ഏത് ആലയിലാണ് ഈ കുരുതിക്കത്തി കാച്ചിയത്?

kuruthi review malayalam
kuruthi review malayalam

what we lose by this transfer from the large to small screen would be downright inexpressible and the images that were large(when we are small) would not survive if they became small(when we have become big)...

-Serge Daney

വലിയ തിയറ്റർ സ്‌ക്രീനുകളിലെ വലിയ സിനിമാദൃശ്യങ്ങളുടെ വലിപ്പത്തിന് ചെറിയ സ്‌ക്രീനുകളിൽ അതിജീവിക്കാൻ കഴിയില്ല എന്ന് ഫ്രഞ്ച് ചലച്ചിത്ര നിരൂപകനായ സെർജി ഡാനി കരുതുന്നു. ഒരു നീലത്തിമിംഗലത്തിന്റെ സിനിമാദൃശ്യം വലിയ സ്‌ക്രീനിലാണോ ചെറിയ സ്‌ക്രീനിലാണോ അതി ജീവിക്കുക എന്ന് അദ്ദേഹം ആലോചിക്കുന്നു. പക്ഷെ, ആ ആലോചനകൾ അട്ടിമറിക്കും വിധം ഒരു സാമൂഹിക സാഹചര്യം നിലവിൽ വരികയും ദൃശ്യങ്ങൾ ചെറിയ സ്‌ക്രീനിന്റെ ഏകതയിലേക്ക് ചുരുങ്ങിപോവുകയും ചെയ്തിരിക്കുന്നു. അങ്ങനെ ചുരുങ്ങിപോയതിനാൽ മാത്രം അതിജീവിക്കുന്ന ഒരു ചിത്രമാണ് മനു വാര്യർ സംവിധാനം ചെയ്ത ആമസോൺ പ്രൈം ഓ ടി ടി യിൽ പുറത്തിറങ്ങിയ കുരുതി. വലിയ സ്‌ക്രീനിൽ ഈ ചിത്രത്തിന്, ഈ ചിത്രം സംസാരിക്കുന്ന രാഷ്ട്രീയത്തിന് അതിജീവിക്കാൻ കഴിയുകയില്ല. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് നും ടിയാനും സംഭവിച്ച പരാജയം അർഹിക്കുന്ന ചിത്രമാണ് കുരുതിയും. ഡോ സി എസ് വെങ്കിടേശ്വരൻ, തന്റെ ലേഖനമായ ആരാണ് ടെലിവിഷന്റെ മർലിൻ മൺറോ യിൽ തിയറ്റർ ഹാളിന്റെ വിശാലതയിൽ നിന്ന് ടെലിവിഷൻ സ്‌ക്രീനിലേക്കെത്തുമ്പോൾ അത് വീടിന്റെ മൂലയിലേക്ക് ഒതുങ്ങുന്ന ദൃശ്യത്തോടൊപ്പം ആ ദൃശ്യത്തിന്റെ പൊതുസ്വഭാവം(publicness) കൂടെ നഷ്ടപ്പെടും എന്ന് നിരീക്ഷിക്കുന്നുണ്ട്. ആ പൊതുത്വത്തിന്റെ ഇല്ലായ്മയിലാണ് വാസ്തവത്തിൽ കുരുതി പോലൊരു ചലച്ചിത്രം, നമ്മുടെ സാംസ്‌കാരികതയിൽ ചർച്ചയാവുന്നതു പോലും. ഭീമൻ ഓ ടി ടി പ്ലാറ്റുഫോമുകളുടെ രാഷ്ട്രീയ മാനങ്ങളിലേക്കു കൂടെ ചൂണ്ടുപലക ആകാവുന്ന ഒരു പോയിന്റ് കൂടിയാണ് ആ അർത്ഥത്തിൽ കുരുതിയുടെ സ്വീകാര്യത.

