പത്ത് ടണ്‍ തക്കാളിയില്‍ ക്ലൈമാക്സ് ചിത്രീകരിച്ചതിന് കാരണമുണ്ട്, ലാ ടൊമാറ്റീനോ ത്രില്ലര്‍: ടി.അരുണ്‍ കുമാര്‍ അഭിമുഖം

പത്ത് ടണ്‍ തക്കാളിയില്‍ ക്ലൈമാക്സ് ചിത്രീകരിച്ചതിന് കാരണമുണ്ട്, ലാ ടൊമാറ്റീനോ ത്രില്ലര്‍: ടി.അരുണ്‍ കുമാര്‍ അഭിമുഖം

പത്ത് ടണ്‍ അഥവാ പതിനായിരം കിലോ ഗ്രാം തക്കാളി ഉപയോഗിച്ച് ടൊമാറ്റോ ഫെസ്റ്റിവല്‍ ചിത്രീകരിച്ചതിനൊപ്പമാണ് 'ലാ ടൊമാറ്റിന' എന്ന സിനിമ സമീപദിവസങ്ങളില്‍ ചര്‍ച്ചയായത്. ഇതേ പേരില്‍ ടി.അരുണ്‍കുമാര്‍ മാധ്യമം ആഴ്ചപതിപ്പിലെഴുതിയ കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ലാ ടൊമാറ്റിന(ചുവപ്പുനിലം). സ്പെയിനിലെ ഏറെ പ്രശസ്തമായ ലാ ടൊമാറ്റിന എന്ന തക്കാളി ഫെസ്റ്റിവല്‍ എങ്ങനെ ഒരു മലയാള സിനിമയുടെ കഥാന്ത്യത്തിന്റെ ഭാഗമായെന്ന് തിരക്കഥാകൃത്ത് അരുണ്‍ കുമാര്‍ വിശദീകരിക്കുന്നു.

തമാശക്കല്ല തക്കാളി സീന്‍, സിനിമയുടെ ഇമോഷന്‍

ലേ ടൊമാറ്റീന എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ ഞങ്ങള്‍ ആവിഷ്‌കരിക്കുന്ന ഒരു ഇമോഷന്‍ ഉണ്ട്. അതിനെ എങ്ങനെ എന്‍ഹാന്‍സ് ചെയ്യാന്‍ കഴിയുമെന്നാണ് ആ സീനിലുടെ ശ്രമിച്ചിരിക്കുന്നത്. ഞങ്ങള്‍ അവതരിപ്പിക്കുന്ന ഇമോഷന്‍ സിനിമയില്‍ ഇതുവരെ കാണാത്ത ഒന്നല്ല. വളരെ സാധാരണമായ, എല്ലാവര്‍ക്കും അറിയുന്ന ഇമോഷന്‍ തന്നെയാണത്. അതിനെ സിനിമയില്‍ അഡാപ്റ്റ് ചെയ്യുന്ന സമയത്ത് വ്യത്യസ്തമായി എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ ചിന്തിച്ചത്. ലേ ടൊമാറ്റീനോ ഞാന്‍ മാധ്യമം ആഴ്ച്ചപതിപ്പിന് വേണ്ടി എഴുതിയ ചെറുകഥയാണ്. അതിനെയാണ് ഞങ്ങള്‍ സിനിമയാക്കിയിരിക്കുന്നത്. കഥ, സിനിമ എന്നീ മാധ്യമങ്ങള്‍ തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ സിനിമയിലേക്ക് വരുമ്പോള്‍ അതിന്റെതായ മാറ്റങ്ങളും വന്നിട്ടുണ്ട്. കഥ പറയുന്ന പ്രധാന വിഷയം അവിടെ തന്നെ നിര്‍ത്തിക്കൊണ്ട് സിനിമയ്ക്ക് അനുയോജ്യമായ രീതിയിലുള്ള മാറ്റങ്ങള്‍ ഞങ്ങള്‍ കൊണ്ടുവരുകയാണ് ചെയ്തത്. എന്നാല്‍ ഈ തക്കാളിയുടെ സീക്വന്‍സ് സിനിമയിലും കഥയിലും ഉണ്ട്്. കഥ പറഞ്ഞ് സിനിമ അതിന്റെ ഒരു പൂര്‍ണ്ണതയിലേക്ക് വരുന്ന സമയത്ത് വളരെ വ്യത്യസ്തമായൊരു അനുഭവം എങ്ങനെ കൊണ്ടുവരാമെന്നതിന്റെ അടിസ്ഥാനത്തിലാണ് ആ തക്കാളി സീന്‍ ചെയ്തത്. എന്നാല്‍ ആ സീന്‍ ഒരിക്കലും കഥയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന സംഗതിയായി തോന്നുകയില്ല. കാരണം അടുക്കളയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഈ സിനിമയില്‍ വളരെ പ്രധാനപ്പെട്ടതാണ്. സിനിമയുടെ തുടക്കം മുതല്‍ തീരുന്നത് വരെ അടുക്കളയും ഭക്ഷണം പാകം ചെയ്യുന്നതും എല്ലാം ഇടക്കിടെ വന്ന് പോകുന്നുണ്ട്. അതിന്റെ ഒരു ഭാഗമായിട്ട് തന്നെയാണ് തക്കാളി വെച്ചുള്ള ക്ലൈമാക്‌സ് സീന്‍ വരുന്നത്. ലേ ടൊമാറ്റീനോയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോയ് മാത്യു സിനിമയില്‍ പല തരത്തിലുള്ള വൈകാരികമായ നിമിഷങ്ങളിലൂടെ കടന്ന് പോകുന്നുണ്ട്. അതിന്റെ ഒരു ഭാഗം തന്നെയാണ് ഈ തക്കാളി സീന്‍. കഥാപാത്രത്തിന്റെ കാഴ്ച്ചപ്പാടിലൂടെയാവാം ഞങ്ങള്‍ അത് അവതരിപ്പിക്കുന്നത്. ഞങ്ങള്‍ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കാര്യങ്ങള്‍ പോലെ വളരെ സ്വാഭാവികമായുള്ള കാര്യം തന്നെയാണ് ഈ തക്കാളി സീന്‍. സിനിമ കാണുമ്പോഴും അത് കഥയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരു സംഗതിയായി വരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

