കിസ്മത്തിന്റെ മൂന്ന് വര്‍ഷങ്ങള്‍, ഷെയ്ന്‍ നിഗമിന്റെയും 

കിസ്മത്തിന്റെ മൂന്ന് വര്‍ഷങ്ങള്‍, ഷെയ്ന്‍ നിഗമിന്റെയും 

മലയാള സിനിമ കണ്ടു ശീലിച്ച യുവനായകന്മാരുടെ ശരീരഭാഷയില്‍ നിന്ന് ഒരു മാറി നില്‍ക്കുന്ന നായകനായിരുന്നു 2016ല്‍ പുറത്തിറങ്ങിയ കിസ്മത്തിലേത്. ഇരുപത്തിയെട്ടുകാരിയായ അനിത എന്ന പട്ടികജാതി വിഭാഗത്തില്‍ പെട്ട യുവതിയെ പ്രണയിക്കുന്ന ഇരുപത്തി മൂന്ന് വയസ്‌കാരനായ ഇര്‍ഫാന്‍ എന്ന് മുസ്ലീം യുവാവ്. പുരോഗമന സമൂഹമെന്ന് അവകാശപ്പെടുന്ന കേരളത്തിനകത്തെ തന്നെ ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവുകള്‍ അവരുടെ പ്രണയത്തിലൂടെ ചര്‍ച്ച ചെയ്യുകയായിരുന്നു സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടി.

ചിത്രം പുറത്തിറങ്ങി മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ഷെയ്ന്‍ നിഗം മലയാളത്തിലെ മികച്ച അഭിനേതാക്കളിലൊരാളായി മുന്നിലുണ്ട്, മലയാളി കണ്ട് ശീലിച്ച നായകവേഷങ്ങളില്‍ നിന്ന് മാറി വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളുമായി.

നടനും മിമിക്രി താരവുമായിരുന്ന അബിയുടെ മകനായ ഷെയ്ന്‍ ടിവി സീരീയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും തന്നെ പ്രേക്ഷകര്‍ക്ക് പരിചിതനായിരുന്നു. പിന്നീട് താന്തോന്നിയില്‍ പൃഥ്വിരാജിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് സിനിമാ അരങ്ങേറ്റം. അന്‍വറില്‍ ചെറിയൊരു സീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും ശ്രദ്ധിക്കപ്പെട്ടത് രാജീവ് രവി ആദ്യമായി സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ അന്നയും റസൂലിലുമായിരുന്നു. സ്വാഭാവിക-സമകാലിക ജീവിതങ്ങളെ അതേ സൂക്ഷമതയോടെ അവതരിപ്പിച്ച രാജീവ് രവി ചിത്രത്തില്‍ നായികയുടെ സഹോദര വേഷം ഷെയ്‌നില്‍ ഭദ്രമായിരുന്നു.

പുറമേക്ക് ശാന്തനായി വളരെ പെട്ടെന്ന് പ്രകോപിതനാകുന്ന കഥാപാത്രം. പ്രതിനായക സ്വഭാവമുള്ള ഈ റോളിലാണ് ഷെയ്ന്‍ നിഗം നടനായി വരവറിയിച്ചത്.പിന്നീട് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാല്യകാലസഖി, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലുണ്ടായിരുന്നുവെങ്കിലും ആദ്യമായി നായക വേഷത്തിലെത്തുന്നത് രാജീവ് രവിയുടെ ബാനറായ കളക്ടീവ് ഫേസ് വണ്‍ നിര്‍മ്മാണ പങ്കാളികളായ കിസ്മത്തിലായിരുന്നു

