'മത്സരത്തിന് അയച്ചത് എന്റെ പുസ്തകത്തിലെ കഥ'; നെറ്റ്ഫ്‌ലിക്‌സ് 'ടേക്ക് ടെന്‍' വിജയിയായി മുരളി കൃഷ്ണന്‍

'മത്സരത്തിന് അയച്ചത് എന്റെ പുസ്തകത്തിലെ കഥ'; നെറ്റ്ഫ്‌ലിക്‌സ് 'ടേക്ക് ടെന്‍' വിജയിയായി മുരളി കൃഷ്ണന്‍

നെറ്റ്ഫ്‌ലിക്‌സ് 'ടേക്ക് ടെന്‍' ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ ഇടം നേടി തിരുവനന്തപുരം സ്വദേശി മുരളി കൃഷ്ണന്‍. നെറ്റ്ഫ്‌ലിക്‌സ് ഫിലിം കമ്പാനിയനുമായി ചേര്‍ന്ന് നടത്തിയ മത്സരത്തില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഭാഗമായിരുന്നു. അവസാന പത്ത് പേരില്‍ ഇടം നേടിയ ഏക മലയാളിയാണ് മുരളി കൃഷ്ണന്‍.

താന്‍ എഴുതിയ 'സോവിയറ്റ് സ്‌റ്റേഷന്‍ കടവ്' എന്ന പുസ്തകത്തിലെ 'സ്റ്റോക്ക് ഹോം' എന്ന കഥയാണ് ഷോര്‍ട്ട് ഫിലിം മത്സരത്തിനായി സമര്‍പ്പിച്ചതെന്ന് മുരളി ദ ക്യുവിനോട് പറഞ്ഞു. ഹോം എന്ന വിഷയത്തില്‍ ഒരു കഥ അയക്കാനാണ് ആവശ്യപ്പെട്ടത്. സംവിധാനത്തിനേക്കാളും തനിക്ക് എന്നും ഇഷ്ടം എഴുത്ത് തന്നെയായിരുന്നു. എന്നാല്‍ ബജറ്റ് പ്രശ്‌നങ്ങള്‍ കാരണം എഴുതി കഥകള്‍ കൊണ്ട് ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ സാധിച്ചിരുന്നില്ല. എങ്കിലും എഴുതിക്കൊണ്ടിരുന്നു. അപ്പോഴാണ് ഇങ്ങനെയൊരു മത്സരം വരുന്നതും അതിലേക്ക് തന്റെ കഥ തന്നെ അയക്കാന്‍ സാധിച്ചതെന്നും മുരളി വ്യക്തമാക്കി.

2000 പേരില്‍ നിന്ന് അവസാന പത്തിലേക്ക്

ജനുവരിയിലാണ് നെറ്റ്ഫ്‌ലിക്‌സും ഫിലിം കമ്പാനിയനും ചേര്‍ന്ന് 'ടേക് ടെന്‍' എന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നുണ്ടെന്ന് അറിഞ്ഞത്. അങ്ങനെയാണ് എന്‍ട്രി അയക്കുന്നത്. എന്‍ട്രീസ് അയക്കാന്‍ മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നു. മൈ ഇന്ത്യ എന്ന വിഷയത്തില്‍ 2 മിനിറ്റ് ഷോര്‍ട്ട്ഫിലിം മൊബൈലില്‍ ചിത്രീകരിക്കുക. അതിനൊപ്പം ഹോം എന്ന വിഷയത്തില്‍ ഒരു കഥയുടെ സിനോപ്‌സിസ് കൂടി അയക്കുക എന്നായിരുന്നു മാനദണ്ഡങ്ങള്‍.

മത്സരത്തിന് 2000ളം എന്‍ട്രീസ് ഉണ്ടായിരുന്നു. അതില്‍ നിന്ന് 200 പേരെ ആദ്യം തിരഞ്ഞെടുത്തു. പിന്നെ അത് 50 ആയി. 50 പേരെ പിന്നീട് ഇന്റര്‍വ്യൂ ചെയ്തു. പിന്നീട് അത് 20 പേരായി. പിന്നെ നമ്മള്‍ ആദ്യം കൊടുത്ത കഥ സ്‌ക്രീന്‍ പ്ലേ ആക്കി കൊടുക്കാന്‍ പറഞ്ഞു. അത് ബേസില്‍ ജോസഫും അനുപമ ചോപ്രയും അടങ്ങിയ പാനലാണ് ജഡജ് ചെയ്തത്. ആ 20 പേരില്‍ നിന്ന് 10 പേരെ തിരഞ്ഞെടുത്തു. അവരാണ് വിജയികള്‍. അവര്‍ക്ക് നെറ്റ്ഫ്‌ലിക്‌സ് 7 ലക്ഷം രൂപ ചിത്രം നിര്‍മ്മിക്കാന്‍ നല്‍കും. പിന്നെ നെറ്റ്ഫ്‌ലിക്‌സിന്റെ യൂട്യൂബ് ചാനലില്‍ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്യുകയും ചെയ്യും.

മത്സരത്തിനായി കൊടുത്തത് ഞാന്‍ എഴുതിയ പുസ്തകത്തിലെ കഥ

ഹോം എന്ന വിഷയത്തില്‍ കൊടുത്ത കഥ ഞാന്‍ തന്നെ എഴുതിയ 'സോവിയറ്റ് സ്‌റ്റേഷന്‍ കടവ്' എന്ന പുസ്തകത്തിലേയാണ്. 'സ്‌റ്റോക്ക്‌ഹോം' എന്നാണ് കഥയുടെ പേര്. ജൂണ്‍ 13-19 വരെ നെറ്റ്ഫ്‌ലിക്‌സിന്റെ വര്‍ക്ക് ഷോപ്പുണ്ട്. സിനിമ മേഖലയിലെ പ്രമുഖരായ വ്യക്തികളുടെ മാസ്റ്റര്‍ ക്ലാസ് ഉണ്ട്. അത് കഴിഞ്ഞതിന് ശേഷമാണ് ഷോര്‍ട്ട് ഫിലിമിന്റെ ചിത്രീകരണം ആരംഭിക്കുക. ജൂണ്‍ അവസാനം ആയിരിക്കും ചിത്രീകരണം. ജൂലൈ 15നാണ് ഷോര്‍ട്ട് ഫിലിം സമര്‍പ്പിക്കേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in