തിയറ്ററില്‍ തന്നെ കാണേണ്ട ചിത്രമാണ് മലയന്‍കുഞ്ഞ്, സര്‍വൈവല്‍ ത്രില്ലര്‍: ഫാസില്‍ അഭിമുഖം

തിയറ്ററില്‍ തന്നെ കാണേണ്ട ചിത്രമാണ് മലയന്‍കുഞ്ഞ്, സര്‍വൈവല്‍ ത്രില്ലര്‍: ഫാസില്‍ അഭിമുഖം
WS3

വലിയ ഇടവേളക്ക് ശേഷം മലയാളിയുടെ പ്രിയ സംവിധായകന്‍ ഫാസില്‍ തിരിച്ചെത്തുന്നത് നിര്‍മ്മാതാവിന്റെ റോളിലാണ്. ഫഹദ് ഫാസില്‍ നായകനായ മലയന്‍കുഞ്ഞ് എന്ന സര്‍വൈവര്‍ ഡ്രാമയാണ് ഫാസിലിന്റെ നിര്‍മ്മാണത്തിലെത്തുന്നത്. റാംജിറാവു സ്പീക്കിംഗും, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടിയും, ചന്ദ്രലേഖയും ക്രോണിക് ബാച്ചിലറും ഉള്‍പ്പെടെ ഫാസിലാണ് നിര്‍മ്മിച്ചിരുന്നത്. നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ സംവിധായകന്‍ മഹേഷ് നാരായണനാണ്. 2021 ഫെബ്രുവരിയിലാണ് ചിത്രീകരണം. താന്‍ മൂലം ഒരാളെങ്കിലും സിനിമയില്‍ തുടക്കം കുറിക്കുന്നത് ഏറെ ഇഷ്ടമുള്ള കാര്യമാണെന്ന് മോഹന്‍ലാലിനെയും കുഞ്ചാക്കോ ബോബനെയും ഫഹദിനെയും മലയാളത്തിന് പരിചയപ്പെടുത്തിയ ചലച്ചിത്രകാരന്‍. മലയന്‍ കുഞ്ഞ് ഒരു ത്രില്ലറാണെന്നും ദ ക്യു അഭിമുഖത്തില്‍ ഫാസില്‍ പറയുന്നു.

നല്ലൊരു കഥ തേടുകയായിരുന്നു, സജിമോനെ പരിചയപ്പെടുത്തിയത് മഹേഷ്

കുറച്ചുകാലമായി സിനിമയിലേയ്ക്ക് തിരികെ വരണമെന്ന് കരുതുന്നു. എന്നെ സംബന്ധിച്ച് ഇടവേള വന്നുവെന്ന് പറയുന്നത് അത്ര വലിയ കാര്യമല്ല. കാരണം എന്റെ എല്ലാ ചിത്രങ്ങളും തമ്മില്‍ നല്ല ഗ്യാപ്പുണ്ട്. അതുകൊണ്ട് കുറച്ചുകാലം വിട്ടുനിന്നത് ഒരു പ്രശ്നമായി തോന്നുന്നില്ല. നല്ല തിരക്കുള്ള സമയത്തുപോലും ഞാന്‍ ഇടവേളകള്‍ ഇട്ടാണ് ചിത്രങ്ങള്‍ ചെയ്തിരുന്നത്. പിന്നെ ഇപ്പോള്‍ മലയന്‍കുഞ്ഞ് ചെയ്യുന്നത് നല്ല കഥയായതിനാല്‍ അത് നിര്‍മ്മിക്കാം എന്നുതോന്നി. മഹേഷ് നാരായണനും സജിമോനും ഈ കഥ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ അത് നിര്‍മ്മിക്കാം എന്നു സമ്മതിക്കുകയായിരുന്നു. കുറച്ചുനാളായി നല്ലൊരു കഥ ഞാന്‍ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.അങ്ങനെയാണ് മലയന്‍ കുഞ്ഞിലേയ്ക്ക് എത്തുന്നത്.ഞാന്‍ പണ്ടേ, അതായത് സിനിമയില്‍ വന്ന് ഒരു പത്ത് വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ പ്രൊഡക്ഷനിലേയ്ക്ക് തിരിഞ്ഞിരുന്നു. റാംജിറാവു സ്പീക്കിംഗ് ഞാനും കൂടി ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഇറങ്ങി ഒമ്പതാമത്തെ വര്‍ഷമാണ് ആ ചിത്രമിറങ്ങിയത്. പിന്നീട് കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടി, ചന്ദ്രലേഖ,ക്രോണിക് ബാച്ച്ലര്‍ തുടങ്ങി നിരവധി പടങ്ങള്‍ പിന്നീട് ഞാന്‍ നിര്‍മ്മിച്ചിട്ടുണ്ട്. സിനിമയെ സംബന്ധിച്ച് ഓരോ വര്‍ഷവും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. സാങ്കേതികമായതടക്കം നിരവധി മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങനെയുള്ളപ്പോള്‍ ഒരു ചിത്രം ചെയ്യാന്‍ ചിലപ്പോള്‍ കുറച്ചധികം സമയം എടുത്തുവെന്നുവരും.

