'മൈക്കിൽ ട്രാൻസ്ഫോബിയ എവിടെയെന്ന് മനസിലാകുന്നില്ല'; ആദം ഹാരിയുടെ വിമർശനങ്ങളെക്കുറിച്ച് വിഷ്ണു ശിവപ്രസാദ്

'മൈക്കിൽ ട്രാൻസ്ഫോബിയ എവിടെയെന്ന് മനസിലാകുന്നില്ല'; ആദം ഹാരിയുടെ വിമർശനങ്ങളെക്കുറിച്ച് വിഷ്ണു ശിവപ്രസാദ്

വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത് അനശ്വര രാജന്‍, രഞ്ജിത്ത് സജീവ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മൈക്ക് ട്രാന്‍സ്‌ഫോബിക്ക് എലമെന്റുള്ള സിനിമയാണെന്ന് ട്രാന്‍സ്മാന്‍ ആദം ഹാരി. സിനിമ കണ്ടു തീര്‍ത്തത് വളരെ അസ്വസ്ഥതയോടെയാണ്. മാര്‍ക്ക്റ്റിംഗിനും, വ്യത്യസ്തതയ്ക്കും വേണ്ടി ഒരു റിസര്‍ച്ചും ചെയ്യാതെ ട്രാന്‍സ് വിഷയം കുത്തിക്കയറ്റിയിരിക്കുകയാണെന്നും ആദം ഫേസ്ബുക്കില്‍ കുറിച്ചു.

മൈക്കിന്റെ റിലീസിന് മുമ്പ് ചിത്രത്തിലെ ലഡ്ക്കി എന്ന ഗാനവും ട്രെയ്‌ലറും പുറത്തിറങ്ങിയപ്പോഴും ചിത്രത്തില്‍ ട്രാന്‍സ്‌ഫോബിക്ക് എലമെന്റുണ്ടെന്ന് ആദം ചൂണ്ടിക്കാണിച്ചിരുന്നു. ആദത്തിന് പുറമെ ക്വീര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള മറ്റ് ചിലരും സിനിമ പ്രോബ്ലമാറ്റിക്കാണെന്ന അഭിപ്രായം വ്യക്തമാക്കിയിരുന്നു.

ആദം ഹാരിയുടെ പോസ്റ്റിലെ പ്രധാന ഭാഗങ്ങള്‍:

മൈക്ക് സിനിമ ഇന്ന് വളരെ അസ്വസ്ഥതയോടെയാണ് കണ്ടു തീര്‍ത്തത്. ചിത്രം തുടങ്ങുമ്പോള്‍ ഉള്ള സ്ത്രീവിരുദ്ധതയും ട്രാന്‍സ് വിരുദ്ധതയുമുള്ള ലഡ്ക്കി എന്ന പാട്ടും, പിന്നെ പള്ളീലച്ഛന്റെ ബൈബിളിലെ ഹവ്വയുടെ അനുസരണക്കേടിന്റെ പരാമര്‍ശതിലൂടെയുമാണ് തുടക്കം, നായകനെ ഒരു രക്ഷകനാക്കിയാണ് ചിത്രീകരിച്ചിട്ടുള്ളത്.

കൂടാതെ ഒരു പുരുഷനായിരിക്കുക എന്നത് മദ്യപാനവും പുകവലിയും ആണെന്ന് വിശ്വസിക്കുന്ന സാറ ജന്‍ഡര്‍ അഫിര്‍മേറ്റീവ് സര്‍ജറിക്ക് തയ്യാറാകുന്നു. അതിനു സാറ കാണുന്ന കാരണങ്ങള്‍ ആശങ്കയില്ലാതെ ആരുടെ അടുത്തും ഉറങ്ങാന്‍ കഴിയുക, പാചകം ചെയ്യാതിരിക്കാന്‍ പറ്റുക , സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കുക, എവിടെയും മൂത്രമൊഴിക്കുക, വൈകുന്നേരം 6 മണിക്ക് ശേഷം റോഡിലൂടെ നടന്ന് സ്വാതന്ത്ര്യം ആസ്വദിക്കുക. അവരുടെ മിക്ക പ്രതികരണങ്ങളും അവരുടെ മാതാപിതാക്കളോടുള്ള പ്രതിഷേധമായി തോന്നുന്നു, ബലഹീനനായ ഭര്‍ത്താവിനെ അവഗണിച്ച് മറ്റൊരു കാമുകനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച അവരുടെ അമ്മയും അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്ത അവരുടെ അച്ഛനും ഒക്കെ സാറയുടെ ട്രാന്‍സിഷന്‍ ചെയ്യാനുള്ള കാരണങ്ങളായാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.

