കാടകലവും കാടിന്റെ സംഗീതവും

kadakalam
kadakalam

ഡോ. സാക്കിൽ രവീന്ദ്രൻ സംവിധാനം ചെയ്ത സിനിമയാണ് കാടകലം. ജിൻ്റോ തോമസ് തിരക്കഥാ രചനയിൽ പങ്കാളിയാണ്. തീർച്ചയായും ഈ സിനിമ കണ്ടിരിക്കേണ്ടതും പ്രൊമോട് ചെയ്യപ്പെടേണ്ടതുമാണ്. മലയാളസിനിമ കാടിനെയും അതിൻ്റെ മക്കളെയും ആഴത്തിൽ സ്പർശിച്ചിരുന്നോ എന്നൊരു ആത്മപരിശോധനക്ക് എന്നേ സമയമായി. ഒന്നുകിൽ കാല്പനികമായ ഒരു ലാൻഡ് സ്‌കേപ്പ് അല്ലെങ്കിൽ അതിലെ വന്യതയും സാഹസികതയും മറ്റും നിറഞ്ഞ വഴികളും നിശബ്ദതയുടെ ഭീകരതയും ഒക്കെയായാണ് ഇന്ത്യൻ സിനിമയിൽ കാട് ഒരു സ്ഥലമായും അനുഭവവമായും പ്രത്യക്ഷപ്പെടാറുള്ളത്. കടലമ്മ എന്ന സങ്കല്പത്തോട് ചേർത്ത് വായിക്കാവുന്ന വിധം കാടമ്മ എന്നൊരു രൂപകം കാടകലം എന്ന സിനിമ മുന്നോട്ടു വെക്കാൻ ശ്രമിക്കുന്നുണ്ട്. ആറടി, പതിനൊന്നാംസ്ഥലം, കാന്തൻ ദി കളർ ഓഫ് ലൗവ്, ഉടലാഴം തുടങ്ങിയ മലയാളസിനിമകൾ കാടിനെ കുറിച്ച് സംസാരിച്ചപ്പോൾ അവിടെ ജീവിക്കുന്ന മനുഷ്യരെക്കുറിച്ചും സംസാരിച്ചിട്ടുണ്ട് എന്ന കാര്യം വഴിയേ ഓർക്കുന്നു. കാട് പലവിധത്തിൽ നാടാക്കി മാറ്റിയ കുടിയേറ്റ നിവാസികളും അവരുടെ ജീവിതമനോഭാവവും കാടിനോടുള്ള നിലപാടുമല്ല കാടുമായി ഇക്കാലത്തും ഇഴുകിജീവിക്കുന്ന ഗോത്രജനതക്കുള്ളത്. അവർ ഇപ്പോഴും കാടിനെ അക്ഷരാർത്ഥത്തിൽ അമ്മയായും ഉർവ്വരതയുടെയും പുഷ്പ്പിക്കലിന്റെയും അതിജീവിക്കാനാവശ്യമായ കായ്കനികളും തെളിനീരും മറ്റും ലഭ്യമാക്കുന്ന ദേവതാ സ്വഭാവത്തോടെയുമാണ് സമീപിക്കുന്നത്. കുഞ്ഞാപ്പു എന്ന ബാലന്റെയും അവന്റെ അച്ഛൻ മുരുകന്റെയും അവരുടെ ആത്മബന്ധത്തിന്റെയും കഥയാണ് കാടകലം പറയുന്നത്. അമ്മയെ കുഞ്ഞാപ്പു കണ്ടിട്ടില്ല. നിഴൽ ചിത്രം പോലെ ഇടക്ക് ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന അമ്മയാവട്ടെ നേരത്തെ സൂചിപ്പിച്ച വിധം ഉർവ്വരതയുടെയും ദേവതയുടെയും ബിംബം പോലെ സിനിമയുടെ പശ്ചാത്തലത്തിൽ ഉണ്ട്. നഗരവും പട്ടണവും കുഞ്ഞാപ്പുവിന് പരിചിതമാവുന്നത് അവൻ സ്‌കൂളിലേക്ക് പോകുന്നതോടെയാണ്.

