സേതുരാമയ്യര്‍ എങ്ങനെ എവര്‍ഗ്രീനായി?

സേതുരാമയ്യര്‍ എങ്ങനെ എവര്‍ഗ്രീനായി?

എസ്. എൻ. സ്വാമിക്ക് ഒരു ഫോൺ കാൾ വരുന്നു, അരോമ മണിയാണ്. 'മമ്മൂട്ടിയെ വെച്ചൊരു പോലീസ് സ്റ്റോറി വേണം, സംവിധാനം കെ മധു'. ഇരുപതാം നൂറ്റാണ്ടിന്റെ റിലീസിന് ശേഷം 1987ലാണ് സംഭവം നടക്കുന്നത്. അതായിരുന്നു ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിനിമ ഫ്രാഞ്ചൈസിയുടെ തുടക്കം. സിബിഐ സീരിസിന്റെ തുടക്കം. മമ്മൂട്ടിയാണ് സ്ഥിരം പോലീസ് കഥയെന്നത് മാറ്റി ഒരു കുറ്റാന്വേഷണ ത്രില്ലർ നമ്മുക്ക് ചെയ്യാമെന്ന് സ്വാമിയോട് പറയുന്നത്. പിന്നീട് പോലീസ് എന്നത് മാറി സിബിഐ വരുന്നതും മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരമാണ്.

1988 ഫെബ്രുവരി 11നാണ് ഒരു സി ബി ഐ ഡയറികുറിപ്പ് റിലീസാകുന്നത്. അന്നുവരെ കണ്ടിരുന്ന മലയാള സിനിമയുടെ ഇൻവെസ്റ്റിഗേഷൻ ഫ്രെയിം വർക്കുകളിൽ സിബിഐയെ പ്ലെസ് ചെയ്തത് മൊത്തം സിനിമക്ക് തന്നെ ഫ്രഷ്‌നെസ്സ് നൽകി. മലയാളത്തിൽ ആദ്യമായിട്ടായിരുന്നു ഒരു സി ബി ഐ ഡയറികുറിപ്പിലൂടെ സിബിഐയുടെ കടന്നുവരവ്. സിബിഐ ഒരു കേസ് അന്വേഷിക്കാൻ വരുന്നതിനുള്ള സാഹചര്യങ്ങളും സന്ദർഭങ്ങളും തയ്യാറാക്കാൻ സ്വാമിയേ സഹായിച്ചത് അക്കാലത്ത് കുപ്രസിദ്ധിയാർജ്ജിച്ച പോളക്കുളം കൊലപാതക കേസ് ആയിരുന്നു. അന്ന് കേസ് അന്വേഷിച്ച് പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ട് വന്നത് സി ബി ഐ ആയിരുന്നു. ആ സംഭവത്തിൽ നിന്നും കിട്ടിയ സ്പാർക്കിൽ നിന്നാണ് എസ് എൻ സ്വാമി ഒരു സി ബി ഐ ഡയറികുറിപ്പ് എഴുതി തുടങ്ങിയത്. പോളക്കുളം കൊലപാതക കേസിലെ ഡമ്മി ടു ഡമ്മി എക്സ്പെരിമെന്റല്ലാം സിനിമയുടെ എഴുത്തിലും സ്വാമിയേ ഒരുപാട് സഹായിച്ചിട്ടുണ്ട്.

സിബിഐ സിനിമകളുടെ ആത്മാവായി നിലനിൽക്കുന്നത് സേതുരാമയ്യർ എന്ന ബുദ്ധിരാക്ഷസനാണ്. സേതുരാമയ്യർ എന്ന പേര് സെറ്റ് ചെയ്യുന്ന ബ്രാൻഡ് വാല്യൂവും വലുതാണല്ലോ. എന്നാൽ സേതുരാമയ്യർ എന്നല്ലായിരുന്നു ബുദ്ധിരാക്ഷസന്റെ ആദ്യത്തെ പേര്. അലി ഇമ്രാൻ എന്ന പേരാണ് ആദ്യം നൽകിയിരുന്നത്. മമ്മൂട്ടിയാണ് എന്തുകൊണ്ട് സിബിഐ ഓഫീസറെ ഒരു ബ്രാഹ്മണൻ ആക്കിക്കൂടാ എന്നഭിപ്രായം മുന്നോട്ട് വെച്ചത്. എന്നാൽ ആദ്യം സ്വാമി അതിൽ തൃപ്തനായിരുന്നില്ല. അപ്പോൾ തന്നെ മമ്മൂട്ടി കഥാപാത്രമായിമാറി അഭിനയിച്ചു കാണിച്ചു. കഥാപാത്രത്തിന്റെ മാനറിസംസ് കണ്ടപ്പോൾ സ്വാമിയും കഥാപത്രത്തെ ബ്രാഹ്മണനാക്കുവാൻ സമ്മതിച്ചു. പിന്നീട് സേതുരാമയ്യർ എന്ന പേരുമിട്ടു. അലി ഇമ്രാൻ അങ്ങനെ സേതുരാമയ്യരായി. അതെ വർഷം നവംബറിൽ റിലീസ് ചെയ്ത മൂന്നാംമുറയിലെ മോഹൻലാൽ കഥാപാത്രത്തിന് സ്വാമി അലി ഇമ്രാൻ എന്ന പേര് നൽകി.