അതുപോലെത്തന്നെ ചിത്രത്തിന്റെ സെക്കന്റ് ഹാഫില്‍ അമ്മയുടെ കാമുകന്റെ അടുത്തുനിന്നുണ്ടായ മോശം അനുഭവവും സാറയുടെ ട്രാന്‍സിഷന്‍ ചെയ്യാനുള്ള കാരണങ്ങളില്‍ ഒന്നായി കാണിക്കുന്നുണ്ട്, അബ്യുസും സാമൂഹിക സാഹചര്യങ്ങളുമാണ് ഒരാളെ ട്രാന്‍സിഷന്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്നുള്ള തെറ്റായ ധാരണ ഊട്ടിയുറപ്പിക്കുകയാണ് സിനിമയിലുടനീളം

ആദം ഹാരി

Adam Harry
Adam Harry

എന്നാല്‍ സിനിമ എങ്ങനെയാണ് ട്രാന്‍സ്‌ഫോബിക്ക് ആകുന്നതെന്ന് തനിക്ക് മനസിലായിട്ടില്ലെന്ന് സംവിധായകന്‍ വിഷ്ണു ശിവപ്രസാദ് ദ ക്യുവിനോട് പ്രതികരിച്ചു. 'എവിടെയാണ് ഞാന്‍ സാറയെ ട്രാന്‍സ്ജന്‍ഡറായി കാണിച്ചിരിക്കുന്നത് എന്ന് എനിക്ക് മനസിലായിട്ടില്ല. കാരണം സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ സാറയെ ടീനേജ് സമയത്ത് കണ്‍ഫ്യൂസ്ഡായിട്ടുള്ള കുട്ടിയായാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്തും ചാടിക്കേറി ചെയ്യുന്ന, എല്ലാ പരിപാടിക്കും പോകുന്ന, ആണ്‍കുട്ടികള്‍ക്ക് ചെയ്യാമെങ്കില്‍ അത് എന്തുകൊണ്ട് എനിക്ക് ചെയ്ത് കൂടാ എന്ന് ചിന്തിക്കുന്ന ഒരു പെണ്‍കുട്ടിയാണ് സാറ', വിഷ്ണു പറഞ്ഞു.

'സാറ സര്‍ജറി ചെയ്യാന്‍ പോകുന്ന സമയത്ത് സുഹൃത്ത് പറയുന്നത്, ഇത് വെറുതെയൊരു തോന്നലിന്റെ പുറത്ത് എടുത്ത് ചാടി ചെയ്യേണ്ടതല്ല എന്നാണ്. അത് മാത്രല്ല, ഈ സിനിമയില്‍ സാറ സെക്‌സ് ചേഞ്ചിന് പോകുന്നു എന്ന് പറയുന്നുണ്ട്. എന്നാല്‍ സിനിമയുടെ തുടക്കത്തില്‍ സാറ മാസെക്ടമിയെ കുറിച്ചാണ് സെര്‍ച്ച് ചെയ്യുന്നത്. അതിന്റെ കാര്യങ്ങള്‍ ഹോസ്പിറ്റലില്‍ അന്വേഷിക്കുന്നതാണ് ലഡ്ക്കി എന്ന് പറയുന്ന പാട്ടില്‍ കാണിച്ചിട്ടുള്ളത്. ആ പാട്ടിന്റെ അവസാനം ഹോസ്പിറ്റലില്‍ നിന്നും മെയില്‍ വരുമ്പോഴാണ് സാറ ആദ്യമായിട്ട് മൈക്ക് എന്ന് എഴുതുന്നതെന്നും' വിഷ്ണു വ്യക്തമാക്കി.

