അനൂപ് സത്യന്‍ അഭിമുഖം: കാരക്ടര്‍ റോളില്‍  ദുല്‍ഖര്‍ തയ്യാറായി, മറ്റ് ഓപ്ഷനുകളില്ലാത്ത കാസ്റ്റിംഗാണ് സുരേഷ് ഗോപിയുടേത്

അനൂപ് സത്യന്‍ അഭിമുഖം: കാരക്ടര്‍ റോളില്‍ ദുല്‍ഖര്‍ തയ്യാറായി, മറ്റ് ഓപ്ഷനുകളില്ലാത്ത കാസ്റ്റിംഗാണ് സുരേഷ് ഗോപിയുടേത്

‘യൂറോപ്പിലാണെങ്കില്‍ അമ്മ ഡേറ്റ് ചെയ്യുന്നുവെന്നത് സ്വാഭാവിക കാര്യമാണ്’
Summary

‘തുടക്കം മുതല്‍ ‘വരനെ ആവശ്യമുണ്ട്’ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ചുവരവ്, ദുല്‍ഖറിന്റെ നിര്‍മ്മാണം, സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി, ഉര്‍വ്വശി ന്യൂസ് ആയതിന്റെ പ്രധാന കാരണം കാസ്റ്റിങിന് ഹൈപ്പുണ്ടായി എന്നുള്ളതാണ്. അത് യോജിച്ച രീതിയില്‍ വരണമെന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. അതിന് ഹോംവര്‍ക്ക് ചെയ്തിരുന്നു. അത് ഫലം കണ്ടുവെന്ന് തന്നെയാണ് പ്രതികരണങ്ങള്‍ കാണുമ്പോള്‍ മനസ്സിലാകുന്നത്. ‘

Q

ആദ്യ സിനിമ വമ്പന്‍ താരനിരക്കൊപ്പമാണ്?

A

ഇതൊരു ചെറിയ സിനിമയാണ്. അതില്‍ വലിയ താരങ്ങള്‍ ഉണ്ടെന്ന് മാത്രമേയുള്ളൂ. താരങ്ങള്‍ കഥാപാത്രങ്ങളായി നിന്നുവെന്നതാണ് എനിക്ക് കിട്ടിയ വലിയ നേട്ടം. ഇതാര് നോക്കിയാലും ഒരു സുരേഷ് ഗോപി പടമോ, ശോഭന പടമോ, ദുല്‍ഖര്‍ പടമോ ഒന്നുമായി ഫീല്‍ ചെയ്യില്ല. താരങ്ങളെ വച്ച് നോര്‍മല്‍ സിനിമ ചെയ്യുന്നത് എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല. ദുല്‍ഖര്‍ സിനിമയില്‍ നിര്‍മ്മാതാവ് കൂടിയാണ്. അദ്ദേഹം തന്റെ താരപദവിയുടെ ഭാരമില്ലാതെ അഭിനയിക്കുന്നു. സുരേഷ് ഗോപി സാറും ഈഗോയൊന്നുമില്ലാതെ അഭിനയിക്കുന്നു. ഇതൊക്കെ പണ്ട് നസീര്‍ സാറും മധു സാറുമൊക്കെ ഒന്നിച്ച് അഭിനയിച്ച കാലത്തെ ഒരു ഫീലാണ്. ഇതിലാരും എനിക്കിത്ര സീന്‍ വേണമെന്നൊന്നും പറഞ്ഞിട്ടില്ല. എല്ലാവരും കഥയുടെ കൂടെ പോവുകയായിരുന്നു.

Q

വിവാഹപ്രായമായ മകളുള്ള അമ്മയുടെ പ്രണയത്തെ കേരളത്തിലെ കുടുംബ പ്രേക്ഷകര്‍ അത് സ്വീകരിക്കുമെന്ന് കരുതിയിരുന്നോ?

