ലോഹിതദാസ് സാറിന്റെ ചിതയ്ക്കു മുന്‍പില്‍ നിന്ന് പൊട്ടിക്കരയുന്ന ഉണ്ണി ഇന്നും മനസിലുണ്ട്: വിനോദ് ഗുരുവായൂര്‍

ലോഹിതദാസ് സാറിന്റെ ചിതയ്ക്കു മുന്‍പില്‍ നിന്ന് പൊട്ടിക്കരയുന്ന ഉണ്ണി ഇന്നും മനസിലുണ്ട്: വിനോദ് ഗുരുവായൂര്‍

നടന്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിക്കുന്ന മേപ്പടിയാന്റെ റിലീസിന് ആശംസകള്‍ അറിയിച്ച് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. സംവിധായകന്‍ ലോഹിതദാസിന്റെ മരണ സമയത്ത് പൊട്ടിക്കരഞ്ഞിരുന്ന ഉണ്ണി മുകുന്ദനെ ഓര്‍ത്തുകൊണ്ടാണ് വിനോദ് ഗുരുവായൂരിന്റെ ആശംസ കുറിപ്പ്. ലോഹിതദാസിന്റെ പുതിയ സിനിമയില്‍ ഉണ്ണി മുകുന്ദന്‍ നല്ലൊരു വേഷം ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം. ആ മരണത്തോടെ തന്റെ സിനിമ മോഹം അവസാനിച്ചുവെന്ന് കരുതിയ ഉണ്ണി മുകുന്ദനെ സമാധാനിപ്പിച്ചതിനെ കുറിച്ചും വിനോദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിനോദ് ഗുരുവായൂര്‍ പറഞ്ഞത്:

മേപ്പടിയാന്‍ റിലീസ് ചെയ്യുകയാണ്. ഉണ്ണിമുകുന്ദന്‍ നായകനും, നിര്‍മ്മാണവും നിര്‍വഹിക്കുന്ന സിനിമ. വര്‍ഷങ്ങള്‍ക്കു മുന്‍പ് ലക്കിടിയില്‍ ലോഹിതദാസ് സാറിന്റെ ചിതക്കു മുന്‍പില്‍ നിന്ന് പൊട്ടിക്കരയുന്ന ഉണ്ണി എന്നും എന്റെ മനസ്സിലുണ്ട്. അന്ന് ആരും ഉണ്ണിയെ തിരിച്ചറിയില്ല.. അടുത്ത് ചെന്ന് സമാധാനിപ്പിക്കുമ്പോള്‍ ഒരു കൊച്ചു കുട്ടിയെ പോലെ ഉണ്ണി തേങ്ങുകയായിരുന്നു. ആ സമയങ്ങളില്‍ ഉണ്ണി ഞങ്ങളോടൊപ്പം തന്നെ ആയിരുന്നു. ഒരുപാടു ദിവസങ്ങള്‍ ലക്കിടിയിലെ വീട്ടില്‍ ഉണ്ണിയുണ്ടാകും. സാറിന്റെ പുതിയ സിനിമയില്‍ വളരെ നല്ല വേഷമായിരുന്നു ഉണ്ണിക്ക്. അന്നും ബസ്സില്‍ ഒരു കുടയുമായി വരുന്ന ഉണ്ണിയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

ലോഹിസാര്‍ പെട്ടെന്ന് പോയപ്പോള്‍ തന്റെ സിനിമ മോഹം അവിടെ അവസാനിച്ചെന്നു കരുതിയ ഉണ്ണിയെ ഞാന്‍ സമാധാപ്പിച്ചത് ഒരേ ഒരു വാക്കിലായിരുന്നു.... നിനക്ക് ലോഹിസാറിന്റെ അനുഗ്രഹമുണ്ട്... നിന്നെ ഒരുപാടു ഇഷ്ടമായിരുന്നു സാറിനു, അതുകൊണ്ട് സിനിമയില്‍ നീ ഉണ്ടാകും... അതിപ്പം സത്യമായി. നടനോടൊപ്പം പ്രൊഡ്യൂസര്‍ കൂടി ആയി.. എനിക്കറിയാം ഉണ്ണിയെ.. അവനാഗ്രഹിച്ച ജീവിതം അവന്‍ നേടും... ലോഹിസാറിന്റെ അനുഗ്രഹം അവനോടൊപ്പം ഉണ്ട്.

ജനുവരി 14നാണ് ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ തിയേറ്ററിലെത്തുന്നത്. ജയകൃഷ്ണന്‍ എന്ന തനി നാട്ടിന്‍പുറംകാരന്‍ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്. അഞ്ജു കുര്യന്‍ നായികയാവുന്ന ചിത്രത്തില്‍.ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോര്‍ഡി പൂഞ്ഞാര്‍, പൗളി വത്സന്‍, മനോഹരിയമ്മ തുടങ്ങിയവരും അഭിനയിക്കുന്നു.

The Cue
www.thecue.in