സി ബി ഐ ഡയറികുറിപ്പ് ഇരുകയ്യും നീട്ടി മലയാളികൾ സ്വീകരിച്ചു. അടിയും ഇടിയും ഇല്ലാത്ത ഒരു മെയിൻസ്ട്രീം നായകന്റെ ചിത്രം. ഡാൻസ് ഇല്ല പാട്ടില്ല, കേസ് അന്വേഷണം മാത്രം. കേരളത്തിന് പുറമെ തമിഴ് നാട്ടിലും ഒരു സി ബി ഐ ഡയറികുറിപ്പിനു ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. മദ്രാസിലെ സഫയർ തീയേറ്ററിൽ 245 ദിവസം ആണ് ഈ ചിത്രം പ്രദർശിപ്പിച്ചത്. അതിനു ശേഷം 2015 ഇൽ റിലീസ് ചെയ്ത പ്രേമം ആണ് 250 ദിവസത്തിനു മുകളിൽ തമിഴ്നാട് പ്രദർശിപ്പിച്ചു ആ റെക്കോർഡ് മറികടന്നത്. തമിഴ്‌നാട്ടിൽ മലയാള സിനിമക്ക് വലിയ സ്വീകാര്യത ലഭിക്കുന്നതിൽ ഈ ചിത്രത്തിന്റെ വിജയത്തിനു വലിയ സ്ഥാനമുണ്ട്.

34 വർഷങ്ങൾക്കിപ്പുറവും സിബിഐ എന്ന് പറയുമ്പോൾ മമ്മൂട്ടിയും, ഡമ്മികളും, ചാക്കോയും, വിക്രമുമെല്ലാം നമ്മുടെ ഉള്ളിൽ ഇന്നും ഓടി വരുന്നുണ്ടെങ്കിൽ മലയാളികളുടെ ഉള്ളിൽ സിബിഐ സിനിമകൾ സൃഷ്‌ടിച്ച impact എത്രമാത്രം വലുതായിരിക്കും. CBI സിനിമകൾ കെട്ടിപ്പടുത്തത് സേതുരാമയ്യർ എന്ന കഥാപാത്രത്തിലൂടെ തന്നെയാണെന്ന് നമുക്കറിയാം. സേതുരാമയ്യറിന് നൽകുന്ന ഒരു നെവർ എൻഡിങ് സ്വഭാവമുള്ള കാരക്ടർ ആർക്ക് തന്നെയായിരിക്കാം ആ കഥാപാത്രത്തെ ആദ്യ സിനിമയിൽ കണ്ടപോലെ തന്നെ വീണ്ടും വീണ്ടും കാണുമ്പോൾ നമ്മുക്ക് അംഗീകരിക്കാൻ കഴിയുന്നതിനുള്ള കാരണവും. കൈ പുറകിൽ കെട്ടിയുള്ള നടത്തവും, സംശയങ്ങൾക്ക് മൂർച്ചകൂട്ടി സംസാരിക്കുന്നതിനു മുന്നേ ചൂണ്ട് വിരൽ ഉപയോഗിച്ച് തലയിൽ ചൊറിയുന്നതും, വളരെ ശാന്ത പ്രകൃതിയും അന്നേവരെ കണ്ട മലയാള സിനിമയിലെ കുറ്റാന്വേഷണ നായകന്മാർക്ക് പുതിയ മാനം നൽകുകയായിരുന്നു. ഐയ്യരുടെ തമിഴ് കലർന്നുള്ള ഭാഷയും, ജാഗ്രത മുതൽ പ്ലെസ് ചെയ്ത മുറുക്കിക്കൊണ്ടുള്ള സംസാരങ്ങളും ആ കഥാപാത്രത്തിന് കൂടുതൽ ഡീറ്റെയ്‌ലിംഗ് നൽകി.

