'ഇതിന് എനിക്ക് പബ്ലിസിറ്റി വേണ്ട. ഞാന്‍ രക്ഷാധികാരിയായി പണിയെടുക്കുന്ന വിവരം ആരെയും അറിയിക്കേണ്ട'

'ഇതിന് എനിക്ക് പബ്ലിസിറ്റി വേണ്ട. ഞാന്‍ രക്ഷാധികാരിയായി പണിയെടുക്കുന്ന വിവരം ആരെയും അറിയിക്കേണ്ട'
Summary

പെയിന്‍ ആന്‍ഡ് പാലിയേറ്റിക് കെയര്‍ തുടക്കകാലത്ത് അതിന്റെ അംബാസിഡറാകാമെന്നേറ്റ മമ്മൂട്ടിയെക്കുറിച്ച്, രക്ഷാധികാരിയായ വിവരം പുറത്തറിയിക്കേണ്ടെന്ന് പറഞ്ഞതിനെക്കുറിച്ച് മുന്‍ ചെയര്‍മാനും മാതൃഭൂമി മുന്‍ അസിസ്റ്റന്റ് എഡിറ്ററും നിരൂപകനുമായ പ്രേംചന്ദ് എഴുതുന്നു

'ചുറ്റുമുള്ളവരുടെ കഷ്ടപ്പാടുകള്‍ മനുഷ്യരുടെ ഉള്ളിലുള്ള ഹീറോയിസം പുറത്തു കൊണ്ടുവരാറുണ്ട്. പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാരില്‍ ഈ ഹീറോയിസമാണ് ഞാന്‍ കാണുന്നത്. മറ്റുള്ളവരുടെ വേദനകള്‍ക്ക് സാന്ത്വനമാകുന്ന നിസ്വാര്‍ത്ഥമായ ഈ സ്‌നേഹമാണ് യഥാര്‍ത്ഥ ഹീറോയിസം.'

മമ്മൂട്ടി രക്ഷാധികാരി , പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി

'അവതാരങ്ങള്‍' എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്, മമ്മൂട്ടിയും. എല്ലാവര്‍ക്കുമുണ്ട് അവരവരരുടെ മമ്മൂട്ടി. എനിക്കും .

ഒരേ സമയം പലരായിരിക്കുക എന്നത് സ്വന്തം അഭിനയ ജീവിതം കൊണ്ട് താരം എടുത്തണിയുന്ന സാധ്യതയാണ്. ബഹുസ്വരമായ ഈ 'താരാനുഭവം' ഓരോരുത്തര്‍ക്കും ഓരോന്നാണ്. വെളളിത്തിരയ്ക്കകത്തും പുറത്തുമുള്ള മമ്മൂട്ടി എന്ന താരാനുഭവത്തിനപ്പുറത്താണ് മമ്മൂട്ടി എന്ന യഥാര്‍ത്ഥ ഹീറോ. ആ ഹീറോയിസം നേരില്‍ കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അതിന്റെ പ്രകാശം ദൂരവ്യാപകമായിരുന്നു. അതിന്നും തെളിഞ്ഞു കത്തുന്നു.

ഫോട്ടോ. വി.പി. പ്രവീണ്‍കുമാര്‍
ഫോട്ടോ. വി.പി. പ്രവീണ്‍കുമാര്‍

പാലിയേറ്റീവ് കെയര്‍ എന്നാല്‍ ഇന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ആ പേരിന് സാന്ത്വന പരിചരണം എന്ന തര്‍ജ്ജമ വരുന്നതിന് മുമ്പുള്ള ആരുമറിയാത്ത ഒരു കാലം ഉണ്ടായിരുന്നു. അത്ര വിദൂരത്തൊന്നുമില്ല. 90കളുടെ തുടക്കത്തില്‍. ഇന്ന് ലോകം അംഗീകരിച്ച സാന്ത്വന ചികിത്സയിലെ കേരളമാതൃക എന്ന പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലെ നിര്‍ണ്ണായകമായൊരു കൈത്താങ്ങായിരുന്നു മമ്മൂട്ടി. സിനിമക്ക് പുറത്ത് സമൂഹത്തിന് മമ്മൂട്ടി എന്ത് ചെയ്തു എന്നന്വേഷിക്കുമ്പോള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട യഥാര്‍ത്ഥ ഹീറോയിസത്തിന്റെ പട്ടികയില്‍ ഈ ഇടപെടല്‍ എണ്ണപ്പെടേണ്ടതുണ്ട് .