A

യൂറോപ്പിലാണെങ്കില്‍ അമ്മ ഡേറ്റ് ചെയ്യുന്നുവെന്നത് സ്വാഭാവിക കാര്യമാണ്. എന്നാല്‍ കേരളത്തില്‍ അത് അങ്ങനെ വന്നിട്ടില്ല. പക്ഷെ പുതുമയോടെ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഞാന്‍ ആലോചിച്ചത്, പഴയ രീതിയില്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന ഒരു പുതിയ പെണ്‍കുട്ടി, പുതിയ രീതിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന പഴയ സ്ത്രീ. ഇവര്‍ രണ്ട് പേരും തമ്മിലുള്ള ഒരു കോണ്‍ഫ്ലിക്ട് കൂടിയാണ് സിനിമ. ആളുകള്‍ അറിയാതെ ഉള്ളില്‍ക്കൂടി കൊണ്ടുപോകുന്നത് ഇതുകൂടിയാണ്. അത് വിനിമയം ചെയ്യാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ഒരു സ്ത്രീക്ക് അവരുടെ ചോയ്സ് എടുക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്.

എന്‍.ഐ.ഡിയില്‍ പഠിക്കാന്‍ പോയപ്പോഴാണ് എന്റെ തനി നാടന്‍ ചിന്താഗതികള്‍ പലതും മാറിയത്. പൊതുവേ പുരോഗമനപരമായ നിലപാടാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍. അത് എന്നില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല. അതുകൊണ്ട് തന്നെ എന്റെ കഥകളില്‍ അങ്ങിനെയൊരു യൂണിവേഴ്സല്‍ എലമെന്റ് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.

suresh gopi
suresh gopi
Q

സുരേഷ് ഗോപി-ശോഭന കൂട്ടുകെട്ട് ഏറെ കാലത്തിന് ശേഷം, ഈ ആലോചനയ്ക്ക് പിന്നിലെന്തായിരുന്നു?

A

കഥയെഴുതുമ്പോള്‍ തന്നെ ഇവരായിരുന്നു എന്റെ മനസ്സില്‍. വരനെ ആവശ്യമുണ്ട് സിനിമയിലെ മേജറിന്റെ റോള്‍ സുരേഷേട്ടന്‍ ചെയ്താല്‍ എങ്ങനെയുണ്ടാകുമെന്ന് ഞാന്‍ ആലോചിച്ചിരുന്നു. മറ്റ് ഓപ്ഷനുകളില്ലാത്ത കാസ്റ്റിംഗാണ് അദ്ദേഹത്തിന്റേത്. പട്ടാളത്തില്‍ നിന്ന് വന്ന മേജറാണ്. അതിന്റെ ശാരീരിക ഘടന അദ്ദേഹത്തിനുണ്ട്. പിന്നെ തമാശയ്ക്ക് വേണ്ടി കാണിക്കുന്ന കോമാളിത്തരങ്ങളൊന്നും ഇല്ല. സാഹചര്യങ്ങളില്‍ പെട്ട് പോകുമ്പോഴുള്ള കോമഡി മാത്രമാണ്. സാറും അതിഭയങ്കരമായിട്ട് സിനിമയിലേക്ക് ഇറങ്ങി. മേജര്‍ ആയിട്ട് തന്നെയാണ് സെറ്റിലേക്ക് വരുന്നത്. കയ്യില്‍ ആ പുസ്തകം എപ്പോഴുമുണ്ടാകും. അതും ഭയങ്കര സഹായകരമായിരുന്നു. ശോഭനേച്ചിയുെട പിറകേ ഡേറ്റിന് വേണ്ടി കുറേ നടന്നു. ഇതിന് മുമ്പ് ഞാനിവരെ നേരിട്ട് കണ്ടിട്ടൊന്നുമില്ല. സിനിമയില്‍ കണ്ട പരിചയം മാത്രമാണ് ഉണ്ടായിരുന്നത്.

