ദേവദൂതന്റെ പരാജയം തളർത്തിയിരുന്നു; നൂറ് ശതമാനം വിജയ പ്രതീക്ഷയുണ്ടായിരുന്നു; സിബി മലയിൽ

ദേവദൂതന്റെ പരാജയം തളർത്തിയിരുന്നു; നൂറ് ശതമാനം വിജയ പ്രതീക്ഷയുണ്ടായിരുന്നു; സിബി മലയിൽ

ദേവദൂതൻ സിനിമയുടെ പരാജയം ഒരുപാട് നിരാശപ്പെടുത്തിയെന്ന് സംവിധായകൻ സിബി മലയിൽ. വലിയ പ്രതീക്ഷകളോടെ സംവിധാനം ചെയ്ത സിനിമയായിരുന്നു ദേവദൂതൻ. സിനിമയുടെ തിരക്കഥയ്ക്കും, സംഗീതത്തിനും, കാസ്റ്റിങ്ങിനും വേണ്ടി ഒന്നര വർഷത്തോളം അദ്ധ്വാനിച്ചിരുന്നു. സിനിമ നൂറു ശതമാനം വിജയിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാൽ തീയറ്ററുകളിൽ സിനിമ പരാജയപ്പെട്ടു. തന്റെ കരിയറിൽ ഏറ്റവും കൂടുതൽ പിന്നോട്ടടിച്ച പരാജയമായിരുന്നു സിനിമയുടേതെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ് ഹൗസിൽ ദ ക്യു സംഘടിപ്പിച്ച 'മലയാള സിനിമയിലെ മാസ്‌റ്റേഴ്‌സിനൊപ്പം' എന്ന പരിപാടിയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യന്‍ അന്തിക്കാടും കമലും സംവാദത്തിൽ പങ്കെടുത്തിരുന്നു.

മോഹൻലാൽ നായകനായി സിബി മലയിലിൽ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ സിനിമ ആയിരുന്നു ദേവദൂതൻ. രഘുനാഥ് പലേരി ആയിരുന്നു കഥയും തിരക്കഥയും നിർവഹിച്ചത്‌ . കോക്കേഴ്സ് ഫിലിംസ് ആയിരുന്നു നിർമ്മാണം.

സിബി മലയിൽ പറഞ്ഞത്

പരാജയപ്പെടുന്ന സിനിമകൾ നമ്മളെ വിഷമിപ്പിക്കാറുണ്ട്. വിജയിക്കണം എന്ന ആഗ്രഹത്തോടെയാണ് എല്ലാ സിനിമകളും ചെയ്യുന്നത്. എന്നാൽ പരാജയങ്ങൾ ഉണ്ടാകുമ്പോൾ വളരെ ചെറിയ സമയം കൊണ്ട് തന്നെ അതിജീവിക്കാറുണ്ട്. നല്ല സിനിമകൾ ചെയ്യുവാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരിക്കും. എന്നാലും ദേവദൂതന്റെ പരാജയം വല്ലാതെ തളർത്തിയിരുന്നു. ആ സിനിമയുടെ തിരക്കഥയ്ക്കും, സംഗീതത്തിനും, കാസ്റ്റിങ്ങിനും വേണ്ടി ഒന്നര വർഷത്തോളം അദ്ധ്വാനിച്ചിരുന്നു. സിനിമ തീയറ്ററുകളിൽ വിജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പായിരുന്നു. റിലീസിന് രണ്ട് ദിവസം മുൻപ് മിനിമം പ്രേക്ഷകരെ വെച്ച് മദ്രാസിൽ ഒരു ഷോ നടത്തിയിരുന്നു. സംവിധായകൻ രഞ്ജിത്തും സിനിമ കണ്ടിരുന്നു. അദ്ദേഹം സിനിമ കണ്ട് വളരെ എക്സൈറ്റഡ് ആയിരുന്നു. എന്നാൽ തീയറ്ററിൽ ആ സിനിമ പരാജയപ്പെട്ടു. കരിയറിൽ എന്നെ ഏറ്റവും കൂടുതൽ പിന്നോട്ടടിച്ച ഒരു പരാജയമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in