maheshmahimaheshwar

തങ്ങളുടെ സൃഷ്ടികൾ രാഷ്ട്രീയ നിരപേക്ഷമാണെന്ന അരാഷ്ട്രീയ ധിക്കാരത്തിനു വലിയ സ്വീകാര്യത ലഭിക്കാറുണ്ട് എന്നും,അങ്ങനെ നിർമിക്കപ്പെടുന്ന ശുദ്ധകല ഭരണകൂടത്തെ പരിപോഷിപ്പിക്കും എന്നും ഇത് പ്രത്യയശാസ്ത്രവും ഭരണാധികാരവും തമ്മിലുള്ള പരസ്പര ആശ്രിതത്വത്തെ വിശദീകരിക്കുമ്പോൾ നമുക്ക് മനസിലാവുന്ന കലകളുടെ അധികാര ദാസ്യവേല ആണെന്നും മഹാനായ ചലച്ചിത്ര നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ രവീന്ദ്രൻ നിരീക്ഷിക്കുന്നുണ്ട്. ലോകത്തെ ഫാസിസ്റ്റു സൈനിക ഭരണകൂടങ്ങൾ കലയെ ഒരു പ്രചാരണോപാധിയായി മാറ്റിയത് എങ്ങനെയാണെന്നത് നമുക്ക് ചരിത്രത്തിൽ പരിശോധിച്ചാൽ മനസ്സിലാക്കാവുന്ന സംഗതിയാണ്.

ചരിത്രത്തിലെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം ജർമൻ സംവിധായികയായ ലെനി റീഫൻസ്റ്റാളിന്റെതാണ്. അവർ ഹിറ്റ്ലറിന് വേണ്ടി നിർമിച്ച പ്രോപഗണ്ട സിനിമകൾ നാം ഇന്ന് കാണുമ്പോഴും അതിന്റെ ചലച്ചിത്ര മാധ്യമ വിശാലത കൊണ്ട് അമ്പരപ്പിക്കുന്നതാണ്. കുരുതിയുടെ മേക്കിങ് ഗംഭീരമാണ് എന്ന അഭിപ്രായമാണല്ലോ പൊതുവിൽ സാമൂഹിക മാധ്യമങ്ങളിൽ വരുന്നത്. അതിൽ വലിയ അത്ഭുതം ഒന്നും തോന്നേണ്ടതില്ല. വ്യക്തിപരമായി വളരെ മോശമായി മാധ്യമത്തെ ഉപയോഗിച്ച ഒരു സിനിമ ആയിട്ടാണ് കുരുതി അനുഭവപെട്ടതും. റീഫൻസ്റ്റാളിന്റെ ചലച്ചിത്രങ്ങൾ ഹിറ്റ്ലർ എന്ന ദൈവസമാനനെ/രക്ഷക സ്വരൂപത്തെ നിർമ്മിക്കുന്നതിൽ വലിയ പങ്കു വഹിച്ച ചിത്രങ്ങളാണ്. മുസ്ലിങ്ങൾ ഈ രാഷ്ട്രത്തിനു അപകടം വരുത്തുന്ന ജനസഞ്ചയമാണെന്ന ഇന്ത്യൻ പൊതുബോധത്തിനും, അതിലൂന്നി അധികാരത്തിലേറിയ ഒരു ഭരണകൂടത്തിനും കൃത്യമായ പിന്തുണ നൽകുന്ന, മലയാളത്തിലെ ലക്ഷണയുക്ത പ്രൊപ്പഗാണ്ട ചലച്ചിത്രം ആണ് കുരുതി.

നമ്മുടെ ടെലിവിഷൻ സ്‌ക്രീനിൽ നിന്ന് സമരങ്ങൾ അപ്രത്യക്ഷമായി, പ്രതിഷേധങ്ങൾ അപ്രത്യക്ഷമായി. പകരം ആ സമരങ്ങൾ ദേശവിരുദ്ധമായി ചിത്രീകരിക്കപ്പെട്ടു. കർഷക സമരങ്ങളും ജെ എൻ യു ക്യാമ്പസിലേതു പോലുള്ള വിദ്യാർത്ഥി സമരങ്ങളും ഉദാഹരണം. അധികാരത്തിനു അനുകൂലമായ വാർത്തകൾ പ്രചരിപ്പിക്കുന്ന പ്രൊപ്പഗാണ്ട മാത്രമായി കാഴ്ച ചുരുങ്ങി. അധികാരം കൂടുതൽ ഹിംസാത്മകവുമായി.