കഥ കിട്ടുമ്പോള്‍ നമ്മളൊരു ഡ്രീം കാസ്റ്റ് ആലോചിക്കും. അങ്ങനെ ഞാനെത്തിച്ചേര്‍ന്ന ഡ്രീം കാസ്റ്റാണ് ഇവര്‍. പിന്നെ ഞാന്‍ അച്ഛന്റെ ബന്ധമുപയോഗിച്ചല്ല പോയത്. ഞാന്‍ തന്നെ നേരിട്ട് അപ്പോയിന്‍മെന്റ് എടുത്ത് ഇവരെ ഓരോരുത്തരെയും ചെന്ന് കാണുകയായിരുന്നു. അവരെ കണ്‍വിന്‍സ് ചെയ്യാന്‍ സാധിച്ചപ്പോള്‍ വലിയ സന്തോഷമുണ്ടായിരുന്നു. അഭിനയിക്കാന്‍ വന്നപ്പോഴേക്കും എനിക്ക് ഈസിയായിരുന്നു. അപ്പോഴേക്കും എനിക്കിവരെ അറിയാമായിരുന്നു. പുതിയ ആളുകളേക്കാള്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ ആയിരുന്നു ഇവര്‍ രണ്ടുപേരും. അഭിനയിക്കുന്ന കാര്യത്തില്‍ പുതിയ തലമുറയിലെ താരങ്ങളേക്കാള്‍ വളരെ സീരിയസാണ് അവര്‍. ഞാന്‍ ഷൂട്ട് ചെയ്തതും പണ്ട് ഫിലിം കാമറ വച്ച് ഷൂട്ട് ചെയ്യുന്നത് പോലെയാണ്. അതുകൊണ്ടുതന്നെ അവര്‍ രണ്ട് പേര്‍ക്കും ആ ഫോര്‍മാറ്റ് വളരെ ഈസിയായിരുന്നു. ഒരു റിഹേഴ്സല്‍, ഒരു ടേക്ക് എന്ന നിലയില്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു ഷൂട്ടിംഗ് എല്ലാം.

സൂപ്പര്‍സ്റ്റാറല്ലാത്ത ദുല്‍ഖറിനെ ലഭിച്ചുവെന്നതാണ് ഭാഗ്യമായത്. ദുല്‍ഖറിന്റെ ഡേറ്റ് ലഭിച്ചാല്‍ പിന്നെ നിര്‍മ്മാതാക്കളും എല്ലാവരും കൂടി ദുല്‍ഖര്‍ സിനിമ എന്ന പേരില്‍ പുഷ് ചെയ്യാന്‍ ശ്രമിക്കും. അതുണ്ടായില്ല. കാരക്ടര്‍ റോളില്‍ അഭിനയിക്കാന്‍ ദുല്‍ഖര്‍ തന്നെ തയ്യാറായി മുന്നോട്ട് വരികയായിരുന്നു.
Q

സിനിമയുടെ കഥാന്തരീക്ഷത്തിന് ചെന്നൈ തെരഞ്ഞെടുക്കാന്‍ കാരണം?

A

ചെന്നൈ എനിക്ക് വളരെ പ്രിയപ്പെട്ട നഗരമാണ്. നല്ലൊരു ചെന്നൈ സിനിമ എടുക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. സ്ഥിരമായി കാണുന്ന ചേരികളോ, സിനിമ സെറ്റപ്പോ മാത്രമല്ലാത്ത ചെന്നൈയുണ്ട്. നല്ല ഭംഗിയുള്ള ചെന്നൈ. ക്യാമറമാന്‍ മുകേഷിന് അത് നന്നായി പകര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. സിനിമയില്‍ ഞാന്‍ ആദ്യം നിശ്ചയിച്ച ക്യാമറമാന്‍ മുകേഷ് ആയിരുന്നില്ല. ഒരൊറ്റ ഡയലോഗിലാണ് അയാളെ മാറ്റാന്‍ തീരുമാനിച്ചത്. ലൊക്കേഷന്‍ ചെന്നൈയാണെന്ന് അറിയിച്ചപ്പോള്‍, അയ്യേ ചെന്നൈ എന്ത് പന്ന സ്ഥലമാണെന്ന് അദ്ദേഹം പറഞ്ഞു. അതോടെയാണ് ക്യാമറമാനെ മാറ്റിയത്. അങ്ങിനെയാണ് മുകേഷ് സിനിമയുടെ ഭാഗമായത്. മുകേഷ് അഡയാറില്‍ പഠിച്ചയാളാണ്. ചെന്നൈ ഭയങ്കര ഇഷ്ടമുള്ളയാളാണ്. അങ്ങിനെയുള്ള ഘടകങ്ങള്‍ സിനിമയെ സഹായിച്ചിട്ടുണ്ട്.

