'തിയറ്ററുകള്‍ ഒരിക്കലും ഇല്ലാതാകില്ല', ദൃശ്യം 2 ഒടിടിയില്‍ ഇറക്കിയത് അനുഗ്രഹമെന്ന് ജീത്തു ജോസഫ്

'തിയറ്ററുകള്‍ ഒരിക്കലും ഇല്ലാതാകില്ല', ദൃശ്യം 2 ഒടിടിയില്‍ ഇറക്കിയത് അനുഗ്രഹമെന്ന് ജീത്തു ജോസഫ്

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സജീവമായാലും തിയറ്ററുകള്‍ ഒരിക്കലും ഇല്ലാതാകില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. കൊവിഡ് സാഹചര്യം മാറിയാലും രണ്ട് പ്ലാറ്റ്‌ഫോമുകളും ഉണ്ടാകുമെന്നും ജീത്തു ജോസഫ് ദ ക്യു ടു ദ പോയിന്റില്‍ സംസാരിക്കവെ പറഞ്ഞു.

കൊവിഡ് വരുന്നതിന് മുമ്പും സിനിമകളുടെ പൈറേറ്റഡ് വേര്‍ഷന്‍ കാണുന്നവര്‍, അവര്‍ ഒരിക്കലും തിയറ്ററില്‍ വരുന്ന ആളുകളല്ല. അതുകൊണ്ട് തന്നെ ഇതൊന്നും തിയറ്ററിനെ ബാധിക്കുന്ന കാര്യമല്ല.

നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളെ നമ്മുടെ ഇവിടെയുള്ള പ്രാദേശിക പ്ലാറ്റ്‌ഫോമുകളുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും ജീത്തു ജോസഫ്. 'പ്രാദേശിക ഒടിടി പ്ലാറ്റ്‌ഫോമുകള്‍ എടുക്കുന്ന പ്രയത്‌നം നല്ലതാണ്. പണ്ട് തിയറ്ററുകളുടെ അടുത്ത് ചെറിയ സിനിമകളുമായി പോകുമ്പോള്‍ സ്റ്റാര്‍ വാല്യൂ ഇല്ലായെന്ന് പറഞ്ഞ് ഒഴിവാക്കുമായിരുന്നു. ഇന്ന് അതിന്റെ വേറൊരു വേര്‍ഷനാണ് ഒടിടിയില്‍ നടക്കുന്നത്.

ചെറിയ പ്രൊജക്ടുകളുമായി വരുന്നവര്‍ക്ക് ഒരു സ്‌പേസ് വേണം, അത് ഈ പ്രാദേശിക പ്ലാറ്റ്‌ഫോമുകളില്‍ നിന്നാണ് അവര്‍ക്ക് ലഭിക്കുകയുള്ളൂ. ഈ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ അവരുടെ പരിഥിയില്‍ നിന്നുകൊണ്ടാണ് ചെയ്യുന്നത്. അവരെ താരതമ്യത്തിന് വിധേയമാക്കാതെ സപ്പോര്‍ട്ട് ചെയ്യുകയാണ് നമ്മള്‍ ചെയ്യേണ്ടത്. വലിയ മുതല്‍മുടക്കിലുള്ള സിനിമകള്‍ പ്രാദേശിക ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കുന്നതിന് നിരവധി പരിധികളുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

'തിയറ്റര്‍ എക്‌സ്പീരിയന്‍ ഒരിക്കലും ഒടിടിയില്‍ കിട്ടില്ല, പക്ഷെ നിലവിലെ സാഹചര്യത്തില്‍ ഒടിടി ഒരു അനുഗ്രഹമാണ്. ദൃശ്യം 2 ആ സമയത്ത് തിയറ്ററില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ ഒന്നോ രണ്ടോ ആഴ്ച കേരളത്തില്‍ നിന്ന് കുറച്ച് കളക്ഷന്‍ വരും, കേരളത്തിന് പുറത്ത് തിയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ല. അതിനൊപ്പം ഒന്നു രണ്ടു ദിവസത്തിനകം ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പി നെറ്റില്‍ വരികയും ചെയ്യും, അതാകും ആളുകള്‍ കാണാന്‍ പോകുന്നത്. ഇതൊക്കെ വെച്ച് നോക്കുമ്പോള്‍ ദൃശ്യം 2 ഒടിടിയില്‍ ഇറക്കിയത് ഒരു അനുഗ്രഹമാണ്', ജീത്തു ജോസഫ് ദ ക്യുവിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in