ദുല്‍ഖര്‍ സല്‍മാന്റെ മികച്ച 5 കഥാപാത്രങ്ങള്‍  

ദുല്‍ഖര്‍ സല്‍മാന്റെ മികച്ച 5 കഥാപാത്രങ്ങള്‍  

മമ്മൂട്ടിയുടെ മകന്റെ അരങ്ങേറ്റം എന്ന ടാഗ് ലൈന്‍ ഇല്ലാതെ ആയിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രം സെക്കന്‍ഡ് ഷോ തിയ്യേറ്ററുകളിലെത്തിയത്. ചാനല്‍ ക്യാമറകള്‍ക്കോ സോഷ്യല്‍ മീഡിയാ പ്രചാരകര്‍ക്കോ ഇടം കൊടുക്കാതെ ശ്രീനാഥ് രാജേന്ദ്രന്‍ എന്ന സംവിധായകനുള്‍പ്പെടുന്ന ഒരു കൂട്ടം നവാഗതര്‍ക്കൊപ്പം അവരിലൊരാളായി ആദ്യ സിനിമ. ആദ്യ സിനിമ മുതല്‍ മമ്മൂട്ടിയുടെ അഭിനയ ശൈലിയമായി തന്നെ താരതമ്യം ചെയ്യാനിരുന്നവര്‍ക്ക് അവസരം നല്‍കാതെ സ്വന്തം ശൈലി പ്രേക്ഷകര്‍ക്ക് മുന്നില്‍ വയ്ക്കുകയായിരുന്നു ദുല്‍ഖര്‍ ചെയ്തത്. കരിയറിലെ ഏഴ് വര്‍ഷത്തില്‍ ചെയ്ത ഇരുപത്തിയഞ്ചോളം കഥാപാത്രങ്ങളിലും ആ ശൈലി മികവാര്‍ന്ന രീതിയില്‍ വളര്‍ത്തിയെടുക്കാനും ദുല്‍ഖറിന് കഴിഞ്ഞു. ദുല്‍ഖറിനെ പ്രേക്ഷകര്‍ക്ക് സ്വീകാര്യനാക്കിയ, നടന്‍ എന്ന നിലയില്‍ ദുല്‍ഖര്‍ മുന്നേറിയ അഞ്ച് കഥാപാത്രങ്ങള്‍

കരീംക്കയുടെ കൊച്ചുമോന്‍ ഫൈസി

കരീംക്കയുടെ കൊച്ചുമോന്‍ ഫൈസി

ദുല്‍ഖറിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രം. അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടലി’ല്‍ ഫൈസി എന്ന കഥാപാത്രമായിട്ടായിരുന്നു ദുല്‍ഖറെത്തിയത്. സെക്കന്‍ഡ് ഷോയിലെ ലാലുവില്‍ നിന്ന് ഫൈസി തികച്ചും വ്യത്യസ്തമായിരുന്നു. വിദേശത്ത് വളര്‍ന്ന, കേരളത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്ന, യാതൊരു പക്വതയുമില്ലെന്നും തോന്നിപ്പിക്കുന്ന കഥാപാത്രം. പ്രേക്ഷകരെ കഥാപാത്ത്രതിലേക്ക് അടുപ്പിക്കുന്ന തരത്തില്‍ ക്യൂട്ടായിരുന്നു ഫൈസി. ഫൈസിയുടെ നാട്ടിലെ ജീവിതവും ഉസ്താദ് ഹോട്ടലിനെ ചുറ്റിപ്പറ്റിയുള്ള അവന്റെ ജീവിതവുമെല്ലാം ദുല്‍ഖര്‍ ലാളിത്യത്തോടെ അവതരിപ്പിച്ചു. അതിനൊപ്പം മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളായ തിലകനൊപ്പമുള്ള കെമിസ്ട്രി. കരീംക്കയും കൊച്ചുമോന്‍ ഫൈസിയും.

