ഇസ്ലാമോഫോബിയ,ഫിലിംക്ലബ്; ഷാരിസ് മുഹമ്മദിനെതിരെ എസ്ഡിപിഐയും ഫ്രറ്റേണിറ്റിയും

ഇസ്ലാമോഫോബിയ,ഫിലിംക്ലബ്; ഷാരിസ് മുഹമ്മദിനെതിരെ എസ്ഡിപിഐയും ഫ്രറ്റേണിറ്റിയും

എസ്.ഡി.പി.ഐയുടെയും, ഫ്രറ്റേണിറ്റിയുടെയും പ്രോഗ്രാമുകളില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചെന്ന ജനഗണമന സിനിമയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിന്റെ വാദത്തിനെതിരെ സംഘടനകള്‍ രംഗത്ത്. എസ്ഡിപിഐക്ക് ഒരു ഫിലിം ക്ലബ്ബ് ഇല്ല എന്നിരിക്കെയാണ് ഫിലിം ക്ലബ് ഉദ്ഘാടന വേദിയിലേക്ക് ക്ഷണിച്ചുവെന്ന് ഷാരിസ് പറഞ്ഞതെന്ന് എസ്.ഡി.പി.ഐ പ്രതികരിച്ചു. സാമൂഹ്യ നീതിയും നവജനാധിപത്യ ഭാവനകളും ചര്‍ച്ചയാകുന്ന വ്യത്യസ്ത സിനിമകള്‍ പുറത്തിറങ്ങിയ സമകാലിക പശ്ചാത്തലത്തില്‍ മലയാളം സിനിമ മേഖലയില്‍ രൂപപ്പെട്ട് വരുന്ന പുതിയ ജനാധിപത്യ കാഴ്ചപ്പാടുകളെ മുന്‍ നിര്‍ത്തി സംസാരിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ പരിപാടിയുടെ പ്രാധാന്യം എന്നതിനപ്പുറം 'ഇത്തരം' പരിപാടികളില്‍ പങ്കെടുക്കുന്നതിലൂടെ സിനിമാലോകത്ത് തനിക്ക് ചാര്‍ത്തപ്പെട്ട് കിട്ടുമെന്ന് കരുതുന്ന ചില 'ബ്രാന്‍ഡുകളോട്' പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യത്തെ മുന്‍നിര്‍ത്തി പരിപാടിയില്‍ നിന്ന് പിന്മാറുന്നതായാണ് അദ്ദേഹം അറിയിച്ചതെന്ന് ഫ്രറ്റേണിറ്റിയും പ്രതികരിച്ചു.

ഫ്രറ്റേണിറ്റി നേതാവ് കെ.കെ അബ്ദുള്‍ ജബ്ബാറിന്റെ പ്രതികരണം

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് 2022 ജൂണ്‍ 13 - ന് നടത്താന്‍ തീരുമാനിച്ച 'നവ ജനാധിപത്യ ഭാവനകളും മലയാള സിനിമയും' എന്ന ചര്‍ച്ച സംഗമത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിനെ ഫോണിലൂടെ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. സാമൂഹ്യ നീതിയും നവജനാധിപത്യ ഭാവനകളും ചര്‍ച്ചയാകുന്ന വ്യത്യസ്ത സിനിമകള്‍ പുറത്തിറങ്ങിയ സമകാലിക പശ്ചാത്തലത്തില്‍ മലയാളം സിനിമ മേഖലയില്‍ രൂപപ്പെട്ട് വരുന്ന പുതിയ ജനാധിപത്യ കാഴ്ചപ്പാടുകളെ മുന്‍ നിര്‍ത്തി സംസാരിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ പരിപാടിയുടെ പ്രാധാന്യം എന്നതിനപ്പുറം 'ഇത്തരം' പരിപാടികളില്‍ പങ്കെടുക്കുന്നതിലൂടെ സിനിമാലോകത്ത് തനിക്ക് ചാര്‍ത്തപ്പെട്ട് കിട്ടുമെന്ന് കരുതുന്ന ചില 'ബ്രാന്‍ഡുകളോട്' പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യത്തെ മുന്‍നിര്‍ത്തി പരിപാടിയില്‍ നിന്ന് പിന്മാറുന്നതായാണ് അദ്ദേഹം അറിയിച്ചത്.

