ആമേനിലെ സെബി മുതല്‍ ഡിസ്‌കോ ഡാന്‍സര്‍ ബാബു വരെ; സുധി കോപ്പയുടെ വ്യത്യസ്ഥ കഥാപാത്രങ്ങള്‍  

ആമേനിലെ സെബി മുതല്‍ ഡിസ്‌കോ ഡാന്‍സര്‍ ബാബു വരെ; സുധി കോപ്പയുടെ വ്യത്യസ്ഥ കഥാപാത്രങ്ങള്‍  

Published on

അമല്‍ നീരദ് സംവിധാനം ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യിലെ ഭാവനയുടെ കഥാപാത്രത്തെ വീട്ടില്‍ കയറി ആക്രമിക്കുന്ന ഗുണ്ടകളിലൊരാള്‍. സുധി കോപ്പ എന്ന അഭിനേതാവ് ആദ്യമായി സ്‌ക്രീനിലെത്തുന്നതങ്ങനെയായിരുന്നു. ഓഡിഷനില്‍ പങ്കെടുത്ത് നേടിയ കഥാപാത്രമായിരുന്നു അത്. എന്തുകൊണ്ടാണ് ആ കഥാപാത്രം തന്നെ അമല്‍ നീരദ് ഏല്‍പ്പിച്ചതെന്ന് അറിയില്ലെന്ന് സുധി മുന്‍പ് ‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പക്ഷേ പത്തു വര്‍ഷത്തിനിപ്പുറം അന്നത്തെ അമല്‍ നീരദിന്റെ തെരഞ്ഞെടുപ്പ് തെറ്റായിരുന്നില്ല എന്നാണ് സുധി കോപ്പ എന്ന നടന്‍ തെളിയിച്ചു കൊണ്ടിരിക്കുന്നത്. ആദ്യമായി ശ്രദ്ധിക്കപ്പെട്ട ആമേന്‍ മുതല്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പൊറിഞ്ചു മറിയം ജോസ് വരെയുള്ള സുധിയുടെ വേറിട്ട കഥാപാത്രങ്ങള്‍.

ആമേനിലെ സെബി മുതല്‍ ഡിസ്‌കോ ഡാന്‍സര്‍ ബാബു വരെ; സുധി കോപ്പയുടെ വ്യത്യസ്ഥ കഥാപാത്രങ്ങള്‍  
‘വാര്‍ക്കപ്പണിക്കാരനാകാന്‍ നോക്കിപ്പഠിക്കേണ്ടി വന്നിട്ടില്ല, അതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്’; സുധി കോപ്പ അഭിമുഖം

പട്ടികയ്ക്കിടയില്‍ പ്രണയലേഖനം ഒളിപ്പിക്കുന്ന സെബി

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ‘ആമേനി’ലാണ് സുധി കോപ്പ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ ബാന്ഡ് സംഘത്തിലൊരാളായ സെബാസ്റ്റിനായിട്ടായിരുന്നു സുധിയെത്തിയത്. സിനിമയിലെ ഫഹദ് അവതരിപ്പിച്ച സോളമനെ വിളിക്കാനായി വീട്ടിലെത്തുകയും തുടര്‍ന്ന് പെങ്ങള്‍ ക്ലാരയോട്(രചന നാരായണന്‍ കുട്ടി) സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന രംഗത്തിലാണ് സുധിയെ ആദ്യമായി പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങുന്നത്. ക്ലാരയ്ക്ക മുന്നില്‍ ധൈര്യമില്ലാത്ത വെള്ളം ചോദിക്കുന്ന, പട്ടികയ്ക്കിടയില്‍ കത്ത് ഒളിപ്പിക്കുന്ന നിഷ്‌കളങ്കത തോന്നിപ്പിക്കുന്ന കാമുകന്‍.

അസിസ്റ്റന്റ് ഗീവര്‍ഗി

2014ല്‍ പുറത്തിറങ്ങിയ അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്ത സപ്തമശ്രീ തസ്‌കരഹ എന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് അവതരിപ്പിച്ച മാര്‍ട്ടിന്റെ അസിസ്റ്റന്റായിട്ടായിരുന്നു സുധി എത്തിയത്. ഈ കഥാപാത്രത്തിലെത്തിയത് സുധി കോപ്പയാണ് എന്ന് പ്രേക്ഷകര്‍ തിരിച്ചറിയാന്‍ തന്നെ സമയമെടുത്തു. അത്തരത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഓര്‍മിപ്പിക്കും വിധമായിരുന്നു കഥാപാത്രത്തിന്റെ വേഷപകര്‍ച്ച. ഈ മോന്തയും വെച്ചിട്ടാ മാര്‍ട്ടിയേട്ടാ എന്ന് സുധിയുടെ സംഭാഷണം ചിരിപ്പിച്ച ഒന്നാണ്.