തിയറ്ററില്‍ തന്നെ കാണേണ്ട ചിത്രമാണ് മലയന്‍കുഞ്ഞ്, സര്‍വൈവല്‍ ത്രില്ലര്‍: ഫാസില്‍ അഭിമുഖം
മലയന്‍കുഞ്ഞ് സര്‍വൈവല്‍ ഡ്രാമ, ഫാസില്‍ സാറിനൊപ്പം ചിത്രം ചെയ്യുക ഫഹദിന്റെ കൂടി ആഗ്രഹം: സജിമോന്‍

മഹേഷും കുമ്പളങ്ങിയും അഞ്ചാം പാതിരയും

അനിയത്തിപ്രാവ് എടുക്കുന്ന കാലത്ത് 'നാണം' എന്ന വികാരത്തിന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു.സ്ത്രീകള്‍ക്ക് ലജ്ജ എന്നുപറയുന്ന കാര്യം ഇല്ലാതാവുകയാണ്. അത് നല്ലതാണ്. പ്രണയത്തിന്റെ കാര്യം വരുമ്പോഴും ഈ ലജ്ജയില്ലായ്മ ഇന്നു കാണാം. അന്ന് അനിയത്തിപ്രാവില്‍ അഭിനയിക്കുമ്പോള്‍ ശാലിനി കുറച്ച് നാണമൊക്കെ കാണിക്കുന്നുണ്ട് .ഇങ്ങനെയുള്ള ചില സ്വഭാവവ്യത്യാസങ്ങള്‍ ഇന്ന് സിനിമയില്‍ ഉണ്ടായിട്ടുണ്ട്. ടേസ്റ്റില്‍ വലിയ വ്യത്യാസം വന്നിട്ടില്ലെങ്കിലും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ സിനിമയെ സ്വാധീനിക്കുന്നുണ്ട് എന്നുവേണം പറയാന്‍. അതുകൊണ്ട് ഞാന്‍ ഒരു ചിത്രം ചെയ്യാന്‍ തിരുമാനിക്കുമ്പോള്‍ ഈ മാറ്റങ്ങളൊക്കെ പഠിക്കേണ്ടതായിട്ടുണ്ട്. കാരണം എന്റെ ചിത്രങ്ങളധികവും പ്രണയം പ്രമേയമാക്കിയുള്ളവയാണല്ലോ. ഈ അടുത്തകാലങ്ങളില്‍ ഇറങ്ങിയ ചില ചിത്രങ്ങള്‍ ഞാന്‍ പറയാം. മഹേഷിന്റെ പ്രതികാരം, പ്രണയമാണ് അതിന്റെ തീം എങ്കിലും റിയലിസ്റ്റിക്കായിട്ട് ചെയ്തൊരു ചിത്രമാണത്.അതുപോലെ കുമ്പളങ്ങി നൈറ്റ്സ്.എന്നാല്‍ ഒരു ഇന്ത്യന്‍ പ്രണയകഥ ഒരു യഥാര്‍ത്ഥ സത്യന്‍ അന്തിക്കാട് ചിത്രം തന്നെ. അയ്യപ്പനും കോശിയും പക്കാ കൊമേഷ്യല്‍ മൂവിയാണ്.അഞ്ചാം പാതിര ഇങ്ങനെ ഉദാഹരണങ്ങള്‍ ഏറെയുണ്ട്.അപ്പോള്‍ അഭിരുചിയ്ക്ക് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല.എന്നാല്‍ സംഭാഷണത്തിലും പെരുമാറ്റത്തിലും അവതരണത്തിലും മാറ്റം വന്നിട്ടുണ്ട്.ആ മാറ്റങ്ങള്‍ കണ്ടുപഠിക്കുക,ടെക്നോളജില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെയെന്ന് അറിയുക, എന്നീ ഉദ്ദേശത്തോടെയൊക്കെയാണ് ഞാന്‍ ഇത്രകാലം കഴിഞ്ഞ് പ്രൊഡക്ഷനിലേയ്ക്ക് ഇറങ്ങുന്നത്.