ഭരണകൂട വേട്ടയ്‌ക്കെതിരെ സിനിമ രംഗത്ത് ശക്തിപ്പെടുന്ന ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്ന ചര്‍ച്ചയാണ് പ്രസ്തുത പരിപാടിയിലൂടെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ലക്ഷ്യം വെച്ചത്. വ്യവസ്ഥാപിത അനീതിക്കെതിരെ നടക്കുന്ന ചര്‍ച്ച സംഗമത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ജാതീയ വിവേചനവും ഇസ്ലാമോഫോബിയയും സ്വാഭാവികമായും ചര്‍ച്ച ചെയ്യപ്പെടും. എന്നാല്‍ ഇസ്ലാമോഫോബിയ ചര്‍ച്ചയ്ക്കാണ് തന്നെ ഫ്രറ്റേണിറ്റി ക്ഷണിച്ചതെന്ന പ്രയോഗം കൊണ്ട് ഷാരിസ് മുഹമ്മദ് ഉന്നം വയ്ക്കുന്നത് എന്തിനെയാണ്...?

മലയാള സിനിമ മേഖലയില്‍ അള്‍ട്രാ സെക്കുലര്‍ ഭാവുകത്വം ആഗ്രഹിക്കുന്ന വ്യക്തികളുടെ നിരയിലേക്ക് ചേര്‍ത്തുനിര്‍ത്തപ്പെടുകയില്ല എന്ന ആശങ്കയായിരിക്കാം അദ്ദേഹത്തെ ഇത്തരം ചര്‍ച്ചകളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. സവര്‍ണ ന്യൂനപക്ഷ അധീശത്വം വാഴുന്ന കലാ സാഹിത്യ മേഖലകളില്‍ പുതുകാല സിനിമകളും സംവിധായകരും ആര്‍ജ്ജവത്തോടെ എഴുന്നേറ്റ് നിന്ന് പ്രതികരിക്കുന്നതിന്റെ ധാരാളം ഉദാഹരണങ്ങള്‍ പ്രതീക്ഷയോടെയാണ് കേരളീയ സമൂഹം സ്വീകരിക്കുന്നത്. എന്നാല്‍ വിശുദ്ധ മതേതരത്വ ബ്രാന്‍ഡിങ്ങിലൂടെ അത്തരം ഫാസിസ്റ്റ് ഗൂഢാലോചനകളെ പ്രതിരോധിക്കാം എന്നത് ദുര്‍ബലമായ ബോധ്യങ്ങള്‍ മാത്രമാണ്. ഏതായാലും - കണ്ണൂര്‍ നഗരത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള സംഘടിപ്പിച്ച പ്രസ്തുത പരിപാടിയില്‍ ഡോ. എ കെ വാസു, ലീലാ സന്തോഷ്, സമീല്‍ ഇല്ലിക്കല്‍, ഇജാസുല്‍ ഹഖ്, സജീദ് ഖാലിദ് തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ പോസ്റ്ററും മറ്റു വിശദാംശങ്ങളും ഇതോടൊപ്പം ചേര്‍ക്കുന്നു.

എസ്.ഡി.പി.ഐ പ്രതികരണം

ജനഗണമന എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് കഴിഞ്ഞ ദിവസം ഒരു മുസ്ലിം വിദ്യാര്‍ത്ഥി സംഘടനയുടെ വേദിയില്‍ വച്ച് എസ്ഡിപിഐയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. എസ്ഡിപിഐ ഒരു പ്രോഗ്രാമിന് ക്ഷണിച്ചുവെന്നും അവര്‍ക്ക് വേണ്ടത് തന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദ് എന്നായിരുന്നുവെന്നുമുള്ള ഒരു പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്.

എസ്ഡിപിഐക്ക് ഒരു ഫിലിം ക്ലബ്ബ് ഇല്ല എന്നിരിക്കെയാണ് ഫിലിം ക്ലബ് ഉദ്ഘാടന വേദിയിലേക്ക് ക്ഷണിച്ചുവെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഇങ്ങിനെയൊരു പരാമര്‍ശം നടത്തിയത് ഇത്തരമൊരു സിനിമ എടുത്തതിന്റെ പ്രതിസന്ധി ലഘൂകരിക്കാനോ, അവാര്‍ഡ് നല്‍കുന്ന കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനോ ആണ് എന്ന് സംശയിക്കുന്നു.

എസ്ഡിപിഐയുടെ ഏതെങ്കിലും ഒരു നേതാവ് അദ്ദേഹത്തെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. കുറഞ്ഞത് അദ്ദേഹത്തെ ബന്ധപ്പെട്ട ആളുടെ ഫോണ്‍ നമ്പറെങ്കിലും വെളിപ്പെടുത്താന്‍ തയ്യാറാകണം. ഇത്തരം കളവുകള്‍ പറഞ്ഞ് മറുപക്ഷത്തിന്റെ കൈയ്യടി വാങ്ങുന്നത് ഒരു സത്യസന്ധനായ കലാകാരന് ചേര്‍ന്നതല്ല.