ആമേനിലെ സെബി മുതല്‍ ഡിസ്‌കോ ഡാന്‍സര്‍ ബാബു വരെ; സുധി കോപ്പയുടെ വ്യത്യസ്ഥ കഥാപാത്രങ്ങള്‍  
പേരില്ലാത്ത ജൂനിയര്‍ ആര്‍ടിസ്റ്റ് മുതല്‍ കാട്ടാളന്‍ പൊറിഞ്ചു വരെ; ജോജുവിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കിയ കഥാപാത്രങ്ങള്‍

സര്‍ബത്ത് ഷമീറിനെ കറക്കിയ കഞ്ചാവ് സോമന്‍

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ‘ആട്’ കോമഡി കഥാപാത്രങ്ങളുടെ ഒരു ആഘോഷം തന്നെയായിരുന്നു. ചിത്രത്തിലെ വ്യത്യസ്തതയാര്‍ന്ന അറക്കല്‍ അബുവിനെയും സര്‍ബത്ത് ഷമീറിനെയും ഡ്യൂഡിനെയും പോലെ കഞ്ചാവ് സോമനും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് കുറച്ചു നാള്‍ താന്‍ യഥാര്‍ഥത്തില്‍ ഇങ്ങനെയാണോ എന്നായിരുന്നു ആളുകളുടെ സംശയമെന്നും സുധി ‘ക്യൂ’വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

നിഷ്‌കളങ്കനായ ഉണ്ണി

രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്തി 2015ല്‍ പുറത്തിറങ്ങിയ ‘യൂ ടൂ ബ്രൂട്ടസ്’ എന്ന ചിത്രത്തില്‍ ഉണ്ണി എന്ന നാട്ടിന്‍ പുറത്തുകാരനായിട്ടായിരുന്നു സുധി എത്തിയത്. പെണ്ണെങ്ങുള വീഴ്ത്താന്‍ എന്തെങ്കിലും എളുപ്പ വഴിയുണ്ടോയെന്ന് ടൊവിനോയുടെ കഥാപാത്രത്തോട് ചോദിക്കുന്ന, അയാള്‍ പറഞ്ഞത് വിശ്വസിച്ച് നട്ടുച്ചയ്ക്ക് ഹൈവേയുടെ നടുവില്‍ പോയി നില്‍ക്കുന്ന നിഷ്‌കളങ്കനായ ഉണ്ണി.

വാസു ഗാങ്ങിലെ കള്ളന്‍ കൈമള്‍

ആമേനിലെ സെബി മുതല്‍ ഡിസ്‌കോ ഡാന്‍സര്‍ ബാബു വരെ; സുധി കോപ്പയുടെ വ്യത്യസ്ഥ കഥാപാത്രങ്ങള്‍  
ജികെ മുതല്‍ മുള്ളങ്കൊല്ലി വേലായുധന്‍ വരെ; ജോഷി ചിത്രങ്ങളിലെ മാസ് കഥാപാത്രങ്ങള്‍

2015ഓടെ എല്ലാവരും ശ്രദ്ധിക്കപ്പെടുന്ന ഒരു അഭിനേതാവായി സുധി കോപ്പ മാറിയിരുന്നു. അതിന്റെ ഫലമെന്നോണം നിരവധി ചിത്രങ്ങളില്‍ ചെറിയ കഥാപാത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. അതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു സാജിദ് യാഹിയ സംവിധാനം ചെയ്ത 2016ല്‍ പുറത്തിറങ്ങിയ ‘ഇടി: ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം’ എന്ന ചിത്രത്തിലെ വേഷം. വ്യത്യസ്തമായ ഒരു വേഷപകര്‍ച്ചയിലായിരുന്നു ചിത്രത്തിലെ മൂന്ന് കള്ളന്മാരായ ജോജുവും, ഗോകുലനും സുധി കോപ്പയുമെത്തിയത്. ഈ കോമ്പിനേഷനും കോമഡികളും ശ്രദ്ധിക്കപ്പെട്ടു.

സുജാതയെ സ്‌നേഹിക്കുന്ന ജയന്‍

2017ല്‍ പുറത്തിറങ്ങിയ ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തില്‍ വളരെ ചെറിയ ഒരു കഥാപാത്രമായിരുന്നു സുധിയുടേത്. പക്ഷേ സ്ഥിരം കോമഡി വേഷങ്ങളില്‍ നിന്ന് മാറി ഗൗരവമായ കഥാപാത്രമായിരുന്നു ചിത്രത്തിലെ ജയന്‍. സുജാതയുടെ അതേ കോളനിയില്‍ താമസിക്കുന്ന അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരന്‍. വളരെ കുറച്ചു രംഗങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളുവെങ്കിലും പക്വതയാര്‍ന്ന പ്രകടനത്തിലൂടെ സുധി കഥാപാത്രത്തെ മികച്ചതാക്കി.