സൗണ്ട് ഡിസൈന്‍ ചെയ്ത സച്ചിനും ഹരിയും ചെന്നൈ ബേസ്ഡാണ്. അവര്‍ക്ക് ചെന്നൈയിലെ ശബ്ദങ്ങളറിയാം, അതും സിനിമയെ സഹായിച്ചിട്ടുണ്ട്. സിനിമയുടെ എല്ലാ മേഖലകളിലും ഇങ്ങനെ നല്ല ആളുകളെ വച്ച് ചെയ്യാന്‍ സാധിച്ചു. സിനിമ മുഴുവന്‍ നാല് ഫ്ളാറ്റുകളിലായാണ് നടക്കുന്നത്. നാല് ഫ്ളാറ്റുകള്‍ക്ക് നാല് കളര്‍ സ്‌കീംസ് നല്‍കിയത് ദിനു ശങ്കറിന്റെ തീരുമാനമാണ്. ശോഭന ഭയങ്കര സുന്ദരിയാണെന്ന് എല്ലാവരും പറയുന്നു, അതിന്റെ ക്രഡിറ്റ് ഉത്തര മേനോനാണ്. അവരുടെ ചാര്‍ജ് കുറച്ച് കൂടുതലാണ്. പക്ഷെ നമുക്ക് വേണ്ടി സിനിമ ഇഷ്ടപ്പെട്ട് വന്ന് ചെയ്യുകയായിരുന്നു. പടം നന്നാകാനുള്ള പ്രധാന കാരണം പ്രീമിയം ടെക്നീഷ്യന്‍സിന്റെ സാന്നിധ്യമാണ്.

