ഒടിയന് ശേഷം വി.എ ശ്രീകുമാര്‍ ബോളിവുഡിലേക്ക്, മാപ്പിള ഖലാസികളുടെ മിഷന്‍ കൊങ്കണ്‍

ഒടിയന് ശേഷം വി.എ ശ്രീകുമാര്‍ ബോളിവുഡിലേക്ക്, മാപ്പിള ഖലാസികളുടെ മിഷന്‍ കൊങ്കണ്‍

മോഹന്‍ലാല്‍ നായകനായ ഒടിയന്‍ സംവിധാനം ചെയ്ത വി എ ശ്രീകുമാര്‍ പുതിയ സിനിമ പ്രഖ്യാപിച്ചു. മിഷന്‍ കൊങ്കണ്‍ എന്ന പേരില്‍ മാപ്പിള ഖലാസികളുടെ സാഹസിക കഥ പറയുന്ന സിനിമ ബോളിവുഡിലാണ് ഒരുക്കുന്നത്. ബോളിവുഡിനൊപ്പം മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചിത്രമെത്തുമെന്ന് ശ്രീകുമാര്‍.

എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ ബാനറില്‍ വി എ ശ്രീകുമാര്‍ തന്നെയാണ് നിര്‍മ്മാണം. ബിഗ്ബജറ്റ് സിനിമയുടെ രചന എഴുത്തുകാരന്‍ ടിഡി രാമകൃഷ്ണനാണ്. കൊങ്കണ്‍ റെയില്‍വേയുടെ പശ്ചാത്തലത്തിലാണ് സിനിമ.

ബോളിവുഡിലേയും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേയും പ്രമുഖ താരങ്ങളാണ് സിനിമയില്‍ കഥാപാത്രങ്ങളാകുന്നതെന്ന് വി എ ശ്രീകുമാര്‍. മനുഷ്യാല്‍ഭുതമാണ് ഖലാസി. മലബാറിന്റെ തീരങ്ങളില്‍ നിന്നും ലോകമെമ്പാടും പരന്ന പെരുമ. ശാസ്ത്രത്തിനും ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ക്കും വിവരിക്കാനാവാത്ത ബലതന്ത്രം. ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകര്‍ക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം, മലബാറിന്റെ അഭിമാനമായ മാപ്പിള ഖലാസികള്‍ പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തമെന്ന് സംവിധായകന്‍ വിശദീകരിക്കുന്നു.

ഒടിയന് ശേഷം വി.എ ശ്രീകുമാര്‍ ബോളിവുഡിലേക്ക്, മാപ്പിള ഖലാസികളുടെ മിഷന്‍ കൊങ്കണ്‍
'ലൂസിഫര്‍' ചിരഞ്ജീവി ഉപേക്ഷിക്കില്ല, റീമേക്കൊരുക്കാന്‍ വി വി വിനായക്

ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനായ ടിഡി രാമകൃഷ്ണന്‍ റെയില്‍വേ ചീഫ് കണ്‍ട്രോളറുമായിരുന്നു.

ഹോളിവുഡ് ടെക്നീഷ്യന്‍മാരുടെ നേതൃത്വത്തിലാണ് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം. ഡിസംബറില്‍ രത്നഗിരി, ഡല്‍ഹി, ഗോവ, ബേപ്പൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി മിഷന്‍ കൊങ്കണ്‍ ചിത്രീകരിക്കുകയെന്ന് ശ്രീകുമാര്‍. മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ എം.ടിയുടെ രണ്ടാമൂഴം നോവലിനെ ഉപജീവിച്ച് മഹാഭാരത എന്ന സിനിമ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് നിയമക്കുരുക്കിലകപ്പെട്ടു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം