അധികാര വർഗ്ഗവും, കറങ്ങിക്കൊണ്ടിരിക്കുന്ന ടൈം ലൈനും | Spoiler Alert

അധികാര വർഗ്ഗവും, കറങ്ങിക്കൊണ്ടിരിക്കുന്ന ടൈം ലൈനും | Spoiler Alert

മലയാള സിനിമയിൽ കണ്ടു പരിചിതമല്ലാത്ത ആഖ്യാന രീതി, ടൈം മെഷീൻ ഇല്ലാത്ത ടൈം ട്രാവൽ, പല കാലഘട്ടങ്ങൾ, പല സമയങ്ങൾ. എന്നാൽ എല്ലാ കാലത്തും ഒരേപോലെ നിലനിൽക്കുന്ന ചില പ്രശ്നങ്ങൾ. ഇതിനെയെല്ലാം കണക്ട് ചെയ്യുന്ന ഒരു അപൂർണാനന്തൻ. ഇതെല്ലാമാണ് മഹാവീര്യർ. എന്നാൽ ഇത് മാത്രമാണോ എന്ന ചോദ്യം ചോദിച്ചു തുടങ്ങുന്നിടത്ത് സിനിമ പ്രസക്തമാകുന്നു.

2020ൽ കേരളത്തിലെ ഒരു ക്ഷേത്ര പരിസരത്ത്, പുലർച്ച നേരത്ത് സൊസൈറ്റിയിലേക്ക് പാല് കൊടുക്കാൻ പോകുന്നയാൾ ആൽമര ചുവട്ടിൽ ഒരു സ്വാമിയേ കാണുന്നു. സ്വാമി നൽകിയ ലേഹ്യം ചേർത്ത പാല് കുടിച്ച് സ്വാമിയുടെ ശിഷ്യത്വം സ്വീകരിച്ച് കാൽക്കൽ വീഴുന്നു. അതിരാവിലെ വരുന്ന നാട്ടുക്കാരും ചൈതന്യം തുളുമ്പുന്ന സ്വാമിയെ കണ്ട് അന്തം വിട്ട് നിൽക്കുമ്പോൾ ആ നാട്ടിൽ ഒരു പ്രശ്നം സംഭവിക്കുന്നു. അത് കേസാവുന്നു, സ്വാമി പ്രതിയാകുന്നു. ഇതാണ് ഒന്നാമത്തെ കേസ്.

കേസിന്റെ വിചാരണ നടന്നുകൊണ്ട് ഇരിക്കുമ്പോൾ വലിയൊരു സന്നാഹത്തോട് കൂടി രുദ്ര മഹാവീര ഉഗ്രസേന മഹാരാജയും മന്ത്രി വീരഭദ്രനും കടന്നു വരുന്നു. പിന്നീട് ആ കോടതിയിൽ നടക്കുന്നത് പതിറ്റാണ്ടുകൾക്ക് മുന്നേയുള്ള മറ്റൊരു കേസാണ്. എക്കിൾ വിട്ടു മാറാത്ത മഹാരാജാവിന് അത്രമേൽ സുന്ദരിയായ ഒരു യുവതിയെ വേണമായിരുന്നു, ഒരു കോപ്പ നിറയെ അവളുടെ കണ്ണുനീർ കുടിച്ചാലേ രാജാവിന്റെ എക്കിൾ മാറുകയുള്ളു, അതിനു വേണ്ടി സമ്മതമില്ലാതെ തട്ടിക്കൊണ്ട് പോയ സ്ത്രീയും അവളുടെ അച്ഛനും രാജാവിനും മന്ത്രിക്കുമെതിരെ നൽകിയ കേസാണ് കോടതിയിൽ നമ്മൾ കാണുന്ന രണ്ടാമത്തെ കേസ്. സിനിമയുടെ ടൈറ്റിൽ പോലെ തന്നെ വീരന്മാരുടെ ഒരു കൂട്ടം അവരിൽ തന്നെയുള്ളവർക്ക് അനുകൂലമായ രീതിയിൽ സമൂഹത്തെ എങ്ങനെ മാറ്റിയെടുക്കുന്നു അല്ലെങ്കിൽ മാറ്റിയെടുക്കാൻ ശ്രമിക്കുന്നു എന്നതാണ് മഹാവീര്യർ.

