'ഉടലാഴ'ത്തില്‍ നിന്ന് ബോളിവുഡിലേക്ക്; ഹോട്ട്‌സ്റ്റാര്‍ സീരീസിനെ കുറിച്ച് മണി

'ഉടലാഴ'ത്തില്‍ നിന്ന് ബോളിവുഡിലേക്ക്; ഹോട്ട്‌സ്റ്റാര്‍ സീരീസിനെ കുറിച്ച് മണി

തിഗ്മാന്‍ഷു ധൂലിയ സംവിധാനം ചെയ്ത ബോളിവുഡ് ത്രില്ലര്‍ സീരീസാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ മര്‍ഡര്‍. അജയ് ദേവ്ഗണ്‍ നിര്‍മ്മിച്ച സീരീസില്‍ റിച്ച ഛദ്ദ, പ്രതീക് ഗാന്ധി തുടങ്ങിയ ബോളിവുഡ് താരങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങള്‍. അവര്‍ക്കൊപ്പം മലയാള നടനായ മണി പി.ആറും സീരീസില്‍ പ്രധാന കഥാപാത്രമായിരുന്നു. മോഹന്‍ലാല്‍ ചിത്രമായ ഫോട്ടോഗ്രാഫറിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് മണി. ഫോട്ടോഗ്രാഫറിന് ശേഷം 13 വര്‍ഷം കഴിഞ്ഞാണ് ഉടലാഴം എന്ന ചിത്രത്തിലൂടെ മണി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്.

ഉടലാഴത്തിലെ ഗുളികന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ മര്‍ഡറിലേക്ക് തന്നെ വിളിക്കുന്നതെന്ന് മണി ദ ക്യുവിനോട് പറഞ്ഞു. സീരീസില്‍ എകേതി എന്ന ആന്‍ഡമാനിലെ ആദിവാസി പയ്യന്റെ കഥാപാത്രമാണ് മണി അവതരിപ്പിച്ചത്. കഥാപാത്രത്തിന് വേണ്ടി പ്രത്യേക വര്‍ക്ക്‌ഷോപ്പുകളൊന്നും ഉണ്ടായിരുന്നില്ല. സംവിധായകന് വേണ്ടത് എന്താണോ അത് അഭിനയിക്കുകയായിരുന്നു എന്നും മണി പറയുന്നു.

ഉടലാഴം കണ്ടാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ മര്‍ഡറിലേക്ക് വിളിക്കുന്നത്

ദി ഗ്രേറ്റ് ഇന്ത്യന്‍ മര്‍ഡറില്‍ ആന്‍ഡമാനിലെ ഒരു ആദിവാസി പയ്യന്റെ കഥാപാത്രം ചെയ്യുന്നതിന് വേണ്ടിയായിരുന്നു പ്രൊഡക്ഷന്‍ ഹൗസ് നടന്‍മാരെ അന്വേഷിച്ചിരുന്നത്. മണിപ്പൂര്‍, ഒഡീസ എന്നിവടങ്ങളില്‍ നിന്നാണ് ആദ്യം നടന്‍മാര്‍ വന്നത്. എന്നാല്‍ അവരില്‍ നിന്ന് ആരെയും സംവിധായകന്‍ തിഗ്മാന്‍ഷു ധൂലിയക്ക് ഇഷ്ടപ്പെട്ടില്ല. പ്രൊഡക്ഷന്റെ ഭാഗമായ ആരോ ജിയോ മാമി ഫിലിം ഫെസ്റ്റിവലില്‍ ഞാന്‍ ചെയ്ത ഉടലാഴം എന്ന സിനിമ കണ്ടിരുന്നു. അങ്ങനെയാണ് അവര്‍ എന്നെ കുറിച്ച് സംവിധായകനോട് പറയുന്നത്. അദ്ദേഹം എന്നെ കണ്ടപ്പോള്‍ തന്നെ ആ റോള്‍ ഞാന്‍ ചെയ്താല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

ആന്‍ഡമാനിലെ ആദിവാസി പയ്യനായ എകേതി

എകേതി എന്നാണ് ഞാന്‍ ചെയ്ത കഥാപാത്രത്തിന്റെ പേര്. അവന്‍ ആന്‍ദമാനിലെ ഒരു ആദിവാസി പയ്യനാണ്. അവരുടെ ഊരിലെ ദേവന്റെ വിഗ്രഹം മോഷണം പോവുകയും അത് അന്വേഷിച്ച് കണ്ടെത്താന്‍ എകേതി ആന്‍ഡമാനില്‍ നിന്നും പുറത്തേക്ക് പോവുകയാണ്. ആ യാത്രക്കിടയില്‍ ഒരു കൊലപാതകം നടക്കുന്ന സ്ഥലത്ത് എത്തിപ്പെടുകയും തുടര്‍ന്ന് അവന്‍ പൊലീസിന്റെ പീഡനത്തിന് ഇരയാവുകയുമാണ് ചെയ്യുന്നത്.

എകേതി എന്ന കഥാപാത്രത്തിന് വേണ്ടി പ്രത്യേക ആക്ടിങ്ങ് വര്‍ക്ക്‌ഷോപ്പുകളൊന്നും ഉണ്ടായിരുന്നില്ല. സെറ്റില്‍ വെച്ചാണ് അതത് സീനിന് വേണ്ട സ്‌ക്രിപ്പ്റ്റ് തന്നിരുന്നത്. സംവിധായകന് എന്താണോ വേണ്ടത് അത് അനുസരിച്ചാണ് ഞാന്‍ അഭിനയിച്ചത്.

കേരളത്തില്‍ നിന്ന് ഉടലാഴത്തിന് വേണ്ട അംഗീകാരം ലഭിച്ചില്ല

ഉടലാഴം എന്ന ചിത്രത്തിന് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലുകളില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. മുംബൈ ജിയോ മാമിക്ക് പുറമെ ലണ്ടണ്‍, മെല്‍ബണ്‍, മാട്രിഡ് എന്നിവടങ്ങളിലും പ്രദര്‍ശിപ്പിച്ചിരുന്നു. പക്ഷെ കേരളത്തിലെ നിരൂപകരുടെ ഭാഗത്തുനിന്ന് ഉടലാഴത്തിനും എന്റെ കഥാപാത്രത്തിനും വേണ്ട പരാമര്‍ശങ്ങള്‍ ലഭിച്ചിരുന്നില്ല.

ബോളിവുഡില്‍ നിന്ന് കൂടുതല്‍ അവസരങ്ങള്‍

എനിക്ക് എപ്പോഴും സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. കൂടുതല്‍ കഥാപാത്രങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഗ്രേറ്റ് ഇന്ത്യന്‍ മര്‍ഡറിന്റെ രണ്ടാമത്തെ സീസണിന് പുറമെ ബോളിവുഡില്‍ നിന്നും മറ്റ് അവസരങ്ങളും വരുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in