പൊതുബോധത്തിന്റെ അദൃശ്യ മതിലുകൾ

ലോക്ഡൗൺ കാലത്ത് സർക്കാർ ചാനലായ ദൂരദർശനിലൂടെ രാമാനന്ദ് സാഗറിന്റെ രാമായണം സീരിയൽ പുന:സംപ്രേക്ഷണം ചെയ്യപ്പെട്ടു. 1987 ലാണ് ദൂരദർശനിൽ ആദ്യമായി രാമായണം പ്രദർശിപ്പിക്കുന്നത്. ഹിന്ദുത്വത്തിന്റെ സാമൂഹിക എഞ്ചിനീയറിംഗിനെ ത്വരിതപ്പെടുത്തിയ ഒന്നായിരുന്നു സർക്കാർ ചാനലിലൂടെ ഒരു ഹിന്ദു പുരാണ പരമ്പര സംപ്രേക്ഷണം ചെയ്ത പ്രവൃത്തി. അക്രമോത്സുക ഹിന്ദുത്വ(Aggressive hindutva) ത്തിന്റെ പ്രതീകം രാമനാണ്. അതിനാൽ തന്നെ വലിയ സ്വീകാര്യതയാണ് അന്ന് ആ പരമ്പരക്ക് ലഭിച്ചത്. 1992 ലെ ബാബ് രി മസ്ജിദ് ഹിന്ദുത്വ ശക്തികൾ തകർക്കുന്നതിലേക്ക് വരെ ആ സോഷ്യൽ എഞ്ചിനീയറിംഗ് നീങ്ങിയതിൽ സാംസ്കാരികമായി രാമായണത്തിന് പങ്കുണ്ട്. ബഹുസ്വരമായ രാമായണ ചർച്ചകൾ സ്വയം തന്നെ റദ്ദാവുകയും അക്രമോത്സുകമായ ഹിന്ദുത്വ രാമായണത്തിന് ജനപ്രീതി ലഭിക്കുകയും ചെയ്തു. 2020 ലും സ്ഥിതി മാറ്റമില്ലെന്നാണ് നമുക്ക് കരുതേണ്ടത്. ഒരു ഹിന്ദുത്വ സർക്കാർ, സർക്കാർ ചാനലിലൂടെ രാമായണം പുന:സംപ്രേക്ഷണം ചെയ്യുന്നതിൽ വാസ്തവത്തിൽ അത്ഭുതമൊന്നുമില്ല. പക്ഷേ സമീപ ചരിത്രത്തിലാദ്യമായി ദൂരദർശൻ BARC റേറ്റിംഗിൽ മുമ്പിലെത്തി. അത് രാമായണത്തിന്റെ 'റീ വാച്ചി'ലുടെയാണ് സാധ്യമായത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ, താൻ ലോക്ഡൗൺ കാലത്ത് രാമായണം കാണുന്നതിന്റെ ഫോട്ടോ ട്വീറ്റ് ചെയ്തിരുന്നത് വലിയ വിവാദമായി. സംഘ പരിവാർ കേന്ദ്രങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന സാമൂഹിക മാധ്യമമാണ് ട്വിറ്റർ.

