കൊച്ചിയുടെ സ്വന്തം 13 AD

കൊച്ചിയുടെ സ്വന്തം 13 AD

നീട്ടി വളർത്തിയ മുടിയും, ഡെനിം ജാക്കറ്റും, കയ്യിലൊരു ഗിറ്റാറുമായി കൊച്ചിയിൽ സംഗീതവുമായി നടന്നിരുന്ന ഒരു കൂട്ടം യുവാക്കൾ ഉണ്ടായിരുന്നു. കൊച്ചിയുടെ പ്രധാന ലഹരിയായി സംഗീതത്തെ കുത്തി നിറച്ചതും ഒരുപക്ഷെ അവർ തന്നെ. പറഞ്ഞു തുടങ്ങിയത് കൊച്ചിയിലെ റോക്ക് ബാൻഡ് കൾച്ചറിനെ കുറിച്ചാണ്. കൊച്ചിയുടെ തെരുവുകളിലും രാജേന്ദ്രമൈതാനിയിലും കൊച്ചിന്‍ക്ലബ്ബിലും സംഗീതം ലഹരിയായി കൊണ്ടുനടന്ന ചെറുപ്പക്കാരുടെ സംഘങ്ങളെ കുറിച്ച്. പേഴ്സി ലോംബോ എന്ന ഫോറിനർ കൊച്ചിക്കാരെയും കൂട്ടി 1934ൽ തുടങ്ങിയ 'ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിങ് ഒ പ്ലേറ്റ്' എന്ന ബാൻഡ് ആണ് റോക്ക് മ്യൂസിക് ആദ്യമായി കൊച്ചിയിലേക്ക് ഒഴുക്കിയത്. പിന്നീട പല ബാൻഡുകൾ വന്നെങ്കിലും കൊച്ചിയുടെ ആത്മാവിനോട് ഇന്നും ചേർന്ന് നിൽക്കുന്നത് 13 ADയാണ്.

ഭീഷ്മ പർവ്വത്തിലെ പറുദീസാ എന്ന ഗാനത്തിൽ ചുമരിൽ 13 AD എന്ന ഗ്രാഫിറ്റി കണ്ടപ്പോൾ 'BAD' എന്ന് വായിച്ചവരാണ് കൂടുതലും. ആ മതിലിലോട്ട് നോക്കി കണ്ണ് നിറഞ്ഞു നിൽക്കുന്ന സൗബിനെ കാണിക്കുന്ന ഷോട്ടിലൂടെയാണ് ആ പേരിനോടുള്ള പ്രത്യേക താല്പര്യം ശ്രദ്ധിക്കുന്നത്. 13 AD

ഒരുപക്ഷെ പലർക്കും 13 AD എന്ന് പറഞ്ഞാൽ പെട്ടെന്ന് മനസിലേക്ക് വരുന്നത് 90 കളിൽ ഇന്‍ഡൃന്‍ യുവത്വത്തെ പിടിച്ചുലച്ച ഇംഗ്ളീഷ് റോക്ക് ഗാനമായ ഗ്രൗണ്ട് സിറോയാണ്. ഇന്ത്യൻ റോക്ക് മ്യൂസിക്കിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയ ഗ്രൗണ്ട് സീറോ 11 ഗാനങ്ങളടങ്ങിയ മ്യൂസിക് ആൽബം ആയിരുന്നു. അവർ നടത്തിയ മ്യൂസിക് ഈവന്റുകൾക്കും, അവരുടെ സംഗീതത്തിനും 80കളിലും 90കളിലും ഉണ്ടായിരുന്ന സ്വീകാര്യതയും വളരെ വലുതാണ്.

ഫോർട്ട് കൊച്ചിയിലെ സീ ലോർഡ് ഹോട്ടൽ ആയിരുന്നു 13 ADയുടെ പ്രധാന വേദി. മെറ്റൽ ആൻഡ് റോക്ക് സ്റ്റൈലിന് വേണ്ടി ആവേശം കൊണ്ടിരുന്ന 80 കളിലെയും 90 കളിലെയും യൂത്തിനെ തൃപ്തിപെടുത്തിയതിൽ 13 ADക്ക് വലിയ സ്ഥാനമുണ്ട്. സ്‌റ്റാൻലി ലൂയിസ്, എലോയ് ഐസക്‌സ്, ആഷ്‌ലി പിന്റോ, അനിൽ റൗൺ, പെട്രോ കൊറേയ തുടങ്ങിയവരായിരുന്നു ബാൻഡിന്റെ ആദ്യ ലൈൻ അപ്പിൽ ഉണ്ടായിരുന്ന മെംബേർസ്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിലുള്ള ഫാൻബേസ് 13 AD സ്വന്തമാക്കിയിരുന്നു. ലോകമെമ്പാടും ബീറ്റിൽസ് സൃഷ്ട്ടിച്ച സംഗീതത്തിന്റെ ഹാങ്ങോവർ തന്നെയായിരിക്കണം ഇങ്ങു കൊച്ചിയിലും ബാൻഡ് കൽച്ചറിന് കാരണമായത്.

