'കടുവാക്കുന്നേല്‍ കുറുവച്ചനു'മായി ഇന്നും ബന്ധമുണ്ട്, സാങ്കല്‍പ്പിക കഥാപാത്രവുമല്ല: രഞ്ജി പണിക്കര്‍

'കടുവാക്കുന്നേല്‍ കുറുവച്ചനു'മായി ഇന്നും ബന്ധമുണ്ട്, സാങ്കല്‍പ്പിക കഥാപാത്രവുമല്ല: രഞ്ജി പണിക്കര്‍
Summary

മറ്റുള്ളവര്‍ അവകാശപ്പെടുന്നത് പോലെ ഈ കഥാപാത്രത്തെ അവരാരും സൃഷ്ടിച്ചതല്ല. 'കുറുവച്ചന്‍' എന്ന പേരും രൂപവും സൃഷ്ടിച്ചത് ഞാന്‍ തന്നെയാണ്.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ 2001ല്‍ ഷാജി കൈലാസിന് സംവിധാനം ചെയ്യാനായി ആലോചിച്ച നായക കഥാപാത്രത്തിന്റെ പേരാണെന്ന് തിരക്കഥാകൃത്ത് രഞ്ജി പണിക്കർ. ആര് സിനിമ ചെയ്താലും എനിക്ക് ഒരു പ്രശ്‌നവുമില്ല. ഈ സംഭവത്തിന്റെ അവകാശവാദങ്ങളെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതിന്റെ വസ്തുത വെളിപ്പെടുത്തണമെന്ന് തോന്നിയതിനാലാണ് ഇങ്ങനെ പറയുന്നത്. ദ ക്യു' അഭിമുഖത്തില്‍ രഞ്ജി പണിക്കര്‍.

കുറുവച്ചന്‍ സാങ്കല്‍പ്പിക കഥാപാത്രമല്ല

കടുവാകുന്നേല്‍ കുറുവച്ചന്‍ എന്നു പറയുന്നത് ഒരു സാങ്കല്‍പ്പിക കഥാപാത്രമല്ല. അത് ഇന്നും ജീവിച്ചിരിക്കുന്നൊരു വ്യക്തിയാണ്. അദ്ദേഹത്തെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിചയപ്പെട്ടപ്പോള്‍, അദ്ദേഹത്തിന്റെ അനുഭവങ്ങളും മറ്റും കേട്ടറിഞ്ഞപ്പോള്‍ അതൊരു സിനിമയാക്കാമെന്ന് ഞാനും ഷാജി കൈലാസും തീരുമാനിച്ചു. അങ്ങനെയാണ് മോഹന്‍ലാലിനെ നായകനാക്കി 'വ്യാഘ്രം' എന്ന സിനിമ ഞങ്ങള്‍ അനൗണ്‍സ് ചെയ്യുന്നത്. ആ സിനിമ കുറുവച്ചന്‍ എന്ന മനുഷ്യന്റെ ജീവിതകഥയാണ്. ഒരു ഐക്കോണിക് കാരക്ടറാണ് ആ മനുഷ്യന്‍. ആ കഥാപാത്രത്തിന് ആധാരമായ മനുഷ്യനുമായി ഇന്നും അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമുണ്ട്.

90 കളുടെ അവസാനത്തില്‍ കേരളത്തില്‍ തന്നെ ചര്‍ച്ചയായ സംഭവങ്ങളുടെ ഒരു ഭാഗഭാഗാക്കാണ് ശരിക്കും കുറുവച്ചന്‍. അദ്ദേഹവും ഒരു പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഇടപെടലുകളുമാണ് ഞാന്‍ എന്റെ സിനിമയിലൂടെ ഉദ്ദേശിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ ആ സിനിമ നടക്കാതെ പോയി. അതിന് പ്രത്യേകിച്ച് ഒരു കാരണം എടുത്തുപറയാനൊന്നുമില്ല.

പല സിനിമകളും പ്രഖ്യാപിച്ചതിനുശേഷവും പൂജ കഴിഞ്ഞുമൊക്കെ നിന്നുപോയിട്ടുണ്ട്. അങ്ങനെ സംഭവിക്കാതെ പോയൊരു ചിത്രമായിരുന്നു വ്യാഘ്രം. പീന്നിട് കുറച്ച് നാള്‍ മുമ്പ് ഷാജി കൈലാസ് എന്നെ വിളിച്ച് കടുവാക്കുന്നേല്‍ കുറുവച്ചന്റെ ജീവിതവുമായി ബന്ധപ്പെട്ടൊരു കഥയുമായി ഒരു തിരക്കഥാകൃത്ത് തന്നെ സമീപിച്ചിട്ടുണ്ടെന്നും ഞങ്ങള്‍ അന്ന് ആലോചിച്ച കഥയില്‍ നിന്നും വ്യത്യസ്തമായൊരു കഥയാണ് അതെന്നും ഷാജിയത് ചെയ്യാന്‍ ഉദ്ദേശിക്കുന്നതായും പറയുകയുണ്ടായി. ഷാജിയോട് നോ പറയാന്‍ എനിക്കാവില്ല. എനിക്കതില്‍ എതിര്‍പ്പൊന്നും പറയാനില്ല.