'ഇവര്‍ പറയുന്നത് പോലെ ചെറുപ്പം മുതലെ നേരിടേണ്ടി വന്ന അബ്യൂസുകള്‍ കാരണം ഇത്തരത്തില്‍ ചിന്തിക്കുന്ന ഒരാളായി മാറുകയല്ല സാറ ചെയ്യുന്നത്. അത് സിനിമയില്‍ കാണാന്‍ സാധിക്കും. പിന്നെ ആദം ഹാരിയുടെ പോറ്റിനെ കുറിച്ച് എനിക്ക് കൃത്യമായി അറിയില്ല. ഞാന്‍ അതൊന്നും വ്യക്തമായി ശ്രദ്ധിച്ചിട്ടില്ല. നിലവില്‍ സിനിമയെ കുറിച്ച് നല്ലതെന്നും മോശമെന്നുമെല്ലാം അഭിപ്രായം വരുന്നുണ്ട്. എല്ലാത്തിലും നമുക്ക് അഭിപ്രായം പറയാനാവില്ല. നമ്മളിലേക്ക് ഒരു ചോദ്യം വരുന്ന സാഹചര്യത്തില്‍ അതിനുള്ള മറുപടി പറയാമെന്നാണ് എന്റെ അഭിപ്രയം. അതുകൊണ്ട് തന്നെ ഞാന്‍ ആ പോസ്റ്റുകളൊന്നും ശ്രദ്ധിച്ചിരുന്നില്ല.

ഞാന്‍ ആദം ഹാരിയുടെ പോസ്റ്റിനെ കുറിച്ച് അറിയുന്നത് ഒരു ഓണ്‍ലൈന്‍ മീഡിയയില്‍ വന്ന വാര്‍ത്തയില്‍ നിന്നാണ്. ആ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യം എനിക്ക് തമാശയായാണ് തോന്നിയത്. സിനിമയുടെ ഫസ്റ്റ് ഹാഫ് കണ്ടു പുറത്തിറങ്ങിയ ആദം ഹാരി ഇട്ട ഫേസ്ബുക് പോസ്റ്റിലാണ് ഈ വിഷയത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് എന്നാണ് വാര്‍ത്തയില്‍ ഉണ്ടായിരുന്നത്. അപ്പോള്‍ ഒരു സിനിമയുടെ ഫസ്റ്റ് ഹാഫ് മാത്രം കണ്ട് ക്ലൈമാക്‌സ് അറിയാതെ എങ്ങെയാണ് സിനിമ മോശമാണെന്ന് പറയുന്നതെന്ന് എനിക്ക് മനസിലായില്ല', വിഷ്ണു കൂട്ടിച്ചേര്‍ത്തു.

'ചിലപ്പോള്‍ പിന്നീട് ആദം സിനിമ മുഴുവനായും കണ്ടിട്ടുണ്ടാകും. ചിലപ്പോള്‍ അയാള്‍ അത് കാണാതെ പോയിട്ടുണ്ടാകും. ഇനി ആദം സിനിമ മുഴുവനായി കണ്ടിട്ടുണ്ടെങ്കില്‍ തന്നെ ഏത് ഭാഗത്താണ് ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റിയെ മോശമായി ചിത്രീകരിച്ചിരിക്കുന്നതെന്നും' വിഷ്ണു ചോദിക്കുന്നു.

