ഭീഷ്മ, ഗോഡ്ഫാദറിനും മമ്മൂട്ടിക്കുമുള്ള ട്രിബ്യൂട്ട് BheeshmaParvam Review

BheeshmaParvam Review

BheeshmaParvam Review

പത്ത് കൊല്ലത്തിനകത്ത് തിയറ്ററില്‍ ഏറ്റവും ത്രസിപ്പിച്ചിരുത്തിയ മമ്മൂട്ടിപ്പടമാണ് ഭീഷ്മ. 'ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍' എന്ന അതികാല്‍പ്പനികതയോട്, ''ഏഴുപത്തിയൊന്നാണ് പ്രായം, ആ മൂപ്പും വീര്യവുമുള്ളൊരു പെര്‍ഫോര്‍മന്‍സ് ഇതാ വന്ന് കണ്ട് നോക്ക്'' എന്ന് തിരികെ തിരുത്തിപ്പറയാനാകുന്നൊരു വര്‍ധിതനടനം. എനിക്ക് അതാണ് ഭീഷ്മ. മമ്മൂട്ടി സ്വയംപുതുക്കുന്നത് ഗാഡ്ജറ്റുകളുടെയോ ടെക്‌നോളജിയുടെയോ അപ്‌ഡേറ്റുകളിലല്ല, സ്വന്തം അഭിനയത്തിന്റെ കാര്യത്തിലാണെന്ന് ഉറപ്പിച്ചുതരുന്നൊരു മൈക്കിളപ്പ.

കൊവിഡ് കാലത്ത് മലയാള സിനിമയില്‍ മമ്മൂട്ടിയാണ് ഏറ്റവും നീണ്ട ഇടവേളയിലേക്ക് പോയത്. കരിയറില്‍ ആദ്യമായി 275 ദിവസത്തിന് മുകളില്‍ അഭിനയത്തിന് വിശ്രമം നല്‍കിയ ബ്രേക്ക്. ആ അടച്ചിരിപ്പിന് ശേഷമുള്ള വരവ് മമ്മൂട്ടി എന്ന നടന്റെ പുതിയ വേര്‍ഷനുമായാണ്. പാതി മാത്രം മുഖം തെളിയുന്ന ലൈറ്റിംഗിലും ക്യാമറ ആംഗിളിലും പോലും ആക്ടര്‍ മമ്മൂട്ടിയുടെ 'ഭീഷ്മപര്‍വ'മാണ് ഈ സിനിമ. മമ്മൂട്ടിക്കൊപ്പം ഒരു നിര അഭിനേതാക്കളുടെ പവര്‍ പാക്ക്ഡ് പെര്‍ഫോര്‍മന്‍സ്.

മാരിയോ പൂസോയുടെ, ഫ്രാന്‍സിസ് ഡി കൊപോളയുടെ ഗോഡ്ഫാദറിനെ ഉപജീവിച്ചാണ് അമല്‍ നീരദ് അഞ്ഞൂറ്റി കുടുംബത്തെയും അതിന്റെ തലതൊട്ടപ്പനായ മൈക്കിളിനെയും സൃഷ്ടിച്ചിരിക്കുന്നത്.

അതിനൊപ്പം കുടുംബം ചേരിതിരിഞ്ഞ് പോരിനൊരുങ്ങിയ മഹാഭാരത കഥയുടെ അടരുകളും.

എണ്‍പതുകളാണ് ഭീഷ്മയുടെ കാലം. അഞ്ഞൂറ്റി വംശവൃക്ഷത്തിന്റെ തലപ്പായി മൈക്കിള്‍ മാറുന്നത് ചരിത്രത്തില്‍ എന്നത്തേതുമെന്ന പോലെ അയാള്‍ ചെയ്ത ത്യാഗങ്ങളുടെ പരമ്പരക്കൊപ്പമാണ്. കൊലയും ജയില്‍വാസവും പ്രണയത്യാഗവുമെല്ലാം അയാള്‍ അഞ്ഞൂറ്റി കുടുംബത്തിന്റെ നിലനില്‍പ്പിനായി ചെയ്തു, ചെയ്തുപോരുന്നു.

