ഉര്‍വശിയും ഇന്ദ്രന്‍സും പിന്നെ 'ജലധാര പമ്പ് സെറ്റും'; സമകാലിക വിഷയം പറയുന്ന ചിത്രമെന്ന് സംവിധായകന്‍

ഉര്‍വശിയും ഇന്ദ്രന്‍സും പിന്നെ 'ജലധാര പമ്പ് സെറ്റും'; സമകാലിക വിഷയം പറയുന്ന ചിത്രമെന്ന് സംവിധായകന്‍

ഉര്‍വശിയും ഇന്ദ്രന്‍സും ആദ്യമായി കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962'. ആഷിഷ് ചിന്നപ്പയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഉര്‍വശി-ഇന്ദ്രന്‍സ് കോമ്പോ മലയാള സിനിമ പ്രതീക്ഷിച്ചിരിക്കുകയാണെന്നും ചിത്രത്തില്‍ ഇരുവരുടെയും കഥാപാത്രങ്ങള്‍ ഒരുപോലെ പ്രധാനമാണെന്നും ആഷിഷ് ദ ക്യുവിനോട് പറഞ്ഞു.

സമകാലിക വിഷയം ആക്ഷേപ ഹാസ്യത്തിലൂടെ ചര്‍ച്ച ചെയ്യുന്ന സിനിമയാണ് 'ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962'. ചിത്രത്തില്‍ പമ്പ് സെറ്റും കേന്ദ്ര കഥാപാത്രമാണെന്നും ആഷിഷ് പറയുന്നു.

ആഷിഷ് ചിന്നപ്പ പറഞ്ഞത്:

ഉര്‍വശി ചേച്ചിയും ഇന്ദ്രന്‍സ് ചേട്ടനും മുന്‍പ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും, ചേച്ചി പ്രധാന കഥാപാത്രമായ സിനിമകളില്‍ ഇന്ദ്രന്‍സ് ചേട്ടന്‍ ചെറിയ വേഷമാണ് ചെയ്തിട്ടുള്ളത്. മലയാള സിനിമയിലെ എല്ലാവരും പ്രതീക്ഷിച്ചിരിക്കുന്ന ഒരു കോമ്പോയാണ് ഇവരുടേത്. ചിത്രത്തില്‍ രണ്ട് പേരുടെയും കഥാപാത്രങ്ങള്‍ ഒരു പോലെ പ്രധാനപ്പെട്ടതാണ്. അതുപോലെ തന്നെ ജലധാര പമ്പ്‌സെറ്റും ചിത്രത്തിലെ ഒരു കഥാപാത്രമാണ്. അതുകൊണ്ടാണ് ചിത്രത്തിന് അങ്ങനെയൊരു പേര് നല്‍കിയത്.

ഒരു സമകാലിക വിഷയം ആക്ഷേപഹാസ്യത്തിലൂടെ ചര്‍ച്ച ചെയ്യുന്ന സിനിമയാണിത്. കൊല്ലംകോടാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ചിത്രത്തിലൂടെ മലയാള സിനിമയിലെ പഴയ ഇന്ദ്രന്‍സ് ചേട്ടനെയും ഉര്‍വശി ചേച്ചിയെയും തിരിച്ചു കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.

വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സനിത ശശിധരന്‍, ആര്യ പൃഥ്വിരാജ് എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പേര് ഇന്നലെയാണ് പ്രഖ്യാപിച്ചത്. സാഗര്‍, ജോണി ആന്റണി, ടി ജി രവി, സനുഷ, നിഷ സാരംഗ് എന്നിവരും ചിത്രത്തിലുണ്ട്. ആഷിഷ് ചിന്നപ്പ, പ്രജിന്‍ എം പി എന്നിവര്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. വിശ്വജിത്ത് ഒടുക്കത്തില്‍ ഛായാഗ്രഹണവും കൈലാസ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു കെ തോമസ്, എഡിറ്റര്‍ - രതിന്‍ രാധാകൃഷ്ണന്‍, ആര്‍ട്ട് - ദിലീപ് നാഥ്, ഗാനരചന - മനു മഞ്ജിത്ത്, മേക്കപ്പ് - സിനൂപ് രാജ്, കോസ്റ്റ്യൂം - അരുണ്‍ മനോഹര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - രാജേഷ് അടൂര്‍, സൗണ്ട് ഡിസൈന്‍ - ധനുഷ് നായനാര്‍, ഓഡിയോഗ്രാഫി - വിപിന്‍ നായര്‍, സ്റ്റില്‍ - നൗഷാദ് കണ്ണൂര്‍, കാസ്റ്റിംഗ് ഡയറക്ടര്‍ - ജോഷി മേടയില്‍, വിഎഫ്എക്സ് - ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്, പി ആര്‍ ഒ - ഏ എസ് ദിനേഷ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, ഡിസൈന്‍ - 24AM.

Related Stories

No stories found.
The Cue
www.thecue.in