപ്പെടുന്നതിനു ശേഷവും ആ രക്തസാക്ഷിത്വത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് നങ്ങേലിയുടെ ആത്മാഭിമാനപോരാട്ടവും ജീവത്യാഗവും സംഭവിക്കുന്നുണ്ട്. അനന്തരം  അരികുവല്ക്കരിക്കപ്പെട്ടവർ കൊളുത്തുന്ന കലാപത്തിൻ്റെ തീ ജ്വലിപ്പിച്ചു നിർത്തിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നതും. അത്തരത്തിൽ തൻ്റെ രണ്ടു മുഖ്യകഥാപാത്രങ്ങളുടെ ജീവിതങ്ങളെയും സാമൂഹ്യവീക്ഷണങ്ങളെയും പില്ക്കാലത്തെ നവോത്ഥാന പോരാട്ടങ്ങളുമായി കൃത്യമായും സുഘടിതമായും ബന്ധിപ്പിച്ചുകൊണ്ടാണ് വിനയൻ തൻ്റെ സിനിമയുടെ രാഷ്ട്രീയത്തെ രേഖപ്പെടുത്തുന്നത്.  മുൻകാല വിനയൻ ചിത്രങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായി പുതുതലമുറയുടെ കാഴ്ചാശീലങ്ങളുമായും ആസ്വാദനതലങ്ങളുമായും സംവേദിക്കാൻ കെല്പുള്ള ദൃശ്യഭാഷയും സാങ്കേതികമികവും അവകാശപ്പെടാവുന്ന 'പത്തൊമ്പതാം നൂറ്റാണ്ട് 'പക്ഷേ ആത്യന്തികമായി അടയാളപ്പെടുന്നത് മേല്പറഞ്ഞ രാഷ്ട്രീയവ്യക്തത കൊണ്ടുതന്നെയായിരിക്കും. അതേ സമയം കലയുടെ സൗന്ദര്യാനുഭവത്തിൻ്റെ കാര്യമെടുത്താൽ പണിക്കരുടെ ആന്തരികസംഘർഷങ്ങളെ കൂടുതൽ മികവോടെ അവതരിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളും ശക്തമായ സംഭാഷണങ്ങളും കൂടെ തിരരചനയിൽ ഉണ്ടായിരുന്നെങ്കിലെന്ന മോഹത്തെ ബാക്കി നിർത്തുന്നുണ്ട് ചിത്രം, പലയിടങ്ങളിലും.

മികച്ച കളരിയഭ്യാസിയും പോരാളിയും കുതിരയോട്ടക്കാരനുമായിരുന്നെങ്കിലും ആറാട്ടുപുഴ വേലായുധ പണിക്കരുടെ മുഖ്യ 'ആയുധം' അദ്ദേഹത്തിൻ്റെ മൂലധനശേഷിയായിരുന്നു. ശ്രീലങ്കയും അറബ് നാടുകളുമായുള്ള നേരിട്ടുള്ള വ്യാപാരവും സ്വന്തമായുള്ള പായ്ക്കപ്പലുകളുമെല്ലാമായി രാജാവിനു പോലും അവഗണിക്കാൻ കഴിയാതിരുന്നത്രയും സമ്പത്ത് പണിക്കർക്ക് സ്വായത്തമായിരുന്നു.

അത്തരമൊരാളുടെ ചരിത്രം താരങ്ങളുടെ പിൻബലമില്ലാതെ വലിയ ക്യാൻവാസിൽ പറയുമ്പോൾ 'മൂലധനം' നിർണ്ണായക പങ്കു വഹിക്കുന്ന സിനിമാമേഖലയിൽ, ഗോകുലം ഗോപാലൻ എന്ന നിർമ്മാതാവിൻ്റെ നിശ്ചയദാർഢ്യവും അഭിനന്ദനമർഹിക്കുന്നു. ഷാജികുമാറിൻ്റെ ഛായാഗ്രഹണവും സുപ്രീം സുന്ദർ, രാജശേഖർ, മാഫിയ ശശി എന്നിവർ ചേർന്നു നിർവ്വഹിച്ച സംഘട്ടനരംഗങ്ങളുടെ മികവും എടുത്തുപറയേണ്ടതാണ്.

ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നായകൻ കൃത്യമായ രൂപഭാവങ്ങളാലും ചടുലവും അതേസമയം നിയന്ത്രിതവുമായ ശരീരഭാഷയാലും മികവോടെ സിനിമയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിക്കു ശേഷം ചരിത്രകഥാപാത്രങ്ങളിലേക്ക് നടന്നു കയറാൻ കെല്പുള്ള നായകന്മാരിലെ മുൻപേരുകാരനാകാൻ താനർഹനെന്ന് തെളിയിക്കുന്ന പ്രകടനമാണ് സിജു വിൽസൻ്റേത്. ഒറ്റനോട്ടത്തിൽ ഒരു യോദ്ധാവ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന, ഏച്ചുകെട്ടലുകളില്ലാത്ത സ്ക്രീൻ പ്രസൻസ് അനുഭവിപ്പിക്കാൻ സിജുവിന് കഴിയുന്നു.

നങ്ങേലിയായി വരുന്ന കയാദു ലോഹറിൽ ഒരു മികച്ച അഭിനേത്രിയുണ്ട്. ശ്രദ്ധാപൂർവ്വം കഥാപാത്രങ്ങളെ തിരഞ്ഞെടുത്താൽ ഹിന്ദി ഭൂമികയിൽ നിന്ന് സറീനാ വഹാബിനു ശേഷം ഒരു നടിയെന്ന നിലയിൽ ഇവിടെ ശ്രദ്ധേയസാന്നിദ്ധ്യമാകാൻ അവർക്ക് സാധിക്കും.

മലയാളസിനിമയുടെ പുതുകാലത്തെക്കുറിച്ച് ചർച്ചകൾ നടക്കുമ്പോൾ മിക്കവാറും പരാമർശിക്കപ്പെടാതെ പോകുന്നതും എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതുമായ ഒരു കാര്യം ഇന്ത്യയിലെ മറ്റു ഭാഷകളിലോ ലോകഭാഷകളിലോ ഒന്നും സംഭവിക്കാത്തതുപോലെ 'ഫാമിലി ഡ്രാമ' എന്ന വിഭാഗത്തിൽപ്പെടുന്ന സിനിമകൾ ഇവിടെ ഏറെക്കുറെ ഇല്ലാതായിപ്പോയിരിക്കുന്നു എന്നതാണ്. വൈയക്തികമായും സമൂഹത്തെ മുൻനിർത്തിയും ഗൗരവസ്വഭാവത്തോടെ കുടുംബം എന്ന ആശയത്തിനകത്തെ ബന്ധങ്ങളെയും വൈകാരികസംഘർഷങ്ങളെയും അഭിസംബോധന ചെയ്യുന്ന ചിത്രങ്ങൾ ഏറെക്കുറെ ഒരു പതിറ്റാണ്ടു മുമ്പുവരെയും മലയാളത്തിൽ സംഭവിച്ചിരുന്നു. എന്നാൽ ഡിജിറ്റൽ കാലത്തിനു ശേഷമുള്ള പുതുതലമുറ സിനിമാക്കാലത്ത് ത്രില്ലർ സ്വഭാവമുള്ള സിനിമകളിലും പ്രണയ സിനിമകളിലും കോമഡി സിനിമകളിലുമായി മലയാളത്തിൻ്റെ വൈവിധ്യാത്മകത ചുരുങ്ങിപ്പോയിരിക്കുന്നു. ദാരിദ്ര്യമാണെങ്കിലും 'റിച്ച്‌' ആയും 'കളർഫുള്ളാ'യും കാണിക്കണമെന്നു പറയുമ്പോലെ അതിഗൗരവസ്വഭാവമുള്ള പ്രമേയവും ജീവിതപരിസരങ്ങളുമുള്ള ഒരു സിനിമ ചെയ്യണമെങ്കിൽ പോലും അത് കോമഡിയിലൂടെയേ പറയാൻ സാധിക്കൂ എന്ന ഒരവസ്ഥ മലയാളത്തിൽ സംജാതമായിട്ടുണ്ട്. കമേഴ്സ്യൽ സിനിമയുടെ ഈറ്റില്ലമായ ഹോളിവുഡിൽ പോലും ഇങ്ങനെയല്ല കാര്യങ്ങൾ സംഭവിക്കുന്നതെന്നത് ശ്രദ്ധേയമാണ്. അവിടെ മറ്റു വിഭാഗങ്ങളിലെ സിനിമകൾക്കൊപ്പം ഇപ്പോഴും ഗൗരവസ്വഭാവിയായ 'ഫാമിലി ഡ്രാമ' വിഭാഗത്തിലുള്ള സിനിമകളും യഥേഷ്ടം സൃഷ്ടിക്കപ്പെടുന്നു. പുതുതലമുറയിലെ ചെറുപ്പക്കാരായ സംവിധായകരാണ് അത്തരം പല ചിത്രങ്ങളുടെയും പുറകിലെന്നതും ഏറെ ശ്രദ്ധേയമാണ്. തമിഴ് അടക്കമുള്ള ഇന്ത്യൻ ഭാഷകളിലും ഇത്തരം ചിത്രങ്ങൾ സംഭവിക്കുന്നുണ്ട്.

