കൈവിലങ്ങിൽ സേതുപതി,തോക്കേന്തി സൂരി, 'വിടുതലൈ'യുമായി വെട്രിമാരൻ

കൈവിലങ്ങിൽ സേതുപതി,തോക്കേന്തി സൂരി, 'വിടുതലൈ'യുമായി വെട്രിമാരൻ

സൂരിയും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെട്രിമാരൻ സംവിധാനം ചെയ്ത 'വിടുതലൈയുടെ' ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്. കൈവിലങ്ങിൽ വിജയ് സേതുപതിയും തോക്കേന്തി പട്ടാള യൂണിഫോമിൽ നിൽക്കുന്ന സൂരിയുമാണ് ഫസ്റ്റ് ലുക് പോസ്റ്ററിൽ കാണുന്നത്. വെട്രിമാരന്റെ സോഷ്യൽ മീഡിയയിലൂടെയാണ്‌ ഫസ്റ്റ് ലുക് പോസ്റ്റർ റിലീസ് ചെയ്തത്. ജയമോഹന്റെ തുണൈവൻ എന്ന ചെറു കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. 1986യിൽ റിലീസ് ചെയ്ത ശിവാജി ഗണേശൻ രജനികാന്ത് ചിത്രത്തിന്റെ പേരും 'വിടുതലൈ' എന്നാണ്. പേര് ഉപയോഗിക്കുന്നതിന്റെ ചർച്ചകൾ സിനിമയുടെ അണിയറപ്രവർത്തകരുമായി വെട്രിമാരൻ ചർച്ച ചെയ്തിരുന്നു. ഇരുവരുടെയും സമ്മതത്തോടെയാണ് ഇപ്പോൾ ഔദ്യോഗികമായ അറിയിപ്പ് വന്നിരിക്കുന്നത്.

സത്യമംഗലം കാടുകളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. വൈദ്യുതിയും ടെലികമ്മ്യൂണിക്കേഷനും ഇല്ലാത്ത പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളിലുടനീളം 'വിടു തലൈ' യുടെ ചിത്രീകരണം നടക്കുന്ന ഘട്ടത്തില്‍ വിജയ് സേതുപതി, വെട്രിമാരന്‍, സൂരി, ഭവാനി ശ്രെ എന്നിവരും ഒപ്പം മുഴുവന്‍ ഗോത്രവര്‍ഗ്ഗക്കാരും ഒന്നിച്ച് താമസിച്ചാണ് അതി സാഹസികമായി രംഗങ്ങൾ പൂർത്തിയാക്കിയത്. വെട്രി മാരന്റെ മുൻ സിനിമകള്‍ക്ക് സ്ഥിരമായി ക്യാമറ കൈകാര്യം ചെയ്ത വെല്‍രാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. ആര്‍ എസ് ഇന്‍ഫോടൈന്‍മെന്റ് ആണ് നിർമ്മാണം. എഡിറ്റർ-ആർ രാമർ, ആക്ഷൻ-പീറ്റർ ഹെയ്ൻ, കല-ജാക്കി.

ഇളയരാജയുടേതാണ് സംഗീതം. ഇതാദ്യമായാണ് വെട്രിമാരൻ ചിത്രത്തിന് ഇളയരാജ സംഗീതം നൽകുന്നത്. ഈ ചിത്രത്തിന് ശേഷമായിരിക്കും സൂര്യയെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാടിവാസലിന്റെ ചിത്രീകരണം ആരംഭിക്കുക. ജെല്ലിക്കെട്ട് പശ്ചാത്തലമാക്കിയാണ് സിനിമ ഒരുങ്ങുന്നത് . കലൈപുലി എസ് താണു വി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന വാടിവാസല്‍ സൂര്യയുടെ നാല്‍പ്പതാം ചിത്രമായാണ് 2019 ഡിസംബറില്‍ പ്രഖ്യാപിച്ചത്. തമിഴ് സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാനായ വെട്രിമാരനൊപ്പം സൂര്യയുടെ ചിത്രമൊരുങ്ങുന്നത് ആരാധകരിലും വന്‍ പ്രതീക്ഷ തീര്‍ത്തിട്ടുണ്ട്.

തമിഴ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന സി എസ് ചെല്ലപ്പയുടെ വാടിവാസല്‍ എന്ന പ്രശസ്ത കൃതിയാണ് അതേ പേരില്‍ സിനിമയാക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം.

Related Stories

No stories found.
logo
The Cue
www.thecue.in