1992-93 കാലം. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ അനസ്‌തേഷ്യാ വിഭാഗത്തോട് ചേര്‍ന്നുള്ള ഒരു കൊച്ചുമുറിയില്‍ പെയിന്‍ ക്ലിനിക്ക് എന്ന പേരില്‍ അര്‍ബുദ ബാധിതരായ രോഗികളുടെ വേദനകള്‍ക്ക് ശമനമേകാന്‍ ഒരു കൊച്ചു പ്രസ്ഥാനം ജന്മമെടുത്തതേ ഉണ്ടായിരുന്നുള്ളു - പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി എന്ന പേരില്‍. ആത്മമിത്രമായ ഡോ. സുരേഷ്‌കുമാറിന്റെ സംരംഭമായത് കൊണ്ട് തന്നെ ഞാനും തുടക്കം മുതലേ ആ സ്വപ്നത്തിനൊപ്പം ഉണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യാ വിഭാഗം മേധാവി ഡോ. എം. ആര്‍. രാജഗോപാലായിരുന്നു സൊസൈറ്റിയുടെ ആദ്യത്തെ ചെയര്‍മാന്‍. ലിസി , മീന തുടങ്ങിയ ആദ്യത്തെ പാലിയേറ്റീവ് വളണ്ടിയര്‍മാരും സാമൂഹിക പ്രവര്‍ത്തകനായ അശോക് കുമാറുമായിരുന്നു അതിന്റെ ആകെയുള്ള മൂലധനം. ഇന്ത്യയില്‍ തന്നെ സാന്ത്വന പരിചരണ പ്രസ്ഥാനം സാര്‍ത്ഥകമായ പിച്ചവച്ചത് ആ കൊച്ചുമുറിയില്‍ നിന്നായിരുന്നു.

ഇതിന് എനിക്ക് പബ്ലിസിറ്റി വേണ്ട. ഞാന്‍ രക്ഷാധികാരിയായി പണിയെടുക്കുന്ന വിവരം ആരെയും അറിയിക്കേണ്ട. മൂന്ന് വര്‍ഷം എന്റെ പേര് മറ്റെങ്ങിനെയും നിങ്ങള്‍ക്ക് ഉപയോഗിക്കാം. മൂന്ന് വര്‍ഷത്തെ സിനിമാ ഇതര വരുമാനവും പാലിയേറ്റീവിന് തരാം
ഫോട്ടോ. പി.മുസ്തഫ
ഫോട്ടോ. പി.മുസ്തഫ

സാമൂഹിക പങ്കാളിത്തത്തോടെയുള്ള സാന്ത്വന ചികിത്സ എന്ന സങ്കല്പത്തിന് ആദ്യഘട്ടത്തില്‍ സിനിമയില്‍ നിന്നുള്ള സഹായം ഞങള്‍ ആദ്യം തേടിയത് തിരക്കഥാകൃത്ത് ദാമോദരന്‍ മാസ്റ്റര്‍ വഴിയായിരുന്നു. മാഷിന്റെ മകള്‍ ദീദിയുമായുള്ള എന്റെ വിവാഹം കഴിഞ്ഞ് അധികനാളായിട്ടില്ല. സിനിമാക്കാരുടെ സഹായം ഉറപ്പുവരുത്താന്‍ ഡോ.സുരേഷ് വീട്ടില്‍ വന്ന് ദാമോദരന്‍ മാഷുമായി ദീര്‍ഘ സംഭാഷണം നടത്തി. മാഷ് അന്ന് മമ്മൂക്കയുടെ ' ജാക്‌പോട്ട് '' എഴുതുന്ന സമയമായത് കൊണ്ട് തന്നെ ആദ്യം ആ വിഷയം അവതരിപ്പിക്കപ്പെട്ടത് അദ്ദേഹത്തിന്റെ മുമ്പാകെയായിരുന്നു. പാലിയേറ്റീവ് പ്രസ്ഥാനത്തെക്കുറിച്ച് കേട്ട മമ്മൂക്ക ആദ്യം മാഷോട് പറഞ്ഞത് 'മാഷ് പറയുകയാണെങ്കില്‍ അവര്‍ക്ക് ഒന്നോ രണ്ടോ ലക്ഷം രൂപ സംഭാവനയായി ഞാന്‍ കൊടുക്കാം' എന്നായിരുന്നു. എന്നാല്‍ ആ വാഗ്ദാനത്തിനപ്പുറം എന്തെങ്കിലും ചെയ്യാനാവുമോ എന്ന പ്രതീക്ഷയില്‍ മമ്മൂക്കയുമായി നേരില്‍ കണ്ട് സംസാരിക്കാനൊരു അവസരമാണ് ഡോ. സുരേഷ് ചോദിച്ചത്. എങ്കിലത് കോഴിക്കോട്ട് വരുമ്പോഴാകാം എന്ന് മമ്മൂക്ക .