BheeshmaParvam Review

BheeshmaParvam Review

മൈക്കിളിന്റെ മാസ് ഫൈറ്റോ, ആക്ഷനോ, ഗ്യാംഗ്‌സ്റ്റര്‍ ഓപ്പറേഷനുകളോ, ജയില്‍വാസം വിധിച്ച ചെയ്തിയോ ഒന്നും കാണാതെ തന്നെ അയാളിലെ ഹീറോയെ പ്ലേസ് ചെയ്യാനാണ് അമല്‍ ശ്രമിച്ചത്. അത്തരമൊരു മിനിമലിസം സിനിമയിലുടനീളം കാണാം. നമ്മളീ കഥയിലെത്തുമ്പോള്‍ കത്തിയും തോക്കുമായി അയാള്‍ വീട്ടിന് വെളിയിലെത്തുന്നത് തന്നെ ഒന്നോ രണ്ടോ വട്ടമാണ്.

ഗോഡ് ഫാദറിന്റെ പിന്തുടര്‍ച്ചയായെത്തിയ നായകന്റെയും സര്‍ക്കാരിന്റെയും തേവര്‍മകന്റെയും കാലം പിന്നിട്ട് ഭീഷ്മ വരുമ്പോള്‍ അമല്‍ നീരദിന് സാധ്യമായ തദ്ദേശീയ സ്വതന്ത്ര ആഖ്യാനത്തിന്റെ സൗന്ദര്യം ഭീഷ്മക്കുണ്ട്. അജാസിലൂടെയും ഫാത്തിയിലൂടെയും നീങ്ങുന്ന ട്രാക്കുകളും, അമിയും സൂസനും വരുന്ന ട്രാക്കുകളുമെല്ലാം സിനിമക്ക് മറ്റൊരു വൈകാരിക തലം ഉണ്ടാക്കുന്നുമുണ്ട്. കഥാപാത്രങ്ങളിലേക്ക് കൂടുതല്‍ അടരുകള്‍ നിര്‍ത്തുന്നതും അവരെ കേന്ദ്രീകരിച്ച് സംഘര്‍ഷങ്ങള്‍ സെറ്റ് ചെയ്യുന്നതുമെല്ലാം അവതരണത്തെ കൂടുതല്‍ മുറുക്കത്തിലെത്തിക്കുന്നു.

നീതി തേടി നിസഹായനായ ഒരാള്‍ വിറ്റോ കോര്‍ലിയോണിയെയും പിന്നൊരിക്കല്‍ സുഭാഷ് നാഗ്രേയെ തേടി അയാളുടെ ബംഗ്ലാവിലെ ആള്‍പ്പടക്കിടയിലേക്ക് വരുന്നതിന് സമാനമായൊരു തുടക്കം ഭീഷ്മയിലും കാണാം. ഒരമ്മയും മകളും അവരാ ബംഗ്ലാവിന്റെ ഗോവണി കയറുമ്പോള്‍ പ്രേക്ഷകരിലേക്ക് മൈക്കിളിന്റെ കഥാപാത്രവ്യാഖ്യാനം സംഭവിച്ചിട്ടുണ്ടാകും.

BheeshmaParvam Review

BheeshmaParvam Review

മമ്മൂട്ടി എന്ന നടനെ പ്രായത്തിനൊത്ത വീര്യത്തിലും ശരീരഭാഷയിലും പ്ലേസ് ചെയ്യുകയാണ് അമല്‍നീരദ്. ഇനിയൊരു യുദ്ധം വേണ്ടെന്ന് തീരുമാനിച്ച് തട്ടിന്‍പുറത്തെ മുറിയില്‍ കുടുംബപരിപാലകനായി കഴിയുകയാണ് മൈക്കിള്‍. അയാളിലേക്ക് എത്തുന്നവരും, അയാള്‍ക്ക് ചുറ്റുമുള്ളവരും, അയാളെ തീര്‍ക്കാന്‍ ആഗ്രഹിക്കുന്നവരും മൈക്കിളിനെ തിരികെ യുദ്ധഭൂമിയിലേക്ക് ആനയിക്കുകയാണ്. അതുവരെ സമാധാനകാംക്ഷിയാണയാര്‍.

