'ടീസറിലെ പാട്ട് ഷാരൂഖ് ഖാന്‍ ചിത്രത്തിലില്ല'; പരാതിക്കാരിക്ക് 15,000 രൂപ നഷ്ടപരിഹാരം, നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയില്‍

'ടീസറിലെ പാട്ട് ഷാരൂഖ് ഖാന്‍ ചിത്രത്തിലില്ല'; പരാതിക്കാരിക്ക് 15,000 രൂപ നഷ്ടപരിഹാരം, നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയില്‍

'ജബ്ര ഫാന്‍' വിവാദത്തില്‍ പരാതിക്കാരിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. ടീസറിലെ ഗാനം സിനിമയിലില്ലെന്ന പരാതിയില്‍ ഷാരൂഖ് ഖാന്‍ ചിത്രം 'ഫാന്‍' നിര്‍മ്മിച്ച യഷ് രാജ് ഫിലിംസിനോട് നഷ്ടപരിഹാരം നല്‍കാന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ യഷ് രാജ് ഫിലിംസ് നല്‍കിയ അപ്പീല്‍ പരിഗണിക്കവെയായിരുന്നു കോടതി നടപടി.

ടീസറില്‍ ഉണ്ടായിരുന്ന ഗാനം 2016ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രമായ ഫാനില്‍ ഇല്ലെന്ന് കാണിച്ചായിരുന്നു അധ്യാപികയായ ഫാത്തിമ സെയ്ദി പരാതി നല്‍കിയത്. ഗാനം സിനിമയില്‍ ഇല്ലാത്തത് മൂലം തന്റെ കുട്ടികള്‍ വളരെ ദുഃഖിതരായെന്ന് പരാതിയില്‍ ഫാത്തിമ പറഞ്ഞിരുന്നു. കുട്ടികള്‍ രാത്രി ഭക്ഷണം പോലും കഴിച്ചില്ല, ഇത് അസിഡിറ്റി അളവ് കൂടി, ആശുപത്രിയില്‍ പോകുന്നതിന് കാരണമായെന്നും പരാതിയില്‍ പറഞ്ഞിരുന്നതായി ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവതിയുടെ അപേക്ഷ ജില്ലാ കണ്‍സ്യൂമര്‍ ഫോറം തള്ളിയെങ്കിലും, പിന്നീട് മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മീഷന്‍ അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നു. നഷ്ടപരിഹാരമായി 10,000 രൂപയും കൂടെ കോടതി ചെലവുകള്‍ക്കായി 5000 രൂപയും നല്‍കണമെന്നായിരുന്നു ഉത്തരവ്.

പ്രമോഷന് വേണ്ടി മാത്രമായിരുന്നു ആ ഗാനം നിര്‍മ്മിച്ചതെന്നും, ഇക്കാര്യം എല്ലാ വിതരണക്കാരെയും, മാര്‍ക്കറ്റിങ് വിഭാഗത്തെയും അറിയിച്ചിരുന്നുവെന്നും സിനിമയുടെ നിര്‍മ്മാതാക്കളായ യഷ് രാജ് ഫിലിംസ് വാദിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സിനിമയിലില്ലാത്ത എന്തെങ്കിലും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയ നിര്‍മ്മാതാക്കളുടേതാണ് പ്രശ്‌നമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ട്രെയിലര്‍ റിലീസ് ചെയ്‌തെങ്കില്‍ അത് സിനിമയുടെ ഭാഗമാണ്. എന്തിനാണ് പ്രൊമോഷന് വേണ്ടി മാത്രം ഒരു ഗാനം നിര്‍മ്മിച്ച് സിനിമ മാര്‍ക്കറ്റിങ് ചെയ്യുന്നതെന്നും കോടതി ചോദിച്ചു.

ട്രെയിലറില്‍ ഉള്‍പ്പെടുത്തിയ ഗാനം സിനിമയില്‍ ഇല്ലാതിരിക്കുന്നത് സിനിമാ മേഖലയില്‍ സാധാര സംഭവമാണെന്നായിരുന്നു യഷ് രാജ് ഫിലിംസിന് വേണ്ടി ഹാജരായ അഭിഭാഷക വാദിച്ചത്. എന്നാല്‍ സാധാരണ നടക്കുന്ന സംഭവം അങ്ങനെ തന്നെ തുടരേണ്ടതുണ്ടോ എന്ന് കോടതി ഇതിന് മറുപടിയായി ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in