ഗ്രൗണ്ട് സിറോയ്ക്ക് ശേഷം വന്ന രണ്ടാമത്തെ ആൽബം tough on the streets ൽ പരീക്ഷണം എന്ന നിലയിൽ തൃശ്ശൂരിൽ നിന്നുമുള്ള റോസിനേയും സെറീനെയും കൂട്ടി vocal duo ആയി അവതരിപ്പിച്ചത് വലിയ രീതിയിലുള്ള ശ്രദ്ധ നേടി. ഗ്രൗണ്ട് സീറോ ഉണ്ടാക്കിയ ഓളം ഒരുപക്ഷെ രണ്ടാമത്തെ ആൽബം സൃഷ്ടിച്ചില്ലെങ്കിലും രണ്ടാമത്തെ ആൽബത്തോട് കൂടി ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ബാന്റുകളുടെ കൂട്ടത്തിലേക്ക് 13 AD എത്തിയിരുന്നു. 13 AD യുടെ ലീഡ് സിങ്ങർ ആയ ഗ്ലെനിന്റെ മ്യൂസിക് journey അവിടെ അവസാനിക്കുകയായിരുന്നു. പിന്നീട് ഗ്ലെണിനെ റീപ്ലേസ് ചെയ്ത് ജോർജ് പീറ്റർ വന്നു. എന്നാൽ പിന്നീട് ഒറിജിനൽ മ്യൂസിക് വീഡിയോസ് ഒന്നും 13 AD യുടെ ഭാഗത്തു നിന്നുമുണ്ടായില്ല എങ്കിലും പല മ്യൂസിക് കോൺസെർട്ടുകളിലുമായി 13 AD ലൈവ് ആയി ഉണ്ടായിരുന്നു.

70കൾ മുതൽ 90കളുടെ പകുതി വരെ വളർന്നു വന്നിരുന്ന ബാൻഡുകൾ തകർന്ന് പോവുന്നതിൽ കേരള പോലീസിന്റെ പങ്കും ഒട്ടും ചെറുതല്ലായെന്നും പലരും പറയുന്നു. ആ കാലത്ത് വെസ്റ്റേൺ മ്യൂസിക് കോൺസെർട്ടുകളിൽ പോലീസ് ലാത്തി ചാര്ജും സ്ഥിരം പരിപാടിയായിരുന്നു. ഒരുപക്ഷെ നമ്മുക്ക് നഷ്ടമായത് അല്ലെങ്കിൽ പലരും നഷ്ടപ്പെടുത്തിയത് ശാസ്ത്രീയ സംഗീതത്തിനും മുകളിൽ ഒരു കാലത് ആരാധകരെ സൃഷ്ട്ടിച്ച, റോക്കിനും മെറ്റലിനും മലയാളികളുടെ ഉള്ളിൽ വലിയ സ്ഥാനം നേടിക്കൊടുത്ത മികച്ച ഒരു ബാൻഡിനെയാണ്. 13 ADയെയാണ്.

ഭീഷ്മ പർവ്വം 80 കളിലും 90 കളിലുമായി സംഭവിക്കുന്ന കഥയായതുകൊണ്ട് തന്നെ ജോൺ ലെനനും, ബീറ്റിൽസും, 13 ADയുമെല്ലാം സിനിമയുടെ ഭാഗമായി നഷ്ടപ്പെട്ടുപോയ ഒരുപാട് സെലിബ്രേറ്റ് ചെയ്തിരുന്ന മ്യൂസിക്കിനെ തിരിച്ചു നൽകുമെന്ന് പ്രതീക്ഷിക്കാം. 13 AD പ്രധാന കഥയിട്ട് ഭാഗമായി ഭീഷ്മ പർവ്വത്തിലുണ്ടെങ്കിൽ സിനിമ നൽക്കുന്ന വിഷ്വൽ ഡിസൈനിൽ റെട്രോ ലെയറിനു കൂടുതൽ ജീവൻ ലഭിക്കും.

കോരിച്ചൊരിയുന്ന പെരുമഴയത്ത് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ് നിന്ന് 13 ADയുടെ കൺസേർട്ട് കണ്ടിരുന്ന ഒരുകൂട്ടം ഇന്നും ഇവിടെ 13 ADയുടെ ഓർമ്മകളുമായി ജീവിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in