രണ്ട് ശക്തരായ വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍: കടുവയിലെ വില്ലനെ കുറിച്ച് വിവേക് ഒബ്രോയ്

രണ്ട് ശക്തരായ വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍: കടുവയിലെ വില്ലനെ കുറിച്ച് വിവേക് ഒബ്രോയ്

ലൂസിഫറിനെ ബോബി എന്ന വില്ലന്‍ വേഷത്തിന് ശേഷം കടുവയിലൂടെ വീണ്ടും പൃഥ്വിരാജിന്റെ വില്ലനാവാന്‍ ബോളിവുഡ് താരം വിവേക് ഒബ്രോയ്. ലൂസിഫറിന് ശേഷം പൃഥ്വിരാജുമായുള്ള സുഹൃത്ത് ബന്ധമാണ് താന്‍ കടുവ ചെയ്യാന്‍ കാരണമെന്ന് വിവേക് ഒബ്രോയ് പറയുന്നു. അതോടൊപ്പം കടുവയുടെ കഥയും തനിക്ക് ഇഷ്ടപ്പെട്ടു. രണ്ട് ശക്തരായ വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് സിനിമയിലുള്ളതെന്നും വിവേക് ഒടിടി പ്ലേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിവേക് ഒബ്രോയ് പറഞ്ഞത്:

'ഞാന്‍ ലൂസിഫര്‍ ചെയ്യാനുള്ള പ്രധാന കാരണം മോഹന്‍ലാലും പൃഥ്വിരാജുമാണ്. അതിന് ശേഷം രാജുവും ഞാനും സുഹൃത്തുക്കളായി. ഒരു നടനെന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും പൃഥ്വിയോട് എനിക്ക് വലിയ ബഹുമാനമാണ്. കടുവ എന്ന സിനിമയ്ക്ക് വേണ്ടി രാജു എന്നെ വിളിച്ചപ്പോള്‍ കഥ മുഴുവനായി പറഞ്ഞു തന്നിരുന്നു. പക്ഷെ ഞാന്‍ ഒരുപാട് സിനിമകള്‍ കമ്മിറ്റ് ചെയ്ത് ഇരിക്കുകയായിരുന്നു. അത് ഞാന്‍ രാജുവിനോട് പറയുകയും ചെയ്തു. എന്നാല്‍ 26 ദിവസം മാത്രം മതി തനിക്കെന്നും ഉടനെ തന്നെ ഷൂട്ട് ചെയ്യണമെന്നുമാണ് രാജു എന്നോട് പറഞ്ഞത്. അങ്ങനെ ഞാന്‍ എന്റെ ഷെഡ്യൂള്‍ എല്ലാം കടുവക്ക് വേണ്ടി മാറ്റിവെച്ചു. കാരണം എനിക്ക് കഥ ഒരുപാട് ഇഷ്ടപ്പെട്ടു. രണ്ട് ശക്തരായ വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നെ ഷാജി കൈലാസ് എന്ന സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കുക എന്നതും ഒരു കാരണം ആയിരുന്നു. അദ്ദേഹം ഇതിന് മുമ്പ് ഒരുപാട് മികച്ച സിനിമകള്‍ ചെയ്തിട്ടുമുണ്ട്.''

അതേസമയം കടുവയുടെ ഷൂട്ടിങിന് കോടതിയുടെ സ്റ്റേ ലഭിച്ചിരുന്നു. കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ജോസ് കുരുവിനാക്കുന്നേല്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സ്റ്റേ. തന്റെ ജീവിതം പറയുന്ന സിനിമയായതിനാല്‍ അത് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് കുറുവച്ചന്‍ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ സിനിമ പ്രദര്‍ശിപ്പിക്കരുതെന്നാണ് കോടതി ഉത്തരവ്. കൂടാതെ സിനിമ മുഴുവനായോ ഭാഗികമായോ പ്രദര്‍ശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതും വിലക്കിയിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോം, സമൂഹമാധ്യമങ്ങള്‍ എന്നിവയിലും സിനിമയ്ക്ക് വിലക്കുണ്ട്.

ചിത്രത്തില്‍ കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന യുവ പ്ലാന്ററുടെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറിന്റെ തിരക്കഥ ജിനു എബ്രഹാമാണ്. മാസ്റ്റേഴ്സ്', 'ലണ്ടന്‍ ബ്രിഡ്ജ്'' എന്നീ സിനിമകളുടെ രചയിതാവും ആദം എന്ന സിനിമയുടെ സംവിധായകനുമാണ് സിനിമയുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in