'ഭീമന്റെ വഴി പ്രേക്ഷകരെ തിയേറ്ററിലെത്തിക്കും'; ബിനു പപ്പു അഭിമുഖം

'ഭീമന്റെ വഴി പ്രേക്ഷകരെ തിയേറ്ററിലെത്തിക്കും'; ബിനു പപ്പു അഭിമുഖം

ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ രചിച്ച് അഷറഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് ഭീമന്റെ വഴി. കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായ ചിത്രം ഡിസംബര്‍ 3നാണ് തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ നടന്‍ ബിനു പപ്പുവും പ്രധാന വേഷം ചെയ്യുന്നുണ്ട്. തന്റെ കരിയറിലെ ആദ്യ ഹ്യൂമര്‍ കഥാപാത്രമാണ് ഭീമന്റെ വഴിയിലേതെന്ന് ബിനു പപ്പു ദ ക്യുവിനോട് പറഞ്ഞു. അതോടൊപ്പം സിനിമയ്ക്ക് പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാന്‍ സാധിക്കുമെന്നും ബിനു പപ്പു കൂട്ടിച്ചേര്‍ത്തു.

കരിയറിലെ ആദ്യ ഹ്യൂമര്‍ കഥാപാത്രം

ആക്റ്റിങ്ങ് കരിയറിലെ ആദ്യത്തെ ഹ്യൂമര്‍ കഥാപാത്രമാണ് ഭീമന്റെ വഴിയിലേത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം കൂടുതലും പൊലീസ് വേഷങ്ങളും പിന്നെ ക്യാരക്റ്റര്‍ റോളുകളുമാണ്. പക്ഷെ ഭീമന്റെ വഴിയിലേക്ക് വരുമ്പോള്‍ കന്നേറ്റുംകര എന്ന ഗ്രാമത്തിലെ ഒരു സാധാരണക്കാരനാണ്. കൃഷ്ണ ദാസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ചാക്കോച്ചന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ സുഹൃത്തും അയല്‍വാസിയുമാണ്.

ഭീമന്റെ വഴി ലൊക്കേഷനില്‍ ഹോളീഡേ മൂഡായിരുന്നു

ഭീമന്റെ വഴി ഷൂട്ടിങ്ങ് തുടങ്ങുന്ന ദിവസം തന്നെ ആ സിനിമയില്‍ അഭിനയിക്കുന്ന എല്ലാവരും ആ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ കുറ്റിപ്പുറത്തെ ഒരു ആയുര്‍വേദിക്ക് റിസോര്‍ട്ടിലാണ് താമസിച്ചത്. അണിയറ പ്രവര്‍ത്തകര്‍ തൊട്ട് അഭിനേതാക്കള്‍ വരെ എല്ലാവരും അവിടെ തന്നെയാണ് താമസിച്ചത്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് അതൊരു സിനിമ ലൊക്കേഷനില്‍ ഉപരി ഹോളിഡേക്ക് വന്നൊരു മൂഡായിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞാല്‍ എല്ലാവരും ഒരുമിച്ചിരുന്നു സംസാരിക്കുകയെല്ലാം ചെയ്തിരുന്നു. അതിനുള്ള ഒരു സ്ഥലവും ചെമ്പന്‍ റെഡിയാക്കിയിരുന്നു. സിനിമയില്‍ തര്‍ക്കം നടക്കുന്ന വഴി ആര്‍ട്ട് ഡയറക്ടര്‍ ഉണ്ടാക്കിയതാണ്. ഒരുപാട് പറമ്പുകളെ ബന്ധിപ്പിച്ചുകൊണ്ട് ഉണ്ടാക്കിയ വഴിയാണത്. പിന്നെ എല്ലാ നടന്‍മാരും എല്ലാ ദിവസവും സെറ്റിലുണ്ടാവും. ഇത്ര ദിവസമാണ് ഒരാളുടെ ജോലിയെന്നില്ല. കാരണം ആ നാട്ടില്‍ പുറമേ നിന്ന് വരുന്ന ആളുകള്‍ പോസ്റ്റ് മാനോ മറ്റോ ആയിരിക്കും. അല്ലാത്ത പക്ഷം ആ നാട്ടില്‍ അള്‍ക്കാര്‍ തന്നെയാണ് അവിടെ ഉണ്ടാവുക. അതുകൊണ്ട് എല്ലാ സീനിലും മിക്ക നടന്‍മാരും ഉണ്ടാവണം.

ഭീമന്റെ വഴി പ്രേക്ഷകരെ തിയേറ്ററിലെത്തിക്കും

തീര്‍ച്ചയായും ഭീമന്റെ വഴിക്ക് പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാന്‍ കഴിയും. 2021ല്‍ മാസ്റ്റര്‍ എന്ന സിനിമയിലൂടെയാണ് നമ്മള്‍ തിയേറ്ററുകളിലേക്ക് മടങ്ങിയെത്തുന്നത്. അതിന് ശേഷം ഓപ്പറേഷന്‍ ജാവ, പ്രീസ്റ്റ് അങ്ങനെ ഒരുപാട് സിനിമകള്‍ ആ സമയത്ത് വന്നു. അത് ഏപ്രില്‍ വരെ നിന്നു. അത് കഴിഞ്ഞ് വലിയൊരു ബ്രേക്കിന് ശേഷം നമ്മള്‍ വീണ്ടും കുറുപ്പോട് കൂടി തുടങ്ങി. അതിന് ശേഷം ആഹാ, ജാനേമന്‍ അങ്ങനെ പല തരത്തിലുള്ള സിനിമകളും റിലീസ് ചെയ്തു. ഭീമന്റെ വഴിക്കും തിയേറ്ററില്‍ പ്രേക്ഷകരെ എത്തിക്കുന്ന കാര്യത്തില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയും. നമ്മള്‍ എപ്പോഴും ഫാമലി ഓഡിയന്‍സിന് കാണാന്‍ പറ്റിയ സിനിമ എന്നാണല്ലോ പറയുന്നത്. പക്ഷെ ഇത് അങ്ങനെയൊരു പ്രത്യേക വിഭാഗക്കാര്‍ക്കുള്ള സിനിമയല്ല.

തമാശ എന്ന ചിത്രത്തിന് ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമന്റെ വഴി. ചെമ്പന്‍ വിനോദ് ജോസ്, ആഷിക്ക് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹകന്‍. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സംവിധായകനായ മുഹ്സിന്‍ പരാരി ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. അഖില്‍ രാജ് ചിറയില്‍ കലാസംവിധാനവും നവാഗതനായ നിസാം കാദിരി എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു.

ചിന്നു ചാന്ദ്നി, മേഘ തോമസ്, വിന്‍സി അലോഷ്യസ്, ശബരീഷ് വര്‍മ്മ, നിര്‍മ്മല്‍ പാലാഴി, ബിനു പപ്പു, ദിവ്യ എം നായര്‍, ഭഗത് മാനുവല്‍, ആര്യ സലീ, ജിനു ജോസഫ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട് കാമിയോ വേഷത്തില്‍ സിനിമയിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in