വിമര്‍ശിച്ച തിയേറ്റര്‍ ഉടമയെ നേരിട്ട് കണ്ട് വിജയ് ദേവരകൊണ്ട; താരത്തോട് മാപ്പ് പറഞ്ഞ് തിയേറ്റര്‍ ഉടമ

വിമര്‍ശിച്ച തിയേറ്റര്‍ ഉടമയെ നേരിട്ട് കണ്ട് വിജയ് ദേവരകൊണ്ട; താരത്തോട് മാപ്പ് പറഞ്ഞ് തിയേറ്റര്‍ ഉടമ

ലൈഗര്‍ സിനിമയുടെ പ്രമോഷന്‍ സമയത്ത് വിജയ് ദേവരകൊണ്ട മേശയ്ക്ക് മുകളില്‍ കാലുകയറ്റി വച്ചതിനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. റിലീസിന് ശേഷം വിജയ് ദേവരകൊണ്ടയുടെ മോശം പെരുമാറ്റം സിനിമയെ ദോഷമായി ബാധിച്ചുവെന്ന വിമര്‍ശനവുമായി മുംബൈ തിയേറ്റര്‍ ഉടമ മനോജ് ദേശായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിജയ് ദേവരകൊണ്ട തന്നെ വിമര്‍ശിച്ച തിയേറ്റര്‍ ഉടമയെ മുംബൈയിലെത്തി നേരിട്ട് കണ്ടിരിക്കുകയാണ്.

കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മനോജ് ദേശായി തന്റെ പരാമര്‍ശത്തില്‍ മാപ്പ് പറയുകയും ചെയ്തു. 'വിജയ് വിനയമുള്ള നല്ല മനുഷ്യനാണ്. നല്ലൊരു ഭാവിയുണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇനി ഞാന്‍ സ്വീകരിക്കും. ഞാന്‍ രണ്ട് നടന്മാരോട് മാത്രമേ മാപ്പ് പറഞ്ഞിട്ടുള്ളു. ഒരാള്‍ അമിതാഭ് ബച്ചനും മറ്റേയാള്‍ വിജയ് ദേവരകൊണ്ടയും' എന്നാണ് മനോജ് ദേശായി പറഞ്ഞത്.

മേശയ്ക്ക് മുകളില്‍ കാലുകയറ്റി വെച്ചതിനുള്ള വിമര്‍ശനത്തിന് ഒപ്പം തന്നെ ലൈഗര്‍ ബഹിഷ്‌കരിച്ചോളാന്‍ വിജയ് ദേവരകൊണ്ട പറഞ്ഞുവെന്നും മനോജ് ദേശായി ആരോപിച്ചിരുന്നു. ''നിങ്ങള്‍ എന്തിനാണ് സിനിമ ബഹിഷ്‌കരിച്ചോളൂ എന്ന് പറഞ്ഞ് അതിസാമര്‍ഥ്യം കാണിക്കുന്നത്. ഇങ്ങനെ ചെയ്താല്‍ ഒടിടിയില്‍ പോലും നിങ്ങളുടെ സിനിമ ആരും കാണില്ല. ഈ അഹങ്കാരം കാരണം സിനിമയുടെ അഡ്വാന്‍സ് ബുക്കിങ്ങിനെ ബാധിച്ചു. അത് ഞങ്ങളെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. നാശത്തിന് അരികില്‍ നില്‍ക്കുമ്പോള്‍ ബുദ്ധി പ്രവര്‍ത്തിക്കുകയില്ല. അതാണ് നിങ്ങളിപ്പോള്‍ ചെയ്യുന്നത്. നിങ്ങള്‍ തമിഴിലും തെലുങ്കിലും സിനിമ ചെയ്യുന്നതാണ് നല്ലത്''- എന്നായിരുന്നു പരാമര്‍ശം.

പൂരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗര്‍ ആഗസ്റ്റ് 25നാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ രമ്യ കൃഷ്ണന്‍, അനന്യ പാണ്ഡേ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. ചിത്രത്തിന് റിലീസിന് ശേഷം സംമിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ബോക്‌സ് ഓഫീസിലും ചിത്രത്തിന് മികച്ച വിജയം നേടാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in