എല്ലാ കാലഘട്ടത്തിലും അപൂർണാനന്തൻ എന്ന സ്വാമിയുടെ സാന്നിധ്യമുള്ളതായി സിനിമയിൽ പറയുന്നുണ്ട്. ഭാവിയിലും ഭൂതത്തിലും ഞാൻ സഞ്ചരിക്കുമെന്ന് അപൂർണാനന്തൻ തുടക്കത്തിൽ പറയുന്നു. പിന്നീട് രണ്ടാമത്തെ കേസിന്റെ വിചാരണക്കിടയിൽ വർഷങ്ങൾക്ക് മുന്നേയുള്ള കാലഘട്ടത്തിൽ അപൂർണാനന്തനെ കണ്ടിരുന്നു എന്ന് കൃഷ്ണനുണ്ണിയും പറയുന്നുണ്ട്. വളരെ കോംപ്ലക്സ് ആയ ഒരു ടൈം ട്രാവൽ ഒന്നും സിനിമയിൽ കാണാൻ കഴിയില്ല. ഇതിൽ ടൈം മെഷീൻ ഇല്ല, സയന്റിഫിക് എക്സ്പ്ലനേഷനുകൾ ഇല്ല. എല്ലാ കാലഘട്ടത്തിലും സിമിലർ ആയി നിലനിൽക്കുന്ന അധികാര വർഗ്ഗത്തെയും, അവർ തുടർന്ന് കൊണ്ടിരിക്കുന്ന ചൂഷണങ്ങളുമാണ് സിനിമയിൽ കാണാൻ കഴിയുന്നത്.

സിനിമ തുടങ്ങുന്ന സീനുകൾ ഒരു പീരിയഡ് മൂവിയുടെ തുടക്കമെന്നവണ്ണം രസകരമാണ്. ഉഗ്രസേന മഹാരാജായിലൂടെയാണ് തുടങ്ങുന്നത്. പിന്നീട് ഏതോ ഒരു കാലഘട്ടത്തിൽ ഹിമാലയമെന്ന് തോന്നിക്കുന്ന ടോപോഗ്രാഫിയിൽ ഇരിക്കുന്ന അപൂർണാനന്തനെയും കാണിക്കുന്നുണ്ട്. അതിനു ശേഷം നമ്മൾ അപൂർണാനന്തനെ കാണുന്നത് 2020ലെ കേരളത്തിലാണ്. പല കാലഘട്ടങ്ങളിലൂടെ ടൈം ട്രാവൽ ചെയ്യാൻ കഴിയുന്ന സന്യാസിയായിരിക്കും അപൂർണാനന്തൻ. അയാൾ പാസ്റ്റിലൂടെയും, പ്രെസെന്റിലൂടെയും, ഫ്യുച്ചറിലൂടെയും യാത്ര ചെയ്യുന്നു. എല്ലാ ടൈം പീരിയഡിലും നിലനിൽക്കുന്ന പ്രശ്നമായി അധികാര വർഗ്ഗവും, അവരുടെ ചൂഷണങ്ങളും ഉള്ളതുകൊണ്ട് തന്നെ അപൂർണാനന്തൻ പല തരത്തിലുള്ള കേസിൽ പ്രതിയായി കോടതിയിൽ വിചാരണക്ക് വരുമായിരിക്കും, അവിടെ വെച്ച് അയാൾ ഉഗ്രസേനനെയും വീരഭദ്രനെയും കോടതിയിലേക്ക് കൊണ്ട് വരുമായിരിക്കാം. അവിടെ അയാൾ ടൈം ട്രാവൽ ഉപയോഗിക്കുന്നു.

രാജാവിന്റെ വിചാരണ നടക്കുന്നത് കോടതിയുടെയും അവിടെ കൂടിയിരിക്കുന്ന സാധാരണ ജനങ്ങളുടെയും മുന്നിൽ വെച്ചാണ്. അവസാനം രാജാവിന്റെ എക്കിൾ മാറ്റാൻ കൊണ്ട് വന്ന സ്ത്രീയുടെ കണ്ണുനീർ വരുത്താൻ അപൂർണാനന്തൻ സഹായിക്കുന്നതും, അവളുടെ കണ്ണുനീരിൽ ആനന്ദവും സംതൃപ്തിയും കണ്ടെത്തുന്ന രാജാവും കൂട്ടരും തിരികെ മടങ്ങുന്നതും നമ്മൾ കാണുന്നു. പിന്നീട് അപൂർണാനന്തനെ നമ്മൾ അവിടെ കാണുന്നില്ല. ഒരുപക്ഷെ അയാൾ മറ്റൊരു സമയത്തിലേക്ക് യാത്ര തിരിച്ചതാകാം. അതുകൊണ്ടായിരിക്കും തുടക്കത്തിൽ പറഞ്ഞ ഒന്നാമത്തെ കേസ് പൂർണമാകാതെ സിനിമ അവസാനിച്ചതും. സ്വാമിയുടെ ലക്‌ഷ്യം പൂർണമാകണമെങ്കിൽ പ്രജകളെ ദ്രോഹിക്കാത്ത, പ്രജകളുടെ മേൽ കല്പനകൾ അടിച്ചേൽപ്പിക്കാത്ത രാജാവും, ജനകീയമായ വിചാരണകളുമൊക്കെയുള്ള ഒരു ഐഡിയൽ സ്റ്റേറ്റ് വരണമായിരിക്കും. അത് സംഭവിക്കാത്തടത്തോളം കാലം കഥാപാത്രത്തിന്റെ പേര് പോലെ തന്നെ അപൂർണാനന്തൻ അപൂർണനായി ഇരിക്കുന്നു.

