ഏഷ്യാനെറ്റിനെക്കാള്‍ ഒരു ലക്ഷത്തിന് മുകളില്‍ ലൈവ് കാഴ്ചക്കാര്‍, വോട്ടെണ്ണല്‍ ദിനത്തില്‍ പുതിയ റെക്കോര്‍ഡിട്ട് 24 ന്യൂസ്

ഏഷ്യാനെറ്റിനെക്കാള്‍ ഒരു ലക്ഷത്തിന് മുകളില്‍ ലൈവ് കാഴ്ചക്കാര്‍, വോട്ടെണ്ണല്‍ ദിനത്തില്‍ പുതിയ റെക്കോര്‍ഡിട്ട് 24 
ന്യൂസ്

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ 24 ന്യൂസ് ചാനലിലെ തെരഞ്ഞെടുപ്പ് ഫലം അവതരണം ട്രോളുകളായി നിറയുകയാണ്. ബാര്‍ക്ക് റേറ്റിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റിന് 2020 ഏപ്രില്‍ മുതല്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്ന 24 ന്യൂസ് ചാനല്‍ യൂട്യൂബ് ലൈവ് വ്യൂസില്‍ വോട്ടെടുപ്പ് ദിനത്തില്‍ എതിരാളികളില്ലാത്ത മുന്നേറ്റമാണ് നടത്തിയത്.

യൂട്യൂബ് ലൈവ് വ്യൂവേഴ്‌സില്‍ ഒരു ലക്ഷത്തി എണ്‍പതിനായിരത്തിന് മുകളിലായിരുന്നു 24 ന്യൂസിന്റെ കാഴ്ചക്കാര്‍. ഏഷ്യാനെറ്റ് ന്യൂസിനെക്കാള്‍ ഒരു ലക്ഷത്തിന് മുകളില്‍ കാഴ്ചക്കാര്‍. ഏഷ്യാനെറ്റ് ന്യൂസിനാകട്ടെ ഇന്നത്തെ ദിവസം മിക്ക സമയങ്ങളിലും എണ്‍പതിനായിരത്തിനും എണ്‍പത്തിയേഴായിരത്തിനും ഇടയിലായിരുന്നു ലൈവ് വ്യൂസ്.

മനോരമാ ന്യൂസാണ് കാഴ്ചക്കാരില്‍ യൂട്യൂബില്‍ മൂന്നാം സ്ഥാനത്ത്. അറുപതിനായിരത്തിന് മുകളില്‍. നാലാം സ്ഥാനത്ത് മീഡിയാ വണ്‍. 38,000മുതല്‍ 40,000വരെ ലൈവ് വ്യൂസ്. മാതൃഭൂമി 15,000നടുത്ത് ലൈവ് വ്യൂസ്. തൊട്ടുപിന്നില്‍ ജനം ടിവിയാണ്. ആയിരത്തിനും രണ്ടായിരത്തിനും ഇടയിലാണ് ന്യൂസ് 18 കേരള, കൈരളി ന്യൂസ്, റിപ്പോര്‍ട്ടര്‍ എന്നിവരുടെ വ്യൂസ്.

ഹ്യൂമറും ട്രോളുമായി ന്യൂസ് സ്റ്റുഡിയോയില്‍ നിന്ന് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍, അരുണ്‍ കുമാര്‍, വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഇലക്ഷന്‍ ഫലപ്രഖ്യാപനം കൈകാര്യം ചെയ്തത് നിരവധി ട്രോളുകളായി മാറിയിട്ടുണ്ട്.

റിപ്പബ്ലിക് ടി.വി അടക്കമുള്ള ചാനലുകള്‍ ടി.ആര്‍.പി റേറ്റിങ്ങില്‍ നടത്തിയ കൃത്രിമം പുറത്ത് വന്ന പശ്ചാത്തലത്തില്‍ വാര്‍ത്താചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു. മൂന്ന് മാസത്തേക്കാണ് നടപടിയെന്നും, നിലവിലെ മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യുകയും വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യമെന്നും ബാര്‍ക് വിശദീകരിച്ചിരുന്നു. ഹിന്ദി, റീജിയണല്‍, ഇംഗ്ലീഷ് ന്യൂസ്, ബിസിനസ് ന്യൂസ് തുടങ്ങി എല്ലാ ചാനലുകള്‍ക്കും സസ്പെന്‍ഷന്‍ ബാധകമാണ്. ടി.ആര്‍.പി തട്ടിപ്പ് കേസില്‍ മുംബൈ പൊലീസ് നടപടിക്ക് എതിരെയുള്ള റിപ്പബ്ലിക് ടിവിയുടെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ബാര്‍ക് നടപടി പുറത്തുവന്നത്.

ബാര്‍ക് നിര്‍ത്തിവച്ചതിന് പിന്നാലെ യൂട്യൂബ് കാഴ്ചക്കാരുടെ എണ്ണവും ഫേസ്ബുക്ക് ലൈവ്- നോണ്‍ ലൈവ് വ്യൂസ് എണ്ണവും ആണ് റേറ്റിംഗിനായി ചാനലുകള്‍ പരിഗണിക്കുന്നത്.

ഫ്‌ളവേഴ്‌സ് ചാനലിന് നേതൃത്വം നല്‍കുന്ന ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ് ട്വന്റി ഫോര്‍ ന്യൂസ് ചാനല്‍. 2018 ഡിസംബര്‍ എട്ടിനാണ് ചാനല്‍ സംപ്രേഷണം തുടങ്ങിയത്. ആലുങ്കല്‍ മുഹമ്മദ് ആണ് ചെയര്‍മാന്‍. ശ്രീകണ്ഠന്‍ നായര്‍ മാനേജിംഗ് ഡയറക്ടറും, ഗോകുലം ഗോപാലന്‍, ഭീമാ ഭട്ടര്‍ ഗോവിന്ദന്‍, വിദ്യാ വിനോദ് തുടങ്ങിയവര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in