കാമുകിയെ തേടി അതിരുകള്‍ താണ്ടിയ കാസി

കാമുകിയെ തേടി അതിരുകള്‍ താണ്ടിയ കാസി

സമീര്‍ താഹിറിന്റെ സംവിധാനത്തില്‍ പിറന്ന ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ കേരളത്തിലെ യുവാക്കളെ ദുല്‍ഖറിലേക്ക് അടുപ്പിച്ച ചിത്രമാണ്. അസി എന്ന കാമുകിയെ കാണുവാനായി നാഗാലാന്റിലേക്കുള്ള കാസിയുടെ യാത്ര. മോട്ടോര്‍ സൈക്കിള്‍ ഡയറീസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിട്ടുള്ള ചിത്രത്തിലൂടെ ആയിരുന്നു ദുല്‍ഖര്‍ ഒരു യൂത്ത് ഐക്കണും ട്രെന്‍ഡ് സെറ്ററുമായി മാറുന്നതും. പിന്നീട് ട്രോള്‍ രൂപത്തിലെങ്കിലും ചര്‍ച്ച ചെയ്യപ്പെട്ട് ദുല്‍ഖറിന്റെ നാടും വീടും വിട്ടുള്ള പോക്ക് കാസിയുടെ പ്രണയത്തിനായുള്ള യാത്രയില്‍ തുടങ്ങിയതാണ്. കാസി എന്ന കഥാപാത്രത്തിന്റെ പ്രണയവും സൗഹൃദവും യാത്രയും എല്ലാം പക്വതയോടെ ദുല്‍ഖര്‍ മികവുറ്റതാക്കി. ആദ്യ ചിത്രങ്ങളിലെ ന്യൂ ബോയ്, അര്‍ബന്‍ യൂത്ത് ശരീരഭാഷയില്‍ നിന്ന് ആക്ടര്‍ എന്ന നിലയില്‍ ദുല്‍ഖര്‍ നടത്തിയ മുന്നേറ്റം കൂടിയാണ് നീലാകാശത്തിലെ കാസി.

തിരസ്‌കാരത്തിലും തോല്‍ക്കാത്ത അജു

തിരസ്‌കാരത്തിലും തോല്‍ക്കാത്ത അജു

അഞ്ജലി മേനോന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ബാംഗ്ലൂര്‍ ഡേയ്‌സ്’ യുവതാരങ്ങളുടെ മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്നു, ഫഹദ്, നിവിന്‍, നസ്രിയ, പാര്‍വതി, നിത്യാ മേനോന്‍, ഇഷ തല്‍വാര്‍ എന്നിവരായിരുന്നു ചിത്രത്തില്‍ ദുല്‍ഖറിന്റെ സഹതാരങ്ങള്‍. കരിയറിലെ മൂന്നാം വര്‍ഷത്തില്‍ ദുല്‍ഖര്‍, അജു എന്ന ബൈക്ക് റേസറായിട്ടായിരുന്നു ചിത്രത്തിലെത്തിയത്. മാതാപിതാക്കളുടെ വേര്‍പിരിയലില്‍ ജീവിതത്തിന്റെ താളം മുറിഞ്ഞു പോയ യുവാവ്. കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോയവന്‍. തിരസ്‌കാരത്തിന്റെ നീറ്റല്‍ പേറിയ അജു കസിന്‍സിടയില്‍ സാഹസികനായ,കട്ടയ്ക്ക് എന്തിനും കൂടെ നില്‍ക്കുന്ന ആളുമായിരുന്നു. വാശിയും ദേഷ്യവും എല്ലാം നിറഞ്ഞ റേസറായും ഒപ്പം പിന്നാലെ നടക്കാനല്ല ഒപ്പം നടക്കാനാണ് എന്ന് പറഞ്ഞ കാമുകനായും ദുല്‍ഖറിനെ പ്രേക്ഷകര്‍ സ്വീകരിച്ചു. വൈകാരിക രംഗങ്ങള്‍ കയ്യടക്കത്തോടെ അവതരിപ്പിക്കാനാകുമെന്ന് ദുല്‍ഖര്‍ തെളിയിക്കുന്നതും ചിത്രത്തിലൂടെയാണ്. ബാംഗ്ലൂര്‍ ഡേയ്സ് ഏറ്റവുമധികം ഗുണം ചെയ്തതും ദുല്‍ഖറിനാണ്.