സിനിമയുടെ തുടക്കത്തിൽ സ്വാമി പ്രതിയാക്കുന്ന കേസ് കൂടാതെ തെളിയിക്കപ്പെടാത്ത മറ്റൊരു കേസ് കൂടെ സ്വാമിയുടെ തലയിൽ കെട്ടിവെക്കുവാൻ സ്റ്റേഷൻ ഹെഡ് ഓഫിസർ ആയ പോലീസ്ക്കാരന്റെയടുത്ത് സീനിയർ ഓഫിസർ പറയുന്നുണ്ട്. ഒരു സ്ത്രീയുടെ അനുവാദമില്ലാതെ അവളെ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് പറഞ്ഞ് ബലമായി കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന മന്ത്രിയെയും സിനിമയിൽ കാണാം. രാജാവ് കോടതിയിൽ വന്നതിന് ശേഷം രാജാവിന് വേണ്ടി നിയമ നടപടികളിൽ വിട്ടുവീഴ്ചകൾ വന്നേക്കാം എന്ന് പറയുന്ന ജഡ്ജിനെയും കാണാം കഴിയും. ഭരണകൂടവും അതിന്റെ നിയമ നിർമ്മാണത്തിൽ ടൂൾ ആയി നിൽക്കുന്നവരും എങ്ങനെ പ്രജകളെ അല്ലെങ്കിൽ പൊതു സമൂഹത്തെ അവരുടെ താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്ന് കാണിച്ച് തരുന്ന ഒരു ഗംഭീര പൊളിറ്റിക്കൽ സറ്റയർ കൂടിയാണ് മഹാവീര്യർ.

എം മുകുന്ദന്റെ വർഷങ്ങൾക്ക് മുന്നേയുള്ള കഥയിലെ ഒരു ചെറിയ എലമെന്റ്, അതിനു തിരക്കഥ രൂപം നൽകി അവതരിപ്പിച്ചപ്പോൾ മലയാളത്തിലെ ബ്രേവ് അറ്റെംപ്റ്റുകളിൽ ഒന്നായി മാറുന്നുണ്ട് എബ്രിഡ് ഷൈനിന്റെ 'മഹാവീര്യർ'. സിനിമാറ്റിക്കലി മികച്ച ഫ്രയിമുകളും, ആർട്ടും, ഛായാഗ്രഹണവും, പശ്ചാത്തല സംഗീതവും മികച്ചതായി നിലനിൽക്കെ സിനിമ ചില സമയങ്ങളിൽ സ്വീകരിക്കുന്ന താളം ചിലപ്പോഴെങ്കിലും കുറച്ചധികം പതിഞ്ഞ താളമാകുന്നുണ്ടോ എന്ന സംശയം ബാക്കി നിൽക്കുന്നുണ്ട്. ഒരുപക്ഷെ ചിലരുടെയെങ്കിലും ആസ്വാദനത്തെ അത് ബാധിക്കാം. സ്പൂൺ ഫീഡിങ് സ്വഭാവം സ്വീകരിക്കാതെയുള്ള നരേറ്റിവ് തന്നെയായിരിക്കും മഹാവീര്യരുടെ ഏറ്റവും വലിയ പ്ലസും.