കിസ്മത്തും സ്വാഭാവിത ജീവിത പരിസരങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമയായിരുന്നു. പ്രണയ സാഫല്യത്തിനായി പൊലീസ് സ്റ്റേഷനെ സമീപിക്കുന്ന നായകനും നായികയും. എന്നാല്‍ സഹായത്തിന് പകരം അവര്‍ ഒരു കുരുക്കില്‍ അകപ്പെടുകയാണ് ചെയ്യുന്നത്. സമൂഹത്തിന്റെ സദാചാര നിര്‍ബന്ധങ്ങളുടെയും അധികാരത്തിന്റെയും മുന്നില്‍ നിസഹയാനായി നില്‍ക്കുന്ന നായകന്‍. ഒരു ഘട്ടത്തിലും അമാനുഷികനാവാത്ത സാധാരണക്കാരന്‍. പ്രായത്തില്‍ മുതിര്‍ന്ന സ്ത്രീയെ പ്രണയിക്കുന്നതിനായി കൃത്രിമമായി ഉണ്ടാക്കപ്പെട്ടതല്ലായിരുന്നു ഷെയ്ന്‍ അവതരിപ്പിച്ച ഇര്‍ഫാന്റെ ശരീരഭാഷയും ഷെയ്‌ന്റെ പ്രകടനവും. അതുകൊണ്ട് തന്നെ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് മാറിക്കൊണ്ടിരുന്ന മലയാള സിനിമയില്‍ തന്റെ ഇടം ഷെയ്ന്‍ ആദ്യ നായക ചിത്രത്തില്‍ തന്നെ അടയാളപ്പെടുത്തി. യഥാര്‍ത്ഥ സംഭവത്തെ മുന്‍നിര്‍ത്തി ഒരുക്കിയ ഈ സിനിമയിലെ പ്രകടനത്തിന് ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച പ്രകടനത്തിന് പരിഗണിക്കപ്പെട്ടിരുന്ന നടനുമായി ഷെയ്ന്‍ നിഗം.

കിസ്മത്തിന്റെ മൂന്ന് വര്‍ഷങ്ങള്‍, ഷെയ്ന്‍ നിഗമിന്റെയും 
ദുല്‍ഖര്‍ സല്‍മാന്റെ മികച്ച 5 കഥാപാത്രങ്ങള്‍  

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഷെയ്‌ന്റേതായി ആകെ പുറത്തിറങ്ങിയത് വെറും അഞ്ച് ചിത്രങ്ങളാണ്. അഞ്ചും സംവിധായകരുടെ ആദ്യ ചിത്രങ്ങള്‍. കിസ്മത്തും ഷാനവാസ് ബാവക്കുട്ടിയുടെ ആദ്യ ചിത്രമായിരുന്നു. ഈ ചിത്രങ്ങളൊന്നും തന്നെ കമേഴ്സ്യല്‍ ഫോര്‍മുല രൂപപ്പെടുത്തിയ നായക കഥാപാത്രമായിരുന്നില്ല ഷെയ്ന്‍ നിഗം. ആന്റണി സോണി സംവിധാനം ചെയ്ത കെയര്‍ ഓഫ് സൈറാബാനു തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയപ്പോള്‍ ബാക്കി നാലും പ്രമേയം കൊണ്ടോ അവതരണ ശൈലികൊണ്ടോ വേറിട്ടു നില്‍ക്കുകയോ നിരൂപക പ്രശംസ നേടുകയോ ചെയ്തിട്ടുള്ളവയാണ്. അതുകൊണ്ട് തന്നെ മലയാള സിനിമയുടെ പോയ വര്‍ഷങ്ങളില്‍ അഭിനയിച്ച സിനിമകള്‍ക്കൊപ്പം അഭിനേതാവെന്ന നിലയിലും തന്റെ വളര്‍ച്ച അടയാളപ്പെടുത്തിയാണ് ഷെയ്ന്‍ നിഗത്തിന്റെ മുന്നേറ്റം.

നടന്‍ സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ പുറത്തിറങ്ങിയത് 2017ലായിരുന്നു. അന്നയും റസൂലും എന്ന ചിത്രത്തിലേക്ക് രാജീവ് രവിയുടെ മുന്നില്‍ ഷെയ്‌നെ മുന്‍പ് പരിചയപ്പെടുത്തിയതും സൗബിന്‍ ആയിരുന്നു. മട്ടാഞ്ചേരിയിലെ രണ്ട് കുട്ടികളും അവരുടെ പ്രാവ് വളര്‍ത്തലും പ്രമേയമാക്കി മട്ടാഞ്ചാരിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ സൗബിന്‍ ഷെയ്‌നായി കരുതി വെച്ചത് മനസിലെ ഉണങ്ങാത്ത മുറിവിന്റെ നീറ്റലുമായി വീട്ടിനകത്ത് ജീവിതം സ്വയം തളച്ചിട്ട ഷെയ്ന്‍ എന്ന കഥാപാത്രമായിരുന്നു. ചെറിയ നോട്ടം കൊണ്ടും, നിശബ്ദത കൊണ്ടുമെല്ലാം പക്വതയോടെ സ്വാഭാവികത വിടാതെ ഷെയ്ന്‍ ആ കഥാപാത്രത്തെ മികവുറ്റതാക്കി. വലിയൊരു പ്രേക്ഷക സമൂഹം ഷെയ്‌നെ ഇഷ്ടപ്പെട്ട് തുടങ്ങിയതും ആ ചിത്രത്തില്‍ തന്നെ.

കിസ്മത്തിന്റെ മൂന്ന് വര്‍ഷങ്ങള്‍, ഷെയ്ന്‍ നിഗമിന്റെയും 
‘ഞാന്‍ ജാക്‌സണല്ലടാ, സൗബിനുള്ള എന്റെ ട്രിബ്യൂട്ട്’ ; അമ്പിളിയിലെ ഹിറ്റ് ഗാനത്തെക്കുറിച്ച് വിനായക് ശശികുമാര്‍

ചിത്രസംയോജകനായ ബി അജിത് കുമാര്‍ സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ ഈട കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം പ്രമേയമാക്കി പുറത്തുവന്ന സിനിമയാണ്. വിരുദ്ധ രാഷ്ട്രീയ ചേരിയിലുള്ള കുടുംബങ്ങളില്‍ ജനിച്ച ആനന്ദിന്റെയും ഐശ്വര്യയുടെയും പ്രണയമായിരുന്നു അക്രമരാഷ്ട്രീയത്തെ പുറത്തു നിന്ന് നോക്കി കാണാന്‍ സംവിധായകന്‍ തെരഞ്ഞെടുത്തത്. കഥാപാത്ര നിര്‍മ്മിതിയില്‍ സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞപ്പോള്‍ ഷെയ്‌ന്റെ ആനന്ദ് ഇതുവരെ കണ്ടു ശീലിച്ച കാമുകന്മാരില്‍ നിന്നും നായകനില്‍ നിന്നും അകലെ മാറിയാണ് ആനന്ദ് ആയത്. ഷെയ്‌ന്റെ അഭിനയ മികവില്‍ കിസ്മത്തിന്റെയും പറവയുടെയും തുടര്‍ച്ചയായിരുന്നു ഈട. പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ തമ്മിലടിക്കുന്നവരുടെ ഇടയില്‍ നിസ്സഹായനായി നിന്നു പോകുന്ന അമാനുഷികതകളില്ലാത്ത, ഉള്‍വലിവുകളുള്ള അതീജിവനത്തിനായി പോരാടുന്ന ആനന്ദ് ഷെയ്നിന്റെ കയ്യില്‍ ഭദ്രവുമായിരുന്നു.

ആദ്യ ചിത്രങ്ങളിലെ ചെറിയ സമാനതകളുള്ള മുറിവേറ്റ കഥാപാത്രങ്ങളില്‍ നിന്ന് ഷെയ്ന്‍ ഇമേജ് ബ്രേക്ക് നല്‍കിയത് ഈ വര്‍ഷം പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സിലായിരുന്നു. മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബ്ലൂടൂത്ത് സ്പീക്കറില്‍ സദാസമയവും പാട്ടു കേട്ട് നടക്കുന്ന, ജോലിക്ക് പോകാത്ത അലസനായ ബോബിയായിട്ടായിരുന്നു ഷെയ്ന്‍ എത്തിയത്. ചിരിക്കാത്ത, പൊട്ടിച്ചിരിക്കാത്ത, ഫ്രീക്ക് അല്ലാത്ത ഷെയ്ന്‍ കഥാപാത്രത്തെ ശീലിച്ചവര്‍ക്ക് മുന്നിലേക്കാണ് ബോബി വന്നത്. ബേബി മോള്‍ ഉമ്മ തരാത്തപ്പോള്‍ ചീത്ത പറഞ്ഞ് ഇറങ്ങി പോകുന്ന, ചായ കുടിക്കാന്‍ ചായത്തോട്ടം വാങ്ങണോ എന്ന് ചോദിക്കുന്ന, നല്ല കുടുംബങ്ങളുടെ സംസ്‌കാരം കാത്തു സൂക്ഷിക്കണ്ടേ എന്ന് ചോദിക്കുന്ന അലസനായ ബോബിയില്‍ നിന്നും പ്രണയം വീട്ടില്‍ പറയാന്‍ ആവശ്യപ്പെടുന്ന, തീട്ടപ്പറമ്പ് ഞങ്ങളുടെ അല്ല എന്ന് പറയുന്ന, മീന്‍ പിടിക്കുന്നതില്‍ അന്തസിന്റെ പ്രശ്നമില്ലെന്ന തിരിച്ചറിവുകളുണ്ടാവുന്ന ബോബിയായും ഷെയ്ന്‍ പ്രേക്ഷകരുടെ ഉളളില്‍ ഇടം പിടിച്ചു. അതുവരെ ചെയ്ത മറ്റ് കഥാപാത്രങ്ങില്‍ നിന്ന് തികച്ചും വ്യത്യസ്തമായി നില്‍ക്കുന്നതായിരുന്നു സ്വാഭാവിക നര്‍മ്മത്തിന്റെ പിന്തുണയുണ്ടായിരുന്ന ബോബി.