ലഡ്ക്കി എന്ന പാട്ടിനെ കുറിച്ച് ഒരു പോസ്റ്റ് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. അതില്‍ ഷര്‍ട്ടും പാന്റും ഒരു പെണ്‍കുട്ടി ഇട്ടാല്‍ ആണ്‍ ആകും എന്ന തരത്തിലാണോ ഞങ്ങള്‍ സിനിമയെ ട്രീറ്റ് ചെയ്തിരിക്കുന്നത് എന്ന് ചോദിക്കുന്നുണ്ട്. അവരോട് ഞാന്‍ തിരിച്ച് ചോദിക്കുന്നു, ഷര്‍ട്ടും പാന്റും ഒരു പെണ്‍കുട്ടി ഇട്ടുകഴിഞ്ഞാല്‍ അയാള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആകുമോ? എനിക്കത് മനസിലായിട്ടില്ല. ഏത് വേഷം ധരിക്കണം എന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. അത് അനുസരിച്ച് ഒരാള്‍ക്ക് എങ്ങനെ വേണമെങ്കിലും വസ്ത്രം ധരിക്കാം. ഇതില്‍ എവിടെയാണ് ഞാന്‍ ട്രാന്‍സ്ഫോബിക് ആയിട്ട് പറഞ്ഞിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായിട്ടില്ല.

വിഷ്ണു ശിവപ്രസാദ്

Vishnu Sivaprasad
Vishnu Sivaprasad

'ട്രാന്‍സ്ജന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ പെട്ടവര്‍ പറയുന്നു, ഞങ്ങള്‍ സാധാരണകാരുടെ ഇടയില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നു എന്ന്. സാധാരണക്കാരുടെ ഇടയിലെ കണ്‍ഫ്യൂഷന്‍ ഒഴിവാക്കണമെന്നുണ്ടെങ്കില്‍ അവര്‍ക്ക് കൃത്യമായ ബോധവത്കരണം ഈ വിഷയത്തില്‍ കൊടുക്കണം. അതാണല്ലോ നമ്മള്‍ ചെയ്യേണ്ടത്. സാറയുടെ കണ്‍ഫ്യൂഷന്‍ തന്നെയാണ് സിനിമ പറയുന്നത്. പക്ഷെ സിനിമയില്‍ എവിടെയും സാറ ട്രാന്‍സ്ജിന്‍ഡര്‍ ആണെന്ന് പറയുന്നില്ല. ട്രെയിലറിലുള്‍പ്പെടെ എല്ലാവരും കണ്ടിട്ടുള്ളതാണ്, അവളുടെ കൂട്ടുകാര്‍ 'നീ ആണ് തന്നെയല്ലേ , ഈ ഒരു വ്യത്യാസം മാത്രം അല്ലെ ഒള്ളു ' എന്നാണ് ചോദിക്കുന്നത്. സാറയെ സംബന്ധിച്ച് ആ ഫീച്ചര്‍ മാത്രമാണ് സ്ത്രീയുടെത്. ബാക്കി എല്ലാ രീതിയിലും അവള്‍ ആണാണ്. പക്ഷെ അത് സാറയുടെ സിറ്റ്വേഷന്‍സ് കാരണം തോന്നിപ്പോകുന്ന കണ്‍ഫ്യൂഷനാണ്', വിഷ്ണു പറഞ്ഞു.

'നമ്മുടെ ടീനേജ് സമയത്ത് ഈ കണ്‍ഫ്യൂഷന്‍ പഠന കാര്യം മുതല്‍ എല്ലാത്തിലും ഉണ്ടാവാറുണ്ട്. അത്തരമൊരു അവസ്ഥയിലൂടെ കടന്ന് പോകുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് മൈക്ക്. അതുപോലെ തന്നെ ലഡ്ക്കി എന്ന് വിളിച്ചതിലും പ്രശ്‌നമുണ്ടെന്ന് പറയുന്നു. അവിടെ സമൂഹമാണ് ലഡ്ക്കി എന്ന് വിളിക്കുന്നത്. അല്ലാതെ സംവിധായകന്റെയോ, സാറയുടെയോ പോയന്റ്ഓഫ് വ്യൂ അല്ല. അതിലെ വരികള്‍ കേട്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. 'കാലം മാറണ, കോലം പേറുകയാണോ പെണ്ണേ നീ' എന്ന് ചോദിക്കുന്നത് സമൂഹമാണ്. അങ്ങനെയാണ് ഞങ്ങള്‍ ആ പാട്ടിനെ ട്രീറ്റ് ചെയ്തിരിക്കുന്നതെന്നും' സംവിധായകന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in