'ഹെവന്‍' ഒരു ക്ലാസിക് കുറ്റാന്വേഷണ കഥ: എഴുതുമ്പോഴെ മനസില്‍ ഉണ്ടായിരുന്നത് സുരാജാണെന്ന് തിരക്കഥാകൃത്ത് പി.എസ് സുബ്രഹ്‌മണ്യന്‍

'ഹെവന്‍' ഒരു ക്ലാസിക് കുറ്റാന്വേഷണ കഥ: എഴുതുമ്പോഴെ മനസില്‍ ഉണ്ടായിരുന്നത് സുരാജാണെന്ന് തിരക്കഥാകൃത്ത് പി.എസ് സുബ്രഹ്‌മണ്യന്‍

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായ ഹെവന്‍ ജൂണ്‍ 17ന് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായ സുബ്രഹ്‌മണ്യനാണ്. നവാഗതനായ ഉണ്ണി ഗോവിന്ദരാജാണ് ചിത്രത്തിന്റെ സംവിധായകന്‍. ത്രില്ലര്‍ ഴോണറില്‍ ഒരുപാട് സിനിമകള്‍ മലയാളത്തില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന സമയത്ത് ഹെവന്‍ എങ്ങനെയാണ് വ്യത്യസ്തമാകുന്നതെന്ന് തിരക്കഥാകൃത്ത് പി.എസ് സുബ്രഹ്‌മണന്‍ ദ ക്യുവിനോട് പറയുന്നു.

ഹെവന്‍ ഒരു ക്ലാസിക് ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറി

അടുത്ത കാലത്ത് മലയാളത്തില്‍ നിന്ന് ഒരുപാട് ത്രില്ലര്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം തന്നെ ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമകളാണ് എല്ലാം. സമീപകാലത്ത് റിലീസ് ചെയ്ത അഞ്ചാം പാതിരയാണ് അതില്‍ വലിയ ഹിറ്റായത്. അത് നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട സിനിമയാണ്. അതിന് ശേഷം സല്യൂട്ട്, അന്താക്ഷരി എല്ലാം ഒന്നിനൊന്ന് മികച്ച സിനിമകള്‍ തന്നെയാണ്. പക്ഷെ ഹെവന്‍ ഒരു ക്ലാസിക് ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിയാണ്. ആ ഒരു ഇന്‍വെസ്റ്റിഗേഷന്‍ മെത്തേഡിലാണ് സിനിമയുടെ ത്രില്ലും സസ്‌പെന്‍സുമെല്ലാം കൂടി കലര്‍ന്ന് കിടക്കുന്നത്. അത് തീര്‍ച്ചയായും വ്യത്യസ്തമായിരിക്കും. അതെനിക്ക് ഉറപ്പാണ്.

ഹെവന്‍ 10 ശതമാനം അനുഭവവും 80 ശതമാനം ഭാവനയുമാണ്

എന്റെ സര്‍വീസ് അനുഭവത്തിലുള്ള ഞാന്‍ പഠിച്ച കാര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തിയിട്ടുള്ളത് സിനിമയിലെ ഫോറന്‍സിക് ആസ്‌പെക്റ്റ്‌സിലാണ്. അതെല്ലാം യാഥാര്‍ത്ഥ്യമാണ്. ബാക്കി സിനിമയിലെ കുറ്റാന്വേഷണമെല്ലാം നമ്മുടെ ഭാവനയില്‍ നിന്നുള്ള സംഭവമാണ്. സിനിമയില്‍ പത്ത് ശതമാനം എന്റെ അനുഭവത്തില്‍ നിന്നും 90 ശതമാനം ഭാവനയുമാണ്.

പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍ എന്ന പുസ്തകത്തില്‍ നിന്ന് കിട്ടിയ ത്രെഡ്

പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍ എന്നൊരു പുസ്തകം ഉണ്ട്. അത് ഫോറന്‍സിക് മേധാവിയായിരുന്ന ഷേര്‍ഷി വാസു എഴുതിയ പുസ്തകമാണ്. മാഡം ഇപ്പോള്‍ പെന്‍ഷനായി. സൗമ്യ വധ കേസില്‍ എല്ലാം സജീവമായി ഉണ്ടായിരുന്നു മാഡം. ആ പുസ്തകം ഞാന്‍ വായിച്ചപ്പോള്‍, അതിലെ ഒറ്റ പാരാഗ്രാഫാണ് എന്നെ ഈ ചിന്തയിലേക്ക് നയിച്ചത്. പിന്നെ അവിടെ നിന്നുള്ള ഡെവലെപ്‌മെന്റായിരുന്നു. ആ പാരാഗ്രാഫും പേജും പ്രേക്ഷകര്‍ സിനിമ കണ്ട് കഴിയുമ്പോള്‍ ജനങ്ങള്‍ കണ്ട് പിടിക്കട്ടെ.