ഇതിന്റെ അനുബന്ധമായി നാം കാണേണ്ടുന്ന ഒരു ട്വീറ്റ് മനേകാ ഗാന്ധിയുടേതാണ്. പാലക്കാട് മണ്ണാർക്കാട് ഫോറസ്റ്റ് റേഞ്ചിലെ തിരുവാഴാംകുന്നിൽ കൃഷിയിടത്തിലെ ആനയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മലപ്പുറം ഹാഷ് ടാഗുമായാണ് അവർ എത്തിയത്. അത് പിന്താങ്ങി ആ ട്വീറ്റ് ഷെയർ ചെയ്തവരിൽ ഭൂരിഭാഗവും മലപ്പുറം എന്നതിനൊപ്പം 70 ശതമാനം മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്നിടം എന്ന് കൂടി ചേർക്കാൻ മറന്നില്ല. പാലക്കാട് ജില്ലയിൽ നടന്ന സംഭവത്തെ മലപ്പുറം ജില്ലയിലാക്കുന്നതിലെ പരിവാർ അജണ്ട വ്യക്തമാണ്. രാമായണം കൊണ്ട് ഊറ്റം കൊണ്ട ഒരു ജനതയുടെ സ്വത്വബോധത്തിന് അടുത്തത് വേണ്ടത് അപരനിർമാണമാണ്. അതാണിവിടെ സംഭവിച്ചതും.

ഇവിടെയെല്ലാം ചെറിയ ദൃശ്യത്തിലെ കാഴ്ചകൾ വളരെ വലിയൊരു ഭൂമികയിലേക്ക് പടരാൻ സാധിക്കുന്നു എന്ന വസ്തുതയാണ് നാം തിരിച്ചറിയേണ്ടത്. മലപ്പുറം എന്ന അപര നിർമാണത്തിന് രാമായണം സീരിയൽ കാരണമാവുന്നത് അങ്ങിനെകൂടിയാണ്. കാഴ്ചയും സമൂഹവും അത്രമേൽ സങ്കീർണമായി ഇണക്കപ്പെട്ടു കിടക്കുന്നുണ്ടിവിടെ. എന്നാൽ ഈ ഘട്ടത്തിലൊന്നും അധികാരം ടെലിവിഷന്റെ ഈ ചെറു കാഴ്ചയെ അലോസരപ്പെടുത്താനായി കത്രിക വെട്ടുമായി വന്നിരുന്നില്ല. തീർച്ചയായും കാലാകാലങ്ങളിൽ സ്വീകരിച്ചു വരുന്ന നിയന്ത്രണത്തിന്റെ ചരട് അവർ ഉപയോഗിച്ചിരുന്നു. ഇതിനു മുഖ്യമായ കാരണം സത്യാനന്തര കാലത്തിന്റെ എല്ലാ സൗകര്യങ്ങളും ടെലിവിഷൻ അധികാരത്തിനു കാഴ്ചയുടെ രൂപത്തിൽ സമ്മാനമായി നൽകിയിരുന്നു എന്നതാണ്. നമ്മുടെ ടെലിവിഷൻ സ്‌ക്രീനിൽ നിന്ന് സമരങ്ങൾ അപ്രത്യക്ഷമായി, പ്രതിഷേധങ്ങൾ അപ്രത്യക്ഷമായി. പകരം ആ സമരങ്ങൾ ദേശവിരുദ്ധമായി ചിത്രീകരിക്കപ്പെട്ടു. കർഷക സമരങ്ങളും ജെ എൻ യു ക്യാമ്പസിലേതു പോലുള്ള വിദ്യാർത്ഥി സമരങ്ങളും ഉദാഹരണം. അധികാരത്തിനു അനുകൂലമായ വാർത്തകൾ പ്രചരിപ്പിക്കുന്ന പ്രൊപ്പഗാണ്ട മാത്രമായി കാഴ്ച ചുരുങ്ങി. അധികാരം കൂടുതൽ ഹിംസാത്മകവുമായി.

