'ആരെ പ്രണയിക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യമാണ്, ലിംഗ വ്യത്യാസമില്ലാതെ ആ ഇഷ്ടം മനസിലാക്കണം': ഹോളി വൂണ്ടിനെ കുറിച്ച് സംവിധായകന്‍
ലെസ്ബിയന്‍ പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഹോളി വൂണ്ട് എന്ന മലയാള ചിത്രം ആഗസ്റ്റ് 12ന് റിലീസിന് ഒരുങ്ങുകയാണ്. എസ്.എസ് ഫ്രെയിംസ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. രണ്ട് പെണ്‍കുട്ടികള്‍ തമ്മില്‍ ബാല്യകാലത്ത് ഉണ്ടായിരുന്നു പ്രണയത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. ചെറുപ്പത്തില്‍ ഉണ്ടായിരുന്നു പ്രണയം എല്ലാ കാലത്തും നമുക്കുള്ളില്‍ ഉണ്ടായിരിക്കുമെന്നാണ് ഹോളി വൂണ്ട് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് സംവിധായകന്‍ അശോക് ആര്‍ നാഥ് ദ ക്യുവിനോട് പറഞ്ഞു.
'ഓരോരുത്തരുടെയും ഇഷ്ടമാണ് ആരെ പ്രണയിക്കണം എന്നത്. അത് വ്യക്തി സ്വാതന്ത്ര്യം പോലെ തന്നെയാണ്. ലിംഗ വ്യത്യാസമില്ലാതെ ആ ഇഷ്ടം മനസിലാക്കണം എന്നുള്ളതാണ്', അശോക് കൂട്ടിച്ചേര്‍ത്തു.
അശോക് ആര്‍ നാഥ് പറഞ്ഞത് :
മെയിന്‍സ്ട്രീം മലയാളം സിനിമകളിലൊന്നും ഇത്തരം ഒരു കഥ ഇതുവരെ വന്നിട്ടില്ല. പത്മരാജന്‍ സാറിന്റെ ദേശാടനക്കിളികളില്‍ ഒക്കെ ചെറിയ രീതിയില്‍ പറഞ്ഞു പോകുന്നുന്നതെയുള്ളു. അപ്പോള്‍ വളരെ കാലം മുന്‍പ് തന്നെ ഇങ്ങനെയൊരു തോട്ട് മനസില്‍ ഉണ്ടായിരുന്നു. ഹോളി വൂണ്ടിന്റെ സ്‌ക്രിപ്പ്റ്റ് എഴുതിയിരിക്കുന്നത് പോള്‍ വൈക്ലിഫാണ്. ജന്‍ഡര്‍ വ്യത്യാസമില്ലാത്ത രണ്ട് കുട്ടികള്‍ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയണം എന്ന ചിന്തയില്‍ നിന്നാണ് സിനിമയുണ്ടായത്. വളരെ കാലം മുന്നേ തന്നെ ആലോചിച്ചിരുന്നതാണ്. അത് ചെയ്യാനുള്ള സാഹചര്യം വന്നത് അടുത്തിടെയാണ് എന്ന് മാത്രം. കാരണം ഇതൊരു സൈലന്റ് സിനിമയാണ്. ഡയലോഗുകള്‍ ഒന്നും തന്നെയില്ല. അപ്പോള്‍ അതില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ തയ്യാറായ ഒരു നിര്‍മ്മാതാവിനെ കിട്ടേണ്ട താമസമായിരുന്നു ഉണ്ടായിരുന്നത്.

സിനിമ സെന്‍സര്‍ ചെയ്തതാണ്. സെന്‍സര്‍ ചെയ്തപ്പോള്‍ ഒരു 8 സെക്കന്റിന്റെ കട്ട് മാത്രമാണ് വേണ്ടെന്ന് വെച്ചത്. സെന്‍സേര്‍ഡ് വേര്‍ഷന്‍ തന്നെയാണ് ഒടിടിയില്‍ ഉള്ളത്. രണ്ട് പെണ്‍കുട്ടികള്‍ തമ്മിലുള്ള ബാല്യകാലത്തുള്ള ഒരു പ്രണയവും വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ കണ്ട് മുട്ടുമ്പോള്‍ ഉണ്ടാകുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നത്. എല്ലാ കാലത്തും മനസില്‍ ആ പ്രണയം സൂക്ഷിക്കപ്പെടുന്നു എന്നാണ് സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത്.

ഓരോരുത്തരുടെയും ഇഷ്ടമാണ് ആരെ പ്രണയിക്കണം എന്നത്. അത് വ്യക്തി സ്വാതന്ത്ര്യം പോലെ തന്നെയാണ്. ലിംഗ വ്യത്യാസമില്ലാതെ ആ ഇഷ്ടം മനസിലാക്കണം എന്നുള്ളതാണ്. വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതായതിനാല്‍ ഈ വിഷയം സിനിമയാക്കണം എന്ന് വിചാരിച്ചു. തീര്‍ച്ചയായും നമ്മള്‍ പറയാന്‍ ഉദ്ദേശിക്കുന്ന ശക്തമായ സന്ദേശം പ്രേക്ഷകരിലേക്ക് എത്തുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
മോഡലും ബിഗ് ബോസ് താരവുമായ ജനകി സുധീര്‍, അമൃത എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. സാബു പ്രൗദീനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മൂന്ന് കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തിലുള്ളത്. സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.