ആ അഞ്ച് ചിത്രങ്ങൾ പല കാരണങ്ങൾ  കൊണ്ടും എനിക്ക് പ്രിയപ്പെട്ടതാണ്; പൃഥ്വിരാജ്

ആ അഞ്ച് ചിത്രങ്ങൾ പല കാരണങ്ങൾ കൊണ്ടും എനിക്ക് പ്രിയപ്പെട്ടതാണ്; പൃഥ്വിരാജ്

കരിയറിലെ ഏറ്റവും ഇഷ്ട്ടപെട്ട സിനിമകളെ കുറിച്ച് നടൻ പൃഥ്വിരാജ്. നന്ദനം, വെള്ളിത്തിര, വർഗ്ഗം, ലൂസിഫർ, അയ്യപ്പനും കോശിയും തുടങ്ങിയ അഞ്ച് ചിത്രങ്ങൾ ചില പ്രത്യേക കാരണങ്ങൾ കൊണ്ട് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് പൃഥ്വിരാജ് പറയുന്നു. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് തന്റെ പ്രിയപ്പെട്ട സിനിമകളെ കുറിച്ച് പൃഥ്വിരാജ് വെളിപ്പെടുത്തിയത്.

എന്റെ ആദ്യ ചിത്രമായത് കൊണ്ട് തന്നെ നന്ദനം ഏറെ പ്രിയപ്പെട്ടതാണ്. പുസ്തകത്തോട് ഏറെ താത്പര്യമുള്ളതിനാൽ ഞാൻ സിവിൽ സർവീസ് എടുക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത് . മറ്റൊരിടത്ത് നിന്നും എന്നെക്കൊണ്ട് വന്ന സിനിമയാണ് നന്ദനം.

ഭദ്രൻ സാർ സംവിധാനം ചെയ്ത വെള്ളിത്തിരയാണ് വ്യക്തിപരമായി താത്പര്യമുള്ള മറ്റൊരു ചിത്രം. ചിത്രത്തിന്റെ റിലീസിന്റെ അന്ന് കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിൽ ആയിരുന്നു താമസിച്ചിരുന്നത്. ഹോട്ടലിന്റെ ചുമരിനോട് ചേർന്നാണ് കവിത തിയേറ്റർ. സംവിധായകൻ ജയരാജ് സാർ അന്നെന്റെ റൂമിലേക്ക് വന്നു. ചിത്രത്തിന്റെ പ്രതികരണം എങ്ങനെയുണ്ടെന്നറിഞ്ഞോ എന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ അദ്ദേഹം ജനലിലെ ബ്ലൈൻഡ്സ് നീക്കി കാണിച്ചു തന്നു. താഴെ കവിത തിയേറ്ററിനു മുന്നിൽ സിനിമ കാണാൻ നിൽക്കുന്നവരുടെ നീണ്ട ക്യൂ, ക്യൂ നീണ്ട് എംജി റോഡോളം എത്തിയിരുന്നു. എന്നെ കാണാനല്ല, ഭദ്രൻ സാറിന്റെ സിനിമയ്ക്കായാണ് ആ ക്യൂ എന്നറിയാമായിരുന്നു, പക്ഷേ എന്നെ സംബന്ധിച്ച് മറക്കാനാവാത്തൊരു അനുഭവമായിരുന്നു .

നടനെന്നതിനപ്പുറത്തേക്ക് ഞാൻ കൂടുതൽ ഇൻവോൾവ് ചെയ്ത സിനിമയായിരുന്നു വർഗ്ഗം. അതിന്റെ സംവിധായകനായ പത്മകുമാർ എന്റെ ആദ്യ ചിത്രമായ നന്ദനത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഒരർത്ഥത്തിൽ ഒന്നിച്ച് വളരുകയായിരുന്നു ഞങ്ങൾ. ആ സിനിമയുടെ ലൊക്കേഷനും ഷൂട്ടിങ്ങുമെല്ലാം ഞാനൊരുപാട് ആസ്വദിച്ചിട്ടുണ്ട്.

ലൂസിഫറാണ് മറ്റൊരു ചിത്രം. മനോഹരമായ ചിത്രം, മികച്ച തിരക്കഥ, ഐക്കോണിക് കഥാപാത്രങ്ങൾ, ഒരുപാട് നല്ല മുഹൂർത്തങ്ങൾ എന്നിവയെല്ലാം കൊണ്ട് അയ്യപ്പനും കോശിയും എനിക്ക് മാത്രമല്ല സച്ചിയുടെയും പ്രിയപ്പെട്ട ചിത്രമാണ്. അയാളും ഞാനും തമ്മിൽ, മെമ്മറീസ്, മുംബൈ പൊലീസ് തുടങ്ങി കരിയറിൽ മറക്കാനാവാത്ത ചിത്രങ്ങൾ വേറെയുമുണ്ടെന്നും എന്നാൽ ചില പ്രത്യേക കാരണങ്ങൾ കൊണ്ട് ഏറ്റവും പ്രിയപ്പെട്ടതാവുന്നത് മേല്പറഞ്ഞവയാണെന്നും പൃഥ്വിരാജ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in