ഷാരിസ് മുഹമ്മദ് പറഞ്ഞത്

ജനഗണമന ചെയ്ത് കഴിഞ്ഞപ്പോൾ ഒരു എസ്.ഡി.പി.ഐ നേതാവ് അവരുടെ ഫിലിം ക്ലബിന്റെ ഉദ്ഘാടനത്തിനായി എന്നെ വിളിച്ചപ്പോൾ വരില്ലെന്ന് ഞാൻ പറഞ്ഞു. എന്തുകൊണ്ട് ഇതിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണിയെ നിങ്ങൾ ക്ഷണിച്ചില്ല എന്ന് ചോദിച്ചപ്പോൾ എന്നോട് പറഞ്ഞത് ഞങ്ങൾക്ക് വേണ്ടത് നിങ്ങളെയാണെന്നാണ്. അപ്പോൾ ഞാൻ മനസ്സിലാക്കി അവർക്ക് വേണ്ടത് എന്നെയല്ല, എന്റെ പേരിന്റെ അറ്റത്ത് കിടക്കുന്ന മുഹമ്മദിനെയാണ്. ഇസ്ലാമോഫോബിയയെ കുറിച്ച് എറണാകുളത്ത് സംസാരിക്കുവാൻ രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ഫ്രറ്റേർണിറ്റിയുടെ നേതാവ് എന്നെ വിളിച്ചു. അവരോട് ഞാൻ പറഞ്ഞു, എനിക്കെന്ത് ഇസ്ലാമോഫോബിയ? ഞാൻ വീണ്ടും എന്റെ ചോദ്യം ആവർത്തിച്ചു നിങ്ങൾ എന്തുകൊണ്ട് ജനഗണമനയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണിയെ വിളിക്കാതിരുന്നതെന്ന്. അവരും പറഞ്ഞത് അവർക്ക് വേണ്ടത് എന്നെയാണെന്നാണ്.

ഇതെല്ലം കഴിഞ്ഞ്, ഞാൻ ഇങ്ങനെയൊരു സിനിമയാണോ ചെയ്തതെന്ന് വിചാരിച്ചിരിക്കുമ്പോൾ എന്റെ ഫോണിൽ ഒരു പേര് കണ്ടു, ഷാഫി പറമ്പിൽ കോളിംഗ് എന്ന്. യൂത്ത് കോൺഗ്രസ്സിന്റെ 'ചിന്തൻ ശിബിർ' നടക്കുന്നുണ്ട്, അരമണിക്കൂർ സംസാരിക്കുമോയെന്ന് ഷാഫി പറമ്പിൽ ചോദിച്ചപ്പോൾ ഞാൻ വരുമെന്ന് ഒറ്റ നിമിഷത്തിൽ പറഞ്ഞു. എന്റെ മുഹമ്മദ് കണ്ടിട്ടല്ല, ഞാനെഴുതിയ സിനിമയും ഞാനെന്ന മനുഷ്യനെയും കണ്ടിട്ട് വിളിച്ച സംഘടനയാണ് യൂത്ത് കോൺഗ്രസ്. കഴിഞ്ഞ ദിവസം എന്നെ നജാഫ് എന്ന് പറയുന്ന എം എസ് എഫിന്റെ ജനറൽ സെക്രട്ടറി വിളിച്ചു. അപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി ഞാൻ വരാമെന്നും പറഞ്ഞു. ഞാൻ എന്റെ സുഹൃത്തുക്കളോട് ഈ കാര്യം പറഞ്ഞപ്പോൾ അവർ എന്നോട് പറഞ്ഞത് എം.എസ്.എഫിന്റെ പരിപാടിയിൽ പങ്കെടുത്താൽ അടുത്ത തവണ നിന്റെ സിനിമ അവാർഡിൽ പരിഗണിക്കില്ലെന്നാണ്. എം.എസ്.എഫിന്റെ ക്യാമ്പിൽ പോയതിന്റെ പേരിൽ എനിക്കൊരു അവാർഡ് കിട്ടുന്നില്ലെങ്കിൽ ആ നഷ്ടമാണ് എനിക്കുള്ള ഏറ്റവും വലിയ അവാർഡ് എന്ന് ഞാൻ അവരോട് പറഞ്ഞു. ഈ സംഘടന എന്താണെന്നും, കേരള സമൂഹത്തിനു വേണ്ടി എം.എസ്.എഫ് നല്കിയതെന്താണെന്നുമുള്ള തികഞ്ഞ ബോധ്യത്തിലാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in