ഇന്ത്യൻ പൊതുസമൂഹത്തിൽ ഇന്ന് പ്രചാരത്തിലുള്ള ആ അർത്ഥത്തിൽ എളുപ്പത്തിൽ ചരക്കുവത്കരിക്കാവുന്ന പൊതുബോധത്തിന്റെ എല്ലാ മതിലുകളെയും അദൃശ്യമായി നിർമിച്ചു വെച്ചിട്ടുണ്ട് കുരുതിയിൽ മനു വാര്യർ. പ്ലസ് ടു കഴിഞ്ഞ ഐ ഐ ടി കോച്ചിങ്ങിനു പഠിച്ചു കൊണ്ടിരിക്കുന്ന റിസർവേഷൻ കാരണം അവസരം ലഭിക്കാതെ തെറ്റുകാരൻ മാത്രമായ ഒരു ഹിന്ദു യുവാവ്, തങ്ങളുടെ അമ്പലം അശുദ്ധമാക്കുന്ന മുസ്ലിംകൾ, അതിൽ നിശ്ശബ പ്രതിഷേധവുമായി വേദനയോടെ ജീവിക്കുന്ന ആയുസ്സിൽ ഒരിക്കൽ മാത്രം പൊട്ടിത്തെറിക്കുന്ന ഹിന്ദു സമൂഹം, ആടിനെ ബലി കഴിക്കുന്ന പോലെ മനുഷ്യന്റെ തലയറുക്കുന്ന മലയാളി മുസ്ലിം തീവ്രവാദി, എല്ലാം ഒരു മാലപോലെ കണ്ണികൂട്ടിയിരിക്കുന്നു ചിത്രത്തിൽ.

പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം ലായിക് റസൂലിനോട് പറയുന്നത് സംശയങ്ങൾ കൊണ്ട് നടക്കുന്നത് കൊണ്ടാണ് നമ്മൾക്ക് ഈ ഗതി വന്നത് എന്നാണ്. ഇബ്രാഹിമിനോട് വൈദികൻ പറയുന്നത് സംശയങ്ങൾ യഥാർത്ഥ വിശ്വാസിയുടെ ലക്ഷണങ്ങൾ ആണെന്നും. ഇതെല്ലം നിർമിക്കുന്നത് ഇന്ത്യയിൽ ഒരു യഥാർത്ഥ വിശ്വാസി എങ്ങനെയാവണമെന്നും ഒരു തീവ്രവാദിയായ മുസ്ലിം എങ്ങനെ ആയിരിക്കും എന്നുള്ള സ്റ്റീരിയോടൈപ്പുകളെയാണ്.
kuruthi stills
kuruthi stills amazon prime video

ഫാസിസ്റ്റു കാലത്തെ വിശ്വാസിയും ദേശീയ മുസ്ലിമും തമ്മിൽ

ഇബ്രാഹിം(റോഷൻ മാത്യു) രാവിലെ റബ്ബർ വെട്ടാൻ പോകുന്ന രംഗത്തിൽ അനിയൻ ആയ റസൂൽ(നസ്ലൻ കെ ഗഫൂർ) പശ്ചാത്തലത്തിൽ കിടന്നുറങ്ങുന്നുണ്ട്. അവൻ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകമാവട്ടെ ഫാസിസ്റ്റു കാലത്തെ വിശ്വാസിയും. ഇബ്രാഹിം പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞതിനു ശേഷം വൈദികനോട് പറയുന്നത് അയാൾക്കെപ്പോഴും സംശയങ്ങളാണ് എന്നതാണ്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം ലായിക് റസൂലിനോട് പറയുന്നത് സംശയങ്ങൾ കൊണ്ട് നടക്കുന്നത് കൊണ്ടാണ് നമ്മൾക്ക് ഈ ഗതി വന്നത് എന്നാണ്. ഇബ്രാഹിമിനോട് വൈദികൻ പറയുന്നത് സംശയങ്ങൾ യഥാർത്ഥ വിശ്വാസിയുടെ ലക്ഷണങ്ങൾ ആണെന്നും. ഇതെല്ലം നിർമിക്കുന്നത് ഇന്ത്യയിൽ ഒരു യഥാർത്ഥ വിശ്വാസി എങ്ങനെയാവണമെന്നും ഒരു തീവ്രവാദിയായ മുസ്ലിം എങ്ങനെ ആയിരിക്കും എന്നുള്ള സ്റ്റീരിയോടൈപ്പുകളെയാണ്. ആ അർത്ഥത്തിൽ ഒരു രക്ഷാകർതൃഭാവമുള്ള ലിറ്റ്മസ് പേപ്പറായി കൂടി സിനിമ പ്രവർത്തിക്കാൻ ശ്രമിക്കുന്നു. സിനിമയുടെ പൊതു സ്‌ക്രീനിങ്ങിൽ ദുർബലമായി പോയേക്കാവുന്ന ഇത്തരം ആവിഷ്കാരങ്ങൾ പക്ഷെ ഓ ടി ടി യുടെ ഒറ്റകാഴ്ചയിൽ പ്രേക്ഷകരുടെ പൊതുബോധത്തെ എളുപ്പം തൃപ്തിപ്പെടുത്തുന്നു.