ഫാമിലി ഡ്രാമകൾ ഇല്ലാതാകുമ്പോൾ 40 വയസ്സിനപ്പുറമുള്ള ഒരു തലമുറ തിയേറ്ററുകളിലേക്ക് ആകർഷിക്കപ്പെടാതാകുന്നുവെന്ന യാഥാർത്ഥ്യവും തിരിച്ചറിയേണ്ടതുണ്ട്. ഇവിടെയിറങ്ങുന്ന മിക്കവാറും സിനിമകളും പ്രധാനമായും 15-30 വയസ്സുകാരെയും പരമാവധി 35-40 വയസ്സുവരെയും മാത്രമാണ് ലക്ഷ്യമിടുന്നത്. ഫലം, കഴിഞ്ഞ കാലങ്ങളിൽ സിനിമയുടെ പ്രേക്ഷകരായി തിയേറ്ററുകളിലേക്ക് എത്തിക്കൊണ്ടിരുന്ന ഒരു മുതിർന്ന തലമുറയിലെ വലിയൊരു വിഭാഗം ഇപ്പോൾ അതിനു തയ്യാറാകാതായിരിക്കുന്നു. ഹിസ്റ്റോറിക്കൽ ഡ്രാമ എന്ന വിഭാഗത്തിൽ പെടുന്ന ചിത്രമാണെങ്കിലും

'പത്തൊമ്പതാം നൂറ്റാണ്ട്‌'  നിർവ്വഹിക്കുന്ന മറ്റൊരു സുപ്രധാനദൗത്യം എന്തെന്നാൽ തിയേറ്ററുകൾക്ക് നഷ്ടപ്പെട്ട ആ മുതിർന്ന വിഭാഗം പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് തിരികെയെത്തിക്കുന്ന പ്രക്രിയ തുടങ്ങിവച്ചിരിക്കുന്നു എന്നതാണ്. ആ അർത്ഥത്തിലും വിനയൻ്റെ സിനിമ മലയാളസിനിമയിൽ ഗുണകരമായ മാറ്റത്തിന് കാരണമാകുന്നുണ്ട്.

Related Stories

No stories found.
The Cue
www.thecue.in