ഒരു സ്റ്റെജ്ഡ് പെർഫോമൻസ് പോലെയാണ് എബ്രിഡ് ഷൈൻ സിനിമയെ ഒരുക്കിയിരിക്കുന്നത്. പല കഥാപാത്രങ്ങൾ വന്ന് നിൽക്കുന്ന കോടതിയും അവിടെയുള്ള അവരുടെ പെർഫോമസും. നരേറ്റിവിലും സ്റ്റോറിടെല്ലിങിലും ഇമ്പ്രെസ്സ് ചെയ്യിച്ചത് പോലെ തന്നെ പെർഫോമൻസുകളിലും സിനിമ ഞെട്ടിക്കുന്നുണ്ട്. ഉഗ്രസേന മഹാരാജാവിന്റെ അവസാന ഭാഗങ്ങളിലെ സ്റ്റാറ്റിക് ഫ്രയ്മിൽ നിന്നുകൊണ്ടുള്ള പെർഫോമൻസ് ലാലിൻറെ കരിയറിലെ തന്നെ പ്രധാനപ്പെട്ട പെർഫോമൻസുകളിൽ ഒന്നായിരിക്കും. മൂത്തോന് ശേഷം വരുന്ന നിവിൻ പൊളി ചിത്രമായിരിക്കെ പ്രേമം പോലെയൊരു വലിയ കൊമേർഷ്യൽ സിനിമയെ ചൂസ് ചെയ്യാമായിരുന്നിട്ടും, മഹാവീര്യർ പോലെ വലിയ പരീക്ഷണ സ്വഭാവമുള്ള ഒരു സിനിമ ചൂസ് ചെയ്ത നിവിൻ പോളിയും കയ്യടി അർഹിക്കുന്നു. മലയാള സിനിമ വേറിട്ട് സഞ്ചരിക്കുന്ന ട്രാക്കിൽ നിന്നുകൊണ്ട് മികച്ച സിനിമകളുടെ ഭാഗമാകുമ്പോൾ മുഴുനീള നായക കഥാപാത്രം ആകുവാനുള്ള പിടിവാശികളും നിവിൻ പോളിയിൽ കണ്ടില്ല. ഒരു നിർമ്മാതാവെന്ന രീതിയിലുള്ള സെലക്ഷനും, റൈറ്റ് ചോയ്സ് ആവുന്നിടത്ത് മികച്ച സിനിമകൾ ഇൻഡസ്ട്രിക്ക് നൽകുന്ന പ്രൊഡക്ഷൻ ഹൗസുകളുടെ കൂട്ടത്തിലേക്ക് പോളി ജൂനിയർ പിക്ചേഴ്സും കടന്നു വരുന്നു.

തുടക്കം മുതലേ പശ്ചാത്തല സംഗീതം സിനിമയെ കൊണ്ട് പോകുന്നത് വളരെ രസകരമായിട്ടാണ്. പീരിയഡ് മൂഡിൽ നിന്നും വളരെ ഈസിയായിട്ടുള്ള ഷിഫ്റ്റാണ് ഇന്നത്തെ കേരളത്തിലേക്ക് വരുമ്പോൾ കാണാൻ കഴിയുന്നത്. പിന്നീട് കോടതിയുടെ തന്നെ രണ്ട് തലങ്ങളും, അപൂർണാനന്തന്റെ സോളിറ്റിയൂഡ് മൂടിലെ പശ്ചാത്തല സംഗീതവുമെല്ലാം ഇന്റർനാഷണൽ അപ്പീൽ നൽകുന്നുണ്ട്. ചന്ദ്രു സെൽവരാജിന്റെ ഛായാഗ്രഹണവും മികച്ചു നിൽക്കുന്നു. പ്രത്യേകിച്ച് കോടതിയെ തന്നെ 2 തരത്തിൽ visually present ചെയ്തത്.

സിനിമയുടെ ഫാന്റസി നേച്ചർ പല എലമെന്റുകളിലായി പ്ലെയ്സ് ചെയ്തത് കാണാൻ കഴിയും. കോടതിയിലെ നീതി ദേവത, ക്ലോക്കിലെ സമയം, കോടതിയിൽ വക്കീലുമാർ ഇരിക്കുന്ന ഓർഡർ തന്നെ മഹാരാജാവിന്റെ വരവോടു കൂടി മാറിയത്, തുടങ്ങി ചെറിയ എലമെന്റുകളിലൂടെ പ്ലെയ്സ് ആവുന്നുണ്ട്. പല കപ്പിലെ ചായ എന്നൊക്കെ പലരും പറയുമ്പോഴും മഹാവീര്യർ കാണേണ്ടത് കണ്ടു മടുക്കാത്ത സ്റ്റോറി ടെല്ലിങിനും, പവർഫുൾ ആയ സറ്റയറിനും, മികച്ച പെർഫോമൻസുകൾക്കും വേണ്ടിയാണ്. എത്ര പേർക്ക് സിനിമ കണക്റ്റ് ആകുമെന്ന് അറിയില്ല. ഒരുപക്ഷെ ഇതൊരു മാറ്റമായിരിക്കാം, ഫാന്റസി സിനിമകൾ ഇനിയും മലയാളത്തിൽ ഒരുപാട് വരാം എന്നതിന്റെ സൂചനയുമായിരിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in