കിസ്മത്തിന്റെ മൂന്ന് വര്‍ഷങ്ങള്‍, ഷെയ്ന്‍ നിഗമിന്റെയും 
ബുദ്ധി മെയിനായ മെല്‍വിന്‍ ഹ്യുമാനിറ്റീസല്ല ബിടെക്കാണ്

ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌കിലെ സച്ചിയെന്ന കഥാപാത്രം അഭിനേതാവെന്ന നിലയിലും നായകനെന്ന നിലയിലും ഷെയ്‌നെ വേറിട്ടു നിര്‍ത്തുന്നതായിരുന്നു. ചിത്രത്തിന്റെ തുടക്കത്തിലെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന നിഷ്‌കളങ്കനായ മകനും, പിന്നീട് സദാചാര പൊലീസിങ്ങിന് ഇരയാക്കപ്പെടുന്ന നിസഹയാനായ കാമുകനും ഒടുവില്‍ ആണത്തം തെളിയിക്കാന്‍ പ്രതികാരം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുന്ന നായകനും സാമ്യതകളില്ലാതെ ഷെയ്ന്‍ മികച്ചതാക്കി. ചിത്രത്തിലെ സച്ചിയെന്ന നായകന്റെ സ്വഭാവതലങ്ങളിലൂന്നിയായിരുന്നു സിനിമ. ആദ്യ പകുതിയില്‍ സച്ചി ഇരയായിരുന്നുവെങ്കില്‍ രണ്ടാം പകുതിയില്‍ അയാള്‍ വേട്ടക്കാരനായി മാറി. കഥാപാത്രത്തിന്റെ ഈ രണ്ട് വ്യത്യസ്ത തലങ്ങളായിരുന്നു പ്രേക്ഷകരെ പിടിച്ചിരുത്തിയത്.

കിസ്മത്തില്‍ നിന്ന് ഇഷ്‌കിലേക്ക് എത്തുമ്പോഴേക്കും ഫഹദ് ഏറ്റെടുക്കുന്ന കഥാപാത്രങ്ങള്‍ പോലെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ കഥാപാത്രങ്ങളെ അതിന്റെ ആഴമുള്‍ക്കൊണ്ട് അവതരിപ്പിക്കാന്‍ പ്രാപ്തനാണ് താനെന്ന് ഷെയ്ന്‍ തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായിരുന്ന ഷാജി എന്‍ കരുണിന്റെ ഓള് ഷെയ്‌നിന്റെ ഷെയ്നിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ എന്ന തരത്തിലുള്ള ചിത്രം ഇനിയും ഷെയ്‌ന്റേതായി പുറത്തിറങ്ങിയിട്ടില്ല. ഇനി റീലിസ് ചെയ്യാനിരിക്കുന്ന വലിയ പെരുന്നാള്‍, ഉല്ലാസം, വെയില്‍, ഖുര്‍ബാനി തുടങ്ങിയ ചിത്രങ്ങളില്‍ അതുകൊണ്ട് തന്നെ ഷെയ്‌ന്റെ മറ്റൊരു മേക്ക് ഓവര്‍ പ്രതീക്ഷിക്കാവുന്നതാണ്.

Related Stories

No stories found.
The Cue
www.thecue.in