anoop sathyan
anoop sathyan
Q

ദുല്‍ഖര്‍ സല്‍മാന്‍-കല്യാണി പ്രിയദര്‍ശന്‍ ജോഡി

A

ആക്ച്വലി എന്റെ ഡ്രീം കാസ്റ്റില്‍ ഞാന്‍ നസ്രിയയെ ആണ് കണ്ടത്. അവര്‍ക്ക് ഡേറ്റില്ലെന്ന് പറഞ്ഞപ്പോഴാണ് കല്യാണിയിലേക്ക് എത്തിയത്. പക്ഷെ കല്യാണി നന്നായി എഫര്‍ട്ട് എടുക്കുന്ന കുട്ടിയായിരുന്നു. എനിക്ക് ഭയങ്കര ഫ്രഷായിരുന്നു കല്യാണി. കല്യാണി ചിരിക്കുന്നതും സംസാരിക്കുന്നതുമെല്ലാം ഭയങ്കര ഫ്രഷായി ഫീല്‍ ചെയ്തു. ആ ഒരു ഫ്രഷ്നെസ് നാട്ടുകാര്‍ക്കും ആസ്വദിക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതിയത്. കല്യാണിക്ക് മലയാളമൊക്കെ കുറച്ച് ബുദ്ധിമുട്ടായിരുന്നു. വോയ്സ് നോട്ടില്‍ മലയാളം കേട്ട് പഠിച്ച ശേഷമാണ് അവര്‍ അഭിനയിക്കാന്‍ വരുന്നത്. കല്യാണി ഒരു ഫിലിം മേക്കറാണ്. ഒരു പ്രിയദര്‍ശന്‍ കല്യാണിയുടെ ഉള്ളിലുണ്ട്. അതുകൊണ്ട് തന്നെ എല്ലാ സീനിലും അവര്‍ക്ക് ഒരു പെര്‍ഫെക്ഷന്‍ വേണമായിരുന്നു. സീന്‍ വായിച്ച് നേരെ അവര്‍ അഭിനയിക്കാന്‍ വരില്ല. സീനിലെന്താണെന്ന് മനസിലാക്കണമെന്ന നിര്‍ബന്ധം അവര്‍ക്കുണ്ടായിരുന്നു. ഒരാള്‍ ഡേറ്റ് വാങ്ങി അഭിനയിക്കുന്നതും ഇന്‍വോള്‍വ് ചെയ്ത് അഭിനയിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. കല്യാണിക്ക് വോയ്സ് കൊടുക്കുന്നത് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അല്ലാത്തൊരാള്‍ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ഗായിക ആനിലേക്ക് എത്തുന്നത്. നേരത്തെ പരിചയമുണ്ടായിരുന്നില്ല ആനിനെ. പക്ഷെ അവര്‍ക്ക് നന്നായിട്ട് കണക്ട് ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നു. ഉര്‍വശിയുമായിട്ടുള്ള സീനുകളില്‍ ആന്‍ കരഞ്ഞിട്ട് ഞങ്ങള്‍ ഡബ്ബിങ് നിര്‍ത്തിവച്ചു. പിന്നെ വേറൊരു ദിവസമാണ് ആ സീനുകള്‍ എടുത്തത്. അപ്പോള്‍ ഞാന്‍ എല്ലാ ദിവസവും ഇന്ന് കരയാന്‍ ഓകെയാണോ എന്ന് ആനിനോട് ചോദിക്കാറുണ്ടായിരുന്നു. അതുകൊണ്ട് ആ സീന്‍ വളരെ പ്രധാനപ്പെട്ട സീനാണ് നമുക്ക്.

സൂപ്പര്‍സ്റ്റാറല്ലാത്ത ദുല്‍ഖറിനെ ലഭിച്ചുവെന്നതാണ് ഭാഗ്യമായത്. ദുല്‍ഖറിന്റെ ഡേറ്റ് ലഭിച്ചാല്‍ പിന്നെ നിര്‍മ്മാതാക്കളും എല്ലാവരും കൂടി ദുല്‍ഖര്‍ സിനിമ എന്ന പേരില്‍ പുഷ് ചെയ്യാന്‍ ശ്രമിക്കും. അതുണ്ടായില്ല. കാരക്ടര്‍ റോളില്‍ അഭിനയിക്കാന്‍ ദുല്‍ഖര്‍ തന്നെ തയ്യാറായി മുന്നോട്ട് വരികയായിരുന്നു. സാധാരണ ഒരു ചെറുപ്പക്കാരനായ ദുല്‍ഖറിനെ ഈ സിനിമയില്‍ കാണാന്‍ സാധിക്കും. അതാണ് സിനിമയുടെ ഒരു charm.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

anoop sathyan fi
anoop sathyan fi
Q

ഏതെങ്കിലും ഘട്ടത്തില്‍ അച്ഛന്റെ പേര് നിലനിര്‍ത്തുക എന്നത് ഒരു ബാധ്യത ആയിതോന്നിയിരുന്നോ ?