കുറുവച്ചന്‍ എന്റെ സൃഷ്ടിയാണ്

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രവും വ്യാഘ്രം എന്ന ടൈറ്റിലും ആ കഥാപാത്രത്തെ തന്നെ വച്ച് ഞാന്‍ ഉണ്ടാക്കിയതാണ്. അതുതന്നെയാണ് ഇപ്പോള്‍ അവകാശമുന്നയിക്കുന്നവരും പറയുന്നത്. എന്നാല്‍ ഓരോരുത്തരും പറയുന്ന കഥയ്ക്ക് വ്യത്യാസമുണ്ടാകുമല്ലോ, ഒരാളുടെ ജീവിതത്തില്‍ നിന്നും പല പാഠങ്ങളാണ് നമ്മള്‍ പഠിക്കുക. അതുകൊണ്ട് തന്നെ ചിലപ്പോള്‍ രണ്ട് കൂട്ടരും ഉദ്ദേശിക്കുന്നത് രണ്ട് വ്യത്യസ്ത കഥകളായിക്കൂടെ. ആര് സിനിമ ചെയ്താലും ഒരു എതിര്‍പ്പിനോ അവകാശവാദത്തിനോ ഞാന്‍ പോകുന്നില്ല. വസ്തുതകള്‍ പറഞ്ഞുവെന്ന് മാത്രമേ ഉള്ളു.

ഷാജിയും സുരേഷും ദോഷം വരുന്നത് ചെയ്യില്ല

ഷാജി കൈലാസും സുരേഷ്‌ഗോപിയും എന്റെ നല്ല സുഹൃത്തുക്കളാണ്. ഷാജിയ്ക്ക് ദോഷം വരുന്നത് ചെയ്യാന്‍ സുരേഷ് ഗോപിക്കോ സുരേഷ് ഗോപിക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ഷാജിക്കോ കഴിയില്ലെന്ന് വ്യക്തമായി അറിയാവുന്ന ആളാണ് ഞാന്‍. ഷാജി കൈലാസ് കുറേ വര്‍ഷങ്ങള്‍ക്കുശേഷം ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത് ഈ കഥയുമായിട്ടായിരുന്നു. അതുകൊണ്ടാണ് ഷാജിയോട് ഞാന്‍ ഒരു എതിര്‍പ്പും പറയാതെ യെസ് മൂളിയത്. പക്ഷേ മറ്റുള്ളവര്‍ അവകാശപ്പെടുന്നത് പോലെ ഈ കഥാപാത്രത്തെ അവരാരും സൃഷ്ടിച്ചതല്ല. 'കുറുവച്ചന്‍' എന്ന പേരും രൂപവും സൃഷ്ടിച്ചത് ഞാന്‍ തന്നെയാണ്.

ഒരു വിവാദമുണ്ടായാല്‍ ചിലപ്പോള്‍ കേസാകും കോടതി കയറും. അതൊക്കെ സാധാരണമാണ്. പക്ഷേ അതൊന്നും കാലാകാലത്തേയ്ക്ക് നിലനില്‍ക്കുമെന്ന് കരുതരുത്. എന്തൊക്കെ സംഭവിച്ചാലും ഇതിനൊരു ബെറ്റല്‍ സൊലുഷന്‍ അധികം വൈകാതെ ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഇത്തരം വിവാദങ്ങളില്‍പ്പെട്ട് കൈവിട്ടുപോകുന്ന ഒന്നല്ല തങ്ങളുടെ സൗഹൃദമെന്നും രഞ്ജി പണിക്കര്‍.

'കടുവാക്കുന്നേല്‍ കുറുവച്ചനു'മായി ഇന്നും ബന്ധമുണ്ട്, സാങ്കല്‍പ്പിക കഥാപാത്രവുമല്ല: രഞ്ജി പണിക്കര്‍
എന്താണ് കടുവാക്കുന്നേല്‍ കുറുവച്ചന്‍ തര്‍ക്കം? 'പൃഥ്വി ജീപ്പിന് മുകളില്‍, സുരേഷ് ഗോപി ബെന്‍സിന് മുകളില്‍'; ജിനു എബ്രഹാം പറയുന്നു
'കടുവാക്കുന്നേല്‍ കുറുവച്ചനു'മായി ഇന്നും ബന്ധമുണ്ട്, സാങ്കല്‍പ്പിക കഥാപാത്രവുമല്ല: രഞ്ജി പണിക്കര്‍
സുരേഷ് ഗോപിയുടെ 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' നിയമക്കുരുക്കില്‍, 'കടുവ' സിനിമകള്‍ ഇടയുന്നു

Related Stories

No stories found.
logo
The Cue
www.thecue.in