അമല്‍ നീരദ് സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ടത് ഇയ്യോബിന്റെ പുസ്തകമാണ്. ഇതിഹാസ സ്വഭാവമുള്ള കഥാപശ്ചാത്തലത്തിനൊപ്പം വേരും ആഴവുമുള്ള കഥാപാത്രസൃഷ്ടിയും ഇയ്യോബിന്റെ പ്രത്യേകതയായിരുന്നു. ഒരു ഗ്രാന്‍ഡ് നരേറ്റീവ് എന്ന നിലക്ക് കഥാന്തരീക്ഷത്തിലും കഥാപാത്രങ്ങളിലുമെല്ലാം അത്രമേല്‍ സൂക്ഷ്മതയും ഇയ്യോബിലുണ്ടായിരുന്നു. ബിഗ് ബിയെക്കാള്‍ ഇയ്യോബിന്റെ ശൈലിയെ ഓര്‍മ്മിപ്പിക്കുന്നതാണ് ഭീഷ്മപര്‍വത്തിന്റെ ഡിസൈന്‍. ഓരോ കഥാപാത്രത്തിനും ആഴത്തില്‍ പെര്‍ഫോം ചെയ്യാനുള്ള സാധ്യത നില്‍ക്കുന്ന രംഗങ്ങളും വൈകാരിക തീവ്രമായ അന്തരീക്ഷവും ഭീഷ്മയിലുടനീളം കാണാം. മൈക്കിളില്‍ നിന്ന് അജാസിലേക്കും പീറ്ററിലേക്കും പീറ്റര്‍-പോളിലേക്കും ബഡാ-ഛോട്ടാരാജന്‍മാരിലേക്കും മോളിയിലേക്കും ജെയിംസ് എം.പിയിലേക്കുമെല്ലാം കഥാഗതി നീങ്ങുമ്പോള്‍ പ്രകടന കേന്ദ്രീകൃതമായി നീങ്ങുന്ന അവതരണ സ്വഭാവം സിനിമ പിന്തുടരുന്നുണ്ട്. ഇടവേള വരെ കണ്ട നദിയാ മൊയ്തുവിന്റെ ഫാത്തി അല്ല തുടര്‍ന്നങ്ങോട്ട്. ഫാത്തിയും അജാസും തമ്മിലുള്ള രംഗത്തില്‍ നദിയ എന്ന പെര്‍ഫോമറെ അനുഭവപ്പെടും.

പ്രവചനീയമായ കഥാഗതിയെ അടരുകളുള്ള കഥാപാത്രങ്ങളിലൂടെയും അതിനെ മുന്‍നിര്‍ത്തിയൊരുക്കിയ രംഗങ്ങളിലൂടെയും അമല്‍ അട്ടിമറിച്ചിട്ടുണ്ട്. പെര്‍ഫോര്‍മന്‍സിലും ഓരോ സീനുകളിലും നില്‍ക്കുന്ന വൈകാരിക മുറുക്കത്തിലും ത്രസിപ്പിച്ച് കൊണ്ട് പോകുന്നുണ്ട് ഭീഷ്മ. സുഷിന്‍ ശ്യാം ഭീഷ്മയിലെ കീ പ്ലേയറാണ്. കഥാന്തരീക്ഷം മുറുകുന്നതും ഓരോ താളത്തിലേക്ക് പ്രവേശിക്കുന്നിടത്തും മൈക്കിളിന്റെ ഉഗ്രതാണ്ഡവത്തിലുമെല്ലാം മമ്മൂട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞത് പോലെ സുഷിന്‍ 'പ്രകമ്പനം' സൃഷ്ടിക്കുകയാണ്.

