'റഹ്‌മാനെ വിളിക്കാന്‍ പറഞ്ഞത് അരവിന്ദ് സ്വാമി, അത് ഭയങ്കര രസമുള്ള യാത്രയായിരുന്നു'; ഫഹദ് ഫാസില്‍

'റഹ്‌മാനെ വിളിക്കാന്‍ പറഞ്ഞത് അരവിന്ദ് സ്വാമി, അത് ഭയങ്കര രസമുള്ള യാത്രയായിരുന്നു'; ഫഹദ് ഫാസില്‍

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാന്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു എന്നത് മലയന്‍കുഞ്ഞ് എന്ന ചിത്രത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. മലയന്‍കുഞ്ഞിന് എ.ആര്‍ റഹ്‌മാനാണ് സംഗീതം ചെയ്യേണ്ടത് എന്ന് തന്നോട് പറഞ്ഞത് നടന്‍ അരവിന്ദ് സ്വാമിയാണെന്ന് ഫഹദ് ഫാസില്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു. ആറ് മാസം നീണ്ട് നിന്ന ആ യാത്ര വളരെ രസകരമായിരുന്നു എന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.

ഫഹദ് ഫാസില്‍ പറഞ്ഞത് :

മലയന്‍കുഞ്ഞിന്റെ രണ്ടാം പകുതിയില്‍ ഒരു 80 ശതമാനത്തോളം ഡയലോഗില്ല. അത് മാത്രമല്ല, ഒരാള്‍ മാത്രമെ സ്‌ക്രീനില്‍ ഉള്ളൂ. അതിന് മുന്നെ സിനിമയുടെ പകുതി വരെ നമ്മള്‍ ഒരു കഥ പറഞ്ഞ് നിര്‍ത്തിയിട്ടുണ്ട്. അനിക്കുട്ടന്‍ എന്താണ് എന്ന കഥ പറഞ്ഞിട്ടുണ്ട്. ആ നിര്‍ത്തിയ കഥയില്‍ നിന്ന് ഒരു യാത്രയാണ് നമുക്ക് വേണ്ടത്. ഷൂട്ട് ചെയ്ത സമയത്തെ ഞാന്‍ മഹേഷിനോട് പറഞ്ഞിരുന്നു, ഇത് മ്യൂസിക്കല്‍ സിനിമയാണ് എന്ന്. മഹേഷ് പക്ഷെ അങ്ങനെയല്ല എഴുതിയിരുന്നത്. പിന്നെ സിനിമ ഷൂട്ട് ചെയ്ത് കഴിഞ്ഞ് അതിന്റെ റഫ് എഡിറ്റ് കണ്ടപ്പോഴാണ് ടീമിലെ എല്ലാവരും പടം മ്യൂസിക്കലാണ് എന്ന തീരുമാനത്തിലെത്തി. അപ്പോള്‍ അത് അങ്ങനെ ചെയ്യാം എന്ന് തന്നെ കരുതി, പല സുഹൃത്തുക്കളോടും ഇതേ കുറിച്ച് സംസാരിച്ചു.

അങ്ങനെ ഇരിക്കുമ്പോള്‍ എന്നെ ഒരു ദിവസം അരവിന്ദ് സ്വാമി സാര്‍ വിളിച്ചു. അദ്ദേഹവുമായി സംസാരിക്കുന്നതിനിടയില്‍ ഞാന്‍ മലയന്‍കുഞ്ഞിന് ഒരു മ്യൂസിക് ഡയറക്ടറെ വേണം എന്ന് പറഞ്ഞു. അങ്ങനെ ഫോണില്‍ സാറിനോട് പത്ത് മിനിറ്റില്‍ കഥ പറഞ്ഞു. അപ്പോള്‍ പുള്ളി എന്നോട് പറഞ്ഞു, റഹ്‌മാനോട് സംസാരിക്കാന്‍, ഹീ ഈസ് യുര്‍ മാന്‍ എന്ന്. റഹ്‌മാനിനെ ഫോണില്‍ കിട്ടില്ല ഈമെയില്‍ ചെയ്യാന്‍ പറഞ്ഞു.

അങ്ങനെ ഞാന്‍ ഈമെയില്‍ ചെയ്തു. ഞാന്‍ വൈകീട്ട് ഒരു ഏഴ് മണിക്ക് ഈ മെയില്‍ ചെയ്തു. രാത്രി ഒരു മണിയായപ്പോള്‍ എനിക്ക് ഫോണ്‍ വന്നു. അപ്പോള്‍ ഞാന്‍ സാറിനോട് പറഞ്ഞു, ഞാനൊരു പടം ചെയ്തിട്ടുണ്ട് അത് സാര്‍ ഒന്ന് കാണണം എന്ന്. കണ്ടിട്ട് എന്ത് തോന്നുന്നു അത് അനുസരിച്ച് ചെയ്യാമെന്ന് പറഞ്ഞു. സാര്‍ ദുബായിലായിരുന്നു. അങ്ങനെ ഞാനും മഹേഷും അങ്ങോട്ട് പോയി. അന്ന് വൈകുന്നേരം തന്നെ സര്‍ സിനിമ കണ്ടു.

ഞാന്‍ റഹ്‌മാന്‍ സാറിന്റെ തൊട്ട് പുറകിലാണ് ഇരുന്നിരുന്നത്. എനിക്ക് പുള്ളി എങ്ങനെയാണ് സിനിമയോട് റിയാക്ട് ചെയ്യുന്നത് എന്ന് അറിയണമായിരുന്നു. സെക്കന്റ് ഹാഫ് ആയപ്പോള്‍ പുള്ളിക്ക് ഭയങ്കരമായി ക്ലോസ്‌ട്രോഫോബിക്ക് സംഭവത്തില്‍ ബുദ്ധിമുട്ട് ഉള്ളപോലെ തോന്നി. അത് ഞാന്‍ സിനിമ കാണിച്ച മിക്കവര്‍ക്കും ബുദ്ധിമുട്ട് ഫീല്‍ ചെയ്തിരുന്നു. ദിലീഷിനൊക്കെ ബുദ്ധിമുട്ട് തോന്നിയിരുന്നു.

സിനിമ കണ്ട് കഴിഞ്ഞ് എന്നോട് ചോദിച്ചു ഏത് തരത്തിലുള്ള മ്യൂസിക് ആണ് വേണ്ടത് എന്ന്. ഞാന്‍ പറഞ്ഞു എനിക്ക് റിലീഫ് ആണ് സാര്‍ വേണ്ടത് എന്ന്. പിന്നെ ചോദിച്ചു പാട്ട് വേണ്ടേ എന്ന്. പാട്ട് വേണ്ട എന്നാണ് ഞാന്‍ അപ്പോള്‍ പറഞ്ഞത്. പിന്നെ പുള്ളി ഒരാഴ്ച്ച കഴിഞ്ഞ് എന്നെ വിളിച്ച് പറഞ്ഞു, ഇതില്‍ ഒരുപാട് സ്ഥലത്ത് പാട്ടിന് സ്‌കോപ്പ് ഉണ്ടല്ലോ എന്ന്. പിന്നെ അത് ഒരു 6 മാസം നീണ്ട് നില്‍ക്കുന്ന യാത്രയായിരുന്നു. നമ്മള്‍ കേട്ടിട്ടുള്ളത് പോലെ പത്ത് മണി തൊട്ട് രാവിലെ നാല് മണിവരെ എന്നൊക്കെ. അതിന്റെ കൂടെ എല്ലാം എനിക്ക് സഞ്ചരിക്കാന്‍ പറ്റി. അത് ഭയങ്കര രസമുള്ള യാത്രയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in