തിയറ്ററില്‍ തന്നെ കാണേണ്ട ചിത്രമാണ് മലയന്‍കുഞ്ഞ്, സര്‍വൈവല്‍ ത്രില്ലര്‍: ഫാസില്‍ അഭിമുഖം
എന്നോടാണോ ചോദിക്കുന്നതെന്ന് മോഹന്‍ലാല്‍ ചോദിച്ചു, ആ പാഷന്‍ സംവിധാനത്തിലും കാണും: ഫാസില്‍

ഒരു നവാഗതനൊപ്പം പടം ചെയ്യാന്‍ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ ?

വളരെ കാലമായി അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന സജിമോനാണ് മലയന്‍കുഞ്ഞിന്റെ സംവിധായകന്‍. എനിക്ക് അദ്ദേഹത്തെ നേരിട്ട് പരിചയമില്ല. മഹേഷ് നാരായണനാണ് സജിമോനെ പരിചയപ്പെടുത്തുന്നത്.പിന്നെ ഞാന്‍ നിമിത്തമായിട്ടുള്ള ഒരു പടത്തില്‍ ഒരാള്‍ പുതുതായി വരുന്നത് എനിക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മോഹന്‍ലാല്‍, അനിയത്തിപ്രാവിലൂടെ കുഞ്ചാക്കോ ബോബന്‍ അങ്ങനെ ഒത്തിരിപ്പേര്‍.മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഇറങ്ങി പത്താം വാര്‍ഷികം ആകുന്നതിന് മുമ്പ് ഞാന്‍ കൂടി സഹകരിച്ച് നിര്‍മ്മിച്ച ചിത്രമാണ് റാംജിറാവു സ്പീക്കിംഗ് ആ ചിത്രത്തിന്റെ സംവിധായകന്‍, തിരക്കഥാകൃത്ത്,സംഗീതസംവിധായകന്‍, നായകന്‍ അങ്ങനെ എല്ലാം പുതുമുഖങ്ങളായിരുന്നു.അതുകൊണ്ട് ഞാന്‍ മൂലം ഒരാളെങ്കിലും പുതുതായി സിനിമയിലെത്തുന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്.