അധികം വൈകിയില്ല . ജാക്‌പോട്ടിന്റെ ഷൂട്ടിങ്ങിന്റെ ഒരിടവേളയില്‍ ആണെന്നാണ് ഓര്‍മ്മ ഊട്ടിയില്‍ നിന്നുള്ള ഒരു മടക്കത്തില്‍ മമ്മൂക്ക കോഴിക്കോട്ടെത്തി. മലബാര്‍ പാലസിലായിരുന്നു ക്യാമ്പ്. കൃത്യം അര മണിക്കൂര്‍ സമയം നേരില്‍ കാണാന്‍ ഞങ്ങള്‍ക്ക് അനുവദിച്ചതായി മാഷ് വിവരമറിയിച്ചു. ഡോ. സുരേഷിനെയും കൂട്ടി കൃത്യസമയത്ത് തന്നെ ഞങ്ങള്‍ മലബാര്‍ പാലസിലെത്തി. തുടക്കം മാഷോട് പറഞ്ഞ രീതിയില്‍ ഒന്നോ രണ്ടോ ലക്ഷം സംഭാവനയായി തന്നേക്കാം അല്ലാതെ ഇതില്‍ തനിക്കെന്ത് ചെയ്യാന്‍ കഴിയും എന്നതായിരുന്നു മമ്മൂക്കയുടെ നിലപാട്. എന്നാല്‍ സംസാരം നീണ്ടപ്പോള്‍ അത് ആഴമേറിയ ഒരു ചര്‍ച്ചയായി. രോഗികളെ ദരിദ്രരാക്കി മാറുന്ന അര്‍ബുദ ചികിത്സയുടെ കാണാച്ചരടുകള്‍ മമ്മൂക്കയിലെ മനുഷ്യ സ്‌നേഹിയെ സ്പര്‍ശിച്ചു. പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ എന്താണ് ചെയ്യുന്നത് എന്നു് ഡോ. സുരേഷ് വിശദീകരിച്ചപ്പോള്‍ അത് തല്‍സമയം മനസ്സിലാക്കുകയും ഹൃദയത്തിലേറ്റുകയും ചെയ്തു എന്നിടത്താണ് വഴിത്തിരിവ്. മമ്മുട്ടി നായകനായി അഭിനയിച്ച

'സുകൃത' ത്തിലെന്ന പോലെയുളള രോഗപീഡിതര്‍ക്ക് ആര്‍ക്കും ഭാരമാകാത്ത വിധത്തിലുള്ള ഒരു റീഹാബിലിറ്റേഷന്‍ സെന്റര്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിലേക്ക് അദ്ദേഹത്തിന്റെ സ്വപ്നം കാടുകയറി. യഥാര്‍ത്ഥ ഹീറോ ഉണര്‍ന്നെണീറ്റു. അരമണിക്കൂര്‍ സംഭാഷണം മൂന്നു മണിക്കൂറിലേക്ക് നീണ്ട് അവസാനിക്കുമ്പോള്‍ മമ്മൂക്ക പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആദ്യത്തെയും അവസാനത്തെയും രക്ഷാധികാരിയായി സ്വയം ചുമതലയേറ്റിരുന്നു.

ഞാന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായത് കൊണ്ട് മമ്മൂക്ക ഒരു കാര്യം ഉറപ്പു വരുത്തി : 'ഇതിന് എനിക്ക് പബ്ലിസിറ്റി വേണ്ട. ഞാന്‍ രക്ഷാധികാരിയായി പണിയെടുക്കുന്ന വിവരം ആരെയും അറിയിക്കേണ്ട. മൂന്ന് വര്‍ഷം എന്റെ പേര് മറ്റെങ്ങിനെയും നിങ്ങള്‍ക്ക് ഉപയോഗിക്കാം. മൂന്ന് വര്‍ഷത്തെ സിനിമാ ഇതര വരുമാനവും പാലിയേറ്റീവിന് തരാം. ഒപ്പം ആദ്യധനശേഖരണാര്‍ത്ഥം വിദേശത്തൊക്കെയുള്ള ചാരിറ്റി ധനശേഖരണ രീതി പിന്‍തുടര്‍ന്ന് ഒരു 'ഡിന്നര്‍ വിത്ത് മമ്മുട്ടി' എന്ന പ്രോഗ്രാം കോഴിക്കോട്ട് താജില്‍ ചെയ്യാം.' അതായിരുന്നു പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആദ്യത്തെ പബ്ലിക് ലോഞ്ച് . അതൊരു വന്‍ വിജയമായിരുന്നു. അതിനാവശ്യമായ ആളും അര്‍ത്ഥവും മമ്മൂക്കയുടെ സംഭാവനയായിരുന്നു. പത്ത് ലക്ഷത്തിലേറെ രൂപ അത് സൊസൈറ്റിക്ക് ആസ്തിയുണ്ടാക്കി. അതില്‍ പിന്നീട് സൊസൈറ്റിക്ക് തളര്‍ന്ന് നില്‍ക്കേണ്ടി വന്നിട്ടില്ല.

