'വേണ്ടെന്ന് വെച്ചത് 9 അക്ക ഒടിടി ഓഫര്‍,ബജറ്റിന്റെ മൂന്നിരട്ടി; കാവലിന് തിയറ്റര്‍ മതിയെന്ന് വെച്ചു': ജോബി ജോര്‍ജ്ജ്

'വേണ്ടെന്ന് വെച്ചത് 9 അക്ക ഒടിടി ഓഫര്‍,ബജറ്റിന്റെ മൂന്നിരട്ടി; കാവലിന് തിയറ്റര്‍ മതിയെന്ന് വെച്ചു': ജോബി ജോര്‍ജ്ജ്

ഒടിടി ഓഫര്‍ ചെയ്ത 9 അക്ക സംഖ്യ വേണ്ടെന്ന് വെച്ചാണ് സുരേഷ് ഗോപി ചിത്രം കാവല്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്നതെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്. സിനിമയുടെ ബജറ്റിന്റെ മൂന്നിരട്ടിയാണ് ഒടിടി പ്ലാറ്റ്‌ഫോം മുന്നോട്ട് വെച്ചത്. എന്നാല്‍ മലയാളത്തില്‍ താരങ്ങളെയും സംവിധായകരെയും നിര്‍മ്മാതാക്കളെയും സൃഷ്ടിച്ചിരിക്കുന്നത് തിയറ്ററും പ്രേക്ഷകരുമാണ്. അതായിരിക്കും എപ്പോഴും തന്റെ നിലപാടെന്ന് ജോബി ജോര്‍ജ്ജ് ദ ക്യുവിനോട് പറഞ്ഞു. ഗുഡ്വില്‍ എന്റര്‍ട്ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന കാവല്‍ നിതിന്‍ രഞ്ജി പണിക്കരാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം നവംബര്‍ 25നാണ് തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്.

പ്രേക്ഷകര്‍ തിയേറ്ററിലെത്തുമെന്ന ധൈര്യമുണ്ട്

കൊവിഡ് കാരണം ആളുകള്‍ക്കിടയില്‍ ഒരു ഭയം ഉണ്ടായിരുന്നു. പക്ഷെ അതെല്ലാം ഇപ്പോള്‍ മാറി. കാരണം കുറുപ്പ് എന്ന സിനിമയ്ക്ക് അതിഭീകരമായ ബുക്കിങ്ങാണ് നടന്നുകൊണ്ടിരിക്കുന്നത്. അത് വലിയൊരു കാര്യം തന്നെയാണ്. സിനിമ എപ്പോഴും ഒരു നിര്‍മ്മാതാവിന്റെ അനുഭവയോഗമാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. സിനിമയും കലയുമെല്ലാം സത്യമുള്ള കാര്യങ്ങളാണ്. ഞാന്‍ ചെയ്ത ഒരു സിനിമയും ഇത് വരെ പരാജയപ്പെട്ടിട്ടില്ല. അതിന്റെ കാരണം ഭാഗ്യവും ദൈവാനുഗ്രഹവുമാണ്. ഇത് രണ്ടും നമുക്ക് ഒപ്പമുണ്ടെന്ന് തോന്നിയാല്‍ അറിയാതെ തന്നെ ഒരു ധൈര്യം ഉണ്ടാവും. പിന്നെ ഗുഡ് വില്ലിന് ഇപ്പോഴുള്ളതെല്ലാം തന്നത് പ്രേക്ഷകരും ദൈവവുമാണ്. അപ്പോള്‍ ആ ദൈവവും പ്രേക്ഷകരും ഉള്ളടത്തോളം എനിക്ക് തിയറ്ററില്‍ റിലീസ് ചെയ്യാന്‍ ധൈര്യം കൂടും. പിന്നെ ഗുഡ് വില്ലിന് ഒരിക്കല്‍ പോലും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറോ കോ പ്രൊഡ്യൂസറോ ഉണ്ടായിട്ടില്ല. അതുകൊണ്ട് തീരുമാനം എടുക്കാന്‍ വളരെ എളുപ്പമാണ്.

