'കാല്‍ മുറിച്ചുകളയേണ്ടി വരുമോ എന്ന് ഭയപ്പെട്ടു, മരണത്തെ മുഖാമുഖം കണ്ട നാളുകള്‍'; കാന്‍സറിനെ അതീജീവിച്ച കഥ പറഞ്ഞ് ആരാധകരുടെ 'പ്രൊഫസര്‍'

'കാല്‍ മുറിച്ചുകളയേണ്ടി വരുമോ എന്ന് ഭയപ്പെട്ടു, മരണത്തെ മുഖാമുഖം കണ്ട നാളുകള്‍'; കാന്‍സറിനെ അതീജീവിച്ച കഥ പറഞ്ഞ് ആരാധകരുടെ 'പ്രൊഫസര്‍'

മണി ഹെയ്സ്റ്റ് എന്ന ഒരേയൊരു വെബ്‌സീരീസിലൂടെ ലോകമെമ്പാടും നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സ്പാനിഷ് നടന്‍ അല്‍വാരോ മോര്‍ട്ടെ. നെറ്റ്ഫ്‌ളിക്‌സ് പരമ്പരയിലെ 'പ്രൊഫസര്‍' എന്ന കഥാപാത്രത്തെ ആരും മറക്കാന്‍ ഇടയില്ല. മണി ഹെയ്സ്റ്റിലെത്തുന്നതിനും മുമ്പ് തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടേറിയ നിമിഷങ്ങളെ കുറിച്ചാണ് അല്‍വാരോ വെളിപ്പെടുത്തുന്നത്.

2002ലായിരുന്നു അല്‍വാരോ ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് 2007ല്‍ സിനിമയിലെത്തിയെങ്കിലും പിന്നീട് സിനിമാഅവസരങ്ങളൊന്നും അദ്ദേഹത്തെ തേടിയെത്തിയില്ല. ടെലിവിഷന്‍ സീരിയലുകളുടെ തിരക്കുമായി ജീവിതം മുന്നോട്ട് പോകുന്നതിനിടെയാണ് കാന്‍സര്‍ അദ്ദേഹത്തെ ബാധിക്കുന്നത്.

2011ല്‍ നടന്റെ ഇടതുകാലിലാണ് ട്യൂമര്‍ കണ്ടെത്തുന്നത്. മരണത്തെ മുഖാമുഖം കണ്ട ദിനങ്ങളായിരുന്നു അതെന്നാണ് അല്‍വാരോ പറയുന്നത്. താന്‍ മരിക്കുമെന്നോ, കാല്‍ മുറിച്ചു മാറ്റേണ്ടി വരുമെന്നോ വിചാരിച്ചിരുന്നതായും നടന്‍. തന്റെ ആശങ്കകള്‍ അറിയിച്ചപ്പോള്‍, മരിക്കാന്‍ സമയം ആയിട്ടില്ലെന്നും ജീവിക്കാന്‍ ഇനിയും ഒരുപാട് സമയമുണ്ടെന്നുമായിരുന്നു ഡോക്ടര്‍ നല്‍കിയ മറുപടി. താല്‍കാലികമായ ആരോഗ്യ പ്രശ്‌നം എന്നായിരുന്നു അദ്ദേഹം ട്യൂമറിനെ വിശേഷിപ്പിച്ചതെന്നും അല്‍വാരോ പറയുന്നു.

'മരിക്കാന്‍ പോവുകയാണെന്നാണ് ആദ്യം ഞാന്‍ വിചാരിച്ചത്. കാല്‍ മുറിച്ച് കളയേണ്ടി വരുമെന്നും ആശങ്കപ്പെട്ടു. മാസങ്ങള്‍ക്കുള്ളില്‍ മരിക്കുകയാണെങ്കില്‍, എനിക്കത് സമാധാനത്തോടെ സ്വീകരിക്കാന്‍ കഴിയുമോ എന്ന് ഞാനപ്പോള്‍ ചിന്തിച്ചു, എന്നെ സ്‌നേഹിച്ച ചുറ്റുമുള്ളവരെ ബഹുമാനിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടോ എന്നും, എന്റെ മൂല്യങ്ങളോട് ഞാന്‍ വിശ്വസ്തത കാണിച്ചിട്ടുണ്ടോ എന്നും ചിന്തിച്ചു.' കാന്‍സറിനെ തോല്‍പ്പിച്ച ശേഷം തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാന്‍ തുടങ്ങിയെന്നും നടന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in