എംപി ഫണ്ടെല്ലാം തീർന്നു, ഇനിവരുന്ന സിനിമകളിൽ നിന്ന് അഞ്ച് കോടി രൂപ ചാരിറ്റിക്കായി മാറ്റിവെയ്ക്കുമെന്ന് സുരേഷ് പറഞ്ഞു; ജോസ് തോമസ്

എംപി ഫണ്ടെല്ലാം തീർന്നു, ഇനിവരുന്ന സിനിമകളിൽ നിന്ന് അഞ്ച് കോടി രൂപ ചാരിറ്റിക്കായി മാറ്റിവെയ്ക്കുമെന്ന് സുരേഷ് പറഞ്ഞു; ജോസ് തോമസ്

സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ വിമർശിക്കുന്നവർക്കെതിരെ സംവിധായകൻ ജോസ് തോമസ്. കമ്മിഷണറും ഏകലവ്യനും കണ്ട് കൈയ്യടിച്ചവർ ചാണകസംഘി എന്നൊക്കെ വിളിച്ച് സുരേഷിനെ അധിക്ഷേപ്പിക്കാറുണ്ട് . ഞാൻ വിശ്വസിക്കുന്ന രാഷ്‌ട്രീയത്തിലോ, മതത്തിലോ വിശ്വസിക്കാത്തവർ ശുദ്ധ തെമ്മാടികളാണെന്നാണ് ഇത്തരക്കാരുടെ വാദം. എംപി ഫണ്ടെല്ലാം തീർന്നെന്നും ഇനിവരുന്ന സിനിമകളിൽ നിന്ന് അഞ്ച് കോടി രൂപ ചാരിറ്റിക്കായി മാറ്റിവെയ്ക്കാനാണ് സുരേഷ്‌ഗോപിയുടെ തീരുമാനമെന്നും ജോസ് തോമസ് പറഞ്ഞു. സുരേഷ് ഗോപിയെ നായകനാക്കി സാദരം, സുന്ദര പുരുഷൻ എന്നീ ചിത്രങ്ങൾ ജോസ് തോമസ് സംവിധാനം ചെയ്തിട്ടുണ്ട്. ജോസ് തോമസ് റിയാക്ടസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം സുരേഷ്‌ഗോപിയെ അനുകൂലിച്ച് സംസാരിച്ചത്.

ജോസ് തോമസ് പറഞ്ഞത്

‘ഞാൻ സംവിധാനം ചെയ്ത സുന്ദര പുരുഷനിൽ സുരേഷ്‌ഗോപി മുഴുനീള കോമഡി വേഷമാണ് ചെയ്തത്. അദ്ദേഹത്തിന് കോമഡി വഴങ്ങുമോയെന്ന കാര്യത്തിൽ എല്ലാവര്‍ക്കും സംശയമുണ്ടായിരുന്നു. അതൊരു ചാലഞ്ച് ആയി ഞാൻ ഏറ്റെടുത്തു. ആ ചിത്രം ഭംഗിയായി മുന്നോട്ടു പോവുകയും വിജയിക്കുകയും ചെയ്തു.

ഇടക്കാലത്ത് സുരേഷിന് സിനിമകൾ കുറഞ്ഞുവന്നു. അദ്ദേഹം നിർമ്മാതാക്കളിൽ നിന്ന് കണിശമായി പണം വാങ്ങുന്നയാളാണ് എന്ന രീതിയിൽ പ്രചരണങ്ങളുണ്ടായി. എന്നിട്ടും നിരവധിപേർ പണം കൊടുക്കാനുണ്ടായിരുന്നു. കരഞ്ഞു പറയുമ്പോൾ അദ്ദേഹത്തിന്റെ മനസലിഞ്ഞുപോകും. കർശനമായി പണം വാങ്ങി പോയിട്ടുണ്ടെങ്കിലും എത്രയോ നന്മ നിറഞ്ഞ ചാരിറ്റി പ്രവർത്തനങ്ങളാണ് സുരേഷ് ചെയ്യുന്നത്. എത്രയോ കുടുംബങ്ങളെ സാമ്പത്തികമായി സഹായിച്ചു. ഇതൊരു പുകഴ്ത്തലല്ല. ഒരുപാട് പേർ എന്നോടിക്കാര്യം പറഞ്ഞിട്ടുണ്ട്.  സിനിമയിലും രാഷ്‌ട്രീയത്തിലും സുരേഷ് ഇനിയും ഒരുപാട് ഉയരത്തിലെത്താൻ അവർ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊന്നും എവിടെയും കൊട്ടിപ്പാടി നടന്നിട്ടില്ല. അതാണ് വ്യക്തിത്വം.

അദ്ദേഹം ഒരു രാഷ്‌ട്രീയ പാർട്ടിയിൽ ചേർന്നപ്പോൾ എന്തുമാത്രം അധിക്ഷേപങ്ങളാണ് കേൾക്കേണ്ടിവന്നത്. കമ്മിഷണറും ഏകലവ്യനും കണ്ട് കൈയ്യടിച്ചവർ ചാണകസംഘി എന്നൊക്കെയുള്ള വാക്കുകളിൽ സുരേഷിനെ അധിക്ഷേപിച്ചു. ഞാൻ വിശ്വസിക്കുന്ന രാഷ്‌ട്രീയത്തിലോ, മതത്തിലോ വിശ്വസിക്കാത്തവർ ശുദ്ധ തെമ്മാടികളാണെന്നാണ് ഇത്തരക്കാരുടെ വാദം. ഇതിലൊന്നും സുരേഷിന് ഒരു വേദനയുമില്ല. അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.

അടുത്തകാലത്ത് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. ‘എന്റെ എംപി ഫണ്ടെല്ലാം തീർന്നു. ഇനിവരുന്ന സിനിമകളിൽ നിന്ന് അഞ്ച് കോടി രൂപ ചാരിറ്റിക്കായി മാറ്റിവെയ്ക്കണം.’ നമ്മൾ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്നവരെ മനുഷ്യരായി കാണുക. അവർ ഏത് മതത്തിലോ പാർട്ടിയിലോ വിശ്വസിക്കട്ടെ. അതിന് അവരെ മോശക്കാരായി കാണരുത്.

Related Stories

No stories found.
logo
The Cue
www.thecue.in