'നേരിട്ടു തോല്‍പ്പിക്കാന്‍ പറ്റില്ലങ്കില്‍ ഇങ്ങനെ ആകാമെന്നാണോ'; ഇത്തരം നെറികേടിനെയാണ് പിതൃശൂന്യതയെന്ന് വിളിക്കുന്നതെന്ന് വിനയന്‍

'നേരിട്ടു തോല്‍പ്പിക്കാന്‍ പറ്റില്ലങ്കില്‍ ഇങ്ങനെ ആകാമെന്നാണോ';  ഇത്തരം നെറികേടിനെയാണ് പിതൃശൂന്യതയെന്ന് വിളിക്കുന്നതെന്ന് വിനയന്‍

പത്തൊന്‍പതാം നൂറ്റാണ്ട് സിനിമ തിയ്യേറ്ററുകളില്‍ പരാജയപ്പെട്ടുവെന്ന പേരിലുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരിച്ച് സംവിധായകന്‍ വിനയന്‍. കേരള പ്രൊഡ്യൂസേഴ്‌സ് എന്ന പേരിലുള്ള ഒരു പേജില്‍ നിന്ന് ചിത്രം പരാജയപ്പെട്ടുവെന്ന തരത്തില്‍ വന്ന പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് വിനയന്റെ പ്രതികരണം. ഇത്തരമൊരു പേജ് പ്രൊഡ്യൂസര്‍മാര്‍ക്ക് ഇല്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത് അറിയിച്ചിട്ടുണ്ടെന്നും, ഇതിനു പുറകില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരം നെറികേടിനെ പിതൃശൂന്യത എന്നാണ് വിളിക്കുന്നതെന്നും, നേരിട്ട് തോല്‍പ്പിക്കാന്‍ പറ്റിയില്ലെങ്കില്‍ ഇങ്ങനെ ആകാം എന്നാണെങ്കില്‍ നിങ്ങള്‍ക്ക് തെറ്റിപ്പോയി എന്നും വിനയന്‍ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്

രണ്ടു ദിവസം മുന്‍പ് മുതല്‍ ഇങ്ങനൊരു വ്യാജ പ്രൊഫൈലില്‍ നിന്ന് കേരളത്തിലെ ഇരുനുറിലധികം തീയറ്ററുകളില്‍ പ്രേക്ഷകര്‍ കയ്യടിയോടെ സ്വീകരിച്ച് 14-ാം ദിവസം പ്രദര്‍ശനം തുടരുന്ന പത്തൊന്‍പതാം നുറ്റാണ്ട് ഫ്‌ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു.. ഇങ്ങനൊരു fb page പ്രൊഡ്യൂസേഴ്‌സിനില്ല .. ഈ വ്യാജന്‍മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കും എന്നാണ് എന്നോടിപ്പോള്‍ സംസാരിച്ച producerse association പ്രസിഡന്റ് ശ്രി രഞ്ജിത്ത് പറഞ്ഞത്..

ഏതായാലും നല്ലോരു സിനിമയേ കൊല്ലാന്‍ ശ്രമിക്കുന്ന ഈ ക്രിമിനല്‍ ബുദ്ധിക്കു മുന്നില്‍ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ.. അയാളോടായി പറയുകയാണ് ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത് താങ്കളാപേരിന് അര്‍ഹനാണ്.. നേരിട്ടു തോല്‍പ്പിക്കാന്‍ പറ്റില്ലങ്കില്‍ പിന്നെ ഇങ്ങനെ ആകാം എന്നാണോ? എന്നാല്‍ നിങ്ങള്‍ക്കു തെറ്റിപ്പോയി നിങ്ങടെ കള്ള പ്രചരണങ്ങള്‍ക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രം...

സെപ്തംബര് 8ന് ഓണം റിലീസായിട്ടായിരുന്നു വിനയന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം പത്തൊന്‍പതാം നൂറ്റാണ്ട് റിലീസ് ചെയ്തത്. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിതം പ്രമേയാകുന്ന ചിത്രത്തില്‍ സിജു വിത്സനായിരുന്നു വേലായുധ പണിക്കരുടെ വേഷം ചെയ്തത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനായിരുന്നു ചിത്രം നിര്‍മിച്ചത്. ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Related Stories

No stories found.
The Cue
www.thecue.in