A

എന്നെ സംബന്ധിച്ച് അച്ഛന്റെ പേര് പോസിറ്റീവ് കാര്യമായിരുന്നു. ഒരു ഫാമിലിക്ക് പൂര്‍ണ സംതൃപ്തി നല്‍കുന്ന സിനിമ ചെയ്യല്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ആക്ഷന്‍ സിനിമകള്‍ റിലീസ് ചെയ്ത് ഒരാഴ്ച കഴിയുമ്പോള്‍ ഇത് കുടുംബചിത്രം എന്ന് പോസ്റ്റര്‍ വരുന്നത്. ഫാമിലി കയറിയാലാണ് സിനിമ വിജയിക്കുക. ഫാമിലി പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ സാധിക്കുന്ന കുറച്ച് കാര്യങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. കാരണം ഞാനാ അന്തിക്കാട്ടെ വീട്ടിലെയാണ്. അതിന്റെ കുറച്ച് എലമെന്റസുണ്ട്. അതിന്റെ കൂടെ എന്റേതായ കുറച്ച് എലമെന്റ്സ് കൂടി ചേര്‍ത്തു. ഇത് രണ്ടും യോജിച്ച് പോയി എന്നിടത്താണ് സിനിമ വിജയം കണ്ടത്. ഒരു സിംഗിള്‍ മദറിന്റെ റൊമാന്‍സാണ് സിനിമയുടെ ത്രെഡ്. നിങ്ങള്‍ക്കൊരു കുഞ്ഞുണ്ടെങ്കിലും പ്രണയിക്കുന്നതിന് അത് തടസമല്ലെന്നത് പുരോഗമനപരമായ കാഴ്ചപ്പാടാണ്. അങ്ങിനെയൊരു പോസിറ്റീവ് ഫെമിനിസം ഈ സിനിമയിലുണ്ട്. ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും വന്നിരുന്ന് കാണാന്‍ സാധിക്കുന്ന സിനിമയെന്ന നിലയില്‍ തന്നെ പ്ലാന്‍ ചെയ്തതാണ് ഈ സിനിമ. അതിനാല്‍ തന്നെ വളരെ ക്ലീനായി കഥാപാത്രങ്ങളുടെ പ്രണയം കാണിക്കാന്‍ സാധിച്ചിട്ടുണ്ട്.

Q

സഹസംവിധായകനായിരിക്കേ മുതല്‍ അനൂപിനെ ദുല്‍ഖറിനെ അറിയാം, ദുല്‍ഖറുമായുള്ള സൗഹൃദം സിനിമ എളുപ്പമാക്കിയോ?

A

ഞങ്ങളങ്ങനെ ചെറുപ്പത്തില്‍ വീട്ടില്‍ പോയി കളിച്ചുവളര്‍ന്നിട്ടുള്ള ആളുകളൊന്നുമല്ല. ഞാന്‍ ദുല്‍ഖറിനെ ആദ്യമായി കാണുന്നത് വിക്രമാദിത്യനിലാണ്. അതില്‍ ക്ലാപ് ചെയ്തത് ഞാനായിരുന്നു. ദുല്‍ഖറിന് അറിയില്ലായിരുന്നു ഞാന്‍ ഇന്നയാളുടെ മകനാണെന്ന്. ഞാനങ്ങോട്ട് കയറി പറഞ്ഞിട്ടുമുണ്ടായിരുന്നില്ല. അത് പറയുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ തമ്മില്‍ ഒരടുപ്പം വന്നു. ഞാനൊരു സജഷന്‍ പറഞ്ഞപ്പോ അത് ദുല്‍ഖറിന് ഇഷ്ടായി. പിന്നെ രണ്ടാഴ്ച കഴിഞ്ഞിട്ടാണ് ഞാന്‍ ഇന്നയാളുടെ മകനാണെന്ന് ദുല്‍ഖര്‍ അറിയുന്നത്. ഞങ്ങള്‍ തമ്മില്‍ വളരെ അടുത്ത സൗഹൃദമൊന്നുമില്ല, പക്ഷെ എനിക്ക് നേരിട്ട് തന്നെ ബന്ധപ്പെടാന്‍ സാധിക്കുന്ന ഒരു സ്റ്റാറാണ് ദുല്‍ഖര്‍. ഡേറ്റിന് വേണ്ടി സോപ്പിടുകയോ, സന്തോഷിപ്പിക്കുകയോ ചെയ്യേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല. വളരെ നേരിട്ട് തന്നെ കാര്യം പറയാന്‍ സാധിക്കുമായിരുന്നു. ആ ഒരു ബന്ധമാണ് നിര്‍മ്മാതാവ് എന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചത്. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ വഴക്കും ഉണ്ടാകാറുണ്ട്. അതൊന്നും വ്യക്തിപരമായിരുന്നില്ല. സിനിമയ്ക്ക് വേണ്ടിയുള്ളതായിരുന്നു.