താരങ്ങളെ സൃഷ്ടിച്ചത് തിയേറ്ററും പ്രേക്ഷകരും

ഒടിടി മോശമാണെന്ന അഭിപ്രായം എനിക്ക് ഒരിക്കലും ഇല്ല. എന്നാല്‍ ഇവിടെ താരങ്ങളെയും സംവിധായകരെയും നിര്‍മ്മാതാക്കളെയും സൃഷ്ടിച്ചിരിക്കുന്നത് തിയറ്ററും പ്രേക്ഷകരുമാണ്. അത് എപ്പോഴും നമ്മുടെ നിലപാട് ആയിരിക്കണം. പിന്നെ ഒടിടി വന്നാലും സിനിമ തിയറ്ററില്‍ കാണാന്‍ പ്രേക്ഷകര്‍ വരും എന്നത് ഉറപ്പാണ്. അതുകൊണ്ട് തിയേറ്റര്‍ ഒന്നും നിന്ന് പോകില്ല. പിന്നെ ഒടിടിയില്‍ സിനിമ റിലീസ് ചെയ്യുന്നവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. കാരണം മലയാള സിനിമ വ്യവസായത്തിലെ 80 ശതമാനവും നിര്‍മ്മിച്ചിരിക്കുന്നത് ഫിനാന്‍സ് എടുത്ത പണം കൊണ്ടാണ്. അവര്‍ക്ക് പലിശ പ്രശ്‌നമായി വരുമ്പോള്‍ ഒരുപക്ഷെ സിനിമ ഒടിടിക്ക് കൊടുത്തിട്ടുണ്ടാവാം. പക്ഷെ എന്നെ സംബന്ധിച്ച് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ താരങ്ങളുടെ സിനിമകള്‍ തിയേറ്ററില്‍ ആഘോഷമായി കാണേണ്ടതാണ്. അല്ലെങ്കില്‍ ആളുകളുടെ കൂടെ ഇരുന്ന കാണുമ്പോഴാണ് അതിന് ഒരു ഭംഗി. അതുകൊണ്ട് തന്നെ ഈ കൊവിഡ് കാലത്ത് ഗുഡ് വില്‍ എന്റര്‍ട്ടെയിന്‍മെന്റ്‌സാണ് പറഞ്ഞത് കാവല്‍ തിയേറ്ററുകള്‍ക്ക് കാവലായിരിക്കുമെന്ന്. എന്ത് പ്രതിസന്ധി വന്നാലും ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് ഞങ്ങള്‍ നേരത്തെ എടുത്ത തീരുമാനമാണ്. അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍. നവംബര്‍ 25ന് തന്നെ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യും.

തിയേറ്റര്‍ റിലീസിന് ശേഷം കാവാല്‍ ഒടിടിയിലെത്തും

എനിക്ക് 9 അക്ക സംഖ്യയാണ് ഒരു ഒടിടി പ്ലാറ്റ്‌ഫോം സിനിമ ഡയറക്ട് പ്രീമിയര്‍ ചെയ്യാന്‍ തന്ന ഓഫര്‍. എന്നാല്‍ സിനിമ തരില്ലെന്നാണ് ഞങ്ങള്‍ അവരോട് പറഞ്ഞു. മുടക്കിയതിന്റെ മൂന്ന് ഇരട്ടിയാണ് അവര്‍ എനിക്ക് ഓഫര്‍ ചെയ്തത്. ഡയറക്ട് റിലീസിന് പറ്റില്ല പക്ഷെ വേണമെങ്കില്‍ സിനിമ കാണിക്കാമെന്നാണ് ഞാന്‍ അന്ന് അവരോട് പറഞ്ഞത്. പിന്നീട് സിനിമ തിയേറ്ററില്‍ കളിച്ചതിന് ശേഷം ഒടിടിക്ക് കൊടുക്കാമെന്ന് തീരുമാനമായി. അങ്ങനെ എട്ടക്ക സംഖ്യയില്‍ ആ ഓഫര്‍ ഞങ്ങള്‍ ക്ലോസ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തിയേറ്റര്‍ റിലീസിന് ശേഷം സമയമാവുമ്പോള്‍ കാവല്‍ ഒടിടിയില്‍ റിലീസ് ചെയ്യും.

തമ്പാന്‍ ഒരു ശക്തനായ അച്ചായന്‍ കഥാപാത്രം

തമ്പാന്‍ ഒരു ശക്തനായ അച്ചായന്‍ കഥാപാത്രമാണ്. ഇനി പ്രേക്ഷകരാണ് സിനിമ സ്വീകരിക്കേണ്ടത്. എനിക്കും എന്റെ കുടുംബത്തിനും കാവല്‍ വളരെ ഇഷ്ടപ്പെട്ടു. എ്‌നെ സംബന്ധിച്ച് ഞാന്‍ സിനിമയില്‍ പൂര്‍ണ്ണ സന്തോഷവാനാണ്. അതുപോലെ തന്നെ ആയിരിക്കും പ്രേക്ഷകര്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം ഡാര്‍ക്ക് സിനിമകളില്‍ നിന്ന് മാറി വ്യത്യസ്തമായ രീതിയിലുള്ള ഒരു ഫാമലി എന്റര്‍ട്ടെയിനറാണ് കാവല്‍ ചിത്രീകരിച്ചിരിക്കുന്നത്.

