'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നാല്‍ വിവരാവകാശം വഴി അറിയാമെന്ന് വിചാരിച്ചിരുന്നതാണ്, ആരാണ് ഞങ്ങളുടെ കണ്ണില്‍ പൊടിയിട്ടത്?' പാര്‍വതി

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നാല്‍ വിവരാവകാശം വഴി അറിയാമെന്ന് വിചാരിച്ചിരുന്നതാണ്, ആരാണ് ഞങ്ങളുടെ കണ്ണില്‍ പൊടിയിട്ടത്?' പാര്‍വതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരുന്ന നാല് വര്‍ഷം വെറുതെ പ്രതീക്ഷ നല്‍കി പാഴാക്കുകയായിരുന്നോയെന്ന് നടി പാര്‍വതി തിരുവോത്ത്. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച സമിതി കമ്മിറ്റിയാണോ കമ്മീഷനാണോ എന്നതിനെക്കുറിച്ചുണ്ടായ ആശയക്കുഴപ്പത്തെക്കുറിച്ച് ദ ക്യു അഭിമുഖത്തില്‍ മനീഷ് നാരായണനോട് സംസാരിക്കവെയാണ് താരത്തിന്റെ പരാമര്‍ശം.

കോഴിക്കോട് വെച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതിദേവിയെ കണ്ടപ്പോള്‍ അവിടെ വെച്ചാണ് അതിനെക്കുറിച്ച് മനസിലായത്. ഇങ്ങനെയൊരു റിപ്പോര്‍ട്ട് വന്നു കഴിഞ്ഞാല്‍ വിവരാവകാശം വഴി അറിയാവുന്നതേ ഉള്ളു എന്നാണ് ഞങ്ങള്‍ വിചാരിച്ചിരുന്നതെന്നും പാര്‍വതി പറഞ്ഞു. ഇരകളുടെ പേര് സംരക്ഷിക്കേണ്ടതായിട്ടുണ്ട്, വേണമെങ്കില്‍ കുറ്റവാളികളുടെ പേരും പുറത്ത് പറയേണ്ട, പക്ഷേ ഇവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന നടപടികളെവിടെയന്നും ആരാണ് ഞങ്ങളുടെ കണ്ണില്‍ പൊടിയിട്ടതെന്നും പാര്‍വതി ചോദിച്ചു.

ഹേമ കമ്മിറ്റിയിലെ അംഗങ്ങളുടെ പിന്നീടുള്ള പരാമര്‍ശങ്ങള്‍ വലിയ വേദനയാണുണ്ടാക്കിയതെന്നും പാര്‍വതി പറഞ്ഞു. ഇവരുടെ മുന്നിലാണ് എട്ട് മണിക്കൂറോളമെല്ലാം ഇരുന്ന അനുഭവിച്ചതെല്ലാം തുറന്ന് പറഞ്ഞത്. ആ സമയ്ത്ത് അത് ബാധിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അതും തങ്ങളെ ശാക്തീകരിച്ചിട്ടേയുള്ളൂവെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

'എന്നോട് പലരും ചോദിക്കാറുണ്ട്, എന്തുകൊണ്ടാണ് എപ്പോഴും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് സംസാരിക്കുന്നതെന്ന്. അതിന് കാരണം നിങ്ങള്‍ സംസാരിക്കുന്നില്ല എന്നതാണ്. നിങ്ങളും ഇതിന്റെ കൂടെ നില്‍ക്കുകയാണെങ്കില്‍ ഈ പ്രശ്നം പെട്ടന്ന് പരിഹരിക്കാന്‍ സാധിക്കും.'

പാര്‍വതി തിരുവോത്ത്

ആര്‍ക്ക് വേണമെങ്കിലും നമുക്ക് എതിരെ തിരിയാം. നമുക്കായി ആരെയും നിര്‍ബന്ധിച്ച് സമത്വ ചിന്താഗതി വരുത്തിക്കാന്‍ പറ്റുകയില്ല. ഫെമിനിസ്റ്റുകളോട് ചോദ്യം ചോദിക്കുന്നത് നിര്‍ത്തണം, പകരം ചോദ്യങ്ങള്‍ തുടര്‍ച്ചയായി ചോദിക്കേണ്ടത് ഈ കാര്യങ്ങള്‍ക്കെതിരെ പ്രതികരിക്കാതെ മിണ്ടാതിരിക്കുന്നവരോടാണ്. കാരണം ഒരു സമൂഹത്തിന്റെ ഭാഗമായത് കൊണ്ടുതന്നെ എല്ലാവര്‍ക്കും ഇതിന്റെ ഭാഗമാകേണ്ട ഉത്തരവാദിത്വം ഉണ്ട്. അത് അവര്‍ ചെയ്യാതിരിക്കുമ്പോള്‍ അത് എന്റെയും എന്റെ സഹപ്രവര്‍ത്തകരുടെയും കരിയറിനെയാണ് ബാധിക്കുന്നതെന്നും പാര്‍വതി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in