കുടുംബത്തിന് വേണ്ടി സ്വന്തം സ്വപ്‌നങ്ങൾ ഉപേക്ഷിക്കുന്നവരാകണം അമ്മമാരെന്ന അസംബന്ധമാണ് കുട്ടികളെ പഠിപ്പിക്കുന്നത്; അഹാന

കുടുംബത്തിന്  വേണ്ടി സ്വന്തം സ്വപ്‌നങ്ങൾ  ഉപേക്ഷിക്കുന്നവരാകണം അമ്മമാരെന്ന അസംബന്ധമാണ് കുട്ടികളെ  പഠിപ്പിക്കുന്നത്; അഹാന

കുടുംബത്തിന് വേണ്ടി സ്വന്തം ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും ത്യജിക്കുന്നവരാകണം അമ്മമാരെന്ന ചിന്താഗതിക്കെതിരെ പ്രതികരിച്ച് നടി അഹാന കൃഷ്ണ. തന്റെ അമ്മയുടെ യൂട്യൂബ് ചാനലിന് വന്ന ഒരു കമന്റ് പങ്കുവെച്ചുകൊണ്ടാണ് ഈ ചിന്താഗതിയിലെ പ്രശ്നങ്ങൾ അഹാന പങ്കുവെച്ചത്. ഒരു അമ്മ സ്വന്തം സന്തോഷവും സ്വപ്‌നങ്ങളും ത്യജിക്കുന്നതു കണ്ടാല്‍ അവരെ സല്യൂട്ട് ചെയ്യുകയല്ല വേണ്ടത്. പകരം, ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാനുള്ള മാര്‍ഗം സ്വന്തം സ്വപ്‌നങ്ങള്‍ ത്യജിക്കുന്നതല്ലെന്നും അവര്‍ക്കും സ്വന്തമായ ലക്ഷ്യങ്ങളുണ്ടെന്നും ഓര്‍മ്മപ്പെടുത്തുകയാണ് വേണ്ടതെന്ന് അഹാന പറയുന്നു. സ്വയം സ്‌നേഹിക്കുന്നവര്‍ക്കും ബഹുമാനിക്കുന്നവര്‍ക്കും സ്വന്തം സ്വപ്‌നങ്ങള്‍ക്ക് വില നല്‍കുന്നവര്‍ക്കും ലക്ഷ്യങ്ങള്‍ക്കായി മുന്നേറുന്നവര്‍ക്കും സ്വന്തം സന്തോഷം കണ്ടെത്തുന്നവര്‍ക്കും താരത്തിന്റെ വക ബിഗ് സല്യൂട്ടും നൽകുന്നുണ്ട് .

അഹാനയുടെ വാക്കുകൾ

ചെറുപ്പം മുതല്‍ നമ്മളെ എല്ലാവരെയും ഇത്തരത്തിലാണ് പഠിപ്പിച്ചു വെച്ചിരിക്കുന്നത്, അതുകൊണ്ട് തന്നെ ഈ കമന്റിട്ടയാളെ ഒരിക്കലും താന്‍ കുറ്റപ്പെടുത്തില്ല. സ്‌കൂളില്‍ പോയാല്‍ പാഠപുസ്തകങ്ങളിലെല്ലാം അച്ഛന്‍ ജീവിക്കാനുള്ള വക കണ്ടെത്തുന്നയാളും അമ്മ കുടുംബത്തിന്റെ ക്ഷേമത്തിന് വേണ്ടി എല്ലാ ത്യാഗവും നടത്തുന്നയാളുമായിരിക്കും.

ഒരു കുട്ടിക്ക് നാലോ അഞ്ചോ വയസുള്ളപ്പോള്‍ എബിസിഡിക്കും ദേശിയ ഗാനത്തിനുമൊപ്പം നമ്മള്‍ മേൽപ്പറഞ്ഞ കാര്യങ്ങള്‍ കൂടി പഠിപ്പിക്കുകയാണ്. മറ്റു അടിസ്ഥാന വസ്തുതകള്‍ക്കൊപ്പം ഈ അസംബന്ധം കൂടി പഠിപ്പിക്കുന്നു. അമ്മയോ അച്ഛനോ സഹോദരനോ സഹോദരിയോ ഭാര്യയോ ഭര്‍ത്താവോ ഗേള്‍ഫ്രണ്ടോ ബോയ്ഫ്രണ്ടോ – ജീവിതത്തില്‍ നിങ്ങളുടെ റോള്‍ എന്തുമായിക്കൊള്ളട്ടെ, അടിസ്ഥാനപരമായി നിങ്ങള്‍ ഒരു മനുഷ്യനാണ്. സ്വന്തമായ സ്വപ്‌നങ്ങളും താല്‍പര്യങ്ങളും അത് നേടിയെടുക്കാൻ പ്രാപ്തിയുമുള്ള പച്ചയായ മനുഷ്യന്‍. മറിച്ച് വിശ്വസിപ്പിക്കാന്‍ ആരെയും അനുവദിക്കരുത്.

അടുത്ത തവണ ഏതെങ്കിലും ഒരമ്മ സ്വന്തം സന്തോഷവും സ്വപ്‌നങ്ങളും ഉപേക്ഷിക്കുന്നത് കണ്ടാല്‍ അവരെ സല്യൂട്ട് ചെയ്യുകയല്ല വേണ്ടത്. പകരം, ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാനുള്ള മാര്‍ഗം സ്വന്തം സ്വപ്‌നങ്ങള്‍ ത്യജിക്കുന്നതല്ലെന്നും അവര്‍ക്കും സ്വന്തമായ ലക്ഷ്യങ്ങളുണ്ടെന്നും ഓര്‍മ്മപ്പെടുത്തണം. സ്വയം സ്‌നേഹിക്കുന്നവര്‍ക്കും ബഹുമാനിക്കുന്നവര്‍ക്കും സ്വന്തം സ്വപ്‌നങ്ങള്‍ക്ക് വില നല്‍കുന്നവര്‍ക്കും ലക്ഷ്യങ്ങള്‍ക്കായി പ്രവർത്തിക്കുന്നവർക്കും സ്വന്തം സന്തോഷം കണ്ടെത്തുന്നവര്‍ക്കും എന്റെ വക ഒരു ബിഗ് സല്യൂട്ട്. ചുറ്റുമുള്ളവര്‍ക്ക് ആനന്ദം പകരുന്ന വ്യക്തിയായി നിന്നുകൊണ്ടു തന്നെ നമുക്കിതെല്ലാം ചെയ്യാനാകും. ഇത് തന്നെയാണ് എന്റെ ജീവിതത്തിലെ പ്രധാന ലക്ഷ്യവും.

Related Stories

No stories found.
logo
The Cue
www.thecue.in