1989ൽ ഇറങ്ങിയ ജാഗ്രത വലിയ വിജയമായിരുന്നില്ല. എന്നാൽ 2004ൽ പുറത്തിറങ്ങിയ സേതുരാമയ്യർ സിബിഐ, 16 കോടിയോളം കളക്ഷൻ നേടി ആ വർഷത്തെ ടോപ് ഗ്രോസ്സറായി മാറി. സേതുരാമയ്യറിലെ തന്നെ ഈശോ-മോസി ക്ലൈമാക്സ് ട്വിസ്റ്റ് ഇന്നും വലിയ രീതിയിൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്നതാണ്. സിബിഐ സിനിമകൾക്ക് വേണ്ടി ഒരു ടെംപ്ളേറ്റ് സെറ്റ് ചെയ്യുന്നുണ്ട് എസ് എൻ സ്വാമി. സിനിമയുടെ തുടക്കം മുതൽ നമ്മുടെ കണ്മുന്നിൽ ഒരുപാട് കഥാപാത്രങ്ങൾ കടന്നു വരുന്നു. നമ്മുടെ മനസ്സിൽ കൊലപാതകിയാക്കി ഒരാളെ ഇട്ടു തരുന്നു, എന്നാൽ നമ്മൾ ഒരിക്കലും ചിന്തിക്കാത്ത മറ്റൊരു കഥാപാത്രത്തെ ക്ലൈമാക്സിൽ കില്ലറായി പ്രേസേന്റ്റ് ചെയ്യുന്നു. ഒരു ഇൻസ്പയർഡ് ടെംപ്ളേറ്റ് ആണെങ്കിലും ഈ ഫോർമാറ്റ് കൃത്യമായി എല്ലാ സി ബി ഐ ചിത്രങ്ങളിലും ഫോള്ളോ ചെയ്തിട്ടുണ്ട്. ജഗദീഷിന്റെ ടെയ്‌ലർ മണിയെല്ലാം അത്തരത്തിലുള്ള ഉദാഹരണങ്ങളാണ്.

സേതുരാമയ്യറിനെയും സിബിഐ സിനിമകളെയും ഓർത്തിരിക്കാൻ പാകത്തിനാക്കുന്നതിൽ സിനിമയുടെ സ്കോറിനും വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് സേതുരാമയ്യറിന്റെ തീം മ്യൂസിക് 34 വർഷങ്ങൾക്കിപ്പുറവും എവർഗ്രീൻ ആയി നിൽക്കുന്നതിൽ സംഗീത സംവിധായകൻ ശ്യാമിന്റെ പങ്ക് വളരെ വലുതാണ്. ഒരുപക്ഷെ അയ്യരുടെ കൈ പുറകിൽ കെട്ടിയുള്ള നടത്തത്തിന്റെ താളത്തിലാണ് തീം മ്യൂസിക് എന്ന് തോന്നിക്കുന്ന വിധത്തിൽ ബ്ലെൻഡ് ആയിട്ടുള്ളതാണ് ആ തീം മ്യൂസിക്.

2005ലാണ് നാലാമത്തെ ചിത്രമായ നേരറിയാൻ സി ബി ഐ പുറത്തു വന്നത്. സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചില്ല. ഇപ്പോഴിതാ 17 വർഷങ്ങൾക്ക് ശേഷം സിബിഐ അഞ്ചാം ഭാഗം വരുകയാണ്. ഒരുപക്ഷെ ഇതാദ്യമായിരിക്കും ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിലും പ്രധാന കഥാപാത്രമായി ഒരേയാൾ വരുന്നത്. നമ്മൾ നേരത്തെ പറഞ്ഞ ടെംപ്ളേറ്റ് തന്നെ ഫോള്ളോ ചെയുന്ന ഒരു ചിത്രമായി സി ബി ഐ വന്നാൽ എത്രമാത്രം സ്വീകാര്യത ലഭിക്കുമെന്ന് സംശയമാണ്. എന്നാൽ കാലത്തിനൊപ്പം അപ്ഡേറ്റഡ് ആയ എഴുത്തുകാരൻ എസ് എൻ സ്വാമിയും, സംവിധായകൻ കെ മധുവും പുതിയ ഫോമാറ്റിനൊരു തുടക്കം കുറിക്കുകയാണെങ്കിൽ ഒരുപക്ഷെ സിബിഐ 5 നൽകുന്ന ത്രില്ലർ അനുഭവം നമ്മൾ ചിന്തിക്കുന്നതിനും മുകളിലായിരിക്കും. കാത്തിരിക്കാം ഐയ്യരുടെയും കൂട്ടരുടെയും തിരിച്ചു വരവിന്.

Related Stories

No stories found.
The Cue
www.thecue.in