ലേ ടൊമാറ്റീന റിയലിസ്റ്റിക്ക് സിനിമ

സിനിമയുടെ ചിത്രീകരണ സമയത്ത് ആദ്യത്തെ ഒരു പത്ത് ദിവസം ഞാന്‍ ഉണ്ടായിരുന്നു. പക്ഷെ തക്കാളി സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ ഉണ്ടായിരുന്നില്ല. ഏകദേശം 40 ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നിരുന്നു. സിനിമയുടെ അവസാന ഷെഡ്യൂളിലാണ് തക്കാളി സീന്‍ ചിത്രീകരിച്ചത്. അതിന് വേണ്ടി തയ്യാറെടുപ്പുകളും വേണ്ടി വന്നിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ അത് പൂര്‍ത്തിയാക്കുയായിരുന്നു. ഏകദേശം പത്ത് ടണ്‍ തക്കാളിയാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്. ഇന്നത്തെ സാഹചര്യത്തില്‍ ആ സീന്‍ ഷൂട്ട് ചെയ്യാന്‍ അത്രയും തക്കാളിയുടെ ആവശ്യമൊന്നും ഇല്ല. നമുക്ക് ഈ സീനിന് വേണ്ടി വിഎഫ്എക്‌സ് ഉപയോഗിക്കാമായിരുന്നു. അങ്ങനെ വരുമ്പോള്‍ തക്കാളി ഇത്രയധികം ഉപയോഗിക്കേണ്ടി വരില്ലായിരുന്നു. പക്ഷെ നമുക്ക് വലിയ രീതിയില്‍ വിഎഫ്എക്‌സ് ചെയ്യാനുള്ള ഒരു ബജറ്റ് ഉണ്ടായിരുന്നില്ല. പിന്നെ സിനിമ സംസാരിക്കുന്ന പ്രമേയം വളരെ റിയലിസ്റ്റിക്കായ നമ്മുടെ കണ്‍മുന്നില്‍ തന്നെ ഉള്ള എന്നാല്‍ വളരെ ഹിഡണായ ഒരു സോഷ്യല്‍ റിയാലിറ്റിയെ കുറിച്ചാണ്. അതുകൊണ്ട് തന്നെ തക്കാളി സീന്‍ ഒരു ടെക്‌നിക്കല്‍ ആസ്‌പെക്റ്റില്‍ ചിത്രീകരിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ ചിന്തിച്ചില്ല. സീനില്‍ വിഎഫ്എക്‌സ് ഉപയോഗിച്ചിട്ടില്ലെന്നല്ല. സിനിമയില്‍ ഒരു റൂമില്‍ നിറയെ തക്കാളി നിറച്ചിരിക്കുന്നത് കാണിക്കുന്നുണ്ട്. അങ്ങനെ പല തരത്തിലുള്ള ഷോട്ടുകളുണ്ട്. അതൊന്നും വിഎഫ്എക്‌സ് അല്ല. അതേസമയം ഈ സീന്‍ ഗ്ലാസ് കൊണ്ടൊരു സംഭവം ഉണ്ടാക്കി അതില്‍ ജോയ് മാത്യുവിനെ കിടത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിനെ കഥാപശ്ചാത്തലവുമായി ചേര്‍ത്ത് വെക്കുന്നതിന് വേണ്ടി മാത്രമാണ് വിഎഫ്എക്‌സ് ഉപയോഗിച്ചിരിക്കുന്നത്. സിനിമയുടെ റിയലിസ്റ്റിക്ക് സ്വഭാവം പോകാതിരിക്കുന്നതിന് വേണ്ടിയാണ് ഇത്രയധികം തക്കാളി ഉപയോഗിച്ചതും.

പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ത്രില്ലറാകുമെന്ന് പ്രതീക്ഷ

കഥ ഒരു ലിറ്റററി മീഡിയമാണ്. അതുകൊണ്ട് തന്നെ കഥയുടെ പൂര്‍ണ്ണ അധികാരവും എഴുത്തുകാരനാണ്. അതില്‍ മറ്റൊള്‍ക്കും ഒരു പങ്കില്ല. നമുക്ക് എന്ത് തോന്നുന്നോ അത് കഥയില്‍ എഴുതാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. കഥ എന്നത് ഒരു സോള്‍ എക്‌സ്‌പ്രെഷനാണ്. ലേ ടൊമാറ്റീന എന്ന കഥ എന്റെ കഥകള്‍ സ്ഥിരമായി വായിക്കുന്നവര്‍ പോലും അത്ര എളുപ്പമായി വായിക്കാവുന്ന ഒരു കഥയായി തോന്നിയിരുന്നില്ലെന്നാണ് പറഞ്ഞത്. അതൊരു പ്രശ്‌നമായി ഞാന്‍ കണ്ടിരുന്നില്ല. കാരണം കഥ എന്നത് നമുക്ക് ഒരു നിമിഷത്തില്‍ തോന്നുന്ന കാര്യത്തെ നമ്മുടെ രീതിയില്‍ ആവിഷ്‌കരിക്കുന്നതാണ്. അത് എല്ലാവരിലേക്കും എത്തണമെന്നില്ല. അതില്‍ കഥാകൃത്ത് തൃപ്തനായാല്‍ മതി. എന്നാല്‍ സിനിമയിലേക്ക് വരുമ്പോള്‍ അതില്‍ മാറ്റം വരുന്നുണ്ട്. സ്വാഭാവികമായും സിനിമ മറ്റൊരു മീഡിയമായതിനാല്‍ അതിന് വേണ്ട മാറ്റങ്ങളെല്ലാം നമ്മള്‍ കൊണ്ടുവന്നിട്ടുണ്ട്. പിന്നെ ഇത് ഏതെങ്കിലും ഒരു വിഭാഗം പ്രേക്ഷകര്‍ക്ക് മാത്രമുള്ള സിനിമയായിരിക്കരുത് എന്നൊരു തീരുമാനവും ഉണ്ടായിരുന്നു. അത് സംവിധായകനൊട് ഞാന്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെ ലാ ടൊമാറ്റീനോയെ ഒരു ത്രില്ലര്‍ രൂപത്തിലാണ് ട്രീറ്റ് ചെയ്തിരിക്കുന്നത്. അതിന് അനുയോജ്യമായ രീതിയില്‍ സ്‌ക്രീന്‍ പ്ലേയും ചെയ്യുകയായിരുന്നു. കഥ വായിച്ച ഒരാള്‍ക്ക് സിനിമ കാണുമ്പോള്‍ മനസിലാകും രണ്ടും വ്യത്യസ്തമാണെന്ന്. കഥയുടെ പ്രധാന ഭാഗം മാത്രമെ നമ്മള്‍ എടുത്തിട്ടുള്ളു. പിന്നെ തക്കാളി സീക്വന്‍സും അടുക്കളയുമായി ബന്ധപ്പെട്ട എലെന്റ്‌സെല്ലാം എടുത്തിട്ടുണ്ട്. ബാക്കിയെല്ലാം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ത്രില്ലര്‍ സ്വഭാവത്തിലാണ് എടുത്തിരിക്കുന്നത്. അത് സിനിമ കാണുമ്പോഴും അങ്ങനെ ആയിരിക്കുമെന്നാണ് എന്റെ പ്രതീക്ഷ.

ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവരുടെ വ്യത്യസ്ത കഥാപാത്രങ്ങള്‍

സിനിമയില്‍ പ്രധാനമായി അഞ്ച് കഥാപാത്രങ്ങളാണ് ഉള്ളത്. അതില്‍ ജോയ് മാത്യു അവതരിപ്പിക്കുന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. അയാള്‍ ദേശിയ തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു പത്രപ്രവര്‍ത്തകനാണ്. കഥാപാത്രത്തിന് സിനിമയില്‍ പേരില്ല എന്ന പ്രത്യേകത കൂടിയുണ്ട്. കേന്ദ്ര കഥാപാത്രത്തെ ചുറ്റിക്കൊണ്ടാണ് ബാക്കി നാല് കഥാപാത്രങ്ങള്‍ നില്‍ക്കുന്നത്. കോട്ടയം നസീര്‍, ശ്രീജിത്ത് രവി, മരിയ തോംസണ്‍, രമേശ് രാജന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജോയ് മാത്യുവിന്റെ സിനിമ ജീവിതത്തില്‍ ഇത്തരമൊരു കഥാപാത്രം അദ്ദേഹം ആദ്യമായാണ് ചെയ്യുന്നത്. ഒരു നടനെന്ന നിലയില്‍ ജോയ് മാത്യുവിന് ഒരുപാട് ചെയ്യാനുള്ള കഥാപാത്രമാണിത്. അതുപോലെ തന്നെ കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവരും ഇത്തരത്തില്‍ ഒരു കഥാപാത്രം ഇതിന് മുമ്പ് ചെയ്തിട്ടില്ല. പ്രത്യേകിച്ച് ശ്രീജിത്ത് രവിയുടെ കഥാപാത്രം. പിന്നെ തുടക്കം മുതല്‍ അവസാനം വരെ ഈ അഞ്ച് കഥാപാത്രങ്ങളും സിനിമയിലുണ്ട്.

പോസ്റ്റ് പ്രൊഡക്ഷനിലേക്ക്

ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ണ്ണമായും കഴിഞ്ഞു. ഇനി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടക്കണം. ഈ സിനിമയില്‍ സൗണ്ടിനും, പശ്ചാത്തല സംഗീതത്തിനും വളരെ പ്രധാനമുണ്ട്. പൊതുവെ സിനിമയില്‍ പശ്ചാത്തല സംഗീതത്തിന് വളരെ പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് ആ കാര്യങ്ങള്‍ കുറച്ച് സമയം എടുത്ത് ചില പരീക്ഷണങ്ങളൊക്കെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഫിലിം ഫെസ്റ്റിവലിലും തിയേറ്ററിലും ഒരുപോലെ സാധ്യതയുള്ള സിനിമ

ഈ കാലഘട്ടത്തില്‍ ആര്‍ട്ട് ഹൗസ് സിനിമ മെയിന്‍ സ്്ട്രീം സിനിമ എന്നൊരു വ്യത്യാസമില്ല. എല്ലാതരം സിനിമയും പ്രേക്ഷകര്‍ കാണുന്നുണ്ട്. അതുകൊണ്ടാണ് ചുരുളി, ജല്ലിക്കെട്ട് പോലുള്ള സിനിമകള്‍ തിയേറ്ററിലും അതുപോലെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ഒരുപോലെ വിജയിക്കുന്നത്. അത്തരമൊരു സാധ്യത ലേ ടൊമാറ്റീനയ്ക്കും ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനാല്‍ ഈ ചിത്രം ഒരേ സമയം ഫെസ്റ്റിവല്‍ സര്‍ക്കിളിലും തിയേറ്റര്‍ അല്ലെങ്കില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലും (സാഹചര്യം അനുസരിച്ച്) പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ രണ്ട് ഇടങ്ങളിലും ഞങ്ങള്‍ക്ക് പ്രതീക്ഷയുള്ള സിനിമ കൂടിയാണിത്. സിനിമ പൂര്‍ത്തിയായി കഴിഞ്ഞാല്‍ പ്രധാനപ്പെട്ട സിനിമ ഫെസ്റ്റിവലുകളിലേക്ക് സിനിമ അയക്കുന്നുണ്ട്. അതോടൊപ്പം തന്നെ തിയേറ്ററിലോ ഒടിടിയിലോ സിനിമ റിലീസ് ചെയ്യുകയും ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in