മമ്മൂട്ടിക്കൊപ്പം ലേഖകന്‍
മമ്മൂട്ടിക്കൊപ്പം ലേഖകന്‍

മമ്മൂട്ടി സൊസൈറ്റിയുടെ രക്ഷാധികാരിയാണെന്ന് ലോകം അറിയുന്നത് എന്റെ ഓര്‍മ്മയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് സ്വന്തമായി കടത്തി ചികിത്സിക്കാവുന്ന വിശാലമായ കെട്ടിടത്തിന്റെ തറക്കല്ലിടലിന് അദ്ദേഹം സ്വന്തമായി വാഹനമോടിച്ച് ജനക്കൂട്ടത്തിന് നടുവിലൂടെ 'മമ്മുട്ടി സ്‌റ്റൈലില്‍' എത്തിയപ്പോള്‍ മാത്രമാണ്. തറക്കല്ലിട്ടത് മമ്മൂക്കയല്ല. തസ്ലീമ എന്ന സാന്ത്വന പരിചരണ ചികിത്സക്ക് വിധേയയായിരുന്ന പെണ്‍കുട്ടിയായിരുന്നു. പിന്നെ നടന്നത് എല്ലാവരുമറിയുന്ന വിജയ ചരിത്രം. സാന്ത്വന പരിചരണ പ്രസ്ഥാനത്തെ കേരളം ഏറ്റെടുത്തു. ഡബ്ലു.എച്ച്.ഒ. അതിനെ മൂന്നാം ലോകത്തിനുള്ള മാതൃകയായി വിശേഷിപ്പിച്ചു. 2018 ല്‍ സാന്ത്വന പരിചരണ പ്രസ്ഥാനത്തിന്റെ പിതാവെന്ന നിലക്ക് ഡോ. എം.ആര്‍. രാജഗോപാലിനെ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു. ഇന്‍സ്റ്റിറ്റൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനെ ഒരു ബൃഹത് ശാലയാക്കി വളര്‍ത്തിയെടുത്ത ഡോ. സുരേഷ് കുമാര്‍ ലോകത്തെങ്ങും സാന്ത്വന പരിചരണത്തിലെ കേരള മാതൃകയുടെ സന്ദേശം എത്തിച്ച് അംഗീകാരം ഉയര്‍ത്തുന്നു. ആ വളര്‍ച്ചയില്‍ മമ്മൂട്ടി എന്ന യഥാര്‍ത്ഥ ഹീറോക്ക് എന്തുകൊണ്ടും അഭിമാനിക്കാം .

ഞാനാദ്യം കണ്ട മമ്മൂട്ടി സിനിമ 1981 ല്‍ ഐ.വി.ശശി - ടി.ദാമോദരന്‍ ടീമിന്റെ 'അഹിംസ'യാണ്. അതിനിപ്പോള്‍ 40 വയസ്സാകുന്നു. അതിനിടയില്‍ ഇഷ്ടപ്പെട്ടതും അല്ലാത്തതുമായ നൂറുകണക്കിന് മമ്മുട്ടി സിനിമകള്‍ എന്റെ ജീവിതത്തിലൂടെ കടന്നു പോയി. വിട്ടുപോയവ വിരളം. മാതൃഭൂമിയുടെ ഫിലീം പേജായ 'താരാപഥ' ത്തിന്റെയും ഫിലിം മാഗസിനായ 'ചിത്രഭൂമി' യുടെയും ചുമതല വഹിച്ച പതിറ്റാണ്ടുകളില്‍ മമ്മൂട്ടി എന്ന സുഹൃത്ത് നല്‍കിയ പിന്തുണ സ്‌നേഹത്തോടെ ഞാന്‍ ഓര്‍ക്കുന്നു. നിരവധി ഏറ്റുമുട്ടലുകള്‍ അതിനിടയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനൊന്നും ആ സൗഹൃദം കെടുത്തിക്കളയാനായിട്ടില്ല. എത്രയോ വിസ്മയങ്ങള്‍ ഇനിയും പതിയിരിയ്ക്കുന്ന ആ കരുതലിന്റെ പേരാണ് മമ്മൂട്ടി , കാലത്തിന്റെ കലവറ . അതിനിയും ജ്വലിക്കട്ടെ. മമ്മൂക്കക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.

The Cue
www.thecue.in