Q

സിനിമയിലേക്കുള്ള വഴി?

A

ഞാന്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായിരുന്നു. പിന്നീട് അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗില്‍ ചേര്‍ന്ന് പിജി ചെയ്തു. ഇന്ത്യന്‍ പനോരമയിലൊക്കെയുണ്ടായിരുന്നു. സിനിമ പക്ഷെ വീട്ടില്‍ അച്ഛന്‍ സമ്മതിക്കുമായിരുന്നില്ല. ജോലി ലഭിക്കുന്ന എന്തെങ്കിലും കോഴ്സ് ചെയ്യണമെന്നതായിരുന്നു അച്ഛന്. എനിക്ക് എന്‍ഐഡിയില്‍ അഡ്മിഷന്‍ ലഭിച്ചപ്പോഴാണ് സിനിമ കൂടുതല്‍ സീരിയസായിട്ട് കണ്ടിരുന്നു. സ്‌കൂള്‍ പഠനമൊക്കെ അന്തിക്കാട് തന്നെയായിരുന്നു, മലയാളം മീഡിയത്തിലാണ് പഠിച്ചത്. പിന്നീട് ലാല്‍ ജോസ് സാറിന്റെ കൂടെ അഞ്ച് വര്‍ഷം ഉണ്ടായിരുന്നു. അഞ്ച് വര്‍ഷം അഞ്ച് സിനിമകളില്‍ അദ്ദേഹത്തിന്റെ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തു.

anoop sathyan kalyani
anoop sathyan kalyani
Q

സംവിധായകന്‍ ജോണി ആന്റണിയുടെയും ഉര്‍വ്വശിയുടെയും കഥാപാത്രങ്ങള്‍ക്കാണ് ആരാധകര്‍ ഏറെ?

A


അതെ, തട്ടിന്‍പുറത്തെ അച്യുതന്റെ സെറ്റില്‍ വച്ചാണ് ഞാന്‍ ജോണിച്ചേട്ടന്റെ ഡയലോഗ് ഡെലിവെറയൊക്കെ ശ്രദ്ധിച്ചത്. അപാര ടൈമിങ് ആണ്. അന്നേ ഞാന്‍ പറഞ്ഞിരുന്നു നിങ്ങളെന്റെ സിനിമയിലുണ്ടാകും എന്ന്. വളരെ സന്തോഷത്തോടെ പുള്ളി ഓകെ പറഞ്ഞു. ജോണി ചേട്ടന്‍ ഇടയ്ക്കിടയ്ക്ക് ഫോളോ അപ്പ് ചെയ്യുമായിരുന്നു. ഒന്നര കൊല്ലമായി മൂപ്പര് അഭിനയിക്കുന്ന ഓരോ സിനിമകള്‍ക്കും ഡേറ്റ് കൊടുക്കുന്നതിന് മുന്‍പ് എന്നോട് ചോദിക്കും. ഭയങ്കര ക്ലോസ് പേഴ്സണാണ്.