മലയന്‍ കുഞ്ഞില്‍ നിര്‍മ്മാതാവിന്റെ റോളില്‍ മാത്രം

ഇതില്‍ പൂര്‍ണ്ണമായും ഒരു നിര്‍മ്മാതാവിന്റെ വേഷമായിരിക്കും എനിക്ക്. ദൂരെ നിന്ന് വാച്ച് ചെയ്യുന്നൊരാള്‍ മാത്രമായിരിക്കും ഞാന്‍. കാസ്റ്റിംഗടക്കം മറ്റെല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതും ചെയ്യുന്നതും മഹേഷും സജിമോനും ചേര്‍ന്നാണ്. എനിക്ക് അഭിനയിക്കുന്നതിനോട് വിരോധമൊന്നുമില്ല. പക്ഷേ പൂര്‍ണ്ണമായും ഒരു നിര്‍മ്മാതാവെന്ന നിലയില്‍ ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യം. ഒരു ത്രില്ലര്‍ മൂവിയാണ് മലയന്‍കുഞ്ഞ്. പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ടുള്ളൊരു കഥയാണ് ഇതിന്റേത്. ത്രില്ലര്‍ സിനിമകള്‍ക്ക് എക്കാലത്തും പ്രേക്ഷകര്‍ക്ക് താല്‍പര്യമുള്ളൊരു സംഗതിയാണ്. രണ്ട് ഡിസ്‌കഷന്‍ ഇപ്പോള്‍ കഴിഞ്ഞു, സെറ്റ് തീരുമാനമായി. ഫെബ്രുവരിയില്‍ പടം തുടങ്ങാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

2021ല്‍ സംവിധാനത്തില്‍ ഒരു ചിത്രം പ്രതീക്ഷിക്കാമോ

പ്രതീക്ഷിക്കുന്നതിന് കുഴപ്പമൊന്നുമില്ല. എനിക്കും ഒരു ചിത്രം ചെയ്യണമെന്ന് ആഗ്രഹമൊക്കെയുണ്ട്. പക്ഷേ ഈ കൊറോണ പലരേയും പലതരത്തിലാണ് ബാധിച്ചിരിക്കുന്നത്.എന്നെ കൊറോണക്കാലം വായിക്കാനും എഴുതാനും തോന്നുന്നില്ല എന്ന അവസ്ഥയിലേയ്ക്കാണ് കൊണ്ടുവന്നിരിക്കുന്നത്.ഒരു കഥ എഴുതാമായിരുന്നല്ലോ, അല്ലെങ്കില്‍ രണ്ട് നോവല്‍ എഴുതിത്തീര്‍ക്കാമായിരുന്നല്ലോ എന്നൊക്കെ പറയാമെങ്കിലും ഒന്നിനും മനസ് വരുന്നില്ല എന്നതാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ. മയലന്‍ കുഞ്ഞ് ഫെബ്രുവരിയില്‍ ആരംഭിച്ച് ഏപ്രില്‍-മെയ് ഓടെ തീര്‍ക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. തീയറ്ററില്‍ തന്നെ പോയി കാണേണ്ട ഒരു ചിത്രമാണ് ഇത്. അടുത്തവര്‍ഷം ജനുവരിയില്‍ തീയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഏപ്രീലോടെ മാത്രമേ അത് സംബന്ധിച്ച തീരുമാനമാകൂ. ഓഗസ്റ്റോടെ ചിത്രം തീയറ്ററില്‍ എത്തിക്കാനാകണം. അതിനാല്‍ മലയന്‍കുഞ്ഞിന്റെ ഔട്ട് കം അറിഞ്ഞതിനുശേഷമേ ഞാന്‍ ഇനി എന്തെങ്കിലും തീരുമാനിക്കൂ

ദ ക്യു/ THE CUE പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തിയറ്ററില്‍ തന്നെ കാണേണ്ട ചിത്രമാണ് മലയന്‍കുഞ്ഞ്, സര്‍വൈവല്‍ ത്രില്ലര്‍: ഫാസില്‍ അഭിമുഖം
അഭിനന്ദിക്കേണ്ടത് സിനിമ കാണുന്ന ആള്‍ക്കൂട്ടത്തെ, ഒരു സിനിമയിലും അഭിനയിച്ച് തൃപ്തി വന്നിട്ടില്ല: ഫഹദ് ഫാസില്‍ അഭിമുഖം
Summary

Fazil interview on Fahadh Faasil's Malayankunju movie

Related Stories

No stories found.
logo
The Cue
www.thecue.in