BheeshmaParvam Review

BheeshmaParvam Review

തിരക്കഥയില്‍ അമല്‍നീരദിനൊപ്പം രചനാപങ്കാളിയായ ദേവദത്ത് ഷാജിക്ക് ഇത് മികച്ചൊരു തുടക്കമാണ്. സഹരചയിതാവ് രവിശങ്കറിനും സംഭാഷണ രചനാ പങ്കാളി ആര്‍ ജെ മുരുകനും ഉള്‍പ്പെടെ തദ്ദേശീയമായി കഥാന്തരീക്ഷത്തെ ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്.

അമ്പത് വര്‍ഷത്തിനടുത്ത് സുപരിചിതമായ ഒരു കഥാഘടനയിലേക്ക് കഥാപാത്രങ്ങളിലൂടെ സൃഷ്ടിച്ച അപ്രതീക്ഷിതത്വം ഭീഷ്മയുടെ താളമാകുന്നത് കാണാം. സൗബിന്റെ അജാസ് അത്തരത്തില്‍ രസം പിടിപ്പിക്കുന്നൊരു കഥാപാത്രസൃഷ്ടിയാണ്. സ്‌റ്റോര്‍ റൂമിലെ പതിഞ്ഞിരിപ്പില്‍ നിന്ന് അജാസിനെ പിന്നീട് എവിടെയൊക്കെ കാണാനാകുന്നുവെന്നതില്‍ ആ രസപ്പെരുക്കമുണ്ട്.

പീറ്റര്‍ അഞ്ഞൂറ്റിക്കാരന്‍ ഷൈന്‍ ടോം ചാക്കോയും എണ്ണം പറഞ്ഞ പ്രകടനമായി തെളിഞ്ഞുനില്‍ക്കും. രണ്ട് സ്വഭാവ തലങ്ങളില്‍ നില്‍ക്കുന്ന സൗബിന്റെ അജാസ് മൈക്കിളിനൊപ്പം തുളഞ്ഞുകയറുന്ന പ്രകടനവുമാണ്. ഒരേ സമയം തദ്ദേശീയരായി അനുഭവപ്പെടുകയും കഥാപാത്രത്തിന്റെ സ്വഭാവത്തിലേക്ക് ഉള്‍ച്ചേരുകയും ചെയ്ത പെര്‍ഫോര്‍മന്‍സുകളിലാണ് ദിലീഷിനെയും നദിയ മൊയ്തുവിനെയും ശ്രിന്ദയെയും ലെനയെയും മാലാ പാര്‍വതിയെയും അനസൂയയെയും അബു സലിമിനെയും കോട്ടയം രമേ്ശിനെയും ഷെബിനെയും ഫര്‍ഹാന്‍ ഫാസിലിനെയും സിനിമയില്‍ കാണാനാവുക. സുദേവ് നായര്‍ എന്ന നടനെ മലയാളത്തില്‍ ഇനിയും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും ഈ സിനിമ ചിന്തിപ്പിക്കുന്നു.

ജെയിംസ് എം.പിക്ക് ആവശ്യത്തിലധികം ഇടങ്ങളില്‍ കൊച്ചിയില്‍ നിന്നുള്ള മുന്‍ എം.പിയുടെ സാമ്യത സംഭാഷണത്തിലൂടെ കൊണ്ടുവന്നത് അനാവശ്യമെന്ന് തോന്നി. നെടുമുടി വേണുവിനും കെ.പി.എസി ലളിതക്കുമുള്ള ഹൃദയാദരമാകുന്നുണ്ട് അവരിലെ പെര്‍ഫോര്‍മേഴ്‌സിനെ ഉപയോഗപ്പെടുത്തിയ രംഗങ്ങള്‍.

അമ്പത് കൊല്ലമായ ഗോഡ്ഫാദറിനും, അത്ര തന്നെ കൊല്ലമായി അഭിനയിക്കുന്ന മമ്മൂട്ടിക്കും ഒരേ സമയം ട്രിബ്യൂട്ടാകുന്നൊരു അമല്‍നീരദ് സിനിമ, അതാണ് ഭീഷ്മ.

Related Stories

No stories found.
logo
The Cue
www.thecue.in