'ജീത്തു സാറിന്റെ സ്വാധീനം വന്നേക്കാം, അത് മനപ്പൂര്‍വ്വമല്ല' ; ഇനി ഉത്തരത്തെക്കുറിച്ച് സംവിധായകന്‍

'ജീത്തു സാറിന്റെ സ്വാധീനം വന്നേക്കാം, അത് മനപ്പൂര്‍വ്വമല്ല' ; ഇനി ഉത്തരത്തെക്കുറിച്ച് സംവിധായകന്‍

ജീത്തു ജോസഫിന്റെ അസോസിയേറ്റായിരുന്ന സുധീഷ് രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇനി ഉത്തരം. ദേശീയ പുരസ്‌കാര ജേതാവായ അപര്‍ണ്ണ ബാലമുരളിയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തിരുന്നു. അപര്‍ണ അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രം കാട്ടിനകത്തെ ഒരു പോലീസ് സ്റ്റേഷനില്‍ വന്ന് തന്നൊരാളെ കൊന്നു കുഴിച്ചുമൂടി എന്ന് പറഞ്ഞാണ് ട്രെയിലര്‍ തുടങ്ങുന്നത്. ട്രെയ്‌ലര്‍ സൂചന നല്‍കുന്നത് പോലെ തന്നെ ഇനി ഉത്തരം ആദ്യാവസാനം എന്‍ഗേജഡ് ആയി കാണാന്‍ പറ്റുന്ന സിനിമയായിരിക്കുമെന്ന് സുധീഷ് രാമചന്ദ്രന്‍ ദ ക്യൂവിനോട് പറഞ്ഞു. ഒക്ടോബര്‍ 7നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

'2013ല്‍ ദൃശ്യം മുതലാണ് ഞാന്‍ ജീത്തു സാറിനൊപ്പം വര്‍ക്ക് ചെയ്യുന്നത്. എന്റെ ഗുരുവായ അദ്ദേഹത്തിന്റെ സ്വാധീനം എന്റെ സിനിമയില്‍ വന്നേക്കാം. ചിലപ്പോള്‍ ഉണ്ടാകണമെന്നും ഇല്ല. അതൊന്നും മനപൂര്‍വം അല്ല. എന്റെ സിനിമ കണ്ട് എനിക്കത് ജഡ്ജ് ചെയ്യാന്‍ പറ്റിയെന്ന് വരില്ല. ഇനിയെല്ലാം പറയേണ്ടത് പ്രേക്ഷകരാണ്. 'ഇനി ഉത്തര'ത്തിലെ ക്രൂവിനെ എനിക്ക് നേരത്തെ പരിചയമുള്ളതാണ്. തിരക്കഥ പൂര്‍ത്തിയായ ശേഷമാണ് സിനിമയുടെ എഴുത്തുകാരായ രഞ്ജിത്ത്- ഉണ്ണി എന്നിവര്‍ എന്നെ സമീപിക്കുന്നത്. ഏപ്രിലിലാണ് സിനിമയുടെ ഷൂട്ട് തുടങ്ങുന്നത്. കൃഷ്ണ കുമാര്‍ എന്ന റിട്ടയഡ് പൊലീസ് ഉദ്യോഗസ്ഥന്‍ ഞങ്ങളെ ഈ സിനമയ്ക്ക് വേണ്ടി ഒരുപാട് സഹായങ്ങള്‍ ചെയ്ത് തന്നിട്ടുണ്ട്.

സുധീഷ് രാമചന്ദ്രന്‍

ചിത്രത്തില്‍ അപര്‍ണയുടെ നായകനായി എത്തുന്നത് സിദ്ധാര്‍ഥ് മേനോനാണ്. ഹരീഷ് ഉത്തമന്‍, സിദ്ദിഖ്, ചന്തുനാഥ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കളായി എത്തുന്നത്. ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹൃദയത്തിന്റെ സംഗീതസംവിധായകനായ ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം നിര്‍വഹിക്കുന്നു.

എ ആന്‍ഡ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. എഡിറ്റിംഗ് ജിതിന്‍ ഡി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, റിനോഷ് കൈമള്‍, കലാസംവിധാനം അരുണ്‍ മോഹനന്‍, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ് ജെഫിന്‍ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റല്‍ പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍.

Related Stories

No stories found.
logo
The Cue
www.thecue.in