'ഒരു കണ്ടീഷനുമില്ല', 'ഒടിടി'യെ അട്ടിമറിച്ച ചെന്നൈ പ്രിവ്യൂ;ഫിലിം ചേംബര്‍ ഇടപെടലില്‍ അപ്രതീക്ഷിത ട്വിസ്റ്റ്

'ഒരു കണ്ടീഷനുമില്ല',
'ഒടിടി'യെ അട്ടിമറിച്ച ചെന്നൈ പ്രിവ്യൂ;ഫിലിം ചേംബര്‍ ഇടപെടലില്‍ അപ്രതീക്ഷിത ട്വിസ്റ്റ്
marakkar arabikadalinte simham

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഉള്‍പ്പെടെ അഞ്ച് മോഹന്‍ലാല്‍ സിനിമകള്‍ ഒ.ടി.ടിക്ക് നല്‍കുമെന്ന നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം വെല്ലുവിളിയായാണ് തിയറ്റര്‍ സംഘടനയായ ഫിയോക് ഏറ്റെടുത്തത്. രണ്ട് കൊല്ലമായി ഫാന്‍സ് ഷോ നടത്താന്‍ ടിക്കറ്റെടുത്ത് കാത്തിരുന്ന മോഹന്‍ലാല്‍ ആരാധകര്‍ക്കും മരക്കാര്‍ ഒടിടിയിലേക്ക് മാറിയെന്ന തീരുമാനം നിരാശയായി. ഒന്നര വര്‍ഷത്തിന് മുകളിലായി നിശ്ചലാവസ്ഥയിലായ ചലച്ചിത്ര വ്യവസായത്തെയും തിയറ്ററിനെയും സജീവതയിലെത്തിക്കാന്‍ മരക്കാര്‍ വൈഡ് റിലീസിനൊപ്പം സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തിയറ്ററുടമകള്‍. ദൃശ്യം സെക്കന്‍ഡിന് പിന്നാലെ മോഹന്‍ലാലിന്റെ മറ്റൊരു സിനിമ കൂടി തിയറ്റര്‍ കാണാതെ പോകുമ്പോള്‍ ചലച്ചിത്ര വ്യവസായത്തിന്റെ പ്രതിസന്ധി രൂക്ഷമാകുമെന്ന വിലയിരുത്തലുമുണ്ടായി.

ആമസോണ്‍ പ്രൈം വീഡിയോയുമായുള്ള കരാറിന് മുമ്പായി ചെന്നൈയില്‍ ലിസിയുടെ ഉടമസ്ഥതയിലുള്ള ലേ മാജിക് ലാന്റേണ്‍ തിയറ്ററില്‍ നടന്ന മരക്കാര്‍ പ്രിവ്യൂ ഷോ ആണ് അപ്രതീക്ഷിത ട്വിസ്റ്റിന് വഴിയൊരുക്കിയത്.

ആമസോണ്‍ പ്രൈം വീഡിയോയിലൂടെയുള്ള ഒടിടി റൈറ്റ്‌സും ഏഷ്യാനെറ്റിലെ സാറ്റലൈറ്റ് അവകാശവും ഉള്‍പ്പെടെ 80 കോടിക്കടുത്ത് തുകയാണ് മരക്കാറിന് ലഭിക്കാനിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നടി ലിസിയുടെ ഉടമസ്ഥതയിലുള്ള ലേ മാജിക് ലാന്റേണ്‍ സ്റ്റുഡിയോയിലെ തിയറ്ററിലായിരുന്നു നവംബര്‍ എട്ടിന് പ്രൈവറ്റ് സ്‌ക്രീനിംഗ്. മോഹന്‍ലാല്‍, സുചിത്ര മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, സഹനിര്‍മ്മാതാവ് സി ജെ റോയ്, സമീര്‍ ഹംസ, വിനീത് ശ്രീനിവാസന്‍ തുടങ്ങി 20 ഓളം പേരാണ് സ്‌ക്രീനിങ്ങിനുണ്ടായിരുന്നത്. എഡിറ്റിങ്ങ് പൂര്‍ത്തിയാക്കിയതിന് ശേഷം മോഹന്‍ലാല്‍ ആദ്യമായി മരക്കാര്‍ കണ്ടതും ഇവിടെ വച്ചാണ്. പ്രീവ്യൂ സ്‌ക്രീനിംഗില്‍ സുചിത്ര മോഹന്‍ലാല്‍ ഉള്‍പ്പെടെ പങ്കുവച്ചത് ചിത്രം തിയറ്റര്‍ റിലീസ് മതിയെന്ന അഭിപ്രായമായിരുന്നു. ബിഗ് സ്‌ക്രീനിന് വേണ്ടി നിര്‍മ്മിച്ച ചിത്രം തിയറ്ററിന് നഷ്ടമായത് തിയറ്റര്‍ സംഘടനകളുടെ പിടിവാശി മൂലമാണെന്ന് സംവിധായകന്‍ പ്രിയദര്‍ശനും നേരത്തെ പറഞ്ഞിരുന്നു.

മരക്കാര്‍ തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന നിലപാടാണ് മന്ത്രി സജി ചെറിയാനും ഫിലിം ചേംബറും മറ്റെല്ലാ ചലച്ചിത്രസംഘടനകളും തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്. ഫിലിം ചേംബറിനെ പ്രതിനിധീകരിച്ച് ജി സുരേഷ് കുമാറും കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ എന്നിവര്‍ മന്ത്രി സജി ചെറിയാനുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്റര്‍ റിലീസ് എന്ന തീരുമാനത്തിലേക്ക് കാര്യങ്ങളെത്തി.

നിലവില്‍ അമ്പത് ശതമാനം സീറ്റ് എന്നത് നൂറ് ശതമാനത്തിലേക്ക് ഉയര്‍ത്താമെന്ന ധാരണയിലേക്കാണ് ചര്‍ച്ചയെത്തിയത്. മോഹന്‍ലാലും തീയേറ്റര്‍ റിലീസ് വേണമെന്ന് ആവശ്യപ്പെട്ടതായി സജി ചെറിയാന്‍. നേരത്തെ തിയറ്റര്‍ അഡ്വാന്‍സ് എന്ന ആവശ്യം ആന്റണി പെരുമ്പാവൂര്‍ മുന്നോട്ട് വച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഉപാധികളില്ലാത്ത റിലീസിനാണ് ആന്റണി തയ്യാറായിരിക്കുന്നത്. റിലീസിന് വിനോദ നികുതി ഒഴിവാക്കാന്‍ സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്.

marakkar arabikadalinte simham
'വെള്ളപ്പൊക്കത്തിനിടയില്‍ ചെന്നൈയിലെ മരക്കാറിന്റെ സ്‌ക്രീനിങ്ങിനെത്തിയത് വെറുതെയായില്ല'; മികച്ച കലാസൃഷ്ടിയെന്ന് റോയ് സി ജെ
The Cue
www.thecue.in