കഥ എഴുതുമ്പോഴെ മനസില്‍ വന്നത് സുരാജേട്ടന്‍

ഈ കഥ എഴുതുമ്പോള്‍ തന്നെ എന്റെ മനസില്‍ ഉണ്ടായിരുന്നത് സുരാജ് ഏട്ടനായിരുന്നു. ഞാന്‍ കഥ ഉണ്ണിയോട് (സംവിധായകന്‍) പറഞ്ഞപ്പോള്‍ അവന്‍ ഇങ്ങോട്ട് പറഞ്ഞു, ഇത് സുരാജ് ഏട്ടന്‍ ചെയ്യണമെന്ന്. അത് ഭയങ്കര അത്ഭുതമായി എനിക്ക് തോന്നി. എന്റെ ബാച്ച് മേറ്റായ വിജയരാഘവന്‍ എന്ന സി.ഐയുടെ അടുത്ത സുഹൃത്താണ് സുരാജ് ഏട്ടന്‍. അതുകൊണ്ട് വിജയരാഘവന്‍ വഴി എനിക്ക് സുരാജ് ഏട്ടനെ കൊണ്ട് സ്‌ക്രിപ്റ്റ് വായിപ്പിക്കാനുള്ള ഭാഗ്യം കിട്ടി. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ സുരാജ് ഏട്ടന്‍ എന്നെ തിരിച്ച് വിളിച്ചു, ഡണ്‍ എന്നും പറഞ്ഞ്. പിന്നീട് ശ്രീകുമാര്‍ ഏട്ടനാണ് (നിര്‍മാതാവ്) ഇതിലെ ബാക്കി കാര്യങ്ങളെല്ലാം ചെയ്തു തരുന്നത്.

ഹെവന്‍ യുവാക്കള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ഹിറ്റാകും

നാളെ (ജൂണ്‍ 17) സിനിമ റിലീസ് ചെയ്യുകയാണ്. സത്യം പറഞ്ഞാല്‍ വലിയ സന്തോഷത്തിലാണ്. അതോടൊപ്പം തന്നെ നല്ല ടെന്‍ഷനും ഉണ്ട്. കാരണം നമ്മള്‍ എത്ര കോണ്‍ഫിഡന്റ് ആയിട്ടും കാര്യമില്ല. ഇന്നത്തെ യൂത്ത് എന്ന് പറയുന്ന ഒരു വിഭാഗമുണ്ട്, ഒരു 14-24 വയസുവരെയുള്ള കുട്ടികള്‍. അവരെ തൃപ്തിപ്പെടുത്താന്‍ സാധിച്ചോ എന്ന് എനിക്ക് അറിയില്ല. അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ഈ സിനിമ ഹിറ്റാണ്. എന്റെ ജനറേഷനിലുള്ള ആളുകള്‍ക്ക് ഇഷ്ടപ്പെടുമെന്നും ത്രില്ലടിക്കുമെന്നും എനിക്ക് അറിയാം. കാരണം അവര്‍ എന്റെ ജനറേഷനാണല്ലോ. പക്ഷെ ഇപ്പോഴത്തെ കുട്ടികള്‍ കാണാത്ത സിനിമകളില്ല. അപ്പോള്‍ ഞങ്ങളുടെ ഈ സിനിമയും അതിന്റെ മേക്കിംഗും ആ കുട്ടികള്‍ക്ക് ഇഷ്ടപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

വൈകാരികമായ കുടുംബ കഥ കൂടിയാണ് ഹെവന്‍

ഹെവന്‍ എന്ന സിനിമയില്‍ വൈകാരികമായ ഒരു കുടുംബ കഥ കൂടി പറഞ്ഞു പോകുന്നുണ്ട്. ഭാര്യ ഇല്ലാത്ത ഒരു കഥാപാത്രമാണ് സുരാജ് ഏട്ടന്റേത്. അയാള്‍ക്ക് അമ്മയുണ്ട്. അത് വിനയ പ്രസാദാണ് ചെയ്തിരിക്കുന്നത്. അമ്മയും മകനും തമ്മിലുള്ള ആ ബന്ധമെല്ലാം കാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ആ കഥാപാത്രത്തെ ഭാര്യ മരിച്ച ഒരാളായി എഴുതിയത്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തിലൊന്നും തിരക്കഥാകൃത്തിനെ ഭാഗമാക്കാറില്ല. പക്ഷെ എന്റെ സംവിധായകനും നിര്‍മാതാവും അക്കാര്യത്തില്‍ എന്റെ അഭിപ്രായവും എടുത്തിട്ടുണ്ട്.

സര്‍ക്കാര്‍ ചിത്രീകരണത്തിനായി എനിക്ക് 45 ദിവസം ലീവ് അനുവദിച്ചു

ഹെവന്‍ സിനിമയുടെ ചിത്രീകരണത്തിനായി സര്‍ക്കാര്‍ എനിക്ക് 45 ദിവസം ലീവ് തന്നിരുന്നു. മാത്രമല്ല ഇത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എഴുതുന്ന തിരക്കഥ ആയതിനാല്‍ സര്‍ക്കാരില്‍ നിന്നും സാങ്ങ്ഷന്‍ വാങ്ങേണ്ടതുണ്ട്. കാരണം അതില്‍ മതപരമായതോ, കുട്ടികള്‍ക്കെതിരെയുള്ളതോ, സ്ത്രീകള്‍ക്ക് എതിരെയുള്ളതൊന്നും തന്നെ പാടില്ല. എനിക്ക് തിരക്കഥ എഴുതുമ്പോള്‍ ഒരുപാട് പരിമിതികള്‍ ഉണ്ടായിരുന്നു.

പിന്നെ ലീവ് തന്നതുകൊണ്ട് തന്നെ എനിക്ക് ചിത്രീകരണ സമയത്ത് സെറ്റില്‍ നില്‍ക്കാന്‍ സാധിച്ചിരുന്നു. ഷൂട്ടിങ്ങ് സമയത്ത്, എല്ലാ ദിവസവും രാവിലെ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് സുരാജ് ഏട്ടന്‍ ഒരു ഡിസ്‌കഷന്‍ വെച്ചിരുന്നു. നമുക്ക് വേണ്ട ആത്മവിശ്വാസം ആ മനുഷ്യന്‍ തന്നിരുന്നു

The Cue
www.thecue.in