അന്ന് സഹസംവിധായകരോട് ആര്‍ട്ടിസ്റ്റുകള്‍ക്ക് പുച്ഛമായിരുന്നു, പാട്ട് എഴുതിയതിനാല്‍ എനിക്ക് പരിഗണന കിട്ടി: സത്യന്‍ അന്തിക്കാട്


അന്ന് സഹസംവിധായകരോട് ആര്‍ട്ടിസ്റ്റുകള്‍ക്ക് പുച്ഛമായിരുന്നു, പാട്ട് എഴുതിയതിനാല്‍ എനിക്ക് പരിഗണന കിട്ടി: സത്യന്‍ അന്തിക്കാട്

സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിക്കുമ്പോഴുണ്ടായിരുന്ന അനുഭവം പങ്കുവെച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. എൺപതുകളിലൊക്കെ മലയാള സിനിമയിൽ സഹസംവിധായകരെ രണ്ടാം തരക്കാരായാണ് കണ്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോപ്പുലർ ആയ അഭിനേതാക്കൾ നല്ല രീതിയിൽ ആയിരുന്നില്ല സഹസംവിധായകരോട് പെരുമാറിയിരുന്നത്. എന്നാൽ പാട്ടെഴുത്ത് ഉള്ളത് കൊണ്ട് തനിക്ക് കുറച്ച് പരിഗണന ലഭിച്ചിരുന്നതായും 'മോഹം മുഖപടമണിഞ്ഞു മൗനം തേങ്ങിക്കരഞ്ഞു' എന്ന ഗാനം കേട്ടപ്പോൾ അടൂർ ഭാസിക്ക്‌ തന്നെ ഒരുപാട് ഇഷ്ടമായെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ക്ലബ് ഹൗസിൽ ദ ക്യു സംഘടിപ്പിച്ച 'മലയാള സിനിമയിലെ മാസ്‌റ്റേഴ്‌സിനൊപ്പം' എന്ന പരിപാടിയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകരായ സിബി മലയിലും കമലും പരിപാടിയിൽ സത്യൻ അന്തിക്കാടിനൊപ്പം പങ്കെടുത്തിരുന്നു.

സത്യൻ അന്തിക്കാട് പറഞ്ഞത്

പാട്ടെഴുത്ത് ഉണ്ടായത് കൊണ്ട് ആർട്ടിസ്റ്റുകൾക്ക് എന്നെ വല്യ കാര്യമായിരുന്നു. അക്ഷരങ്ങളൊക്കെ അറിയാവുന്നവനാണെന്ന ധാരണ അവർക്ക് ഉണ്ടായിരുന്നു. അന്നൊക്കെ മലയാള സിനിമയിൽ വളരെ പോപ്പുലർ ആയിട്ടുള്ളവർ സഹസംവിധായകരെ രണ്ടാം തരക്കാരായാണ് കണ്ടിരുന്നത് . വഴക്ക് കേൾക്കുവാനും, ഡ്രസ്സ് എടുത്തുകൊണ്ടു വരാനുമുള്ള ആളുകളെപ്പോലെയായിരുന്നു അഭിനേതാക്കൾ സഹസംവിധായകരോട് പെരുമാറിയിരുന്നത്. ഇവരൊക്കെ സംവിധായകർ ആകുമ്പോൾ ബഹുമാനിക്കപ്പെടുകയും ചെയ്യും. എന്നാൽ പാട്ടെഴുതിയിരുന്ന ആളായത് കൊണ്ട് എനിക്ക് കുറച്ച് പരിഗണന കിട്ടിയിരുന്നു.

'ആരും അന്യരല്ല' എന്ന സിനിമയിൽ ഞാൻ അസോസിയേറ്റ് ഡയറക്റ്റർ ആയിരുന്നു. ജേസി സാർ ആയിരുന്നു സംവിധാനം. ഞാനായിരുന്നു സിനിമയിലെ പാട്ടുകളൊക്കെ എഴുതിയിരുന്നത്. അർജുനൻ മാഷായിരുന്നു സംഗീതം. 'മോഹം മുഖപടമണിഞ്ഞു മൗനം തേങ്ങിക്കരഞ്ഞു' എന്ന പാട്ട് ഞാൻ സിനിമയ്ക്ക് വേണ്ടി എഴുതിയിരുന്നു. ഷൂട്ടിംഗ് സമയത്ത് മുണ്ടൊക്കെ ഉടുത്ത് ഞാൻ ഓടിനടക്കുന്ന സമയമായിരുന്നു. അടൂർ ഭാസി സാർ സെറ്റിൽ എത്തിയപ്പോൾ ജേസി സാർ ഭാസി സാറിനോട് ഈ പാട്ട് ആരാണ് എഴുതിയതെന്ന് പറയാമോ എന്ന് ചോദിച്ചു. ഏതായാലും സാഹിത്യ ബോധമുള്ള ആരോ ആണെന്ന് ഭാസി സാർ പറഞ്ഞു. ഭാസ്കരൻ മാഷ് മുതൽ അന്നത്തെ ഗാനരചയിതാക്കളുടെ പേരുകളൊക്കെ ഭാസി സാർ പറഞ്ഞു. അപ്പോൾ ജേസി സാർ എന്നെ ചൂണ്ടിക്കാണിച്ച് കൊണ്ട് ' ദേ ഇവനാണ് ഈ പാട്ടുകൾ എഴുതിയതെന്ന്' പറഞ്ഞു. അപ്പോൾ ഭാസി സാർ എന്നെയൊരു നോട്ടം നോക്കി. അദ്ദേഹത്തിന് എന്നോട് ഭയങ്കര സ്നേഹമായിരുന്നു . അതുകൊണ്ടു പാട്ടെഴുത്ത് എനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട് എന്നത് സത്യമാണ്. നമ്മുടെ ജോലികളിലൂടെയാണ് നമ്മൾ ശ്രദ്ധിക്കപ്പെടുന്നത്. എന്റെ ലക്‌ഷ്യം സിനിമയാണെന്ന് ഒപ്പമുള്ള അഭിനേതാക്കൾക്ക് എല്ലാവർക്കും അറിയാം. സിനിമ നമ്മുടെ ജീവിതമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in