ഉര്‍വശി ചേച്ചി ആദ്യം സിനിമയിലേക്ക് വരാന്‍ സമ്മതിച്ചിരുന്നില്ല. ഞാന്‍ പക്ഷെ ആരെയും കാസ്റ്റ് ചെയ്തിരുന്നില്ല. ഷൂട്ട് തുടങ്ങിയിട്ടും ചേച്ചിയുടെ സീന്‍സ് ചെയ്യാതെ മാറ്റി വച്ചു. പിന്നെ അവര്‍ മദ്രാസില്‍ വന്ന സമയത്ത് ഞാന്‍ നേരിട്ട് പോയി കണ്ട് മുഴുവന്‍ കഥയും പറഞ്ഞു. ദുല്‍ഖറിനോട് എങ്ങനെയാണോ കഥ പറഞ്ഞത്, അതേ മട്ടിലാണ് ഞാന്‍ ഉര്‍വശി ചേച്ചിയോടും കഥ പറഞ്ഞത്. അങ്ങനെയാണ് ചേച്ചി വന്നത്. അപ്പോഴാണ് എനിക്ക് സമാധാനമായത്. ആകെ അഞ്ച് സീന്‍ മാത്രമേയുള്ളൂ. ശോഭനേച്ചിയുടെ പുറകെ നടന്നത് പോലെ തന്നെ ഉര്‍വശി ചേച്ചിയുടെ പുറകെയും നടന്നു.

Q

സത്യന്‍ അന്തിക്കാട് സിനിമകളിലെ പതിവു മുഖങ്ങളെ ഈ സിനിമയിലും കാണാം?

A

അച്ഛന്റെ ഒട്ടുമക്ക സിനിമകളിലും കെപിഎസി ലളിതയും ഉര്‍വശിയുമൊക്കെ കാണും. എന്റെ സിനിമയിലും അവരെ കാണാം. ഇവരൊക്കെ നല്ല അസ്സല്‍ അഭിനേതാക്കളാണ്. അവരെയൊക്കെ ഉപയോഗിക്കണം എന്നുണ്ടായിരുന്നു. ഓഡീഷന്‍ വെച്ച് വേറെ ആള്‍ക്കാരെ എടുക്കാമായിരുന്നു. എന്നാല്‍ അത് വേണ്ടെന്ന് ഞാന്‍ നിശ്ചയിച്ചിരുന്നു. പരിചയ സമ്പത്തുള്ളവരെ വച്ച് അഭിനയിപ്പിക്കുമ്പോള്‍ കുറേ കാര്യങ്ങള്‍ നമുക്ക് മുന്‍കൂട്ടി മനസിലാക്കാനാവും. അത് വച്ച് പ്ലാന്‍ ചെയ്യാനും സാധിക്കും. പക്ഷെ അവര് നമ്മളെ പല സീനുകളിലും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും. അതിനാല്‍ തന്നെ ഇനിയും ഞാന്‍ ഫോളോ ചെയ്യാന്‍ പോകുന്നത് ഇതേ കാര്യം തന്നെയാണ്.

Q

അടുത്ത പ്രൊജക്ട്

A

ഡോക്യുമെന്ററികളാണ് ഞാന്‍ ചെയ്തിരുന്നത്. പുതിയ പ്രൊജക്ടുകള്‍ ഇപ്പോഴെന്റെ ആലോചനയിലില്ല. മഹാരാഷ്ട്രയില്‍ കാട്ടിനകത്തുള്ള ഒരു സ്‌കൂളിനെ കുറിച്ച് നേരത്തെ ഡോക്യുമെന്ററി ചെയ്തിരുന്നു. അതിന്റെ സെക്കന്റ് പാര്‍ട്ട് ചെയ്യണം എന്നാഗ്രഹമുണ്ട്. അത് ചെയ്യും. അതിന്റെ ഒരു ഗുണം എന്നാല്‍, എല്ലാം തനിയെ ചെയ്യണം. ക്യാമറയും സൗണ്ടും ഭക്ഷണവും യാത്രയും എല്ലാം തനിയെ ചെയ്യണം. തനിച്ച് കാര്യങ്ങള്‍ ചെയ്യുന്നത് എനിക്ക് വളരെയേറെ സഹായം ചെയ്തിട്ടുണ്ട്. മടിയില്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ അത് ഉപകാരപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in