നായകനല്ല നിര്‍ണായകറോളില്‍, വെട്രിമാരനൊപ്പം വിജയ് സേതുപതി

നായകനല്ല നിര്‍ണായകറോളില്‍, വെട്രിമാരനൊപ്പം വിജയ് സേതുപതി

സൂരിയെ കേന്ദ്രകഥാപാത്രമാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയ് സേതുപതിയും. ജയമോഹന്റെ 'തുണൈവന്‍' എന്ന കഥയെ ആധാരമാക്കിയാണ് ചിത്രം. ധനുഷ് നായകനായ പിരിഡ് ഗാംഗ്സ്റ്റര്‍ ത്രില്ലര്‍ വടചെന്നൈയില്‍ പ്രധാന റോളിലേക്ക് വിജയ് സേതുപതിയെ കാസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു ചിത്രത്തിന്റെ ഡേറ്റ് ക്ലാഷ് മൂലം വിജയ് സേതുപതി ഈ വടചെന്നൈയില്‍ അഭിനയിച്ചിരുന്നില്ല.

ഇളയരാജയാണ് വെട്രിമാരന്‍ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കോടമ്പാക്കത്തുള്ള ഇളയരാജയുടെ പുതിയ സ്റ്റുഡിയോയില്‍ നിന്നാണ് കമ്പോസിംഗ് നടക്കുന്നത്. മൂന്ന് പതിറ്റാണ്ടായി ഇളയരാജ കമ്പോസിംഗും റെക്കോര്‍ഡിംഗും നടത്തിയിരുന്ന പ്രസാദ് സ്റ്റുഡിയോയില്‍ നിന്ന് നിയമപോരാട്ടത്തിനൊടുവില്‍ ഇളയരാജ പടിയിറങ്ങിയിരുന്നു. ഇളയരാജ എന്ന് പേരിട്ടിരിക്കുന്ന സ്റ്റുഡിയോയില്‍ നിന്ന് ആദ്യമായി ഒരുക്കുന്ന ഈണവും വെട്രിമാരന്‍ ചിത്രത്തിന് വേണ്ടിയാണ്. ഇളയരാജക്കൊപ്പം വെട്രിമാരനും സൂരിയും സ്റ്റുഡിയോയില്‍ നില്‍ക്കുന്ന ഫോട്ടോ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്.

സംവിധായകന്‍ ഭാരതീരാജയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഈ ചിത്രത്തിന് ശേഷമായിരിക്കും വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന 'വാടിവാസല്‍' എന്ന സിനിമയുടെ ചിത്രീകരണം. ജല്ലിക്കട്ട് പ്രമേയമാകുന്ന സൂര്യയാണ് സിനിമയില്‍ നായകനായി എത്തുന്നത്. സിനിമയില്‍ വ്യത്യസത്മായ ഗെറ്റപ്പിലാണ് സൂര്യ എത്തുന്നത്. തമിഴ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന സി എസ് ചെല്ലപ്പയുടെ വാടിവാസല്‍ എന്ന പ്രശസ്ത കൃതിയാണ് അതേ പേരില്‍ സിനിമയാക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. എന്‍ എ മുത്തുകുമാറിന്റെ കവിതയെ ആധാരമാക്കി സൂരിയെ നായകനാക്കി സിനിമ ചെയ്യാനായിരുന്നു വെട്രിമാരന്‍ ആദ്യം ആലോചിച്ചിരുന്നത്. പിന്നീട് ജയമോഹന്റെ കൃതി സിനിമയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

40 ദിവസത്തോളം സത്യമംഗലം കാടുകളിലാണ് ഈ സിനിമയുടെ ചിതീകരണം. സത്യമംഗലം ഫോറസ്റ്റിന്റെ പശ്ചാത്തലത്തിലുള്ള കഥയാണിത്. ശശികുമാര്‍ നായകനാകുന്ന അടുത്ത സിനിമയുടെ തിരക്കഥയൊരുക്കുന്നതും വെട്രിമാരനാണ്.

നായകനല്ല നിര്‍ണായകറോളില്‍, വെട്രിമാരനൊപ്പം വിജയ് സേതുപതി
വാടിവാസല്‍, കാളക്കൂറ്റന്‍മാരെ മെരുക്കാന്‍ വെട്രിമാരനൊപ്പം സൂര്യ

സിങ്കം സീരീസ് ഒരുക്കിയ ഹരി സംവിധാനം ചെയ്യുന്ന ആറുവാ എന്ന സിനിമക്ക് ശേഷം സൂര്യ ജോയിന്‍ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്ന ചിത്രമാണ് വാടിവാസല്‍. 2021ലാണ് ചിത്രീകരണം ആലോചിക്കുന്നത്. ജെല്ലിക്കെട്ട് കളത്തിലേക്ക് കാളക്കൂറ്റനെ ഇറക്കുന്ന ഇടുങ്ങിയ വഴിയെയാണ് വാടിവാസല്‍ എന്ന് വിളിക്കുന്നത്. അച്ഛനെ കൊലപ്പെടുത്തിയ ജെല്ലിക്കെട്ട് കാളയെ തോല്‍പ്പിക്കാനുള്ള പ്രതികാരമാണ് വാടിവാസല്‍ എന്ന് തമിഴ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്. സൂര്യ അച്ഛനായും മകനായും ഡബിള്‍ റോളിലെത്തുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. അമ്പുലി, പിച്ചി എന്നീ കഥാപാത്രങ്ങളായാണ് സൂര്യ എത്തുകയെന്നും സൂചനയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in