സിനിമയിൽ ഏറ്റവും ഹൃദ്യമായ അനുഭവമായി തോന്നിയത് സ്‌കൂളിലെ അധ്യാപകരും കുട്ടികളും മറ്റും അവനോടു സമതുല്യതയോടെയും സ്നേഹത്തോടെയും പെരുമാറുന്നത് കണ്ടപ്പോഴാണ്. യഥാർത്ഥത്തിൽ നമ്മൾ നാഗരികർ ഗോത്രജനതയോടും അവരുടെ കുട്ടികളോടും മറ്റും ഇത്രക്ക് ഹൃദ്യമായാണോ പെരുമാറുന്നത് ? അല്ലെങ്കിൽ ഇതൊരു സിനിമാനുഭവം മാത്രമായിരിക്കും അവർക്ക് എന്ന് തോന്നായ്കയല്ല! മറ്റൊരു മാനസികാവസ്ഥയിൽ ജീവിക്കുന്ന മധു എന്ന ഗോത്രയുവാവിനെ ചില്ലറ മോഷണം നടത്തിയതിന്റെ പേരിൽ കൊന്നു കളഞ്ഞ നാഗരികരുടെ കയ്യിൽ പുരണ്ട ചോരയുടെ മണം ഇങ്ങിനെയുള്ള എത്ര സിനിമകൾ എടുത്താലാണ് കഴുകിക്കളയാനാവുക ? ആദി ഗോത്രവിഭാഗത്തിന്റെ മരസംരക്ഷണവുമായും മറ്റും ഉള്ള അനുഷ്ടാനങ്ങളും ആചാരങ്ങളും സിനിമയിലുണ്ട്. മരങ്ങൾ നശിക്കുമ്പോൾ മുരുകൻ അത് കാടിന്റെ നാശമാണ് എന്ന് തിരിച്ചറിയുകയും അതിനെതിരെ നിന്നതു കൊണ്ടാണ് മരണപ്പെട്ടത് എന്ന സൂചനയും സിനിമയിലുണ്ട്. മുരുകൻ തന്റെ മകന് കൊടുക്കുന്ന പാഠങ്ങളെല്ലാം കാട്ടറിവുകളാണ്. അയാളത് ഏറ്റവും വിലപ്പെട്ടതായി കാണുന്നു. മകൻ കുഞ്ഞാപ്പു അച്ഛന്റെ മരണ ശേഷം ആ കാട്ടിലേക്ക് തന്നെയാണ് ജീവിക്കാൻ മടങ്ങുന്നത്. കാട്ടുവാസിയാവുക എന്നാൽ ഭൂമിയോടും പ്രകൃതിയോടും ഏറ്റവും ഇണങ്ങി ജീവിക്കുക എന്ന് തന്നെയാണ് അർഥം. മനുഷ്യൻ പ്രകൃതിയിൽ നിന്ന് അകന്ന് തുടങ്ങിയ ഘട്ടത്തിലാണ് അവന്റെ ശരീരത്തെയും മനസ്സിനെയും ആന്തരിക പ്രുകൃതിയെയും ബാധിച്ച മായവും കലർപ്പും സ്വാർത്ഥതയും ദുഷ്ടതയും ഒക്കെ അടങ്ങുന്ന മാലിന്യങ്ങൾ ബാധിച്ചത്. കാട്ടിലേക്ക് മടങ്ങുക എന്നൊരു സങ്കല്പം തന്നെ, അല്ലെങ്കിൽ ഞാൻ കാടാകുന്നു [ കാടിനു ഞാനെന്തു പേരിടും ? കാടിനു ഞാനെന്റെ പേരിടും എന്ന് ഡി വിനയചന്ദ്രൻ ] എന്നൊരു സൗന്ദര്യശാസ്ത്രസങ്കല്പം തന്നെ പരിസ്ഥിതി ചിന്തയുടെ ലാവണ്യഭൂമികയായി നമ്മുടെ ആഖ്യാനങ്ങളിൽ കഴിഞ്ഞ നൂറ്റാണ്ടിൽ ഉദയം ചെയ്തിട്ടുണ്ട്. സാമാന്യമായി ഈ ഒരു ലാവണ്യശാസ്ത്രത്തിന്റെ ഭൂമികയാവുകയും കാടിന്റെ സംഗീതമാവുകയും ചെയ്യാൻ കാടകലം പ്രവണത കാണിക്കുന്നുണ്ട്. എല്ലാറ്റിലുമുപരി ബി.കെ ഹരിനാരായണൻ ഈ സിനിമക്ക് വേണ്ടി എഴുതിയ പാട്ടിൽ കാട് പാടുന്നു.