തെറ്റ്, തീവ്രവാദം, ഇരയും വേട്ടക്കാരനും

മഹാനായ ഫ്രഞ്ച് സംവിധായകൻ അലൻ റെനേ തന്റെ ഡോക്യൂമെന്ററി

ചിത്രമായ Night and Fog(രാത്രിയും മൂടൽ മഞ്ഞും) എന്ന ചിത്രത്തിലെ രംഗങ്ങളെ രണ്ടു ഭാഗമായി തിരിച്ചിട്ടുണ്ട്. അതിൽ ഒരു ഭാഗം അദ്ദേഹം നാസി കോൺസൻട്രേഷൻ ക്യാമ്പുകളുടെ അനാഥമാക്കപ്പെട്ട വർത്തമാന ചിത്രങ്ങളുടെ സീനുകൾ ഷൂട്ട് ചെയ്തതാണ്, അത് അദ്ദേഹം തന്നെ ഷൂട്ട് ചെയ്തവയാണ്. രണ്ടാം ഭാഗത്തിൽ റീഫൻസ്റ്റാൾ അടക്കം പ്രൊപ്പഗാണ്ടക്കു വേണ്ടി ഷൂട്ട് ചെയ്ത കോൺസൻട്രേഷൻ ക്യാമ്പുകളിലെ ക്രൂരതയുടെ ദൃശ്യങ്ങളെയാണ് അദ്ദേഹം ഉപയോഗിച്ചത്. കോൺസൻട്രേഷൻ ക്യാമ്പുകളിലെ ക്രൂരത ഒരു രാഷ്ട്രീയ പ്രൊപ്പഗാണ്ടാക്കു വേണ്ടി ഹിറ്റ്ലർ ഷൂട്ട് ചെയ്യിച്ചതാണ്. അതിൽ അദൃശ്യമായ മനുഷ്യരുടെ വേദനകളെ അലൻ റെനേ തന്റെ നൈറ്റ് ആൻഡ് ഫോഗിൽ പുനരവതരിപ്പിച്ചു. മനു വാരിയർ തന്റെ കുരുതി എന്ന ചിത്രത്തിൽ അങ്ങനെ അദൃശമാക്കിയ ഒരു മനുഷ്യനുണ്ട്. അയാളുടെ നിശബ്ദമാക്കപ്പെട്ട പ്രാണവേദനയുണ്ട്. ഒരു ഇൻസിഡന്റ് പോയിന്റ് എന്ന നിലക്ക് മാത്രം സംവിധായകൻ അതികണിശമായി മൂടിവച്ച ഒന്നാണ് ലായിക്കിന്റെ വാപ്പയുടെ കൊലപാതകം. ഒരു സംഭവം എന്ന സാധ്യതക്കപ്പുറം സമർത്ഥമായി, ഇന്ത്യയിൽ ഒരു മുസ്ലിമിനെ ഒരു ഹിന്ദുത്വ തീവ്രവാദി അതിക്രൂരമായി കൊലപ്പെടുത്തിയതിനെ മാസ്ക് ചെയ്യുന്നുണ്ട് സംവിധായകൻ. അത് കേവലം അറിയാതെ സംഭവിച്ച ഒരു തെറ്റായി ചിത്രീകരിക്കുന്നുമുണ്ട് സംവിധായകൻ. ശംബൂകനെ രാമൻ വകവരുത്തിയതിനെ ന്യായീകരിക്കുന്ന ഇതിഹാസ പ്രത്യയശാസ്ത്ര പിൻബലം കൊണ്ട് തന്നെ ലായിക്കിന്റെ വാപ്പയുടെ കൊലപാതകത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ട് ചിത്രം. അതിനു പകരം ചോദിക്കാൻ വരുന്ന മകൻ എന്ന ചർവിത ചാർവണ ആഖ്യാനത്തിനു, പാരിസിൽ നിയോ നാസിയെ ആക്രമിച്ച് ജയിലിൽ ആയ, ഒരു മനുഷ്യന്റെ കഴുത്ത് ലാഘവത്തോടെ അറുക്കാൻ പരിശീലിക്കപ്പെട്ട തീവ്രവാദിയുടെ മുഖം കൂടി നൽകുന്നു സംവിധായകൻ. സിനിമയുടെ കഥാവഴിയിൽ പതിയെ അതൊരു സംഭവമായി മാറുകയും ആ കൃത്യം നിർവഹിച്ച ഹിന്ദുത്വ തീവ്രവാദിയെ ഒരു പ്രതി എന്ന നിലക്ക് മാത്രമായി അവതരിപ്പിക്കുകയും ചെയ്യുന്നു. ലായിക്കിന്റെ(സിനിമയിൽ പ്രതിപാദിച്ച പോലെ ഒരു മുസ്ലിം തീവ്രവാദിയുടെ) ക്രൂരതയിൽ നിന്ന് ആഖ്യാനപരമായി വേട്ടയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന സത്യൻ എന്ന പോലീസുകാരനെയും ലായിക്കിന്റെ വാപ്പയെ ക്രൂരമായി വധിച്ച ഹിന്ദു തീവ്രവാദിയെയും ഇരകളാക്കി നിർത്തുന്നതിലും സംവിധായകൻ വിജയിച്ചിരിക്കുന്നു. ഫാസിസ്റ്റു കാലത്തെ തീവ്രവാദി എന്ന പുസ്തകം വായിക്കുന്ന വർത്തമാന ഇന്ത്യയിലെ ഒരു മുസ്ലിമിന്റെ കയ്യിൽ കുരുതികത്തി കൊടുക്കാനും സംവിധായകൻ മുതിരുന്നു.

