അടിത്തട്ട് സിനിമ കാണാൻ വന്നവരെ തിരിച്ചയച്ചു, സുരഭി തിയറ്ററിനെതിരെ സംവിധായകൻ

അടിത്തട്ട് സിനിമ കാണാൻ വന്നവരെ തിരിച്ചയച്ചു, സുരഭി തിയറ്ററിനെതിരെ സംവിധായകൻ

ജിജോ ആന്റണി ചിത്രം അടിത്തട്ട് കാണാന്‍ വന്നവരെ ചാലക്കുടി 'സുരഭി' തിയേറ്റര്‍ അധികൃതര്‍ തിരിച്ചയച്ചു. ഇതിനെതിരെ പ്രതിഷേധിച്ച് സംവിധായകന്‍ ജിജോ ആന്റണി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. നിവര്‍ന്നു നില്‍ക്കാന്‍ ബദ്ധപ്പെടുന്ന സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന ഇത്തരം പ്രവണതകള്‍ അങ്ങേയറ്റം മോശമാണെന്നും, കഷ്ടപ്പെട്ട് ചെയ്ത സിനിമയോട് ഇങ്ങനെയാണ് 'സുരഭി' യുടെ സമീപനമെങ്കില്‍ ഞങ്ങള്‍ പ്രതികരിക്കുമെന്നാണ് ജിജോ ആന്റണി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

തിയേറ്ററില്‍ ആളുകള്‍ വരണമെങ്കില്‍ തിയേറ്റര്‍ക്കാര്‍ക്ക് പൈസ കൊടുത്ത്, ബിരിയാണിയും മേടിച്ചു കൊടുക്കണമെന്നാണെങ്കില്‍ ഈ പരിപാടി നിര്‍ത്തുക എന്ന ഒറ്റ വഴിയേ മുന്നിലുള്ളു എന്ന് ജിജോ ആന്റണി ദ ക്യുവിനോട് പറഞ്ഞു. സിനിമ കാണാന്‍ വരുന്നവര്‍ വണ്ടി പാര്‍ക്ക് ചെയ്യുന്ന സമയത്ത് 15 സെകന്റിലാണ് തിയേറ്റര്‍ അധികൃതര്‍ പടം മോശമാണെന്ന് പറഞ്ഞ് ആളുകളെ തിരിച്ചയക്കുന്നതെന്നും ജിജോ ആന്റണി കൂട്ടിച്ചേര്‍ത്തു. ഇന്‍ഡസ്ട്രി വളരണം എന്നൊക്കെ പറയുന്നവര്‍ തന്നെ ഇങ്ങനെയൊക്കെ ചെയ്യുന്നത് വളരെ മോശമാണെന്നും ജിജോ പറഞ്ഞു.

ജിജോ ആന്റണിയുടെ വാക്കുകള്‍

ഒന്ന്, രണ്ട് പേര്‍ 'അടിത്തട്ട്' കാണാന്‍ ചാലക്കുടി 'സുരഭി' തിയേറ്ററില്‍ ചെന്നപ്പോള്‍, അവിടെ നിന്ന ചില ആളുകള്‍ ഈ സിനിമ കൊള്ളില്ല, സിനിമ മുഴുവന്‍ തെറിവിളിയാണ് എന്നൊക്കെ പറഞ്ഞ് ടിക്കറ്റ് എടുക്കാന്‍ നിക്കുന്ന ആളുകളെ പറഞ്ഞുവിട്ടു. നമ്മളൊരു സിനിമയ്ക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട് കഴിഞ്ഞ് അവസാനം തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത് വളരെ കഷ്ടമാണ്. തിയേറ്റര്‍ക്കാരെ വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞത് സിനിമ കാണാന്‍ 5 പേരെ ഉണ്ടായിരുന്നുള്ളു എന്നാണ്. 5 പേരാണെങ്കിലും പറഞ്ഞു വിട്ടാല്‍ അവര്‍ പടം കാണാതെ പോവില്ലേ. ചാലക്കുടി 'സുരഭി' തിയേറ്ററിലെ സെക്യൂരിറ്റിയും, ജീവനക്കാരും അവരുടെ പോക്കറ്റില്‍ 5000 രൂപ വെച്ച് കൊടുക്കുന്നവരുടെ പടം കൊള്ളാമെന്ന് പറയുകയാണ്.

