പതിനൊന്ന് മാസത്തേക്ക് സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഇടവേളയെടുക്കാനും ആമിര്‍ ഖാന്. ഡിസംബറില്‍ പുതിയ ചിത്രം 'ലാല്‍ സിംഗ് ഛദ്ദ' റിലീസ് ചെയ്യുന്നത് വരെ ആമിര്‍ ഖാന് തന്റെ കടുത്ത തീരുമാനം തുടരും.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വ്യക്തിപരമായ കാര്യങ്ങളില്‍ മുഴുകാനും മൊബൈല്‍ ഫോണ്‍ തടസമാകുന്നുവെന്ന ചിന്തയിലാണ് ആമിര്‍ ഖാന്റെ തീരുമാനമെന്ന് ബോളിവുഡ് ഹംഗാമ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൊബൈല്‍ ഫോണ്‍ ഉപയോഗം പ്രൊഫഷനെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലാണെന്ന് ആമിര്‍ മനസിലാക്കിയെന്നും അതിനാലാണ് നീണ്ട ബ്രേക്ക് എന്നും ആമിറിന്റെ ടീമിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ വരെ ആമിര്‍ ഖാന്റെ സോഷ്യല്‍ മീഡിയ ടീം ആയിരിക്കും ഫേസ്പബുക്കും ട്വിറ്ററും ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്നത്. ആശയവിനിമയവും ഇവരിലൂടെ ആയിരിക്കും.
2021ലെ ആമിര്‍ ഖാന്റെ സുപ്രധാന റിലീസാണ് ലാല്‍ സിംഗ് ഛദ്ദ. ഫോറസ്റ്റ് ഗംപിന്റെ ബോളിവുഡ് റീമേക്കായ സിനിമ അദ്വൈദ് ചന്ദ്രനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആമിര്‍ ഖാനും കിരണ്‍ റാവുവും വയകോം എയ്റ്റീനും ചേര്‍ന്നാണ് നിര്‍മ്മാണം. കേരളത്തില്‍ ഉള്‍പ്പെടെ ചിത്രീകരിച്ച സിനിമയാണ് ലാല്‍ സിംഗ് ഛദ്ദ. കരീന കപൂര്‍ നായികയാകുന്ന സിനിമയില്‍ വിജയ് സേതുപതി, യോഗി ബാബു എന്നിവരുമുണ്ട്. സല്മാന് ഖാനും ഷാരൂഖ് ഖാനും ഛദ്ദയില്‍ അതിഥി താരമാകുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. സീക്രട്ട് സൂപ്പര്‍സ്റ്റാറിന് ശേഷം അദ്വൈത് ചന്ദ്രന് സംവിധാനം ചെയ്യുന്ന സിനിമയുമാണ് ലാല്‍ സിംഗ് ഛദ്ദ.