കണ്ണീരു കടഞ്ഞു കടിഞ്ഞൂൽ പെറ്റുണ്ടായ കരിങ്കനിയേ ...കല്ലിൽ മറു കല്ലുലയുമ്പോൾ ചിന്തിയുണർന്ന കരിങ്കനിയേ ...പാട്ടിൻ്റെ വിഷ്വൽ തുടങ്ങുന്നത് തന്നെ മകനെ നഗരത്തിലേക്ക് യാത്രയയക്കാൻ വെമ്പുന്ന അച്ഛൻ്റെ വേപഥുവിൽ നിന്നാണ്. അയാൾക്ക് ഭയങ്കര ധൃതിയാണ് ! മകന് നെറുകിൽ മുത്തം കൊടുക്കുന്ന അമ്മമ്മയിൽ നിന്ന് പറിച്ചെടുത്ത് അയാൾ കാട്ടിലൂടെ കുഞ്ഞിനെ ധൃതിയിൽ നഗരത്തിലേക്ക് എന്തൊക്കെയോ പ്രതീക്ഷയോടെ അയക്കുന്നു.കാടല്ല കാടിൻെറ മക്കൾ , അയാളുടെ ഉള്ളം മകനോട് പറയാനുള്ളത് ആവാഹിച്ചെടുത്ത പാട്ട്. ആലാപനമാവട്ടെ തനിമയുടെ താളത്തിൽ കാടിൻ്റെ നനവും നിനവും നിറഞ്ഞ് കുതിരുന്ന ജനപഥത്തിൻ്റെ ആത്മാവും. എല്ലാം വെട്ടിപ്പിടിക്കണം എന്നല്ല മകനോട് അച്ഛൻ്റെ നെഞ്ചം മന്ത്രിക്കുന്നത് ! നീയുയരെ മാനം മുട്ടി വളർന്നാൽ വേരു മറക്കരുതെ ,,,,, വേരിനകത്താരും കാണാ കാടിൻ ചൂടു മറക്കല്ലെ .... കാരണമോ മകൻ മലമുറ്റി പറഞ്ഞു പടിച്ച കടങ്കഥ കേട്ടു പഠിച്ച കനൽ കനിയാണ്! അലിവിൻ്റെ തെളിനീരകത്തു നിറച്ച ഉയിർകനിയാണ് ... ഈ സിനിമയെ പറ്റിയുള്ള ചില വിയോജിപ്പുകളും വിമർശനവും പറഞ്ഞു കൊണ്ട് തന്നെ കുറിപ്പവസാനിപ്പിക്കാം എന്ന് തോന്നുന്നു. ഏതാണ്ട് പന്ത്രണ്ടോളം വിഭാഗത്തിൽ പെടുന്ന ഗോത്രജനത കേരളത്തിലുണ്ട്, അവർക്ക് സ്വന്തമായ ഭാഷയുണ്ട്. മുള്ളക്കുറുമരുടെ ഭാഷക്ക് ലിപിവ്യവസ്ഥപോലുമുണ്ട്. എന്നാൽ സിനിമയിൽ ഗോത്രവിഭാഗത്തിന്റെ സംഭാഷണത്തിൽ ഉപയോഗിക്കുന്നത് ഒരു തരം തമിഴ് കലർന്ന മലയാളമെന്ന ഐഡന്റിറ്റി ഇല്ലാത്ത ഭാഷയാണ്. ചെറിയ ബജറ്റിൽ തീർത്ത സിനിമ ആയതു കൊണ്ട് തന്നെ അത് പലപ്പോഴും ഒരു സാങ്കേതികവും സൗന്ദര്യശാസ്ത്രപരവുമായ അനുഭൂതി പലയിടത്തും ലഭ്യമാവുന്നില്ല. മറ്റൊരു പ്രധാനപ്പെട്ട വസ്തുത ഗോത്രജനതയുടെ രാഷ്ട്രീയം ആഖ്യാനം ചെയ്യുമ്പോൾ പുലർത്തേണ്ട സൂക്ഷ്മതകളാണ്. കുഞ്ഞാപ്പു എന്ന ഗോത്രബാലനെ ആധുനികതയിൽ നിന്നും സൗകര്യപൂർവം പിൻവലിച്ചു കാട്ടിലൊതുക്കി നഗരവാസികൾ കുറ്റബോധമേതുമില്ലാതെ മടങ്ങുന്ന രംഗം എന്തിനെയാണ് സൂചിപ്പിക്കുന്നത് ? ആദിമ ഗോത്ര ജനതയെ സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടുകൾ ഇനിയും മാറേണ്ടതും അവർക്കവകാശപ്പെട്ട ഭൂമിയും കാടും അധികാരത്തിന്റെ തണലിൽ സ്വന്തമാക്കുകയും അവരെ കമ്യൂണുകളായി നിലനിർത്തി ആധുനികതയിൽ നിന്നും പൂർണമായും വേർപെടുത്തി നിലനിർത്തുന്നത് എത്രമാത്രം വസ്തുതാപരമാണ് ? കുറഞ്ഞപക്ഷം പലവിധങ്ങളായ മുൻവിധികൾ കൊണ്ടും ചൂഷണങ്ങൾ കൊണ്ടും നമ്മൾ തുടർന്ന് പോരുന്ന ഗോത്രജനതയെ സംബന്ധിച്ച വികസന സങ്കല്പ് ഇക്കാലത്തെങ്കിലും മാറേണ്ടതല്ലേ ? സർക്കാർ നികുതിപ്പണം ശമ്പളമായി കൈപ്പറ്റുന്നവർ തുലോം തുച്ഛമാണ് ഗോത്രജനതക്കിടയിൽ. കാടിനുള്ളിൽ വസിക്കുന്ന ആ വിഭാഗത്തിന് ഇപ്പോഴും ആധുനികമായ ചികിത്സാ സൗകര്യങ്ങളും റോഡും പാലവും വാസസ്ഥലവുമൊന്നും പൂർണമായും ലഭ്യമാക്കിയിട്ടില്ല. കാടകലം എന്ന സിനിമയിൽ തന്നെ അവരുടെ വൈജ്ഞാനികമായ സമ്പത്തിനെ സംബന്ധിച്ച സൂചനയുണ്ട്.

അപൂർവമായ ഔഷധക്കൂട്ടും മറ്റുമടങ്ങുന്ന കാടറിവ് അവരെപ്പോലെ മറ്റാർക്കുമില്ല. ആ അറിവിന്റെയും നശിച്ചു കൊണ്ടിരിക്കുന്ന ആദിവാസി ഗോത്രകലകൾ അനുഷ്ടാനങ്ങൾ തുടങ്ങിയവ സംരക്ഷിക്കേണ്ടതിന്റെയും അടിയന്തിരമായ ആവശ്യത്തെപ്പറ്റി നമ്മൾ ഇനിയും ചർച്ച ചെയ്യാതിരുന്നു കൂടാ. അവയെല്ലാം നമ്മുടെ വിലപിടിപ്പുള്ള പൈതൃക സമ്പത്തും സംസ്‍കാരികവും വൈദ്യപരവും കായികപരവും ഒക്കെയായ മൂലധനം കൂടിയാണവകളെല്ലാം. കേരളീയന്റെ മാതൃഭാഷ മലയാളം മാത്രമല്ല എന്നത് കൊണ്ട് തന്നെ മലയാള സിനിമ മാത്രമല്ല കേരളത്തിൽ നിന്നുണ്ടാവേണ്ട സിനിമകൾ. ഗോത്രഭാഷയിൽ ഗോത്രജീവിതം ആവിഷ്കരിക്കുന്ന സിനിമകൾ നമുക്ക് ഇനിയെങ്കിലും ഉണ്ടാവേണ്ടതുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in