'വേണ്ടെന്ന് വെച്ചത് 9 അക്ക ഒടിടി ഓഫര്‍,ബജറ്റിന്റെ മൂന്നിരട്ടി; കാവലിന് തിയറ്റര്‍ മതിയെന്ന് വെച്ചു': ജോബി ജോര്‍ജ്ജ്
'തമ്പാനില്‍ വിന്റേജ് സുരേഷ് ഗോപിയെ കാണാം, ബോധപൂര്‍വമല്ല; കാവല്‍ നവംബര്‍ 25ന് തന്നെ': നിതിന്‍ രണ്‍ജി പണിക്കര്‍ അഭിമുഖം

നിതിന്‍ എനിക്ക് അനിയനെ പോലെ

നിതിനെ എനിക്ക് അവന്‍ പഠിക്കുന്ന കാലം തൊട്ടെ അറിയാവുന്നതാണ്. വിധി എന്നൊക്കെ പറയും പോലെ അവന്റെ ആദ്യ സിനിമ കസബ നിര്‍മ്മിച്ചതും ഞാനായിരുന്നു. അന്ന ഞാനും നിതിനും മമ്മൂക്ക എന്ന വന്‍മരത്തിന്റെ തണലിലാണ് നിന്നിരുന്നത്. ഇപ്പോള്‍ രണ്ടാം വട്ടവും ഞങ്ങള്‍ ഒരുമിച്ചു. ഞങ്ങള്‍ക്കിടയില്‍ ഒരു നിര്‍മ്മാതാവും സംവിധായകനും നമ്മിലുള്ള ബന്ധമല്ല. സഹോദര ബന്ധമാണ്. അതുകൊണ്ട് തന്നെ ഞാന്‍ നിതിനെ കുറിച്ച് വിലയിരുത്തേണ്ട കാര്യമില്ല. ഞാന്‍ പറയുന്നത് കേള്‍ക്കാനും ഞാന്‍ പറയുന്നത് അനുസരിക്കുകയും ചെയ്യുന്ന ഒരു അനിയനാണ് അവനെനിക്ക്.

രഞ്ജി പണിക്കര്‍ സുരേഷ് ഗോപി കോമ്പോ തിയേറ്ററില്‍ പ്രേക്ഷകരെ എത്തിക്കും

രഞ്ജി പണിക്കര്‍ സുരേഷ് ഗോപി കോമ്പോക്ക് തീര്‍ച്ചയായും പ്രേക്ഷകരെ തിയേറ്ററില്‍ എത്തിക്കാന്‍ കഴിയും. രഞ്ജി പണിക്കരുടെ തീപ്പൊരി ഡയലോഗുകള്‍ പോലെ തന്നെ അദ്ദേഹത്തിന്റെ ശരീരഭാഷയിലും ഒരു തീവ്രത ഈ സിനിമയില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. തമ്പാന് ഒപ്പം ശക്തനായി നില്‍ക്കുന്ന കഥാപാത്രം തന്നെയാണ് രഞ്ജി പണിക്കരുടെ ആന്റണിയും. പിന്നെ നമുക്ക് എ്ല്ലാവര്‍ക്കും പഴയ ഓര്‍മ്മകളിലേക്ക് തിരിച്ച് പോകാന്‍ സാധിക്കുന്ന ഒരു മനോഹര സിനിമയായിരിക്കും കാവല്‍ എന്ന് ഉറപ്പാണ്.

മരക്കാറിനെ പിന്തുണക്കുന്ന അതേ ആര്‍ജവത്തില്‍ ചെറിയ സിനിമകളെയും തിയേറ്ററുകാര്‍ സഹായിക്കണം

കേരളത്തിലെ തിയേറ്ററുകാരോട് എനിക്ക് ഒരു അപേക്ഷയാണ് ഉള്ളത്. നിങ്ങള്‍ മരക്കാര്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം നാലാഴ്ച്ച തിയേറ്ററില്‍ കളിപ്പിക്കാമെന്ന് പറയുന്ന അതേ ആര്‍ജവത്തോടെ പുതിയ ആളുകളുടെ സിനിമയ്ക്ക് ഒരു രണ്ടാഴ്ച്ചയെങ്കിലും എന്ത് സാഹസം എടുത്തിട്ടാണെങ്കിലും കളിക്കാനുള്ള അവസരം ഒരുക്കി കൊടുക്കണമെന്നാണ്. അത് മലയാള സിനിമയില്‍ പുതിയ ഒരുപാട് സംവിധായകരെയും നടന്‍മാരെയും നടിമാരെയും സൃഷ്ടിക്കുമെന്നതില്‍ ഒരു സംശയവുമില്ല. അതിന് വേണ്ടി കേരളത്തിലെ നല്ലവരായ തിയേറ്ററുകാര്‍ സഹകരിക്കുകയാണ് വേണ്ടത്. കാരണം ഇനിയും ഇങ്ങനെയൊരു പ്രതിസന്ധി വരുമ്പോള്‍ തിയേറ്ററിന് സിനിമകള്‍ വേണമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in