'മരക്കാര്‍ നൂറിലധികം തിയേറ്ററിലും പ്രദര്‍ശിപ്പിക്കും, സംഘടനയുടെ സമ്മതം ആവശ്യമില്ല'; ലിബര്‍ട്ടി ബഷീര്‍

'മരക്കാര്‍ നൂറിലധികം തിയേറ്ററിലും പ്രദര്‍ശിപ്പിക്കും, സംഘടനയുടെ സമ്മതം ആവശ്യമില്ല'; ലിബര്‍ട്ടി ബഷീര്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാവുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം നൂറിലധികം തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിന് സംഘടനകളുടെ സമ്മതം ആവശ്യമില്ല. ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസ് ചെയ്യുന്ന അതേ സമയത്ത് തന്നെ കേരളത്തിലെ നൂറിധികം തിയേറ്ററുകളില്‍ മരക്കാര്‍ പ്രദര്‍ശിപ്പിക്കും. അതിന് വേണ്ടിയുള്ള ശ്രമം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ലാലും തുടങ്ങിയിട്ടുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ ദ ക്യുവിനോട് പറഞ്ഞു.

മരക്കാര്‍ ഒരു ചരിത്രപരമായ സിനിമയാണ്. അത് കേരളത്തിലെ ജനങ്ങള്‍ക്ക് തിയേറ്ററില്‍ കാണാന്‍ വേണ്ടി നിര്‍മ്മിച്ച സിനിമയാണ്. വലിയൊരു കാന്‍വാസില്‍ ചിത്രീകരിച്ച മരക്കാര്‍ തിയേറ്ററില്‍ എത്തിക്കുക എന്നത് ജനങ്ങളോടുള്ള പ്രതിബദ്ധത കൂടിയാണെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

ആമസോണ്‍ റിലീസിനൊപ്പം മരക്കാര്‍ തിയേറ്ററുകളിലും റിലീസ് ചെയ്യാന്‍ തയ്യാറാണ്

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഒടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കുന്ന അതേ സമയത്ത് കേരളത്തിലെ ആന്റണി പെരുമ്പാവൂരിന്റെയും, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെയും, സംസ്ഥാന സര്‍ക്കാരിന്റെയും നൂറിലധികം തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തയ്യാറാണ്. അതിന് വേണ്ട എല്ലാ പിന്തുണയും നല്‍കുകയും ചെയ്യും. കാരണം മരക്കാര്‍ ഒരു ചരിത്രപരമായ സിനിമയാണ്. അത് കേരളത്തിലെ ജനങ്ങള്‍ക്ക് തിയേറ്ററില്‍ കാണാന്‍ വേണ്ടി നിര്‍മ്മിച്ച സിനിമയാണ്. ഒരിക്കലും മൊബൈല്‍ ഫോണിലോ ടിവിയിലോ കാണേണ്ട സിനിമയല്ല. അങ്ങനെ കണ്ടാല്‍ പ്രേക്ഷകര്‍ക്ക് തൃപ്തി വരില്ല. അതുകൊണ്ട് ഇത്ര വലിയ കാന്‍വാസില്‍ ചിത്രീകരിച്ച സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യുക എന്നത് ജനങ്ങളോടുള്ള പ്രതിബദ്ധത കൂടിയാണ്. പ്രേക്ഷകര്‍ക്ക് പുറമെ ചിത്രത്തിന്റെ സംവിധായകനോടും അഭിനേതാക്കളോടും നമുക്കുള്ള പ്രതിബദ്ധതയാണ്.

തിയേറ്റര്‍ റിലീസിനായി ആന്റണി പെരുമ്പാവൂര്‍ ആമസോണുമായി ചര്‍ച്ച നടത്തും

മലയാള സിനിമക്ക് നിരവധി സൂപ്പര്‍ ഹിറ്റുകള്‍ തന്ന കമ്പനിയാണ് ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസ്. ഒരു പ്രത്യേക സാഹചര്യത്തിലാണ് ആന്റണിക്ക് മരക്കാര്‍ ഒടിടിക്ക് കൊടുക്കേണ്ടി വന്നത്. അത് ഒരിക്കലും നമ്മള്‍ മനസിലാക്കാതിരിക്കരുത്. കാരണം അദ്ദേഹത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടായിരിക്കും മരക്കാര്‍ ഒടിടിക്ക് കൊടുത്തിട്ടുണ്ടാവുക. അതുകൊണ്ട് നമ്മളാല്‍ കഴിയുന്ന സഹായം ചെയ്ത് കൊടുക്കുക തന്നെ വേണം. അതിനാല്‍ ആമസോണ്‍ സമ്മതിക്കുകയാണെങ്കില്‍ ഒരു നിബന്ധനയും ഇല്ലാതെ തന്നെ കേരളത്തിലെ നൂറിലധികം തിയേറ്ററുകളിലും മരക്കാര്‍ റിലീസ് ചെയ്യും. അതിന് വേണ്ടിയുള്ള ശ്രമം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ലാലും തുടങ്ങിയിട്ടുണ്ട്. ആമസോണുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷക്ക് വകയുണ്ടെന്നാണ് നമ്മുടെ നിഗമനം. മരക്കാര്‍ തിയേറ്ററില്‍ എത്തണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്.