തിയേറ്ററില്‍ സിനിമ വരണം, ഇന്‍ഡസ്ട്രി വളരണം എന്നൊക്കെ പറയുന്നവര്‍ തന്നെ നമ്മുടെയടുത്ത് ഇങ്ങനെയൊക്കെ ചെയ്താല്‍ എങ്ങനെയാണ്? നമ്മള്‍ പലിശക്ക് പണമെടുത്ത് ചെയ്ത സിനിമയാണ്. നമ്മള്‍ ഇവിടെത്തെ വലിയ പ്രൊഡക്ഷന്‍ കമ്പനിയൊന്നുമല്ല. അതുകൊണ്ട് തന്നെ തിയേറ്ററുകാര്‍ക്ക് പൈസ കൊടുത്ത് പടം ഓടിക്കാനൊന്നും നമ്മുക്ക് പറ്റില്ല. ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്നത്, തിയേറ്ററില്‍ ആള്‍ക്കാര്‍ വരണമെങ്കില്‍ തിയേറ്ററുകാര്‍ക്ക് പൈസ കൊടുത്ത്, ബിരിയാണി മേടിച്ചു കൊടുക്കണമെന്നാണ്. ഇങ്ങനെയൊക്കെ ആണെങ്കില്‍ ഈ പരിപാടി നിര്‍ത്തുക എന്നത് മാത്രമല്ലെ വഴിയുള്ളു? ഇങ്ങനെ പോയി കഴിഞ്ഞാല്‍ ഇത് ഇടനിലക്കാരനെ പറ്റിക്കാനുള്ള ഒരു വഴിയായി മാറില്ലേ?

നമ്മള്‍ ആത്മാര്‍ത്ഥമായി ഒരു സിനിമ ചെയ്തിട്ട് അത് തിയേറ്ററില്‍ വരുമ്പോള്‍, 'എ' സര്‍ട്ടിഫിക്കറ്റ് ഉള്ള പടമാണ്, അത് കാണരുതെന്ന് പറഞ്ഞാല്‍ നമ്മള്‍ എന്ത് ചെയ്യും? ഇവിടെ എല്ലാ സിനിമയും ഫീല്‍ ഗുഡ് സിനിമ മതിയോ? ഓരോരുത്തരുടെയും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി നമ്മളെ തകര്‍ക്കാന്‍ നിന്നാല്‍ വലിയ ബുദ്ധിമുട്ടാണ്. സെക്യൂരിറ്റിമാര്‍ക്ക് പൈസ കൊടുക്കുന്നതനുസരിച്ച്, സിനിമ കാണാന്‍ വരുന്നവര്‍ വണ്ടി പാര്‍ക്ക് ചെയ്യുന്ന 15 സെക്കന്റിലാണ് തിയേറ്ററുകാര്‍ ഇത് ഓപ്പറേറ്റ് ചെയ്യുന്നത്. ഈ പരിപാടിയുമായി മുന്നോട്ട് പോവാനാണ് 'സുരഭി' തിയേറ്റര്‍ വിചാരിക്കുന്നതെങ്കില്‍, ഈ പരിപാടി നിര്‍ത്തിയിട്ട് വല്ല ഓഡിറ്റോറിയവും പണിയട്ടെ. ഇങ്ങനെയാണെങ്കില്‍ നമ്മള്‍ ഒടിടിയിലോ, യൂട്യൂബ് ചാനലിലോ സിനിമ ഇറക്കുന്ന അവസ്ഥയിലെത്തും.

നമ്മള്‍ ഈ കൊവിഡില്‍ കടലില്‍ പോയി ഒരു പടം ഷൂട്ട് ചെയ്തിട്ട്, അതിന്റെ സാറ്റ്‌ലൈറ്റോ ഒടിടി അവകാശങ്ങളോ കൊടുക്കുന്നതിന് മുന്നേ പ്രേക്ഷകര്‍ക്ക് 'അടിത്തട്ട്' തിയേറ്ററില്‍ കാണാന്‍ വേണ്ടിയാണ് തിയേറ്റര്‍ റിലീസ് നടത്തിയത്. അപ്പോള്‍ ഇങ്ങനെയുള്ള സമയത്ത് തിയേറ്റര്‍ ഉടമകള്‍ നമ്മുടെ കൂടെ നിന്നില്ലെങ്കില്‍ നമ്മള്‍ തകര്‍ന്ന് പോവില്ലേ?

Related Stories

No stories found.
logo
The Cue
www.thecue.in