സമർത്ഥമായി ലായിക്കിന്റെ ഉപ്പയെ അദൃശ്യനാക്കുകയും നിശ്ശബ്ദനാക്കുകയും ചെയ്യുന്നതിലൂടെ തെറ്റ്, തീവ്രവാദം, ഇര, വേട്ട എന്നിങ്ങനെയുള്ള ആഖ്യാനത്തിലേക്ക് ചുവടുമാറുകയാണ് സംവിധായകൻ. ഹിന്ദുത്വ ഫാസിസ്റ്റ് അധികാരത്തിന്റെ ആലയിൽ പിറന്ന കൃത്യമായ അവതരണമാണ് ആ അർത്ഥത്തിൽ കുരുതി. ഓ ടി ടി കാലത്തിന്റെ സാധ്യതയെ ഇനിമേലിലും അധികാരത്തിനോട് ആശ്രിതത്വം പുലർത്തുന്ന ആധുനിക റീഫൻസ്റ്റാളുമാർ എങ്ങനെ ഉപയോഗിക്കുന്നു എന്നത് ആശങ്കയോടെ കാത്തിരിക്കേണ്ട വസ്തുതയാണ്.

റഫറൻസ്: ടെലിവിഷൻ പഠനങ്ങൾ, ഡോ. സി എസ് വെങ്കിടേശ്വരൻ

സിനിമ, സമൂഹം, പ്രത്യയ ശാസ്ത്രം, രവീന്ദ്രൻ

Related Stories

No stories found.
logo
The Cue
www.thecue.in