'അനുഭവസമ്പന്നരായ ആര്‍ട്ടിസ്റ്റുകളുടെ പ്രതിഫലം ഞാന്‍ ചോദിക്കുന്നില്ല, എനിക്ക് വേണ്ടത് ന്യായമായ വേതനം'; അപര്‍ണ ബാലമുരളി

'അനുഭവസമ്പന്നരായ ആര്‍ട്ടിസ്റ്റുകളുടെ പ്രതിഫലം ഞാന്‍ ചോദിക്കുന്നില്ല, എനിക്ക് വേണ്ടത് ന്യായമായ വേതനം'; അപര്‍ണ ബാലമുരളി

മലയാള സിനിമ മേഖലയില്‍ ന്യായമായ വേതനം ലഭിക്കുക എന്ന ചില സമയത്ത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നടി അപര്‍ണ ബാലമുരളി. താന്‍ ചോദിക്കുന്നത് ഒരിക്കലും അനുഭവ സമ്പന്നരായ ആര്‍ട്ടിസ്റ്റുകളുടെ പ്രതിഫലമല്ല. പക്ഷെ തനിക്ക് ന്യായമായ വേതനം വേണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും അപര്‍ണ ദ ക്യുവിനോട് പറഞ്ഞു.

'ന്യായമായ വേതനം കിട്ടുക എന്നത് ചില സമയത്ത് ഭയങ്കര ബുദ്ധിമുട്ട് തന്നെയാണ്. ഞാന്‍ ഇത് പറയുന്നത് എല്ലാവരുടെയും പ്രതിഫലം എത്രയാണെന്ന് അറിഞ്ഞിട്ടല്ല. പക്ഷെ ഇപ്പോള്‍ ഞാന്‍ ഇത്ര പൈസ വേണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞാല്‍ അത്രയൊക്കെ കിട്ടുമോ എന്നത് സംശയമാണ്, അത്ര വേണോ എന്നൊക്കെ ചോദിക്കാറുണ്ട്. കാര്യം പറയുന്നതില്‍ എനിക്ക് പ്രശ്‌നമില്ല. ബജറ്റില്ലെങ്കില്‍ അക്കാര്യമെല്ലാം പറയാവുന്നതാണ്', അപര്‍ണ പറയുന്നു.

'പിന്നെ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ എന്റെ കണ്ണിന്റെ മുന്നില്‍ കണ്ടിട്ടുണ്ട്. ഒട്ടും ന്യായമല്ലാത്ത രീതിയില്‍ ഒരാള്‍ക്ക് വേതനം കൊടുക്കുന്നത്. അന്ന് എനിക്ക് തോന്നി ഇത് എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്യുന്നതെന്ന്. ഇപ്പോള്‍ ഞാന്‍ ഇതേ കുറിച്ച് സംസാരിച്ചപ്പോള്‍ നിര്‍മ്മാതാക്കള്‍ പറയുന്നത് അവര്‍ക്ക് തിരിച്ച് പൈസ കിട്ടണം എന്നതാണ്. അത് തീര്‍ച്ചയായും ശരിയാണ്. പക്ഷെ ഇതൊന്നും വിഷയമല്ലാത്ത സാഹചര്യത്തിലും ഞാന്‍ വേതനത്തിന്റെ കാര്യത്തില്‍ വരുന്ന പ്രശ്‌നം കണ്ടിട്ടുണ്ട്. അന്ന് എനിക്ക് അതേ കുറിച്ച് ഉണ്ടായിരുന്ന ചോദ്യം എനിക്ക് ഇന്ന് പറയാനെ വോയിസ് ഉണ്ടായുള്ളു', എന്നും അപര്‍ണ വ്യക്തമാക്കി.

'കാരണം എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് എനിക്ക് മനസിലായില്ല. കാരണം കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മറ്റേയാള്‍ക്ക് അത്ര പ്രത്യേകതകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അന്ന് അത് എന്നെ ഭയങ്കരമായി ബാധിച്ചത് കൊണ്ടാണ് ഞാന്‍ ഇന്ന് അതേ കുറിച്ച് സംസാരിച്ചത്', അപര്‍ണ കൂട്ടിച്ചേര്‍ത്തു.

'തുല്യ വേതനം എന്നത് എപ്പോള്‍ സാധ്യമായിക്കൊള്ളണമെന്നില്ല. കാരണം ഒരുപാട് സീനിയറായ ആര്‍ട്ടിസ്റ്റ് ആ പ്രതിഫലം നേടിയെടുത്തതാണ്. ഞാന്‍ ഇത്ര വര്‍ഷമെ ആയിട്ടുള്ളു സിനിമ ചെയ്യാന്‍ തുടങ്ങിയിട്ട്. അതുകൊണ്ട് ഞാന്‍ അവരുടെ പ്രതിഫലം ഒരിക്കലും ചോദിക്കാന്‍ പോകുന്നില്ല. പക്ഷെ എനിക്ക് ന്യായമായ വേതനം വേണമെന്നത് ഞാന്‍ പറയും. തുല്യ വേതനം എന്നതിന്റേയും ന്യായമായ വേതനം എന്നതിന്റെയും അര്‍ത്ഥം വ്യത്യസ്തമാണെ'ന്നും അപര്‍ണ ബാലമുരളി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in