തുരുത്തില്‍ കുരുങ്ങിയ അയ്യപ്പന്‍

ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്ത ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ശക്തമായ ഒരു കഥാപാത്രമായിരുന്നു സുധിയുടേത്. ഒരു തുരുത്തില്‍ താമസിക്കുന്ന സാധാരണക്കാരനായ അയ്യപ്പന്‍. അയാളുടെ പ്രണയവിവാഹത്തോടെയായിരുന്നു ചിത്രം ആരംഭിക്കുന്നത്. തുരുത്തില്‍ നിന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കഴിയാതെ അയ്യപ്പന്റെ ഭാര്യ മരിക്കുന്നതായിരുന്നു ചിത്രത്തിലെ ഒരു നിര്‍ണ്ണായകരംഗം. വൈകാരികമായ കഥാമുഹൂര്‍ത്തങ്ങള്‍ സുധി കയ്യടക്കമോടെയായിരുന്നു കൈകാര്യം ചെയ്തത്. ചിത്രത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടതും സുധിയുടെ പ്രകടനം തന്നെ.

ആമേനിലെ സെബി മുതല്‍ ഡിസ്‌കോ ഡാന്‍സര്‍ ബാബു വരെ; സുധി കോപ്പയുടെ വ്യത്യസ്ഥ കഥാപാത്രങ്ങള്‍  
പൊറിഞ്ചു മറിയം ജോസ് REVIEW:  മാസ് ജോഷി ഐറ്റം 

ജോസഫിന്റെ സ്വന്തം സുധി

ജോജു നായകനായ ‘ജോസഫി’ല്‍ സുധി എന്ന പൊലീസുകാരനായിട്ടായിരുന്നു താരമെത്തിയത്. സ്ഥിരം കോമഡി കഥാപാത്രങ്ങളില്‍ നിന്ന് മാറി വൃത്തിയായി വേഷം ധരിച്ച, പൊലീസിന്റെ ടെക്കിനിക്കല്‍ ഭാഷകള്‍ സംസാരിക്കുന്ന എങ്കില്‍ പോലും ഗൗരവഭാവമില്ലാത്ത കഥാപാത്രം. ജോജുവിനെന്ന പോലെ തന്നെ സുധിയുടെ കഥാപാത്രത്തെയും പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു. അതിന്റെ തുടര്‍ച്ചയായിരുന്നു ചിത്രത്തിലെ ഡയാന എന്ന കഥാപാത്രത്തോട് സുധിയുടെ കഥാപാത്രത്തിന് പ്രണയമായിരുന്നു എന്ന സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍.

ഫുള്‍ ടൈം താമര

ഈ വര്‍ഷം പുറത്തിറങ്ങി സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലെ താമര എന്ന ഫുള്‍ ടൈം കുടിയന്‍ സുധി കോപ്പയുടെ കയ്യൊപ്പ് പതിഞ്ഞ കഥാപാത്രമായിരുന്നു. മദ്യപാനിയായ കഥാപാത്രങ്ങള്‍ പലപ്പോഴും ഓവറാകുകയോ കോമഡിക്ക് വേണ്ടിയുണ്ടാക്കിയ കെട്ടിച്ചമച്ച കഥാപാത്രമാവുകയോ ചെയ്യുമ്പോള്‍ അത്തരത്തില്‍ കൈ വിട്ടു പോകാത്തതായിരുന്നു ചിത്രത്തിലെ താമരയുടെ പ്രകടനം. സ്വാഭാവികത കൈവിടാതെ മിതത്വത്തോടെ സുധിയും താമരയും ശ്രദ്ധിക്കപ്പെട്ടു.

ഡാന്‍സര്‍ ബാബു

സുധിയുടെ കരിയറിലെ തന്നെ മികച്ച പ്രകടനത്തിലൊന്നാണ് പൊറിഞ്ചു മറിയം ജോസിലെ ഡാന്‍സര്‍ ബാബു. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിലെ ഡിസ്‌കോ ഡാന്‍സര്‍ കോമഡിക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ കഥാപാത്രമല്ലായിരുന്നു. നൃത്തരംഗങ്ങളും വൈകാരികരംഗങ്ങളുമെല്ലാം സുധി മികവുറ്റതാക്കി. അത് തിയ്യേറ്ററുകളില്‍ കയ്യടി നേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in