കാറ്റ് പോലൊരു ചാര്‍ലി

കാറ്റ് പോലൊരു ചാര്‍ലി

ദുല്‍ഖറിലെ അഭിനേതാവിന്റെ വളര്‍ച്ചയായിരുന്നു ‘ചാര്‍ലി’. ഉണ്ണി ആര്‍ രചിച്ച് മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിലെ ചാര്‍ലിയെ കുറിച്ച് പറയുന്നത് അതൊരു ജിന്നാണെന്നാണ്. ആ ജിന്നിനെ കയ്യടക്കത്തോടെ അവതരിപ്പിച്ചതാണ് ദുല്‍ഖറിന്റെ കരിയറിലെ അഭിനേതാവിന്റെ രണ്ടാം ഘട്ടം. ചാര്‍ലി എന്ന കഥാപാത്രത്തെ തേടി പോകുന്ന ടെസയുടെ കഥയാണ് ചിത്രം. അത്രയേറെ ഫാന്റസി നിറഞ്ഞ, കൗതുകം ഒളിപ്പിച്ചിട്ടുള്ള ചെറിയ വട്ടുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു കഥാപാത്ര സൃഷ്ടിയെ മറ്റൊരാളിലേക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധത്തില്‍ ദുല്‍ഖര്‍ മികവുറ്റതാക്കി. ചാര്‍ലി ആരെന്ന് ടെസയെ പോലെ അറിയാന്‍ പ്രേക്ഷകനെ കൊതിപ്പിക്കുന്നതും ദുല്‍ഖറിന്റെ സ്‌ക്രീന്‍ പ്രെസന്‍സ് തന്നെ ആയിരുന്നു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ദുല്‍ഖറിന് ലഭിച്ച ചിത്രവുമാണ് ചാര്‍ലി.

നെഗറ്റീവ് ഛായയുള്ള ജെമിനി ഗണേശന്‍

നെഗറ്റീവ് ഛായയുള്ള ജെമിനി ഗണേശന്‍

‘മഹാനടി’ എന്ന തെലുങ്ക് ചിത്രത്തിലേക്ക് ദുല്‍ഖര്‍ എത്തുന്നത് 2018ലാണ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത സാവിത്രിയുടെ ബയോപ്പിക്കില്‍ ജെമിനി ഗണേശന്‍ എന്ന സൂപ്പര്‍ താരത്തെ ശരീരഭാഷയിലൂടെയും മാനറിസങ്ങളിലൂടെയും ദുല്‍ഖര്‍ തന്റേതാക്കി മാറ്റി. ദുല്‍ഖറിന് മലയാളത്തില്‍ ഇതുവരെ ലഭിച്ചതിലും സങ്കീര്‍ണ്ണമായ കഥാപാത്രമായിരുന്നു ജെമിനി ഗണേശന്‍. കാതല്‍ മന്നന്‍ എന്ന വിശേഷണത്തിന് അപ്പുറത്ത് സാവിത്രിയുടെ വളര്‍ച്ചയില്‍ അപകര്‍ഷതയും അസൂയയുമായി നില്‍ക്കുന്ന പ്രതിനായക ഭാവമുള്ള ജെമിനിയെ ആദ്യ തെലുങ്ക് ചിത്രം എന്ന് തോന്നിപ്പിക്കാത്ത തരത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചു. നാടകീയതയില്ലാതെ സങ്കീര്‍ണ്ണമായ വൈകാരിക രംഗങ്ങള്‍ തന്മയത്തോടെ അവതരിപ്പിച്ച് തെലുങ്ക് അരങ്ങേറ്റം ദുല്‍ഖര്‍ മികവുറ്റതാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in