പ്രിയദര്‍ശന്റെ വേദന കൂടി കണക്കിലെടുത്താണ് മരക്കാര്‍ തിയേറ്റര്‍ റിലീസിന് മുന്‍കൈ എടുത്തത്

മരക്കാര്‍ തിയേറ്ററില്‍ എത്താന്‍ കഴിയാത്തതില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ വിഷമം അറിയിക്കുകയുണ്ടായി. വളരെ കാലമായി പ്രിയദര്‍ശനുമായി എനിക്ക് വ്യക്തിപരമായ ബന്ധമുണ്ട്. അന്ന് പ്രിയദര്‍ശന്‍ വളരെ വേദനയോടെയാണ് സംസാരിച്ചത്. കാരണം നാല് മാസത്തോളം ഹൈദരാബാദില്‍ പോയി കഷ്ടപ്പെട്ട് സംവിധാനം ചെയ്ത ഒരു സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിക്കാത്തത് സംവിധായകന്‍ എന്ന നിലയില്‍ വേദനയുണ്ടാവുന്ന കാര്യമാണ്. ഞാന്‍ ഒരു നിര്‍മ്മാതാവ് കൂടിയായതിനാല്‍ ആ വേദന എനിക്ക് വ്യക്തമായി മനസിലാവും. അതുകൊണ്ട് കൂടിയാണ് മരക്കാര്‍ തിയേറ്ററിലെത്തിക്കാന്‍ ഞാന്‍ മുന്‍കൈ എടുത്തത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന ആദ്യ ചര്‍ച്ചകളില്‍ തന്നെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഒരു പക്ഷെ മരക്കാര്‍ ആമസോണിലേക്ക് പോകില്ലായിരുന്നു. എന്നാല്‍ അന്ന് അവര്‍ നമ്മളെക്കാളും പരിഗണന കൊടുത്തത് ഫിയോക്കിനായിരുന്നു.

മരക്കാര്‍ തിയേറ്റര്‍ റിലീസിന് ഫിയേക്കിന്റെ സമ്മതം ആവശ്യമില്ല

ഫിയോക്ക് സംഘടനയുടെ സമ്മതമില്ലാതെ തന്നെ തീര്‍ച്ചയായും കേരളത്തില്‍ നൂറോളം തിയേറ്ററുകളില്‍ മരക്കാര്‍ റിലീസ് ചെയ്യാന്‍ സാധിക്കും. ഫിയോക്കിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ തിയേറ്ററില്‍ സിനിമ കളിക്കില്ലായിരിക്കാം. പക്ഷെ ഈ പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള തിയേറ്റര്‍ ഉടമകള്‍ സിനിമ കളിക്കാന്‍ വേണ്ടി എന്നെ വിളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഫിയോക്ക്, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ എന്നതിന് അപ്പുറത്ത് വ്യക്തിപരമായ തീരുമാനമാണ് പ്രധാനം. അല്ലാതെ സംഘടനയുടെ തീരുമാനം കൊണ്ടൊന്നും നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. പിന്നെ തിയേറ്ററുകള്‍ക്ക് കോടിക്കണക്കിന് രൂപ ഷെയര്‍ തന്ന ഒരു കമ്പനിയുടെ സിനിമ കൂടിയാണ് മരക്കാര്‍.

ആമസോണില്‍ റിലീസ് ചെയ്താലും പ്രേക്ഷകർ തിയേറ്ററിലെത്തി മരക്കാര്‍ കാണും

എന്റെ സിനിമ അനുഭവം വെച്ച് ഒരേ സമയം ഒടിടിയിലും തിയേറ്ററിലും മരക്കാര്‍ റിലീസ് ചെയ്യുമ്പോള്‍ അത് തിയേറ്ററിന് ഒരിക്കലും പ്രതിസന്ധിയാവില്ല. കാരണം ആമസോണില്‍ കാണുന്നതിനെക്കാളും പ്രേക്ഷകര്‍ മരക്കാര്‍ തിയേറ്ററിലായിരിക്കും കാണുക. എല്ലാ സിനിമയും ഇങ്ങനെ ആയിരിക്കും എന്ന് പറയാനാവില്ല. പക്ഷെ ഇത്ര വലിയ കാന്‍വാസില്‍ എടുത്ത സിനിമ തിയേറ്ററില്‍ കണ്ടാല്‍ മാത്രമെ തൃപ്തിയാവുകയുള്ളു.

വലിയ സിനിമകള്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണം

ഇത്തരം വലിയ സിനിമകള്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്ത ഒടിടിയിലേക്ക് പ്രേക്ഷകര്‍ പോകാതിരിക്കാനുള്ള വഴിയാണ് നമ്മള്‍ നോക്കേണ്ടത്. വലിയ സിനിമകള്‍ ആദ്യം കുറച്ച് നഷ്ടം വന്നാലും തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യിപ്പിക്കുക. അങ്ങനെ വരുമ്പോള്‍ ഒടിടി പ്ലാറ്റഫോമുകള്‍ക്ക് അത്തരം സിനിമകള്‍ വാങ്ങിക്കാന്‍ സാധിക്കില്ല. ജനങ്ങള്‍ ഒടിടിയിലേക്ക് പോവുകയുമില്ല. അല്ലാത്ത പക്ഷം ഒടിടിയെ നമ്മള്‍ വളര്‍ത്തുകയാണ് ചെയ്യുന്നത്. മരക്കാര്‍ തിയേറ്ററില്‍ കളിക്കാതിരുന്നാല്‍ അത് ഒടിടിയുടെ വളര്‍ച്ചക്ക് സഹായമാവും.

Related Stories

No stories found.
logo
The Cue
www.thecue.in